b studio

ട്രാഫിക്ക് – Unblocked

Decrease Font Size Increase Font Size Text Size Print This Page

പരീക്ഷണാടിസ്ഥാനത്തില്‍ സിനിമ എടുക്കാന്‍ മലയാള സിനിമയിലെ സംവിധായകര്‍ക്ക് ഭയമാണു. കാരണം എത്ര വലിയ സംവിധായകന്‍ ആയാലും എത്ര വലിയ നടന്‍ ആയാലും സീരിയസ് പ്രമേയങ്ങള്‍ക്കു നേരെ പ്രേക്ഷകര്‍ ആദ്യ ദിവസങ്ങളില്‍ വലിയ താല്പര്യം കാണിക്കാറില്ല. എന്നാല്‍ കോമഡിയുമായിട്ടാണു വരവെങ്കിലോ അത് എന്തു മാത്രം തരം താണതാണെങ്കിലും ആയിരം വട്ടം കണ്ടു മടുത്തതാണെങ്കിലും തിയറ്ററിലേക്ക് ഇടിച്ചു കയറാനും പടം സൂപ്പര്‍ ഹിറ്റാക്കാനും ജനം തയ്യാറാണു. മലയാള സിനിമയുടെ ഗതികേട് എന്നല്ലാതെ എന്തു പറയാന്‍.

എന്നിരുന്നാലും വെല്ലു വിളികള്‍ ഏറ്റെടുക്കാന്‍ ചിലര്‍ തയ്യാറാവാറുണ്ട്. Different ആയ Attempt ആണു എന്ന അവകാശ വാദവുമായി വരുന്നതില്‍ ഭൂരിപക്ഷവും പഴയ വീഞ്ഞു തന്നെയാണെങ്കിലും പ്രാഞ്ചിയേട്ടനും,പാസഞ്ചറുമൊക്കെ പോലെ ചിലതെങ്കിലും വര്‍ഷത്തില്‍ ഒരിക്കല്‍ ഉണ്ടാകാറുണ്ട്. രഞ്ജിത്തും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒരുമിക്കുന്ന സിനിമ പോലും ക്ലിക്ക് ആയി മാറാന്‍ 25 ദിവസങ്ങള്‍ വേണ്ടി വന്നു എന്നിരിക്കെ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. അവിടെയാണു ട്രാഫിക്ക് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നത്. മലയാള സിനിമയില്‍ ഒരു ധീരമായ പരീക്ഷണം തന്നെയാണു ഇവര്‍ നടത്തിയിരിക്കുന്നത് എന്നു മാത്രമല്ല ഒരു വലിയ പരിധി വരെ അതില്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു.

ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അനൂപ് മേനോന്‍, റഹ്മാന്‍,സായ്കുമാര്‍ തുടങ്ങിയ നടന്മാരുടെ നിരയും, റോമ, രമ്യ, കാതല്‍ സന്ധ്യ എന്നിവരടങ്ങുന്ന നടിന്മാരും ചേര്‍ന്നു ഒരു വലിയ നിര ഈ സിനിമയിലുണ്ട്. താരപരിവേഷമില്ലാത്ത നടന്മാര്‍ അഭിനയിക്കുന്ന സിനിമയായതു കൊണ്ട് തന്നെ ഒരോ കഥാപാത്രത്തിനും ആവശ്യത്തിനു വേണ്ട പ്രാധാന്യം നല്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നു മാത്രമല്ല. തങ്ങള്‍ക്ക് കിട്ടിയ വേഷങ്ങള്‍ ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ എല്ലാവരും മികച്ചതാക്കുകയും ചെയ്തു.

ഒരു റോഡ് മൂവി ശൈലിയില്‍ പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കുന്ന തരത്തിലുള്ളതാണു ട്രാഫിക്കിന്റെ കഥാതന്തു. അതു കൊണ്ട് തന്നെ സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ രസചരടു പൊട്ടാതെ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ കഴിയുന്ന തരത്തില്‍ സിനിമ ഒരുക്കിയിടത്താണു സംവിധായകന്റെ വിജയം. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന സിനിമയുടെ പരാജയത്തിനു ശേഷം തന്റെ പിഴവുകള്‍ തിരുത്തിയ ഒരു പരിചയ സമ്പന്നനായ സംവിധായകന്റെ മികവ് ഈ ചിത്രത്തില്‍ കാണാം.

ചിത്രത്തിന്റെ കഥാഗതിക്ക് ഒട്ടും കോട്ടം വരാത്ത രീതിയില്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ക്യാമറാമാനും ട്രാഫിക്ക് ഒരു നല്ല അനുഭവം ആക്കുന്നതില്‍ പങ്കു വഹിക്കുന്നു.മെജോ ജോസഫ് എന്ന യുവ സംഗീത സംവിധായകന്റെ മികച്ച വര്‍ക്ക് ഈ സിനിമയുടെ മറ്റൊരു മേന്മയാണു. ഇന്നത്തെ മലയാള സിനിമകളില്‍ ട്വിസ്റ്റ് ഒരു അനിവാര്യ ഘടകമായതു കൊണ്ടാവം ഈ സിനിമയിലും ഒരു ട്വിസ്റ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്വിസ്റ്റുകള്‍ ഇല്ലാതെ എങ്ങനെ കഥ പറയാം എന്നതിനെ പറ്റി തിരകഥാകൃത്തുക്കള്‍ ഗൗരവമായി ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.

നല്ല സിനിമകള്‍ക്ക് തിരകഥ ഒരുക്കിയിട്ടുണ്ടെങ്കിലും മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഇന്നും അത്ര മമത ഇല്ലാത്ത തിരകഥാകൃത്തുക്കളാണു സഞ്ജയ് – ബോബി ടീം. ആരാധകരെ ആവേശം കൊള്ളിക്കുന്ന തരത്തിലുള്ള മസാല സിനിമകള്‍ എഴുതാത്തതാവാം ഒരു പക്ഷെ പ്രേക്ഷകര്‍ക്ക് ഇവരോടുള്ള താല്പര്യ കുറവ്. ട്രാഫിക്കിനു മുന്‍പ് ഇവര്‍ എഴുതിയ സിനിമകളെല്ലാം തന്നെ നല്ല അഭിപ്രായം നേടിയവയായിരുന്നു. ട്രാഫിക്കിന്റെ രചനയും വിഭിന്നമല്ല.

നല്ലൊരു പ്രമേയം കൊമേഴ്സ്യല്‍ ചേരുവകള്‍ക്കു മുന്നില്‍ വിട്ടു വീഴ്ച്ചകള്‍ ചെയ്യാതെ എഴുതാന്‍ തയ്യാറായത് പ്രശംസനീയം തന്നെ. ആരാധകരുടെ സ്വീകര്യത നേടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടോ എന്തോ കാസിനോവ, മുംബൈ പോലീസ് തുടങ്ങിയ സിനിമകളുടെ തിരകഥകള്‍ തയ്യാറാക്കുന്ന വഴി മറ്റൊരു ഉദയ് കൃഷ്ണ സിബി കെ തോമസ് ആയി ഇവര്‍ മാറിയാല്‍ ആത്യന്തികമായി നഷ്ടം മലയാള സിനിമക്ക് തന്നെയാണു.

സൂപ്പര്‍ ഹിറ്റ്, മെഗാഹിറ്റ് ബ്ലോക്ക് ബസ്റ്റര്‍ എന്നിങ്ങനെ ഈയിടെ വിശേഷിപ്പിക്കപ്പെട്ട സിനിമകളില്‍ നിന്നും ട്രാഫിക്ക് വേറിട്ട് നില്ക്കുന്നത് ഈ സിനിമകള്‍ അടിപൊളി, നല്ലത് എന്നു പറയുന്നത് അതില്‍ നായകനായി അഭിനയിച്ച താരങ്ങളുടെ ഫാന്‍സുകാര്‍ മാത്രമാണു എന്നത് കൊണ്ടാണു. ഇത്തരത്തില്‍ ആരാധകര്‍ എന്ന ആള്‍ക്കൂട്ടം പിന്നിലില്ലാത്ത ഒരു പറ്റം നടന്മാരാണു ഈ സിനിമയിലെ മുഖ്യ വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. അതു കൊണ്ട് തന്നെ സിനിമ കഴിഞ്ഞ് കൈയ്യടിച്ച് കൊണ്ട് സംതൃപ്തരായി പുറത്തേക്ക് വരുന്നവര്‍ ഈ സിനിമ കൊള്ളം എന്ന് പറയുന്നെങ്കില്‍ അത് ആത്മാര്‍ഥമായി തന്നെയാണു.

ഇന്ന് മലയാള സിനിമയെ അക്ഷരാര്‍ത്ഥത്തില്‍ താങ്ങി നിര്‍ത്തുന്നത് കോമഡി സിനിമകളും അത് നിര്‍മ്മിക്കുന്നവരും അതില്‍ അഭിനയിക്കുന്നവരുമാണു. നഷ്ടത്തില്‍ ഓടി കൊണ്ടിരിക്കുന്ന മലയാള സിനിമക്ക് മെഗാ വിജയങ്ങളിലൂടെ ആശ്വാസം നല്ക്കുന്ന ഈ വിഭാഗത്തിനോട് സിനിമ ലോകം എന്നും കടപ്പെട്ടിരിക്കും.

പക്ഷെ കോമഡി എന്ന പേരില്‍ അഴകി ദ്രവിച്ച് ചീഞ്ഞു നാറിയ വിഭവം വീണ്ടും വീണ്ടും നിര്‍ബന്ധിച്ച് പ്രേക്ഷകരെ തീറ്റിപ്പിക്കുന്നതില്‍ നിന്നും സാവധാനമെങ്കിലും പിന്മാറാന്‍ ഇത്തരം സിനിമകള്‍ ഒരുക്കുന്നവര്‍ തയ്യാറായില്ലെങ്കില്‍ നല്ല സിനിമകളും മികച്ച സിനിമകളും എന്നന്നേക്കുമായി മലയാള സിനിമയില്‍ നിന്ന് അപ്രത്യക്ഷമാകും.ഹാ കിടിലന്‍ അതി ഗംഭീരം എന്ന് പറഞ്ഞ് കയ്യടിക്കാന്‍ തമിഴന്റെ സിനിമ മാത്രം കാണേണ്ടി വരുന്ന അവസ്ഥ അങ്ങിനെയെങ്കില്‍ അതി വിദൂരമാവില്ല…!

*കോമഡിയെ അങ്ങനെ കൊച്ചാക്കുകയൊന്നും വേണ്ട കഴിഞ്ഞ വര്‍ഷത്തെ ആദ്യത്തെ സോളോ മെഗാഹിറ്റ് ഒരു കോമഡി സിനിമയാണു അതു ആരും മറക്കണ്ട…!!

*അത് ശരിയാണല്ലോ. സുരാജിന്റെ ടൈം നല്ല ബെസ്റ്റ് ടൈം..!!!