കാല്പാടുകള്‍ ഉണ്ടാകുന്നത് …
കുറുക്കന്മാരുടെ ഓരിയിടലും
പിശാചുക്കളുടെ ആക്രോശങ്ങളും
നെടുവുള്ളാന്‍റെ മരണക്കരച്ചിലും
കട്ടപിടിച്ച ഇരുട്ടിനെക്കീറി
നീളുന്ന കണ്മുനകളും താണ്ടി
ഈ വിഹ്വലരാത്രികൂടിക്കഴിഞ്ഞാല്‍
പ്രതീക്ഷാ നിര്‍ഭരമായ പ്രഭാതം
വന്നണയുമെന്ന് തന്നെ
നിങ്ങളെ പോലെ ഞാനും…
കാത്തിരിപ്പിന്നൊടുവില്‍
രാവേറെ ചെല്ലവേ
ഉച്ചസ്ഥായിയില്‍ ഹൃദയം മിടിച്ചു
പുലരിയുടെ ചോരത്തുടിപ്പ് കാണാതെ
നമ്മളൊരുപക്ഷെ ചത്തുപോയേക്കാം.
സുഹൃത്തേ,
എന്റെ കണ്ണില്‍ നോക്കി
അടയാളങ്ങള്‍ ബാക്കിയാക്കരുതെന്നു
മുന്‍പ് പറഞ്ഞത് തെറ്റാണല്ലേ ? .
അഞ്ചു വിരല്‍ പാടുകള്‍
അവശേഷിപ്പിക്കുക തന്നെ വേണം.
പക്ഷെ- കടല്‍ക്കരയിലെ
പൂഴിമണ്ണില്‍പ്പതിയുന്ന
അല്പായുസ്സല്ല;
ഭീമന്‍ ചവിട്ടിയ പോലെ
പാറയിലുണ്ടാക്കിയ
ശാശ്വത ചിഹ്നങ്ങള്‍….
അസ്തിത്വം കല്ലില്‍ കൊത്തിവെക്കുന്നത്
ആരാണിഷ്ടപ്പെടാത്തത് ?
ചുരുങ്ങിയ പക്ഷം
തീവണ്ടി മുറിയിലെ
കക്കൂസിലെങ്കിലും ?