Arun Kaimal

നേഴ്സുമാര്‍ക്ക് ആത്മീയ പീഡനം

Decrease Font Size Increase Font Size Text Size Print This Page

കുര്‍ബാന പാട്ട് പാടുന്നതും രാമ നാമം ജപിക്കുന്നതും ആയ പുണ്യ വദനങ്ങളില്‍ ‍ നിന്ന് തെറി കേള്‍ക്കുവാനും , കൊന്തയും കമന്ടലുവും പിടിക്കുന്ന ദിവ്യമായ കൈകള്‍ കൊണ്ട് ഇടിക്കുന്ന ഇടി കൊള്ളുവാനും ഭാഗ്യം സിദ്ധിച്ച ഒരു വിഭാഗം ആണ് കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേര്സുമാര്‍ .ആരാധാലയങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ സ്വകാര്യ ആശുപതികള്‍ പോലെ ഇങ്ങനെ മതവും ആത്മീയതയും കെട്ട്പിണഞ്ഞു കിടക്കുന്ന മറ്റൊരു രംഗം കേരളത്തില്‍ ഇല്ല .

പട്ടക്കാരന്‍ , കന്യാസ്ത്രീ , മൊല്ലാക്ക , സ്വാമി , സ്വാമിനി ഇങ്ങനെയുള്ള വിവിധ പേരില്‍ അറിയപ്പെടുന്ന ബിസിനസ്സുകാര്‍ , തങ്ങളുടെ ആരോഗ്യ രംഗത്തെ ബിസിനസ്സുകള്‍ ‍ പരിപോഷിപ്പിക്കുന്നതിനു വേണ്ടി ഒപ്പം ഒരു സൈഡ് ബിസിനസ്‌ ആയി നടത്തുന്നത് ആണ് നഴ്സിംഗ് സ്കൂള്‍ . മേല്‍പ്പറഞ്ഞ ബിസ്സിനസ്സ്കാര്‍ക്ക് ,-ബ്ലേട്‌ കാര്‍ക്ക് ഗുണ്ടാപ്പിരിവുകാര്‍ എന്ന പോലെ- അലങ്കാരങ്ങള്‍ ആയി വിളങ്ങുന്ന മത ലേബലുകള്‍ ഉള്ള പാര്‍ട്ടികളും ധാരാളം . ഈ രംഗത്തെ കുത്തക കയ്യാളുകയും , മതത്തിന്റെയും രാഷ്ടീയതിന്റെയും തണലില്‍ ബിസിനസ് നടത്തുകയും ചെയ്യുന്ന ആത്മീയ മാഫിയ കേരളത്തിലെ ആരോഗ്യ മാഫിയയായി വിരാജിക്കുമ്പോള്‍ സമരം ചെയ്യുന്ന നുര്സുമാര്‍ക്ക് എപ്പോ കിട്ടി ? എന്ന് ചോദിച്ചാല്‍ മതിയാകും .

വലതുകാല്‍ വച്ച് നഴ്സിംഗ് വിദ്യാഭ്യാസ രംഗത്തേക്ക് കയറുമ്പോള്‍ മുതല്‍ മാനേജുമെന്റുകളുടെ പണ്ടുകാലങ്ങളില്‍ വീട്ടു വേലക്കാരോട് പെരുമാറിയിരുന്നത് പോലെ [ ഇന്നത്തെ കാലത്ത് വീട് വേലക്കാരോട് അങ്ങിനെ പെരുമാറിയാല്‍ വിവരം അറിയും] ഉള്ള പെരുമാറ്റം മുതല്‍ ശമ്പളം കൂടുതല്‍ ചോദിച്ചാല്‍ മര്‍ദനം കിട്ടുന്ന രംഗം വരെ കാര്യങ്ങള്‍ പുരോഗമിച്ചു .

അത്ര പിന്തുണ ഒന്നും ഈ വാദത്തിനു കിട്ടില്ലെങ്കിലും ഈ രംഗത്തെ ഇവിടം വരെ എത്തിച്ചതില്‍ നേര്സുമാര്‍ക്കുള്ള വലിയ പങ്കിനെയും വിസ്മരിച്ചു കൂടാ . പ്രബലവും രാഷ്ട്രീയത്തിനു അതീതവും ആയ ഒരു സംഘടന കെട്ടി പടുക്കുന്നതില്‍ നിന്നും മത നേതൃത്വങ്ങളുടെ സ്വാധീനത്തിന് വഴങ്ങി പുറം തിരിഞ്ഞു നിന്ന ചരിത്രവും ഈ പ്രോഫെഷന് ഉണ്ട് . ഏറിയ പങ്കും സ്ത്രീകള്‍ ജോലി ചെയ്യുന്ന ഈ മേഖലയില്‍ , അങ്ങനെ ഒരു ഉദ്യമം നടത്താന്‍ സാമൂഹ്യമായ പല പരിമിതികളും ഉണ്ടെങ്കില്‍ പോലും , പ്രബുദ്ധത നിറഞ്ഞ കേരളത്തിലെ ഫെമിനിസ്റ്റുകള്‍ എങ്കിലും ഈ വിഷയം കണ്മുന്‍പില്‍ ഒന്ന് കാണേണ്ടത് ആയിരുന്നു .

ചട്ടങ്ങള്‍ അനുസരിച്ചുള്ള ജോലി സമയം നിജപ്പെടുത്താനും , ജോലിക്ക് കൂലി എന്ന തത്വം പാലിക്കാനും ആതുര ശുശ്രൂഷാ രംഗത്ത് നിന്നും കാലങ്ങള്‍ ആയി മുറവിളി ഉയരുന്നെങ്കില്‍ പോലും മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഇതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല . [അതോ മുല്ല പെരിയാര്‍ പ്രശ്നത്തില്‍ എന്നപോലെ അത് ഒരു തമിഴ്ശ്യാവകാശ കമ്മീഷന്‍ ആയി മാറിയോ എന്തോ ? എന്തായാലും വണ്ടിപ്പെരിയാറില്‍ നിന്നും ഇടി കൊള്ളാതെ രക്ഷപെട്ടത് കോശിയുടെ ഭാഗ്യം ]

ഇപ്പോഴെങ്കിലും ആ രംഗത്ത് സംഘടനകള്‍ ഉണ്ടായി തുടങ്ങി എന്നത് കിടപ്പാടം പണയം വെച്ച് നേര്സിങ്ങിനു ഇറങ്ങുന്ന അര്പന ബോധം ഉള്ള കുട്ടികള്‍ക്ക് ആശ്വാസം തന്നെ . മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കെട്ട് പൊട്ടിച്ചു ഒരു കുടക്കീഴില്‍ അവരെ അണി നിരത്താന്‍ ഈ രംഗത്തെ മുതിര്‍ന്നവര്‍ മുന്‍കൈ എടുക്കുകയും , നഴ്സിംഗ് വിദ്യാഭ്യാസ കച്ചവടത്തിന് ആത്മീയ മാഫിയക്ക് നല്‍കിയിരിക്കുന്ന കുത്തക ഇനിയെങ്കിലും ചോദ്യം ചെയപ്പെടുകയും ചെയ്‌താല്‍ , പീഡാനുഭവങ്ങള്‍ ഏറ്റുവാങ്ങി ,ആത്മശുദ്ധി വരുത്തി വിദേശത്തേക്ക് കടക്കുവാന്‍ ഉള്ള ഉപാധി എന്നതില്‍ ഉപരിയായി , കേരളത്തില്‍ നഴ്സിംഗ് ഒരു മുന്‍നിര പ്രൊഫെഷന്‍ ആയി ഉയര്‍ത്തപ്പെടും