Home / Boolokam Special / ഫേസ്ബുക്കില്‍ സ്വയം വെളിപ്പെടുത്തുന്നവര്‍

ഫേസ്ബുക്കില്‍ സ്വയം വെളിപ്പെടുത്തുന്നവര്‍

ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? പലപ്പോഴും ഒരു ദിവസത്തില്‍ നാം സംസാരിക്കുന്നതിന്റെ കൂടുതല്‍ സമയവും നമ്മളെക്കുറിച്ച് പറയുവാനായിരിക്കും നാമെല്ലാം ശ്രദ്ധിക്കുക. അത് നമ്മുടെ അനുഭവങ്ങള്‍ ആവാം ,അഭിപ്രായങ്ങളാവാം അല്ലെങ്കില്‍ നമ്മളെക്കുറിച്ച് ഒരു വിവരണമോ അല്ലെങ്കില്‍ മറ്റെന്തൊക്കെയോ ആവാം. ഇത് ആരുടേയും കുഴപ്പമല്ല. മനുഷ്യരാശി തന്നെ അങ്ങിനെയാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്.സോഷ്യല്‍ മീഡിയകളുടെ ആവിര്‍ഭാവത്തിനു മുമ്പ് ഇത് പ്രധാനമായും സംസാരത്തില്‍ മാത്രം ഒതുങ്ങിയിരുന്നുവെങ്കില്‍ ഇന്നത് അങ്ങിനെയല്ല.

സ്വയം വെളിപ്പെടുത്തലുകള്‍

സ്വയം വെളിപ്പെടുത്തല്‍ ആണ് നമ്മുടെ സോഷ്യല്‍ മീഡിയയില്‍ ഇന്ന് പ്രധാനമായും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആളുകള്‍ തങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും മറ്റും സ്റ്റാറ്റസ് മെസ്സേജുകളും ട്വീറ്റുകളും വഴി നിരന്തരം ലോകത്തെ അറിയിച്ചുകൊണ്ടേയിരിക്കുന്നു.

മറ്റുള്ളവര്‍ അത് വായിച്ചതിനുശേഷം തങ്ങള്‍ക്കുണ്ടായ അനുഭവങ്ങളും മറ്റും കമന്റുകളായി നല്‍കി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു. പലപ്പോഴും മറ്റു പലകാര്യങ്ങളും നമ്മള്‍ പറഞ്ഞാലും അവസാനം നമ്മളിലേക്ക് വരിക എന്ന ഒരു പ്രതിഭാസം നമുക്ക് എവിടെയും കാണാം. ഉദാഹരണമായി ഞാന്‍ ഇന്ന് രാവിലെ പത്രം കണ്ടപ്പോള്‍ ഒരാളെ വെട്ടിക്കൊന്ന കാര്യം വായിച്ചു അല്ലെങ്കില്‍ ഒരു യുവതിയെ പീഡിപ്പിച്ചത് അറിഞ്ഞു അല്ലെങ്കില്‍ ഒരു അഴിമതി വാര്‍ത്ത വായിച്ചു(നമ്മുടെ നാട്ടില്‍ ഇതൊക്കെ വാര്‍ത്തയല്ല,സാധാരണ സംഭവങ്ങള്‍ മാത്രമാണ് എന്ന കാര്യം വിസ്മരിക്കുന്നില്ല)എന്നൊക്കെ നമ്മളെല്ലാം പറയാറുണ്ട്.അവിടെയെല്ലാം നമ്മള്‍ പലപ്പോഴും നമ്മുടെ അനുഭവങ്ങളോ അഭിപ്രായങ്ങളോ ഒക്കെ പ്രകടിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യ മനസ്സിന് സ്വന്തം അനുഭവങ്ങളും അഭിപ്രായങ്ങളും മറ്റുള്ളവരെ അറിയിക്കുവാനായി ഉള്ള ഒരു തരം പ്രവണത അധികമായി കണ്ടു വരുന്നു.

എന്താണ് ഇതിന്റെ കാരണം?

ആളുകള്‍ക്ക് സ്വയം വെളിപ്പെടുത്തുക വഴി ഒരു തരം മാനസിക നിര്‍വൃതി ലഭിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. അന്യര്‍ തങ്ങളുടെ അനുഭവങ്ങള്‍ കേള്‍ക്കുകയും അതിനെക്കുറിച്ച് പ്രതികരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ സ്വന്തം കാര്യങ്ങള്‍ നിര്‍ലോഭം വെളിപ്പെടുത്തുന്നതിനു നമുക്ക് മടിയില്ല. ഈയിടെ നടന്ന ഒരു പഠനത്തിലാണ് ഇതിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്.ന്യൂറോ ഇമേജിംഗ് വഴി ആളുകള്‍ സ്വന്തം കാര്യങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ തലച്ചോറില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പഠന വിധേയമാക്കി. നമുക്ക് മനസ്സിന് സംതൃപ്തി ലഭിക്കുമ്പോള്‍ ഉണ്ടാവുന്ന അതെ മാറ്റങ്ങളാണ് സ്വന്തം കാര്യങ്ങള്‍ വെളിപ്പെടുത്തുന്ന ആളുകളുടെ തലച്ചോറിലും നിരീക്ഷിക്കപ്പെട്ടത്. ആഹാരം ലഭിക്കുക,ലൈഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ലഭിക്കുന്ന സമയങ്ങളിലും ഇത്തരം മാറ്റങ്ങള്‍ തന്നെയാണ് തലച്ചോറില്‍ കാണാറുള്ളത് . സ്വയം വെളിപ്പെടുത്തുക വഴി തന്നെപ്പറ്റി തന്നെ ഒരു തരം സംതൃപ്തിയും ആത്മ വിശ്വാസവും ആളുകള്‍ക്ക് ലഭിക്കുന്നു. സ്വന്തം അനുഭവം അല്ലെങ്കില്‍ ആശയം വെളിപ്പെടുത്തുമ്പോള്‍ മറ്റുള്ളവര്‍ എന്ത് പറയുന്നു എന്ന് അറിയുകയുവാന്‍ കഴിയും. അതില്‍ നിന്നും സ്വന്തം അറിവിന്റെ  അളവ് കൂട്ടുവാനും നമുക്ക് കഴിയുന്നു. ഇത് വഴി നമ്മുടെ സാമൂഹ്യ ബന്ധങ്ങളുടെ വ്യാപ്തിയും ആക്കവും തീര്‍ച്ചയായും വര്‍ദ്ധിക്കും. ഒരു ജീവിതത്തില്‍ ഒരാള്‍ക്ക് കൈവരുന്ന അറിവിന് എന്നും ഒരു പരിമിതിയുണ്ടാവുമെന്നും അന്യരില്‍ നിന്നുമുള്ള അറിവ് എന്നും അമൂല്യമാണെന്നും നമുക്ക് മനസ്സിലാക്കാം.

നമ്മുടെ ചിന്തകളും, അറിവും അനുഭവങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് നമ്മുടെ തന്നെ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യകരമായ നിലനില്‍പ്പിനു അത്യാവശ്യമായുള്ള ഒരു കാര്യം തന്നെയാണ്.

Post Your Valuable Comments Below

About Dr James Bright

Writer/Screenplay Writer

Leave a Reply

Your email address will not be published.

x

Check Also

വേസ്റ്റ് ഓണ്‍ കണ്‍ട്രി !!!

തിരുവനന്തപുരം നഗരം പതിവുപോലെ അനുഭവിക്കാന്‍ പോകുന്ന ദുരന്തമാകും ഈ കര്‍ക്കിടകത്തിലും സംഭവിക്കുക. കഴിഞ്ഞ ...