കടുവയെ പിടിച്ച കിടുവ – ജോയി കുളനടയുടെ കാര്‍ട്ടൂണ്‍
ഈ കാര്‍ട്ടൂണ്‍ രചന യുടെ പിന്നില്‍നടന്ന ഒരു യാഥാര്‍ത്ഥ സംഭവം പറയട്ടെ. 20 വര്ഷം മുന്‍പ് കുടുംബത്തെ നാട്ടില്‍ നിന്നും വിട്ടു അബുദാബിയില്‍ ഒരു വര്ഷം ബാച്ചിലര്‍ ആയി കഴിഞ്ഞ കാലം. എന്റെ സഹ മുറിയനായ വര്‍ഗീസ് അവധി കഴിഞ്ഞു നാട്ടില്‍ നിന്ന് തിരികെ എത്തിയപ്പോള്‍ ഒരു ദുഃഖ വാര്‍ത്ത! അറിയിക്കുന്നു. അവധി ആഘോഷിക്കാന്‍ തിരുവനന്തപുരം എയര്‍ പോര്‍ട്ടില്‍ എത്തിയ വര്‍ഗീസ് പെട്ടിയില്‍ ഒളിച്ചു വച്ചിരുന്ന ജോണി വാക്കര്‍ ബ്ലാക്ക് ലേബല്‍ വിസ്‌കി പരിശോധന നടത്തിയ കസ്ടംസ് ഉദ്യോഗസ്ഥന്‍ കൈവശമാക്കി. കൂട്ടുകാരോടൊപ്പം ആഘോഷിക്കാന്‍ കൊതിച്ചു കൊണ്ട് പോയ ആ അമൂല്യ സമ്പത്ത് കൈക്കൂലി എത്ര കൊടുക്കാമെന്നു പറഞ്ഞിട്ടും അയാള്‍ വിട്ടു കൊടുത്തില്ല.
അബുദാബി എയര്‍പോര്‍ട്ടില്‍ നിന്ന് വാങ്ങിയ ബ്ലാക്ക് ലേബലിന് മുന്നിലിരുന്നു ഈ ദുഖവര്‍ത്ത കേട്ട് ഞങ്ങളിലെ ഗള്‍ഫ് മലയാളി സ്‌നേഹം പതഞ്ഞു പൊങ്ങി. ഇതിനു ആ കസ്റ്റംസ് അധമനോട് പ്രതികാരം ചെയ്‌തെ തീരൂ. ഉടന്‍ തയ്യാറായി ഒരു ‘ഓപറേഷന്‍ കസ്റ്റംസ്’ ബ്ലൂ പ്രിന്റ്. ഇടക്കിടെ അവധിക്കു പോകുന്ന ദുസ്വഭാവമുള്ള വര്‍ഗീസ് അടുത്ത തവണ അവധിക്കുപോകാനുള്ള സമയമായി. നേരത്തെ കൊണ്ട് വന്ന ബ്ലാക്ക് ലേബലിന്റെ കുപ്പിയില്‍ ഞങ്ങള്‍ തേയില വെള്ളം നിറച്ചു. മേമ്പൊടിയായി ഒരു പെഗ് വിസ്‌കിയും ചേര്‍ത്തു. കുപ്പിയുടെ അടപ്പ് സോല്‍ടെര്‍ചെയ്തു ഭദ്രമാക്കി. കുപ്പി പൊട്ടിക്കുമ്പോള്‍ ഒരു മണവും കിരുകിര സൌണ്ടുമൊക്കെവേണമല്ലോ. കുപ്പി അതിന്റെ ഉടയാത്ത കവറിലാക്കിയപ്പോള്‍ പുതുപുത്തന്‍ ബ്ലാക്ക് ലേബല്‍. പെട്ടി പായ്ക്ക് ചെയ്തപ്പോള്‍ കുപ്പി ഏറ്റവും മുകളില്‍ തന്നെ വയ്ക്കാനും ശ്രദ്ധിച്ചു.
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ പതിവ് പോലെ കുപ്പിയുടെ മുകളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ കൈ വച്ചപ്പോള്‍ തന്നെ വര്‍ഗീസ് പറഞ്ഞു. ഇത് സാറിന് വേണ്ടി കൊണ്ട് വന്നതാ. ഉദ്യോഗസ്ഥനും വര്‍ഗീസും ഹാപ്പി !! ഒരു ഡ്യൂട്ടി യും കൊടുക്കാതെ വര്‍ഗീസ് പുറത്തിറങ്ങി. ഞങ്ങളെ വിവരം അറിയിച്ചു. അന്ന് വരച്ച ഈ കാര്‍ട്ടൂണ്‍ പിറ്റേ ആഴ്ചത്തെ മനോരാജ്യം വാരികയില്‍ പ്രസിദ്ധീകരിച്ചു കണ്ടപ്പോള്‍ രണ്ടു പെഗ് ബ്ലാക്ക് ലേബല്‍ അടിച്ച സുഖം.
