നെറ്റ് ജനറേഷന്‍ സിനിമ – അഥവാ ആര്‍ക്കും സിനിമയെടുക്കാം!

Spread the love

johnആമുഖം

ഇന്‍ഡ്യന്‍ സിനിമയില്‍ മലയാള സിനിമ അതിന്റെ സവിശേഷമായ സ്ഥാനം നിലനിറുത്തിയിരുന്നത് വ്യത്യസ്തങ്ങളായ പ്രമേയങ്ങളിലൂടെയും ജനകീയ പ്രതിരോധത്തിനായുള്ള ഒരു മാധ്യമമെന്ന നിലയിലുമായിരുന്നു. എന്നാല്‍, എണ്‍പതുകളുടെ അവസാനത്തില്‍ത്തന്നെ അത് താരാധിപത്യത്തിളെക്ക് വഴുതിവീഴുകയും സ്വാഭാവികമായ ജീര്‍ണ്ണതയ്ക്ക് വഴിമാറുകയും ചെയ്തു. ഇന്ന് അവതരണമികവിലും, പ്രമേയങ്ങളുടെ തെരഞ്ഞെടുപ്പിലും മലയാള സിനിമ വല്ലാതെ പിന്നാക്കം പോയിരിക്കുന്നു. ഏതാനും ചില പുത്തന്‍‌കൂറ്റുകാരും കച്ചവട സിനിമയിലെ കേവലം ചില ഉന്നതസ്ഥാനീയരുടെ പശ്ചാത്താപങ്ങളും പ്രതീക്ഷയുടെ കിരണങ്ങള്‍ തരുന്നെങ്കിലും ആശങ്കകള്‍ ഒഴിയുന്നില്ല.

അനുദിനം വര്‍ദ്ധിച്ചുവരുന്ന നിര്‍മ്മാണച്ചെലവുകളും പഴകിയ പ്രമേയങ്ങളോടുള്ള പ്രേക്ഷകരുടെ വിമുഖതയുമാണ്‌ മലയാള സിനിമ നേരിടുന്ന പ്രതിസന്ധിയുടെ അടിസ്ഥാനകാരണങ്ങളെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാവുന്നതാണ്‌. നിര്‍മ്മാണ ചെലവിന്റെ ഏതാണ്ട് 40% പ്രമുഖതാരങ്ങളുടെ പ്രതിഫലതുക മാത്രമാണെന്ന് മനസ്സിലാക്കുമ്പോള്‍ മലയാള സിനിമ നേരിടുന്ന പ്രതിസന്ധിയുടെ ആഴം എത്ര വലുതാണെന്ന സത്യം നമുക്ക്  വ്യക്തമാകുന്നു. നല്ല സ്ക്രിപ്റ്റുകളുടെ അഭാവം, പ്രൊഫഷണലിസത്തിന്റെ കുറവ്, പുത്തന്‍ പ്രൊഡ്യൂസര്‍മാരുടെ പരിചയക്കുറവ് എന്നിവയൊക്കെ പ്രതിസന്ധിയുടെ ആഴം കൂട്ടുന്ന ഘടകങ്ങളാണ്‌.

ബോളീവുഡും ഇതേ പ്രശ്നങ്ങള്‍ നേരിടുന്നുവെന്ന് 2011 ഏപ്രില്‍ മാസം 22ന്‌ ഹിന്ദു പത്രം പ്രസിദ്ധീകരിച്ച, ബോളീവുഡിനെക്കുറിച്ചുള്ള വിക്കിലീക്ക്സ് രേഖകളില്‍ നിന്നും നാം മനസ്സിലാക്കുകയുണ്ടായി. അവിടെയും പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങളില്‍ കേവലം 5-10% ചിത്രങ്ങള്‍ മാത്രമാണ്‌ പ്രദര്‍ശനവിജയം നേടുന്നതെന്ന സത്യം ഞെട്ടിപ്പിക്കുന്നതാണ്. സിനിമ വെറുമൊരു വിനോദോപാധി മാത്രമാണെന്ന ആഗോളവല്‍കൃത ചിന്ത വലിച്ചെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കച്ചവടവല്‍ക്കരണത്തിന്റെ ആഴക്കയങ്ങളില്‍നിന്നും സിനിമയെ നമുക്ക് മോചിപ്പിക്കേണ്ടിയിരിക്കുന്നു.

സ്വതന്ത്ര സിനിമ

സിനിമ ചെലവേറിയ ഒരു കലാരൂപമാണ്‌, അതിനാല്‍ത്തന്നെ മുതല്‍മുടക്ക് തിരിച്ചുപിടിക്കലിനും വളരെയധികം പ്രാധാന്യമുണ്ട്. സര്‍ഗ്ഗപരമായ ഉള്ളടക്കമാണ്‌ ഏത് സിനിമയുടെയും ജീവന്‍. നല്ലൊരു കഥാതന്തുവിന്റെ പിന്തുണ സിനിമയുടെ വിപണന സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തിക അച്ചടക്കത്തോടെയുള്ള മികച്ച പ്ലാനിങ്ങ്, ലൊക്കേഷനുകളുടെ തെരഞ്ഞെടുക്കല്‍, കഴിവുറ്റ ടെക്നീഷ്യന്‍സ്, മികച്ച സാങ്കേതിക വിദ്യ, അഭിനേതാക്കളുടെ തെരഞ്ഞെടുപ്പ്, പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ പങ്കാളിത്തം, ഇവയെല്ലാം തന്നെ സിനിമയുടെ മേന്മയെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാകുന്നു.

നിലവില്‍, ഒരു നവാഗത സമ്വിധായകന്‍, തന്റെ കന്നിചിത്രത്തിന്റെ പ്രോജക്ടുമായി മുന്നോട്ടുവരുമ്പോള്‍ അയാള്‍ക്ക് എന്തെല്ലാം തിക്താനുഭവങ്ങള്‍ നേരിടേണ്ടി വരുന്നു! ചുരുക്കം ചില നിര്‍മ്മാതാക്കള്‍ മാത്രം അയാളുടെ ആശയം ശ്രവിക്കാന്‍ തയാറാകുന്നു. താരങ്ങള്‍, അയാള്‍ അവതരിപ്പിക്കുന്ന പ്രോജക്ട് കേള്‍ക്കാനായി സമയം നീക്കിവച്ചാളായി, ഇല്ലെങ്കിലായി. ഒടുവില്‍ മടുപ്പ് ബാധിച്ച്, നല്ലൊരു പ്രോജക്ട് പാതിവഴിയിലുപേക്ഷിച്ച് , ഉദരപൂരണത്തിനായി മറ്റെന്തെങ്കിലും വഴികള്‍ കണ്ടെത്തി, അയാള്‍ തന്റെ കരിയര്‍ തന്നെ ഇല്ലാതാക്കുന്നു. ഇത്തരത്തില്‍ സ്വന്തം ജീവിതം തന്നെ സിനിമയ്ക്ക്  വേണ്ടി പാഴാക്കിയവര്‍ നമുക്ക് മുന്നിലുണ്ട്! താരങ്ങള്‍, കൊര്‍പ്പറേറ്റ് പ്രൊഡക്ഷന്‍ ഹൗസുകള്‍, അധോലോക പണമിടപാടുകാര്‍, കള്ളപ്പണത്തിന്റെ ഉടമകളായ രാഷ്ട്രീയക്കാര്‍, ഇവരെല്ലാമുള്‍പ്പെടുന്ന മൂലധന ശക്തികളുടെ അവിശുദ്ധസഖ്യത്തില്‍നിന്നും സിനിമയെ മോചിപ്പിക്കേണ്ടിയിരിക്കുന്നു. സിനിമ ജനകീയ കലയാകാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

മൂലധശക്തികളില്‍ നിന്നും സിനിമയെ വിമോചിപ്പിക്കാനുള്ള ഏകമാര്‍ഗ്ഗം, വിഖ്യാത സമ്വിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ‘ജനകീയ സിനിമ’യെന്ന ആശയത്തെ ആധുനിക സാഹചര്യങ്ങളിലേക്ക് പറിച്ചുനടുകയെന്നത് മാത്രമാണ്. സാമൂഹികമാറ്റത്തിനായുള്ള ചാലകശക്തിയഅയഅണ്‌ ജോണ്‍ സിനിമയെന്ന കലാമാധ്യമത്തെ നോക്കിക്കണ്ടിരുന്നത്, അതും ജനപങ്കാളിത്തത്തോടെ നിര്‍മ്മിക്കപ്പെടുന്ന ജനകീയ സിനിമകളിലൂടെ. അതിനായദ്ദേഹം സ്വതന്ത്ര സിനിമാ സം‌രംഭമായ ഒഡേസ്സാ കളക്ടീവ് ആരംഭിച്ചു. അമ്മ അറിയാന്‍ എന്ന തന്റെ അവസാനചിത്രം നിര്‍മ്മിച്ചത് ജനക്കൂട്ടത്തില്‍നിന്നും പിരിച്ചെടുത്ത നാണയത്തുട്ടുകള്‍ കൊണ്ടായിരുന്നു. ജനകീയ പങ്കാളിത്തത്തിലൂടെ മാത്രമേ സിനിമയെ ശക്തമായ ഇടപെടലുകള്‍ക്കായുള്ള ഒരു മാധ്യമമായി പരിവര്‍ത്തിപ്പിക്കാനാവൂവെന്ന് പ്രവാചകതുല്യമായ ഉള്‍ക്കാഴ്ചയോടെ ജോണ്‍ നമുക്ക് കാട്ടിത്തന്നു. ലോകസിനിമയുടെ നാള്‍‌വഴികളില്‍ അനുപമമായ ഒരു കുതിച്ചുചാട്ടം തന്നെയായിരുന്നു അമ്മ അറിയാനെന്ന കളക്ടീവ് സിനിമ. ജോണിന്റെ മരണശേഷവും ഒഡേസ്സ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു, എന്നാലും സ്വതന്ത്രസിനിമകള്‍ അധികമൊന്നും നിര്‍മ്മിക്കപ്പെട്ടില്ലായെന്നത് ഒരു പോരായ്മയായിത്തന്നെ തുടരുന്നു.

നവയുവതയും സ്വതന്ത്രസിനിമയും

ചെലവേറിയ ഒരു ഉദ്യമമാകയാല്‍, സിനിമയ്ക്കുവേണ്ടി പണം മുടക്കുന്നവരില്‍ വ്യാപാര താല്പര്യങ്ങള്‍ അധികരിക്കുകയെന്നത് സ്വാഭാവികം! വ്യാപാരതാല്പര്യങ്ങള്‍ ഒരു തെറ്റാണെന്നല്ല, പക്ഷേ വെറും പണസമ്പാദനം മാത്രമായി ചുരുങ്ങുമ്പോള്‍ സിനിമയ്ക്ക് അതിന്റെ ധര്‍മ്മം തന്നെ നഷ്ടമാകുന്നു. ലാഭം മാത്രമെന്ന നവലിബറല്‍ ആശയം മലയാള സിനിമ നെഞ്ചേറ്റാന്‍ ആരംഭിച്ചപ്പോള്‍ത്തന്നെ, താരനിബിഢമഅയ സിനിമാഭാസങ്ങള്‍ കണ്ട് മലയാളി തീയറ്ററുകള്‍ വിട്ടോടാന്‍ നിര്‍ബ്ബന്ധിതനായി. പ്രാദേശിക സിനിമകളെയെല്ലാം വിഴുങ്ങാനായി, ലോകത്തിലെ വമ്പന്‍ സ്റ്റുഡിയോകളെല്ലാംതന്നെ അനുനിമിഷം കരുക്കള്‍ നീക്കുന്നു. അത്തരത്തിലുള്ള ശ്രമങ്ങളെ വിജയിക്കാന്‍ അനുവദിച്ചാല്‍, അത് പ്രാദേശിക സമൂഹങ്ങളുടെ സ്വത്വോന്മൂലനത്തില്‍ ചെന്നെത്തുമെന്നത് പകല്‍ പോലെ വ്യ്കതം! യുവാക്കളെ, ഈ വരുംകാല ദുരന്തത്തെ നിങ്ങളെങ്ങനെ പ്രതിരോധിക്കും?

നവയുവത ലോകമാസകലം അറിയപ്പെടുന്നത് “നെറ്റ് ജനറേഷന്‍ അല്ലെങ്കില്‍ നെറ്റ്-ജെന്‍” എന്ന പേരിലാണ്‌. ഇന്റര്‍നേറ്റ് സാങ്കേതികവിദ്യയെ പരമാവധി ഉപയോഗപ്പെടുത്തി ജീവനോപാധികള്‍ തേടുന്നവരാണവര്‍. ആശയങള്‍ പങ്കുവച്ചും കൂട്ടായമകളുണ്ടാക്കിയും, അനന്തരം ഉരുത്തിരിയുന്ന ഡിസൈനുകള്‍ മൂല്യവര്‍ധിത ഉല്പ്പന്നങ്ങളാക്കാന്‍ കഴിവുള്ള യുവാക്കളുടെ തലമുറ, നാള്‍ത്തെ ലോകം അവരുടേതാണ്‌. സ്വതന്ത്ര സിനിമയും അവരുടെ കരങ്ങളില്‍ ഭദ്രമായിരിക്കും. പരസ്പര സഹകരണം, തുറന്ന സമീപനം, ആശയങ്ങള്‍ പങ്കുവയ്ക്കല്‍, പരസ്പരാശ്രയത്വം, എല്ലാറ്റിനുമൊടുവില്‍ ഊര്‍ജ്ജസ്വലത, എന്നീ അഞ്ചുവാക്കുകള്‍ സ്വതന്ത്രസിനിമയുടെ ജീവവായുവാകുന്നു. ഈ അഞ്ചു വാക്കുകള്‍ സ്വാര്‍ത്ഥരഹിതമായ ഒരു കൂട്ടായ്മയുടെ നട്ടെല്ലാകുന്നു.

എവിടെ തുടങ്ങണം?

സ്വതന്ത്രസിനിമയെന്ന വിവക്ഷയില്‍ത്തന്നെ ഒരുപാട് കാര്യങ്ങള്‍ അന്തര്‍ലീനമാണ്. സിനിമയോട് താല്പര്യമുള്ള ഏതൊരു വ്യക്തിക്കും നല്ല സിനിമകള്‍ നിര്‍മ്മിക്കാനാകുമെന്ന ശുഭപ്രതീക്ഷ തന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിങ്ങള്‍ ഒരു തിരക്കഥാകൃത്തോ, സമ്വിധായകനോ, ഛായാഗ്രാഹകനോ, ഒരു സാധാരണ പ്രേക്ഷകനോ, ആരുമായിക്കൊള്ളട്ടെ, ആദ്യം തന്നെ സമാനമന്‍നസ്‌കരായ ഒന്നോ രണ്ടോ പേരെയുള്‍പ്പെടുത്തി ഒരു കോര്‍ ടീം രൂപപ്പെടുത്തുക. പിന്നീട് നിങ്ങളുടെ സ്വതന്ത്രസിനിമാ പ്രോജക്ടിനായി ഒരു വെബ്‌സൈറ്റ് ആരംഭിക്കുക. ഇങ്ങനെയൊരു വെബ്‌സൈറ്റ് ആരംഭിക്കുന്നതിന്റെ മുഖ്യോദ്ദേശ്യം, നിങ്ങളുടെ പ്രോജക്ടുമായി സഹകരിക്കാന്‍ താല്പര്യമുള്ള ഒരു ജനസഞ്ചയത്തെ കണ്ടെത്താനായിട്ടാണ്. പ്രസ്തുത വെബ്‌സൈറ്റില്‍ നിങള്‍ക്ക് നിങ്ങളുടെ സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാം. ഒരു സ്വതന്ത്ര സിനിമാസമ്രംഭത്തിലേക്ക് എടുത്തുചാടുന്നതിനുമുന്‍പ്, നിങ്ങള്‍ ചിത്രീകരിക്കാനാഗ്രഹിക്കുന്ന തിരക്കഥയ്ക്ക് കോപ്പിറൈറ്റ് രജിസ്‌റ്റ്രേഷന്‍ ഉറപ്പാക്കുക. ന്യൂഡെല്‍ഹിയിലെ രജിസ്ട്രാര്‍ ഓഫ് കോപ്പിറൈറ്റ്‌സിന്റെ ഓഫീസിലാണ് തിരക്കഥ രജിസ്ടര്‍ ചെയ്യേണ്ടത്, കാരണമെന്തെന്നാല്‍ നിങ്ങള്‍ ഇത്തരമൊരു സംരംഭവുമായി മുന്നോട്ടുപോകുമ്പോള്‍ ന്യായമായും ഒരുപാടിടങ്ങളില്‍ നിന്നും പാരകള്‍ പ്രതീക്ഷിക്കേണ്ടതുണ്ട്.

സ്വതന്ത്രസിനിമയിലെ മുഖ്യതാരം അതിന്റെ ഉള്ളടക്കംണ്‌. സ്വതന്ത്ര സിനിമയെന്നത് വളരെ സുതാര്യമായ സിനിമാ നിര്‍മ്മാണ പ്രക്രിയ ആയതിനാല്‍ വെബസിറ്റില്‍ സിനിമയുടെ ലോഗ്ലൈന്‍ അഥവാ വണ്‍ലൈന്‍ പ്രസിദ്ധീകരിക്കണം. എന്നുമാത്രമല്ല, നിങ്ങളുടെ പ്രോജക്ടിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കാനായി എന്തെല്ലാം സത്യസന്ധമായ കാര്യങ്ങള്‍ ചേര്‍ക്കണമോ, അതെല്ലാം ആകാം. നിങ്ങളുടേ വെബ്സൈറ്റിനെ പത്രങ്ങളിലൂടെയോ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്ലൂടെയും പ്രമോട്ട് ചെയ്യുകയുമാകാം. അങ്ങനെ ക്രമാനുഗതമായി നിങ്ങള്‍ക്ക് വെബ്ട്രാഫിക് നേടാം. സിനിമയോട് താല്പര്യമുള്ള ആര്‍ക്കും നിങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാം. നിങ്ങളുടെ പ്രോജക്ടില്‍ അയാള്‍ക്ക് താല്പര്യം തോന്നുന്നുവെങ്കില്‍, അതില്‍ പങ്കാളിയാകണമെന്ന് അയാള്‍ക്ക് താല്പര്യം തോന്നുന്നുവെങ്കില്‍, വെബ്സൈറ്റില്‍ ഒരു മെംബറായി സൈന്‍ ഇന്‍ ചെയ്യാം. സൈന്‍ ഇന്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് സിനിമാ പ്രോജക്ടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങള്‍ ലഭ്യമാകും. സിനിമയുടെ സിനോപ്സിസ്, കഥാപാത്രങ്ങളുടെ സവിശേഷതകള്‍, രൂപഭാവാദികള്‍, ഗാനസന്ദര്‍ഭങ്ങള്‍, ഗാനങ്ങള്‍, സിനിമയുടെ സാക്ഷാത്കാരത്തിനുവേണ്ട മുതല്‍മുടക്കിന്റെ വിവരങ്ങള്‍, അങ്ങനെതുടങ്ങി സിനിമയുടെ സാങ്കേതികമായ ഒട്ടനവധി കാര്യങ്ങള്‍ സന്ദര്‍ശകന്‌ ഒരു മൗസ്ക്ലിക്കലെയാണ്‌! എന്നുമാത്രമല്ല, സന്ദര്‍ശകര്‍ക്ക് സിനിമപ്രോജക്ടിന്റെ കോര്‍‌ടീമിനോട് ഈമെയിലിലൂടെയോ, ചാറ്റിങ്ങിലൂടെയോ, സ്കൈപ്പിലൂടെയോ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താവുന്നതഅണ്‌.

സഹകാരികള്‍ ആരൊക്കെ?

നിങള്‍, ഈ പ്രോജക്ടിനെക്കുറിച്ച് മനസ്സിലാക്കിയ, അവസരങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരു നടനാണെന്ന് കരുതുക. നിങ്ങള്‍ക്ക് യൊജ്യമായ ഒരു കഥാപാത്രം ഈ സിനിമയില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ആഡിഷനില്‍ പങ്കെടുക്കാനുല്ള്ള അവസരം സ്വതന്ത്രസിനിമ ഉറപ്പുനല്‍കുന്നു. നവാഗതര്‍ക്ക് പരമാവധി അവസരങ്ങള്‍ സ്വതന്ത്ര സിനിമ ഉറപ്പാക്കുന്നു. നിങ്ങള്‍ ഒരു ഗാനരചയിതാവാണെങ്കില്‍ കഥസന്ദര്‍ഭങ്ങള്‍ക്ക് അനുസൃതമായ ഗാനങ്ങ്നള്‍ സമര്‍പ്പിക്കാവുന്നതാണ്‌. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ നിങ്ങള്‍ക്കും സിനിമയുടെ ഭാഗമാകാവുന്നതഅണ്‌. നിങ്ങള്‍ ഒരു സംഗീത സം‌വിധായകനാണെങ്കില്‍, നിങ്ങള്‍ക്കും പ്രസ്തുത ഗാനങ്ങള്‍ക്ക് ഈണം നല്‍കാവുന്നതാണ്‌.

തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍, നിങ്ങളും സിനിമയുടെ ഭാഗമാകുന്നു. അങ്ങനെ ഒരു സിനിമയ്ക്കുതന്നെ ഒന്നിലധികം സംഗീത സം‌വിധായകരുംഎഴുത്തുകാരും ഒന്നിക്കാം! എന്തിന്‌, ചിത്രീകരണത്തിന്‌ ഒരു വീടോ വാഹനമോ വിട്ടുനല്‍കുന്ന വ്യക്തിയ്ക്കുപോലും ഈ സിനിമാസം‌‌രംത്തില്‍ സ്ഥാനമുണ്ട്. ഓര്‍ക്കുക, നിങ്ങളുടെ പ്രയത്നമൂല്യം അല്ലെങ്കില്‍ സാമ്പത്തിക പങ്കാളിത്തമൂല്യം, അതാണ്‌ സ്വതന്ത്രസിനിമയില്‍ നിങ്ങളുടെ മുതല്‍മുടക്ക്. പ്രോജക്ടിനാണ്‌ മുന്‍‌ഗണന, ലാഭചിന്ത പിന്നീട്‌.

സാമ്പത്തിക പങ്കാളിത്തം

സിനിമയുടെ സാമ്പത്തികശാസ്ത്രം, വിജയപരാജയങ്ങളെക്കുറിച്ച് ഒരു മുന്നറിയിപ്പും നല്‍കുന്നില്ല. പ്രതിഭയുള്ള ഒരു യുവസം‌വിധായകനുപോലും തന്റെ കന്നി ചിത്രത്തിനുവേണ്ടി ഒരു നിര്‍മ്മാതാവിനെ കണ്ടെത്തുകയെന്നത് വലിയൊരു കടമ്പ തന്നെയാണ്‌. ആയതിനാല്‍ മിനിമം ബഡ്ജറ്റ് സിനിമയാണ്‌ സ്വതന്ത്ര സിനിമയ്ക്ക് അഭികാമ്യം. എന്നുകരുതി, നാളെ ബിഗ് ബഡ്ജറ്റ് സിനിമ ചെയ്തുകൂടായെന്നല്ല. ജോണ്‍ എബ്രഹാം, ചാര്‍ലി ചാപ്ലിന്റെ വിഖ്യാതമായ ചിത്രങ്ങള്‍ ജനക്കൂട്ടത്തിന്‌ കാട്ടിക്കിട്ടിയ വരുമാനം കൊണ്ടാണ്‌ “അമ്മ അറിയാന്‍” എന്ന വിഖ്യാതമായ ചിത്രം നിര്‍മ്മിച്ചത്. സ്വതന്ത്രസിനിമയുടെ വെബ്സൈറ്റിലൂടെ കടന്നുപോകുന്ന ആര്‍ക്കും പ്രസ്തുത പ്രോജക്ടുമായി സാമ്പത്തികമായി സഹകരിക്കാം. ഓരോ ദിവസത്തെയും സാമ്പത്തിക പങ്കാളിത്തം/ സംഭരിക്കപ്പെട്ട തുക എന്നിവ വെബ്സൈറ്റില്‍ അനുദിനം പ്രസിദ്ധപ്പെടുത്തണം. സ്വതന്ത്ര സിനിമ “മിനിമം ലയബിലിറ്റി സിനിമ” ആകയാല്‍, സകല സമ്പാദ്യവും കേവലം ഒരു പ്രോജക്ടിനുവേണ്ടി നിക്ഷേപിക്കുവാന്‍ ആരെയും പ്രോത്സാഹിപ്പിക്കുവാന്‍ പാടില്ല. വിവിധ മാധ്യമങ്ങളിലൂറ്റെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെയും ധനസമാഹരണം നടത്താവുന്നതഅണ്‌. തുക എത്ര ചെറുതാണെങ്കില്‍കൂടിയും കുഴപ്പമില്ല. ബഡ്ജറ്റ് തുക പിരിഞുകിട്ടിയാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം.

ചിത്രത്തിലെ തെരഞെടുക്കപ്പെട്ട അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും മേജര്‍ ഇന്‍‌വെസ്റ്റേഴ്സിനും ആദ്യമേ തന്നെ തിരക്കഥയുടെ കോപ്പികള്‍ ലഭ്യമാക്കണം. ഒരു തിരക്കഥയുടെ രഹസ്യാത്മകതയ്ക്ക് സിനിമയുടെ സാമ്പത്തിക വിജയത്തിലുള്ള പങ്ക്  അവര്‍ ഉത്തരവാദിത്തത്തോടെ ഓര്‍ക്കേണ്ടതുണ്ട്. ഡിസ്കഷന്‍സ് പലതും വെബ്-ടെക്നോളജി ഉപയോഗിച്ച് നടത്താവുന്നതഅണ്‌. അങ്ങനെ എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കാവുന്നതാണ്‌. ഇത്രയും സ്വതന്ത്രമായ നെറ്റ് ജെനറേഷന്‍ സിനിമ ആകയാല്‍ പ്രവാസികള്‍ക്ക് പോലും സജീവമായി സിനിമാ നിര്‍മാണ പ്രക്രിയയില്‍ വിദൂരത്തിരുന്നുകൊണ്ടുപോലും പങ്കാളികളാകാം. വിദേശത്ത് ജീവിക്കുന്ന ഒരു അമച്വര്‍ സംഗീത സം‌വിധായകന്‌ വേണമെങ്കില്‍ ഒരു ഗാനം കമ്പോസിങും ഒപ്പം നിര്‍മ്മാണവും നിര്‍‌വ്വഹിച്ച് ഈ സിനിമാ പ്രോജക്ടില്‍ പങ്കാളിയാകാം. അങ്ങനെയാണ്‌ കാലദേശങ്ങളെ സ്വതന്ത്ര സിനിമ കീഴടക്കുന്നത്.

പുതിയ കാലഘട്ടത്തിലെ സ്വതന്ത്ര ജനകീയ സിനിമയ്ക്ക്, ഒരിക്കലും അതിന്റെ പിതാവായ ജോണ്‍ എബ്രഹാമിന്റെ അനാര്‍ക്കിസ്റ്റ് സ്വഭാവം വച്ചുപുലര്‍ത്താനാവില്ല, എന്തെന്നാല്‍ അതിനിനിയും ഒരുപാട് മുന്നേറാനുണ്ട്. സ്വതന്ത്ര സിനിമയെന്നാല്‍ സ്വയം നിയന്ത്രിതമായ, നന്നായി പ്ലാന്‍ ചെയ്യപ്പെട്ട ഓപ്പണ്‍ കള്‍ച്ചര്‍ സിനിമയാകുന്നു. അത് മിനിമം സിനിമയാകുന്നു, ഒരു തരത്തിലുമുള്ള വേര്‍തിരിവുകള്‍ക്കും താരജാഢകള്‍ക്കും അവിടെയിടമില്ല!

ആരായിരിക്കും അടുത്ത സൂപ്പര്‍താരം?

എല്ലാ ഭാഷകളിലും പൊതുവായി സംഭവിക്കുന്ന ഒരു കാര്യമുണ്ട്, പുതുമുഖങ്ങളുടെ അരങ്ങേറ്റം. ഒരു സിനിമയില്‍ നായകനോ, നായികയോ ആയി ഒരു പുതുമുഖം തെരഞെടുക്കപ്പെടണമെങ്കില്‍, രക്ഷിതാക്കള്‍ സിനിമാ പ്രൊഡ്യൂസര്‍ക്കും, സമ്വിധായകനും നല്ലൊരു തുക “ഇന്‍‌ട്രൊഡക്ഷന്‍ ഫീ” ആയി നല്‍കണം! ചെറിയ റോളുകളില്‍ മുഖം കാണിക്കണമെങ്കില്‍ പോലും ഇങ്ങനെ കൈക്കൂലി കൊടുക്കണം. പല സിനിമകളും ഈ കൈമടക്ക് കാശുകൊണ്ടാണ്‌ നിര്‍മ്മിക്കപ്പെടുന്നതെന്ന് അണിയറ രഹസ്യം! അഭിനയ മോഹവുമായെത്തുന്ന പെണ്‍കുട്ടികള്‍ ലൈംഗികമായിപ്പോലും ചൂഷണം ചെയ്യപെടുന്നു. ഇത്തരം വ്യക്തികളാണ്‌ സിനിമയുടെ കശാപ്പുകാര്‍. ഇത്തരത്തില്‍ താരമായ നടന്റെയും നടിയുടെയും സിനിമയോടുള്ള കമ്മിറ്റ്മെന്റ് എന്തായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ! അവര്‍ പുത്തന്‍ നിര്‍മ്മാതാക്കളെ ചവിട്ടിത്തേച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ! സ്വതന്ത്ര സിനിമയില്‍ അഭിനേതാക്കള്‍ക്കാണ്‌ പ്രാധാന്യം, താരങ്ങള്‍ക്കല്ല. കഴിവ് തെളിയിക്കാന്‍ കഴിയുന്ന ആര്‍ക്കും സ്വതന്ത്ര സിനിമയിലൂടെ വെള്ളിത്തിരയിലെത്താം. താരം എന്ന കണ്‍സപ്റ്റ് തന്നെ സമീപഭാവിയില്‍ അപ്രത്യക്ഷമായേക്കാം. സ്വതന്ത്ര സിനിമ ലിംഗസമത്വം ഉറപ്പാക്കുമ്പോള്‍, താരജാഢകള്‍ സ്വയം ഇല്ലാതാകും. കാരവാനുകള്‍ ആര്‍ക്കും വേണ്ടാതാകും. സിനിയാകും പിന്നെ യഥാര്‍ത്ഥ സൂപ്പര്‍താരം! അങ്ങനെയാണ്‌ സിനിമ വിമോചിക്കപ്പെടുന്നത്.

ഉടമസ്ഥത

സാക്ഷാത്കരിക്കപ്പെട്ട സ്വതന്ത്രസിനിമയുടെ ഉടമസ്ഥര്‍, അതിന്റെ നിര്‍മ്മാണത്തിലുള്‍പ്പെട്ട ഓരൊ വ്യക്തിയും അടങ്ങുന്ന ഒരു കൊളാബറേറ്റീവ് ഗ്രൂപ്പ് ആയിരിക്കും. മൊത്തം ചെലവിന്‌ ആനുപാതികമായ ലാഭവിഹിതത്തിന്‌ ഓരോരുത്തരും അര്‍ഹരായിരിക്കും. നടീനടന്മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അവരവരുടെ പ്രയത്നമൂല്യത്തിന് ആനുപാതികമായ ലാഭവിഹിത ലഭിച്ചുകൊണ്ടേയിരിക്കും. ലാഭം ഒരു തുടര്‍പ്രക്രിയയാകുന്നു! പരമാവധി സഹകരണം ഉറപ്പാക്കി ചെലവ് കുറച്ചാല്‍ ലാഭമൂല്യം കൂടുമെന്നതിനാല്‍ പ്രൊഫഷണലിസത്തിന്‌ പങ്കാളികള്‍ തയാറാകും. നഷ്ടമായാലും ലാഭമായാലും, ജനാധിപത്യപരമായി പങ്കുവയ്ക്കൂക, അങ്ങനെയാണ്‌ സ്വതന്ത്രസിനിമ പങ്കാളികളുടെ അവകാശങ്ങള്‍ സമ്രക്ഷിക്കുന്നത്.

പ്രതിബന്ധങ്ങള്‍

സിനിമ ഇന്ന് മിലിറ്റന്റ് സ്റ്റൈലില്‍ പ്രവര്‍ത്തിക്കുന്ന നിരവധി അസോസിയേഷനുകളുടെ കയ്യിലാണെന്നത് നഗ്നമായ യാഥാര്‍ത്ഥ്യം! ഇത്തരമൊരു സം‌രംഭത്തെ മുളയിലേ നുള്ളാന്‍ അവര്‍ അരയും തലയും മുറുക്കി രംഗത്തുവരുമെന്ന് ഉറപ്പ്. എന്തെന്നാല്‍, അത് അവരുടെ നിലനില്പ്പിന്റെ തന്റെ പ്രശ്നമാകുന്നു. നിര്‍മ്മാതാക്കളുടെ സംഘടന, താരങ്ങളുടെ സംഘടന, ടെക്നീഷ്യന്‍സിന്റെ സംഘടന, മറ്റ് സംഘടനകഅള്‍ ഇവരൊന്നും തന്നെ പുതിയ അംഗങ്ങളെപ്പോലും മനസ്സോടെ സ്വാഗതം ചെയ്യുന്നവരല്ല. അങ്ങനെവരുമ്പോള്‍ ഒരു സംഘടനയിലും അംഗ്ങ്ങളല്ലാത്തവര്‍, സിനിമയെ കീഴടക്കുന്നത് അവര്‍ക്ക് നോക്കിനില്‍ക്കാനാകുമോ? ചിത്രം റിലീസ് ചെയ്യാതിരിക്കാന്‍ അവര്‍ എക്ഷിബിറ്റേഴ്സ് അസോസിയേഷനുമായി കൈകോര്‍ത്തെന്നിരിക്കാം. ഭയപ്പെടെണ്ടതില്ല, എന്തെന്നാല്‍ അത്രമേല്‍ അവസരങ്ങളഅണ്‌ സ്വതന്ത്രസിനിമ മുന്നോട്ടുവയ്ക്കുന്നത്. നിങ്ങളുടെ ചിത്രം ജനത്തെ സ്വാധീനിക്കുന്നുവെങ്കില്‍ തീയറ്ററുടമകള്‍ നിങ്ങളെ തെടിയെത്തുക തന്നെ ചെയ്യും! സമീപകാല ഉദാഹരണങ്ങള്‍ നമുക്കുമുന്നിലുണ്ടല്ലോ! കലാകാരന്‍ സ്വതന്ത്ര വ്യക്തിത്വമാകുന്നു.

പ്രതിരോധം എങ്ങനെ?

  1. പഴയ ഫിലിം സൊസൈറ്റികളെ പുനര്‍ജ്ജീവിപ്പിക്കുക.
  2. കലാപ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍ എല്ല ഗ്രാമങ്ങളീലും സംഘടിപ്പിക്കുകയും അവയെ ഇന്റര്‍നെറ്റിലൂടെ പരസ്പരം ബന്ധിക്കുകയും ചെയ്യുക.
  3. പൊതുമൂലധന സമാഹരണത്തിലൂടെ എല്ലാ ഗ്രാമങ്ങളിലും മിനി തീയറ്ററുകള്‍ ആരംഭിക്കുക.
  4. സിനിമയെ ഇന്റര്‍നെറ്റിലൂടെയും റിലീസ് ചെയ്യാനുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുക.
  5. സിനിമാചിത്രീകരണ വേളയില്‍ അതാതിടത്തെ ഫിലിം സൊസൈറ്റികളുടെ സഹകരണം ഉറപ്പാക്കുക.
  6. ഭാവിയില്‍ ഒരു പ്രോജക്ടിന്റെ വെബ്സൈറ്റ് ആരംഭിക്കുമ്പോള്‍ തന്നെ ടിക്കറ്റ് ബുക്കിംഗ് കൂടി ഓണ്‍ലൈനായി ആരംഭിക്കുക. നാടൊട്ടുക്കുമുള്ള ഫിലിം സൊസൈറ്റികളുടെ സഹായം ഇതിനായി തേടാവുന്നതാണ്‌.

അനന്തരഫലങ്ങള്‍

നമ്മുടെ കാലത്തെ സിനിമാപ്രവര്‍ത്തകരെ മൊത്തത്തിലൊന്ന് നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്‌: ഒട്ടുമിക്കപേര്‍ക്കും “ഡിപ്ലോമറ്റിക് ഇമ്മ്യൂനിറ്റി”യുണ്ട്! ഒന്നുകില്‍ അച്ഛനമ്മമാര്‍ നിര്‍മ്മാതാക്കള്‍, അല്ലെങ്കില്‍ നടന്‍, നടി, സം‌വിധായകന്‍, വിതരണക്കാരന്‍ എന്നിങ്ങനെ സിനിമയുമായി ബന്ധപ്പെട്ട ആരെങ്കിലുമൊക്കെയായിരിക്കും. ജന്മനാ ഗോഡ്ഫാതേഴ്സുള്ള ഇത്തരക്കാരുമായാണ്‌ പ്രതിഭയുള്ള സാധാരണക്കാരന്‍ ഏറ്റുമുട്ടേണ്ടത്. ഇത്തരക്കാരുടെ കരങ്ങളില്‍നിന്നും സിനിമ മോചിപ്പിക്കപ്പെടേണ്ടിയിരിക്കുന്നു. ആര്‍ക്കും ഒരു സംഘടനയിലും അംഗമാകാതെ മികച്ച സിനിമകളെടുക്കാനുള്ള അവസരം സ്വതന്ത്ര സിനിമ നല്‍കുന്നു. ന്യൂ ജനറെഷന്‍ ക്യാമറകള്‍ വരുമ്പോള്‍ സിനിമയുടെ നിര്‍മ്മ്മ്മാണ ചെലവ് വീണ്ടും കുറയും. ഇങ്ങനെ സ്വതന്ത്ര സിനിമ മുന്നേറുമ്പോള്‍, സിനിമയുടെ കശാപ്പുകാരായ ഫാന്‍സ് അസോസിയേഷനുകളുടെ കുറ്റിയറ്റുപോകും. സിനിമയുടെ ഏറ്റവും വലിയ ശത്രുവായ വ്യാജ സിഡികളുടെ വിപണനം താനെ തന്നെ ഇല്ലാതാകും. എന്തെന്നാല്‍, നാളെ ആര്‍ക്കും സ്വതന്ത്ര സിനിമയുടെ ഭാഗമാകാം, എന്നു മാത്രമല്ല അവര്‍ വ്യാജന്മാരെ തെരുവില്‍ നേരിട്ടുകൊള്ളും.

സ്വതന്ത്ര സിനിമ അമച്വര്‍ കലാകാര്‍ക്കും എസ്റ്റാബ്ലിഷ്ഡായ സിനിമാ പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും തുല്യമായ സാധ്യതകളാണ് മുന്നോട്ടുവയ്ക്കുന്നത്. പക്ഷേ, പ്രതിഭ അതിനു പകരം വയ്ക്കാന്‍ മറ്റൊന്നില്ല! കരുതലോടെ നിര്‍മ്മിക്കപ്പെടുന്ന സ്വതന്ത്രസിനിമ മികച്ച നിക്ഷേപാവസരമാണ്‌ പൊതുജനത്തിന്‌ സമ്മാനിക്കുന്നത്. അതിലൂടെ നമുക്ക്, നമ്മുടേ സംസ്കാരത്തെ അധിനിവേശ ശക്തികളില്‍ നിന്നും സമ്രക്ഷിക്കുകയും ചെയ്യാം. സ്വതന്ത്ര സിനിമ പൊതുസമൂഹത്തിന്റെ സിനിമയാണ്‌. അവരുടെ സിനിമ, അവര്‍ തന്നെ വിതരണം ചെയ്തുകൊള്ളും, എന്നുമാത്രമല്ല സാറ്റലൈറ്റിലൂടെ വിതരണം ചെയ്യുന്നതിനാല്‍, പ്രിന്റുകളെടുക്കേണ്ട ആവശ്യവുമില്ല.

അല്ലയോ സിനിമാ പ്രവര്‍ത്തകാ, ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും നിന്റെ സ്വതന്ത്ര സിനിമാ പങ്കാളി കാത്തിരിക്കുന്നു. ആഘോഷിക്കുക, സ്വതന്ത്ര സിനിമയുടെ നവോദയം!

പിന്‍‌കുറിപ്പ്:

ഏത് പുത്തനാശയം വന്നാലും അതു മുതലാക്കി തട്ടിപ്പ് നടത്തുന്ന വിരുതന്മാര്‍ ലോകമെമ്പാടുമുണ്ട്. മലയാളികളും ഒട്ടും മോശക്കാരല്ല. സ്വതന്ത്രസിനിമയെ ആരെങ്കിലും തട്ടിപ്പ് പ്രസ്ഥാനമാക്കാന്‍ ശ്രമിച്ചാല്‍, അവര്‍ക്ക് പണി കിട്ടും! എന്തെന്നാല്‍ അത് ജനകീയസിനിമയാണ്‌!

ഇത് ഒരു ഓപ്പണ്‍ ഡോക്യുമെന്റാണ്‌, നിങ്ങളുടെ പൂരണങ്ങള്‍ കമന്റുകളായി രേഖപ്പെടുത്തുമല്ലോ…

സസ്നേഹം

പ്രേംജി

Advertisements