ഡോണള്‍ഡ് ട്രംപിനെക്കാള്‍ അമേരിക്കക്കാരാണ് അമേരിക്കന്‍ മുസ്‌ലിംകള്‍

അമേരിക്കന്‍ മുസ്‌ലിംകള്‍

പ്രമുഖ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ആരിഫ് സൈന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത കുറിപ്പ്

പറഞ്ഞുവരുമ്പോള്‍ ഡോണള്‍ഡ് ട്രംപിനെക്കാള്‍ അമേരിക്കക്കാരാണ് അമേരിക്കന്‍ മുസ്‌ലിംകള്‍. ട്രംപ് അച്ചന്‍ വഴി ജര്‍മനും അമ്മവഴി സ്‌കോടിഷുമാണ്. എന്നാല്‍ അമേരിക്ക കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് അവിടത്തെ മുസ്‌ലിംകള്‍ വഹിച്ചിട്ടുള്ളത്, അതും വേതനമൊന്നും പറ്റാതെ സൗജന്യ സേവനത്തിലൂടെ.

ആഫ്രിക്കയില്‍ നിന്ന് പിടിച്ചു കൊണ്ടുവന്ന അടിമകളായിരുന്നു അവരില്‍ ഭൂരിഭാഗവും. ഓള്‍ഡെസ്റ്റ് ജനാധിപത്യത്തിന്റെ പ്രോദ്ഘാടകന്‍ ജോര്‍ജ്ജ് വാഷിംഗ്ടന്റെ നാനൂറിലിധികം വരുന്ന അടിമകളില്‍ മൂന്നിലൊന്ന് മുസ്‌ലിംകളായിരുന്നു. തന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഫാത്തിമീര്‍ എന്നും ലിറ്റ്ല്‍ ഫാത്തിമീര്‍ എന്നും പേരുള്ള റണ്ടടിമകള്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കാന്‍ വാഷിംഗ്ടണ്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നുവത്രെ.

അല്‍ജീരിയയില്‍ നിന്ന് അടിമകളെ വഹിച്ചുവരുന്ന കപ്പല്‍ സിറിനൈക്കന്‍ തീരത്തുവെച്ച് ഗോത്രവര്‍ഗ്ഗക്കാരായ കടല്‍കൊള്ളക്കാര്‍ ആക്രമിച്ച് കീഴടക്കിയപ്പോള്‍, സമാധാനം വിലക്കുവാങ്ങാനായി, ലിബിയന്‍ പ്രതിനിധിയുമായി ചര്‍ച്ചക്കു ചെന്നത് അമേരിക്കന്‍ ഭരണഘടനാശില്‍പിയും അന്നത്തെ വൈസ് പ്രസിഡന്‍ഡും പിന്നീട് പ്രസിഡന്‍ഡുമായി മാറിയ തോമസ് ജഫേഴ്‌സണ്‍ എന്ന മഹാ പണ്ഡിതനായിരുന്നു. ജഫേഴ്‌സനു കീഴിലുമുണ്ടായിരുന്നു ഒന്നിലധികം മുസ്‌ലിം കുടുംബങ്ങള്‍ അടിമകളായി. രാഷ്ട്രനിര്‍മാണത്തില്‍ അമേരിക്കന്‍ വൈസ്പ്രസിഡന്‍ഡിനെ ശമ്പളംപറ്റാതെ സേവിച്ചുകൊണ്ട് അവര്‍ ഉറക്കമിളച്ചു.

ജെഫേഴ്‌സന്റെ ലൈബ്രബ്രിയില്‍ വിശുദ്ധ ഖുര്‍ആന്റെ കോപ്പിയുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ ലൈബ്രറി പൂര്‍ണമായും കത്തിനശിച്ചു. അത് പുന:സ്ഥാപിച്ചപ്പോഴും ഖുര്‍ആന്റെ പ്രതി തന്റെ ശേഖരത്തിലുണ്ടെന്ന് അദ്ദേഹം ഉറപ്പുവരുത്തി. ഒന്നുകില്‍ ആ ഖുര്‍ആന്‍ പ്രതി തീപ്പിടുത്തത്തെ അതിജീവിച്ചതാകാം, അതല്ലെങ്കില്‍ വീണ്ടും അദ്ദേഹം ഒരു പ്രതി വാങ്ങി സൂക്ഷിച്ചതാകാം. ‘രാജാവിന്റെയും പ്രഭുവിന്റെയും സ്ഥാനത്തേക്കുയരാന്‍ രാജ്യത്തെ ഏതൊരു പൗരനുമെന്നപോലെ മുസ്‌ലിം അടിമക്കും അവകാശമുണ്ടെന്ന്’ തുറന്നുപറയാന്‍ ജഫേഴ്‌സണെ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വായനാകാം.

2007 ജനുവരിയില്‍ കീത് എലിസണ്‍ (Keith Ellison) രാജ്യത്തെ ആദ്യത്തെ മുസ്‌ലിം കോണ്‍ഗ്രസംഗമായി സത്യപ്രതിജ്ഞ ചൊല്ലിയത് ജെഫേഴ്‌സന്റെ ശേഖരത്തിലുണ്ടായിരുന്ന ഈ ഖുര്‍ആന്‍ പ്രതിയില്‍ കൈവെച്ചു കൊണ്ടായിരുന്നു.