പിണറായി പറഞ്ഞതിലെ തെറ്റും ശരിയും
പിണറായി പ്രവാചകന്‍ (സ്വ)യെ മോശമായി ചിത്രീകരിച്ചുവെന്ന് പ്രഥമദ്രിഷ്ട്യാ പറഞ്ഞുകൂടാ. അല്ല, അദ്ദേഹത്തിനു തന്നെയാണ് നൂറു ശതമാനം മാര്‍ക്കും. അത്തരം പ്രസ്താവനകളിലേക്ക് അദ്ദേഹത്തെ നയിച്ച ചിലരെയാണ് വിമര്‍ശിക്കേണ്ടത്. ബൂലോക ത്തിലിപ്പോള്‍ റെഡ്‌സല്യൂട്ടുകള്‍ തകൃതിയായി നടക്കുകയാണ്.ഒരാള്‍ക്ക് മറ്റൊരാളുടെ മുന്നില്‍ വെച്ച് എങ്ങിനെയും കൈവീശം. അതെസമയം വീശിയ കൈ അയാളുടെ മുഖത്ത് തട്ടിയപ്പോള്‍ വിഷയം മാറി. കണ്ടുനിന്നവരെല്ലാം വീശിയവന് റെഡ്‌സല്യൂട്ട് കൊടുത്തു. ഈയൊരു റെഡ് സല്യൂട്ട് കോമാളിത്തരമാണ് ഇപ്പോള്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അടികിട്ടിയവന്‍റെ ഭാഗം മനസിലാക്കാന്‍ ആരുമില്ല. ഇവിടെ പിണറായിയുടെ പ്രസ്താവന യഥാര്‍ത്ത വിശ്വാസികളുടെ നിഷ്കളങ്ക മനസ്സിനെയാണ് ധ്വംസിച്ചിരിക്കുന്നത്. എവിടെയും ആക്രമിക്കപ്പെടുന്ന സമൂഹം ന്യൂനപക്ഷമാണെന്നത് പ്രകൃതി സത്യമാണ്. അതുകൊണ്ടാണ് അവരുടെ പ്രാര്‍ഥനക്ക് പെട്ടന്ന് ഉത്തരം ലഭിക്കുന്നതും. സ്വശരീരത്തെക്കാള്‍ പ്രവാചകന്‍ (സ്വ)യെ പൂര്‍ണമായും സ്നേഹിക്കാത്തിടത്തോളം ഒരൊറ്റ മുസ്‌ലിന്‍റെയും വിശ്വാസം പൂര്‍ണമാകില്ലെന്നാണ് മതം പഠിപ്പിക്കുന്നത്. ഇത് അക്ഷരംപ്രതി ജീവിതത്തില്‍ പകര്‍ത്തിയ പരകോടി ജനങ്ങള്‍ ലോകത്ത് കഴിഞ്ഞുപോയി. ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. വിശിഷ്യാ ഈ കൊച്ചുകേരളത്തിലുമുണ്ട്.
- പ്രവാചകന്
(സ്വ) വുളു ചെയ്ത വെള്ളത്തിന് അവിടത്തെ അനുചരര്‍ തിരക്ക് കൂട്ടിയിരുന്നു.(ബുഖാരി 13. 293, 5859) - പ്രവാചകന്‍
(സ്വ) ഉറങ്ങുന്നേരം അവിടത്തെ ശരീരത്തില്‍ നിന്നും പൊടിയുന്ന വിയര്‍പ്പ് കണങ്ങള്‍ സ്വഹാബീ വനിത ഉമ്മു സുലൈം(റ) കുപ്പിയിലാക്കിയിരുന്നു.(ബുഖാരി 14.108, 6281) - ഉഹ്ദ് യുദ്ധ വേളയില്‍ തിരുമേനി
(സ്വ)യുടെ ശരീരത്തില്‍ നിന്നും പൊടിഞ്ഞ രക്തം സിനാന്‍ എന്ന സ്വഹാബി ഓടിവന്ന് വായിലാക്കി. അന്നേരം അവിടന്ന് പറഞ്ഞു: നിനക്ക് നരകം ഹറാമാണ്.(അല്‍ -ഇസ്വാബ 3.13, സുബുലുല്‍ ഹുദാ 10.455) - അനസ് (റ)പറയുന്നു: നബി
(സ്വ) മുടി നീക്കുമ്പോള്‍ സ്വഹാബികള്‍ ചുറ്റി നടന്നു. ഒരു മുടി പോലും താഴെ വീഴാനനുവദിക്കാതെ കൈ നീട്ടി വാങ്ങി സൂക്ഷിച്ചിരുന്നു.(മുസ്‌ലിം 4.1812) - യര്‍മൂക്ക് യുദ്ധവേളയില്‍ പ്രവാചക കേശം തുന്നിച്ചേര്‍ത്ത തലപ്പാവ് നഷ്ടപ്പെട്ടപ്പോള്‍ ഖാലിദ് (റ) അതിനായി തിരഞ്ഞ സംഭവം വിശ്വാസികള്‍ക്ക് പറയാനുണ്ട്.(സബീലുല്‍ ഹുദാ 2.16, 10.39)
- അവിടുത്തെ വസ്ത്രം കൊണ്ട് സ്വഹാബികള്‍ പുണ്യം നേടിയിരുന്നു.(ബുഖാരി.13.529, 6036)
- തിരുനബി (സ്വ)യുടെ ഭക്ഷണാവശിഷ്ടം കൊണ്ട് പുണ്യം നേടിയിരുന്നു.(മുസ്‌ലിം 3, 1623, 2732)
- തിരുനബി (സ്വ) നിസ്കരിച്ചിരുന്ന സ്ഥലത്ത് നിസ്കരിച്ചു കൊണ്ട് അനുചരര്‍ പുണ്യം നേടിയിരുന്നു.(ബുഖാരി 12, 264, 425)
തിരുശേഷിപ്പുകള്‍ അന്നുമുതല്‍ ഇന്നുവരെ ലോകാടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ സൂക്ഷിച്ച് ആദരിച്ച് വരുന്നു. ഫലസ്തീനിലെ മസ്ജിദുല്‍ അഖ്സയില്‍ വെള്ളികൊണ്ട് നിര്‍മ്മിച്ച ഖജനാവില്‍ തിരുകേശം സൂക്ഷിക്കുന്നുണ്ട്. കൈറോവിലെ ഇമാം ഹുസൈന്‍ പള്ളിയില്‍ നിരവധി സൂക്ഷിപ്പുകളുണ്ട്. തുര്‍ക്കിയിലെ ബുസ്ന, നഗരത്തിലെ ഖുസ്റുബേക് പള്ളിയില്‍ കേശവും കുപ്പായത്തിന്‍റെ ഭാഗവും സൂക്ഷിക്കുന്നു. റമളാന്‍ 27 ന് അതെടുത്ത് പ്രദര്‍ശിപ്പിക്കുന്നു. ട്രിപ്പോളിറ്റയനിലെ തുര്‍ഗൌദ് ബാഷാ പള്ളിയില്‍ വിശുദ്ധ രോമങ്ങളില്‍ ചിലത് ഗ്ലാസ്സ് ചെപ്പില്‍ സൂക്ഷിച്ചു വരുന്നു. റബീഉല്‍ അവ്വല്‍ 12, മിഅറാജ്, റമളാന്‍ തുടങ്ങിയ ദിനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നു. തുര്‍ക്കിയിലെ ടോപ്കാപി മ്യൂസിയത്തില്‍ നിരവധി ശേഷിപ്പുകലുണ്ട്. അബൂദാബിയില്‍ അഹ്മദ് ഖസ്റജിയുടെ അടുക്കല്‍ തിരുശേഷിപ്പുകളുണ്ട്. കേരളത്തിലേക്ക് കാന്തപുരത്തിന് ലഭിച്ചത് ഇവിടെ നിന്നാണ്. ഇന്ത്യയില്‍ ബാല്‍ മസ്ജിദില്‍ തിരുകേശമുണ്ട്. വെല്ലൂര്‍ ബാഖിയാത്ത് എന്ന സ്ഥാപനത്തിലുണ്ട്. ഇങ്ങിനെ അറിയപ്പെട്ടതും അല്ലാത്തതുമായി ധാരാളമുണ്ട്. പിണറായി തിരിച്ചറിയേണ്ടത്, ഇതൊക്കെ മാലിന്യമായതു കൊണ്ട് സൂക്ഷിച്ചു വരുന്നതല്ല. മതം നല്‍കുന്ന ചില അനിഷേധ്യമായ സത്യങ്ങളിലേക്കാണ് ഇത് മിഴി തുറക്കുന്നത്.മുറിച്ചു മാറ്റിയ നഖവും മുടിയും മാലിന്യമെന്നു തട്ടിവിട്ട പിണറായിക്ക് വേണ്ടി ഇസ്‌ലാമിക ചരിത്രത്തില്‍ നടന്ന ഒരൊറ്റ സംഭവം കുറിച്ച് വരികള്‍ക്ക് സമാപ്തി. മുആവിയ:(റ) മരണാസന്നനായി രോഗശയ്യയില്‍ കിടക്കുന്നു. തന്‍റെ മകന്‍ യസീദ് സ്ഥലത്തില്ലാത്ത ദുഃഖം. വിവരമറിഞ്ഞ് യസീദ് എവിടെ നിന്നോ ഓടിയെത്തി. വീട്ടില്‍ പ്രവേശിച്ചപ്പോള്‍ അബൂസുഫ്‌യാന്‍റെ പുത്രന്‍ ഉസ്മാനുബിന്‍ മുഹമ്മദ് അവിടെ ഇരിക്കുന്നു. അദ്ദേഹത്തിന്‍റെ കയ്യും പിടിച്ചു. യസീദ് പിതാവിന്‍റെ ചാരത്തെത്തി. അവസാന നിമിഷങ്ങള്‍ അടുത്തുകൊണ്ടിരിക്കുന്ന മുആവിയയുമായി മകന്‍ സംസാരിച്ചു. പക്ഷെ പിതാവ് മിണ്ടുന്നില്ല. മകന്‍ കരയാന്‍ തുടങ്ങി. കരച്ചില്‍ കണ്ടപ്പോള്‍ മുആവിയ: (റ) പറഞ്ഞുതുടങ്ങി. മകനെ നിനക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന കാര്യങ്ങളെ സംബന്ധിച്ച വിചാരണയാണ് അല്ലാഹുവിന്‍റെ മുമ്പില്‍ ഞാനേറ്റവും കൂടുതല്‍ ഭയപ്പെടുത്തത്. മകനെ, നബി (സ്വ)യോടൊപ്പം ഒരു യാത്രക്ക് എനിക്കവസരം ലഭിച്ചു. നബി (സ്വ) വുളു ചെയ്യാനൊരുങ്ങിയപ്പോള്‍ ഞാന്‍ വെള്ളം ഒഴിച്ച് കൊടുത്തു. പിന്‍ഭാഗം കീറി പറിഞ്ഞ എന്‍റെ കുപ്പായത്തിലേക്ക് നബി തിരുമേനിയുടെ ശ്രദ്ധ പതിഞ്ഞു. മുആവിയാ ഞാന്‍ നിനക്കൊരു കുപ്പായം ധരിപ്പിക്കട്ടെ, എന്ന് നബി (സ്വ) ചോദിച്ചു. ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചു. നബി (സ്വ) അന്നെനിക്കു തന്ന കുപ്പായം ഒരിക്കല്‍ മാത്രം ഞാന്‍ ധരിക്കുകയും എടുത്ത് സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അപ്രകാരം ഒരു നാള്‍ നബി (സ്വ)യുടെ നഖവും മുടിയും മുറിച്ചപ്പോള്‍ അതിന്‍റെ കഷ്ണങ്ങളും എടുത്ത് ഒരു കുപ്പിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മകനെ ഞാന്‍ മരിച്ചാല്‍ നീ എന്നെ കുളിപ്പിക്കുകയും, കുപ്പിയില്‍ നിന്ന് നഖവും മുടിയും എടുത്ത് എന്‍റെ ഇരു കണ്‍തടങ്ങള്‍, വായ, നാസിക ദ്വാരങ്ങള്‍ എന്നിവയില്‍ വെക്കുകയും സൂക്ഷിച്ചിട്ടുള്ള കുപ്പായം എന്‍റെ കഫന്‍പുടവയുടെ ഉള്ളില്‍ അടയാളത്തിനുവേണ്ടി വെക്കുകയും ചെയ്യണം. പരലോകത്ത് വല്ലതും എനിക്കുപകരിക്കുകയാണെങ്കില്‍ ഇത് ഉപകരിക്കുക തന്നെ ചെയ്യും.(സാദുല്‍ മുസ്‌ലിം 4:212, അല്‍ ഇഖ്ദുല്‍ ഫരീദ് 3:166/തിരുശേഷിപ്പും ബറക്കത്തും,പി.എസ്.കെ.മാടവന.)
പ്രവാചകന്‍ നബി (സ്വ)യോടൊപ്പം സഹവസിച്ച ഒരാളുടെ മനോഗതി ഇതാണെങ്കില്‍ !? അതും മരണത്തിന്‍റെ അവസാന നിമിഷങ്ങളില്‍ അദ്ദേഹം ആശ്വാസം കണ്ടെത്തിയത് മുത്തു നബിയുടെ നഖവും മുടിയും കുപ്പായവും അടങ്ങുന്ന വലിയ നിധികുംഭത്തിലായിരുന്നു. ഈ മൂല്യമേറിയവയെ മാലിന്യമെന്നു പരിഹസിച്ച പിണറായിക്ക് മുസ്‌ലിം മനസാക്ഷി മാപ്പ് തരില്ല. ഇസ്ലാമിന്‍റെ പേരില്‍ നടക്കുന്ന കപടന്മാര്‍ ക്കും ; അത് തിരുത്താത്ത കാലത്തോളം… കാലം അതിനു മറുപടി നല്‍കും. ഇന്ഷാ അല്ലാഹ്……