ഈ സ്പിരിറ്റിന് വീര്യം കൂടുതലാ !

എഴുതിയത്: രാജ് ഗോവിന്ദ് വത്സരാജ് (ബൂലോകം NCJ, തിരവനന്തപുരം)
പ്രതീക്ഷിച്ചത് പോലെ സ്പിരിറ്റ് നിരാശപ്പെടുത്തിയില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള രഞ്ജിത്ത്‌ലാല്‍ കൂട്ടുകെട്ട് കേട്ടറിഞ്ഞപ്പോള്‍ തന്നെ പ്രേക്ഷക പ്രതീക്ഷ വാനോളം ആയിരുന്നു. ആ പ്രതീക്ഷകളെ മുറിവേല്‍പ്പിക്കാതെ തന്നെയുള്ള ഒരു 100% സത്യസന്ധമായ സിനിമ. അതാണ് സ്പിരിറ്റ്. ഒരു പക്ഷെ കഴിഞ്ഞ അഞ്ചു കൊല്ലത്തിനുള്ളില്‍ ഇറങ്ങിയ ഏറ്റവും മികച്ച ലാല്‍ ചിത്രം.
സിനോപ്‌സിസ്:
പരിപൂര്‍ണ മദ്യപാനി ആയ രഖുനന്ദന്‍ എന്നയാളുടെ കഥയാണ് സ്പിരിറ്റ്. വിവാഹമോചനം നേടി മദ്യത്തിന്റെ ലോകത്ത് കഴിയുന്ന അയാള്‍ക്ക് ലോകത്ത് ഏറ്റവും പ്രിയപ്പെട്ടവര്‍ തന്റെ മുന്‍ഭാര്യയും അവരുടെ ഭര്‍ത്താവും ആണെന്നത് സമൂഹത്തിനു മുന്നില്‍ മറ്റൊരു തമാശ.ലോകത്ത് താന്‍ മാത്രമാണു മഹന്‍ എന്ന അഹങ്കാരത്തോടെ ജീവിക്കുന്ന ഇയാള്‍ക്ക് മറ്റുള്ളവരോട് പുച്ഛം മാത്രം.”ഷോ ദി സ്പിരിറ്റ്” എന്നൊരു ടെലിവിഷന്‍ പ്രോഗ്രാം നടത്തുന്ന ഇദ്ദേഹം ഒരു ഇംഗ്ലീഷ് നോവലിന്റെ രചനയിലാണ്.സ്പിരിറ്റ് [അത് അയാളുടെ ജീവിത കഥയാണ്.ആ നോവല്‍ പൂര്‍ത്തിയാകുന്നത് സ്വന്തം മരണത്തോടെയാണ് എന്നത് ഒരു യാഥാര്‍ഥ്യം]. അയാളുടെ നിയന്ത്രണമില്ലാത്ത മദ്യപാനം അയാളെ മരണത്തിലേയ്ക്കാണോ നയിക്കുന്നത് അതോ അയാളുടെ മനസ്സ് മാറി സ്വബോധത്തിലേയ്ക്ക് അയാള്‍ തിരിച്ചു വരുമോ എന്നീ ചോദ്യങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്.ഒപ്പം മദ്യപാനികളായ കുറച്ച മനുഷ്യരും
സംവിധാനം, തിരക്കഥ
എല്ലാ രഞ്ജിത്ത് സിനിമകളെയും പോലെ തിരക്കഥ സംവിധാനത്തേക്കാള്‍ ഇതിലും മുന്നില്‍ നില്‍ക്കുന്നു.ചുരുങ്ങിയ സമയം കൊണ്ട് എഴുതി തീര്‍ത്ത ഒരു തിരക്കഥ ആണെന്ന് ഒരിക്കലും തോന്നാത്ത വിധത്തിലാണ് രഞ്ജിത്ത് തന്റെ തൂലിക ചലിപ്പിച്ചിരിക്കുന്നത്.ഇതൊരു ന്യൂ ജെനറേഷന്‍ സിനിമ ആണോ എന്നത് ഒരു തര്‍ക്ക വിഷയം തന്നെ.എങ്കിലും അസഭ്യ സംഭാഷണങ്ങളും വിവാഹേതര ബന്ധങ്ങളെ പുകഴ്ത്തുന്നതും ആണ് ന്യൂ ജെനറേഷന്‍ സിനിമ എന്ന് വിശ്വസിക്കുന്നവര്‍ക്ക് അത്തരമൊരു സിനിമയായി ഇതിനെ കണക്കാക്കാവുന്നതാണ്.പതിവില്‍ നിന്നും വ്യത്യസ്തമായി രഞ്ജിത്ത് ഇതില്‍ ഇംഗ്ലീഷ് ‘ചീത്തകളാണ്’ ഉപയോഗിച്ചിരിക്കുന്നത്.സദാചാരവാദികളായ സെന്‍സര്‍ ബോര്‍ഡ് ഇതൊന്നും കണ്ടില്ലേ ആവോ? ചിത്രത്തില്‍ ഒരിടത്ത് മാത്രമേ ഒരു ഡയലോഗ് മ്യൂട്ട് കണ്ടുള്ളൂ.പണ്ടാരോ പറഞ്ഞത് പോലെ മദ്യപിച്ച് സ്വബോധം നശിച്ചിരിക്കുന്ന ആള്‍ ഒരിക്കലും സംസ്‌കാരവും സന്ദര്‍ഭവും നോക്കി സംസാരിക്കില്ല എന്ന സത്യം സെന്‍സര്‍ ബോര്‍ഡും മനസ്സിലാക്കി കാണാം.
എല്ലായ്‌പ്പോഴും രഞ്ജിത്ത് സിനിമകളുടെ ഒരു ന്യൂനത ആയി ബുദ്ധിജീവികള്‍ എടുത്ത് പറയുന്നത് മനോഹരമായ ഫ്രെയിമുകളുടെ അഭാവമാണ്.ഒരു പക്ഷെ ഇതിലും അവര്‍ക്ക് ആ വാദം ഉന്നയിക്കാം.എങ്കിലും മനോഹരമായ ഫ്രെയിമുകള്‍ സൃഷ്ടിക്കുന്നത് മാത്രമാണോ ഒരു സംവിധായകന്റെ കടമ?അങ്ങനെ വിശ്വസിക്കുന്നവര്‍ ഈ സിനിമ കാണുക.ഒരു യഥാര്‍ഥ സംവിധായകന്റെ കടമ എന്തെന്ന് രഞ്ജിത്ത് ഇതിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കി തരും.
സാങ്കേതിക മികവ്
വേണുവിന്റെ ദൃശ്യങ്ങള്‍ പതിവിലും മികച്ചു നിന്നു.തീ പാറുന്ന തിരക്കഥയ്ക്ക് ഒപ്പം നില്‍ക്കാന്‍ അദ്ദേഹത്തിനായി.പലരും നശിപ്പിക്കാറുള്ള ചാനല്‍ ഷോയുടെ സെറ്റിലെ ദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ സുരക്ഷിതമായിരുന്നു.മിക്കവാറും സീനുകള്‍ ഇന്റീരിയറില്‍ ചിത്രീകരിക്കേണ്ടി വന്നത് ഒരിക്കലും ഒരു ന്യൂനതയായി പ്രേക്ഷകര്‍ക്ക് തോന്നാതിരിക്കാന്‍ കാരണം വേണുവിന്റെ മികവ് ഒന്നുകൊണ്ടു മാത്രമാണ്.
സ്പിരിറ്റിലൂടെ ഒരു പുതിയ എഡിറ്ററെ കൂടി മലയാളത്തിനു ലഭിച്ചുസന്ദീപ് നന്ദകുമാര്‍.ഏതായാലും തുടക്കം മോശമാക്കിയില്ല.”ഫയിഡ് ഇന്‍” ന്റെ അമിതമായ ഉപയോഗം ഒന്നാം പകുതിയില്‍ വ്യക്തമായിരുന്നു.എങ്കിലും അതൊരു ന്യൂനതയായി പറയാനുമൊക്കില്ല.
കഥാപാത്രങ്ങള്‍ നടീ നടന്മാര്‍
മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ മികവിനെപ്പറ്റി എടുത്തു പറയേണ്ട കാര്യമുണ്ട് എന്ന് തോന്നുന്നില്ല.ആ നടന്റെ വൈഭവം പൂര്‍ണ രീതിയില്‍ പുറത്തെടുക്കാന്‍ ഉള്ള അവസരം സംവിധായകന്‍ നല്‍കിയിട്ടുണ്ട്.ഒരു ചെറു കഥയിലേത് പോലെ മനോഹരമായിരുന്നു എല്ലാ കഥാപാത്രങ്ങളും. രഞ്ജിത്ത് രാമകൃഷ്ണന്‍ പ്രേക്ഷക പ്രതീക്ഷയിലും എത്രയോ മുകളില്‍ ആയിരുന്നു അഭിനയിച്ചത്. ടിനി ടോം,ഗോവിന്ദന്‍കുട്ടി,കനിഹ,മധു,നന്ദു,കല്‍പ്പന തുടങ്ങീ വലുതും ചെറുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചവരില്‍ ആരും തന്നെ മോശമാക്കിയില്ല. എങ്കിലും ലെനയുടെ അഭിനയം പതിവിലും മോശമായിരുന്നു എന്ന് പറയാതെ വയ്യ.
എടുത്ത് പറയേണ്ടത് സുരാജിന്റെ അഭിനയം തന്നെ ആണ്.തരാം താഴ്ന്ന തമാശകള്‍ പറയുന്ന പതിവ് സുരജിനെ അല്ല ഇതില്‍ നമ്മള്‍ കാണുന്നത്. അദ്ദേഹതിന്റെ നടനവൈഭവം വരും ചിത്രങ്ങളിലും നമുക്ക് പ്രതീക്ഷിക്കാം.
ഗാനങ്ങള്‍, പശ്ചാത്തല സംഗീതം
ചിത്രത്തില്‍ മൂന്നു ഗാനങ്ങളുണ്ട്.”ഈ ചില്ലയില്‍” എന്ന ഗാനം ”ഇന്ത്യന്റുപീ”യിലെ ”ഈ പുഴയും” എന്ന ഗാനത്തെ അനുസ്മരിപ്പിച്ചു. മൂന്നാമത്തെ ഗാനം ആയിരുന്നു ഏറ്റവും മികച്ചത്. പശ്ചാത്തല സംഗീതം മോശമായിരുന്നു എന്ന് പറയാതെ വയ്യ. ശഹ്ബാസ് അമന്‍ ക്ഷമിക്കുക …
വെര്‍ഡിക്റ്റ്
നിരൂപകര്‍ക്ക് അത്ര പെട്ടെന്നൊന്നും കുറ്റം പറയാന്‍ ആകില്ലാത്ത ചിത്രം.ഇനി അഥവാ കുറ്റം പറയുന്നവര്‍ ഒരു പക്ഷെ സിനിമ കണ്ടു കാണാന്‍ വഴിയില്ല.മികച്ച നിരൂപകനാകാന്‍ നല്ല സിനിമകളെ കുറ്റം പറയണമെന്ന പ്രമാണത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇതൊരു അവസരമായി കരുതാം.ഒരുപക്ഷെ ഇതിലും മികച്ച ഒരു അവസരം നിങ്ങള്‍ക്ക് ലഭിക്കാന്‍ വഴിയില്ല.

Rating : 9 /10
പിന്‍കുറിപ്പ്:വീട്ടില്‍ മദ്യപാനികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഈ സിനിമ അവരെ കാണിക്കുക. അവര്‍ മദ്യപാനം ഉപേക്ഷിക്കാനുള്ള സാദ്ധ്യത വളരെ ഏറെയാണ്.ഒരു പക്ഷെ ധ്യാനം കൂടാന്‍ കൊണ്ട് പോകുന്നതിനെക്കാള്‍ നല്ലത് ഈ സിനിമ കാണുന്നത് തന്നെ… ‘ദിസ് ഈസ് രാജ് സൈനിംഗ് ഔട്ട് .’

