ഹോട്ട്മെയിലിനെ പിന്തള്ളി ജിമെയില്‍ ഒന്നാമത്
![]()
വെബിന്റെ മാറുന്ന മുഖം ആളുകള്‍ക്ക് എന്ന് പ്രിയങ്കരമാണ്. അത് കൊണ്ട് തന്നെയാണ് ആളുകള്‍ എന്നും പുതുമ ഇഷ്ടപ്പെടുന്നതും. അങ്ങിനെ ഒരു വാര്‍ത്തയാണ് നമ്മളെ കാത്തിരിക്കുന്നത്. മൈക്രോസോഫ്റ്റ് ഹോട്ട്‌മെയില്‍ എന്ന താരതമ്യേന വയസ്സനെ പിന്തള്ളി ഗൂഗിളിന്റെ സ്വന്തം ജിമെയില്‍ ഒന്നാം സ്ഥാനത്തെത്തി എന്നതാണ് അത് . വര്‍ഷങ്ങളായി ഹോട്ട്‌മെയില്‍ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം തങ്ങളുടെ പതിനഞ്ചാം വാര്‍ഷികം ആഘോഷിച്ചതാവട്ടെ 365 മില്യണ്‍ പ്രതിമാസ വരിക്കാരുമായിട്ടയിരുന്നു. പക്ഷെ അതും അവരുടെ രക്ഷക്കെത്തിയില്ല എന്നതാണ് സത്യം. കാരണം ഇപ്പോള്‍ ജിമെയില്‍ നില്‍ക്കുന്നതാവട്ടെ 425 മില്യണ്‍ പ്രതിമാസ ആക്റ്റീവ് യൂസേര്‍സുമായിട്ടാണ്.
എങ്കിലും ഈ വാര്‍ത്തയുടെ ആധികാരികത ഗൂഗിളിനെ മാത്രം കേന്ദ്രീകരിച്ചിരിക്കുകയാണ്. കാരണം, ഗൂഗിള്‍ തന്നെയാണ് ഈ വിവരം ഒരു ബ്ലോഗ് പോസ്റ്റിലൂടെ പുറത്തു വിട്ടത്. പുറത്തു വിട്ടതാവട്ടെ മറ്റൊരു ആധികാരിക രേഖയുമില്ലാതെ ആണെന്നതും വസ്തുത. പ്രമുഖ വെബ്സൈറ്റ് അനാലിസിസ് ടീമായ കോംസ്കോര്‍ പുറത്തു വിട്ട രേഖകള്‍ പ്രകാരം ജിമെയില്‍ ഇപ്പോഴും ഹോട്ട്മെയിലിനും യാഹൂ മെയിലിനും പിറകില്‍ മൂന്നാം സ്ഥാനത്ത് ആണ്.
എന്നിരുന്നാലും ജിമെയിലിന് ആശ്വസിക്കാന്‍ വകയുണ്ട്. കാരണം കോംസ്കോര്‍ രേഖയില്‍ സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റ് കഫെയും ഉള്‍പ്പെടില്ല എന്നതാണ് വസ്തുത. അത് കൊണ്ട് തന്നെ സത്യം ഗൂഗിളിന്റെ ഭാഗത്തായിരിക്കാന്‍ ആണ് സാധ്യത.
ഹോട്ട്മെയിലില്‍ നിന്നും ന്യൂമെയിലിലേക്കുള്ള ദൂരം
അതിനിടെ ജിമെയില്‍ ഉയര്‍ത്തുന്ന ശക്തമായ ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ ആയി ഈയിടെ ഹോട്ട്മെയില്‍ തങ്ങളുടെ തറവാട് വക പേര് തന്നെ മാറ്റും എന്നൊരു വാര്‍ത്ത വന്നിരുന്നു. ന്യൂമെയില്‍ എന്ന് പുതുതായി നാമകരണം ചെയ്യാന്‍ ആയിരുന്നു പരിപാടി. അത് പോലെ ഡിസൈനിലും ഒരു ജിമെയില്‍ ടച്ച് വരുത്താനും നീക്കമുണ്ട്. പക്ഷെ പറഞ്ഞിട്ടെന്താ, കാക്ക എത്ര കുളിച്ചാല്‍ കൊക്കാകില്ലല്ലോ. നമുക്ക് കാത്തിരുന്നു കാണാം. ഏതോ മെയില്‍ വന്നെന്നു തോന്നുന്നു, ജിമെയിലില്‍ ![]()