ആര്യന്‍ - ഒന്നിനുമല്ലാതെ

എന്‍റെ പ്രണയം അഥവാ പണ്ടത്തെ ചങ്കരന്‍…

Decrease Font Size Increase Font Size Text Size Print This Page

(ഇത് ഒരു സംഭവ കഥയല്ല… )

ഞാന്‍ ബാന്ഗ്ലൂരില്‍ പഠിക്കുമ്പോള്‍ വര്‍ക്കല എന്‍റെ തൊട്ടടുത്ത സ്റ്റേഷന്‍ ആയിട്ടുകൂടി ട്രെയിന്‍ യാത്ര പലപ്പോഴും തമ്പാനൂര്‍ നിന്നും ആയിരുന്നു ആരംഭിക്കുക… അത് എന്‍റെ ചുരുക്കം ചില സുഹൃത്തുക്കളോടൊപ്പം വല്ലപ്പോഴും വീണുകിട്ടുന്ന ആ കുറച്ചു നിമിഷങ്ങള്‍ പങ്കുവെക്കാന്‍ വേണ്ടി ആയിരുന്നു…

അങ്ങിനെ ഒരു യാത്രയില്‍ ഐലണ്ട് എക്സ്പ്രസ് ഒരു നട്ടുച്ചക്ക് വര്‍ക്കല സ്റ്റേഷനില്‍ ഒരു ഞരക്കത്തോടെ വന്നു നില്‍ക്കുന്നു…. ഗ്ര്ര്ര്ര്ര്ര്ര്ര്ര്‍….

ഒരു സുന്ദരി അവിടെ നിന്നും ഞാന്‍ ഇരിക്കുന്ന കമ്പാര്‍ട്ടുമെന്‍റിലേക്ക് പതിയെ കയറി വന്നു…

ഈശ്വരാ…. ഇങ്ങിനെ ഒരെണ്ണം ഇവിടെ ഉണ്ടായിട്ടാണോ ഞാന്‍… ഞാന്‍ മനസ്സിലെ മോഹങ്ങളേ ഇടംകാലിനു തൊഴിച്ചു കളഞ്ഞിട്ട് പതിയെ ഒരു പ്ലാസ്റ്റിക് പുഞ്ചിരി ( ഈ ചിരി ഇവിടെ പലര്‍ക്കും അനുഭവം ഉള്ളത് കൊണ്ട് വിശദീകരിക്കുന്നില്ല…) വരുത്തി…

തിരികെ അതും ഒന്ന് ചിരിച്ചു…

മനസ്സില്‍ ഒറ്റയടിക്ക് പത്തമ്പത്താറു ലഡു പൊട്ടി….

അങ്ങ് ബാന്ഗ്ലൂര്‍ വരെ പിന്നെ ഒരക്ഷരം മിണ്ടാതെ ആയിരുന്നു യാത്ര…. ഇടയ്ക്ക് ഫുട്ബോര്‍ഡില്‍ തൂങ്ങിയുള്ള ആ സുഖകരമായ യാത്ര അവളെ കാരണം വെറും കമ്പാര്‍ട്ടുമെന്‍റില്‍ ഒതുക്കി… ഇറങ്ങാന്‍ നേരം പേര് ചോദിച്ചു…. അവള്‍ പറഞ്ഞു (ചില സാമദ്രോഹികളായ വര്‍ക്കല സ്വദേശികള്‍ ഇവിടെ ഉള്ളതിനാല്‍ ആ പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല )

നഴ്സിങ്ങിനു ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി ആയിരുന്നു ആ കുട്ടി… പിന്നെ ഒന്ന് രണ്ടു യാത്രകളില്‍ ഇതേ രെംഗങ്ങള്‍ ആവര്‍ത്തിച്ചു…

കെട്ടുന്നെങ്കില്‍ അതിനെ എന്ന് ഞാന്‍ മനസ്സിലും ഉറപ്പിച്ചു… ജോലിയൊക്കെ മേടിച്ച് നാട്ടില്‍ പോയി അതിന്‍റെ വീട്ടില്‍ നെഞ്ചും വിരിച്ചു ചെന്ന് പെണ്ണ്ചോദിക്കുന്ന അതിമനോഹരമായ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ്‌ ലൈവ് ടെലികാസ്റ്റ്‌ പോലെ മനസ്സിലൂടെ പലവട്ടം മിന്നി മറഞ്ഞു…

ഒടുവില്‍ ആ ദിവസ്സം വന്നെത്തി…

പഠിത്തം ഒക്കെ കഴിഞ്ഞു അവിടെ തന്നെ ഒരു ഉടായിപ്പ് കമ്പനീല്‍ അതീന്നും ഒരു ഉടായിപ്പ് ജോലി തരപ്പെട്ടു…. എന്നെ വഹിക്കാന്‍ കിട്ടിയ ചാന്‍സ്‌ കൈവിടാന്‍ ആഗ്രഹിക്കാത്ത എന്‍റെ വളരെ പ്രിയപ്പെട്ട (സത്യത്തില്‍ പ്രിയപ്പെട്ട എന്നല്ല പകരം മറ്റൊരു വാക്ക്‌ ആണ് നല്ലത്… പിന്നെ സെന്‍സര്‍ ചെയ്യാന്‍ ഉള്ള ഇട നല്‍കണ്ട എന്ന് വെച്ച് തല്‍ക്കാലം ഇതൊക്കെ മതി.. ) കൂട്ടുകാര്‍ എന്നെ ഒരു പബ്ബിലേക്ക് കെട്ടി എഴുന്നള്ളിച്ചു….

എലി പുന്നെല്ല് കണ്ടപോലെ ഞാന്‍ വായും തുറന്ന് പിടിച്ചു ഒരു മൂലയ്ക്ക് പോയി കുത്തിയിരുന്നു…

അതാ എന്‍റെ നെഞ്ചിലേക്ക് ആദ്യത്തെ വെള്ളിടി വെട്ടി…

ഞാന്‍ ദിവസവും സ്വപ്നം കണ്ട ആ പെണ്‍കുട്ടി ദേ ആല്‍പ്പ വസ്ത്രം ധരിച്ച് അവിടെ കിടന്നു അര്‍മാദിക്കുന്നു….

അല്‍പ്പനേരം കഴിഞ്ഞു ഒരു ഒന്നൊന്നര ഇടികൂടി കൃത്യം നെഞ്ചുനോക്കി പടാന്നു ഇടിച്ചിറങ്ങി…

അതിന്‍റെ കൂടെ ഒരു ആരോഗ്യ ദൃടഗാത്രനായ ഒരു ചെറുപ്പക്കാരന്‍ ആടിത്തിമിര്‍ക്കുന്നു…. ഈശ്വരാ എന്‍റെ സ്വപ്‌നങ്ങള്‍….

ഇന്ത്യന്‍ രൂപയുടെ മൂല്ല്യം പോലെ എന്‍റെ സ്വപ്‌നങ്ങള്‍ അവിടെ തകര്‍ന്നു തരിപ്പണം ആയി…

അവളെ ഒന്ന് ഞെട്ടിച്ച് ചമ്മിപ്പിക്കാം എന്ന് ഞാന്‍ തീരുമാനിച്ചു…

നേരെ പോയി അവള്‍ടെ മുന്നില്‍ പോയി നിന്നു…

എന്നെ അവള്‍ കാണുന്ന ആ നിമിഷം അവള്‍ അനുഭവിക്കുന്ന ആ വികാരം കണ്ടു എന്‍റെ തകര്‍ന്ന സ്വപ്നങ്ങളെ അടക്കാം എന്ന് ഞാന്‍ കരുതി…

എന്നെ കണ്ടതും അവള്‍ ഒരു കൈ പൊക്കി ഹായ് അഭീ… എന്ന് ഒറ്റ പറച്ചില്‍….

ഇത് കണ്ടതും പല ഇടത്തായി ഒലിപ്പിച്ചു കറങ്ങി നടന്ന എന്‍റെ പ്രിയപ്പെട്ട ആ അതെ കൂട്ടുകാര്‍ ജിലേബി കണ്ട എറുംമ്പിനെ പോലെ എന്‍റെ ചുറ്റും കൂടി…

അവള്‍ നേരെ എന്‍റെ അടുത്ത് വന്നു ഒരു ഡൈലോഗ്… “ഇയ്യാള്‍ ഇവിടെയൊക്കെ വരുമാരുന്നെ എന്നോട് പറയണ്ടേ” എന്ന്…. ഈ ഡയലോഗ് കേട്ട എന്‍റെ ആ അതേ പ്രിയപ്പെട്ട കൂട്ടുകാര്‍ അപ്പൊ എന്നെ ഒരു നോട്ടം നോക്കി….

അത് എങ്ങിനെ ഉള്ള നോട്ടം ആരുന്നു എന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേ ഉള്ളൂ…. :-)