പ്രണയം (കഥ)

വിജനമായ ആ കാമ്പസിലൂടെ അവരിരുവരും നടന്നു നീങ്ങി. ഒരു യുവാവും, ഒരു യുവതിയും. പരസ്പരം കൈകോര്‍ത്ത്… തങ്ങള്‍ക്കു മേല്‍ പെയ്യുന്ന ചാറ്റല്‍ മഴയെ അവഗണിച്ച്…
അവള്‍ സിന്ദൂരമണിഞ്ഞിരുന്നു…..
അവന്‍ വിവാഹ മോതിരവും……
ഇരുവര്‍ക്കും മുപ്പത്തഞ്ചിനടുത്തു പ്രായം കാണും.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ കാമ്പസില്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥികളായിരുന്നു അവര്‍.. അവന്‍ ഒരു വര്‍ഷം സീനിയര്‍ ആയിരുന്നു..
”അന്നും ഇതുപോലെ ചാറ്റല്‍ മഴ ഉണ്ടായിരുന്നു , ഓര്‍ക്കുന്നുണ്ടോ..?” അവള്‍ ചോദിച്ചു.
”പിന്നല്ലാതെ , ഫസ്റ്റ് ഇയര്‍ പിള്ളേരെ ചെറുതായി വിരട്ടാനിറങ്ങിയ ഞാന്‍ ആദ്യം കണ്ട പ്രീ ഡിഗ്രിക്കാരിയില്‍ തന്നെ വീണു പോയി.. റാഗിങ്ങ് ഒക്കെ മറന്നു പോയി…”
”എന്നിട്ടാണോ എന്നെ വിരട്ടിയത്..?”
”അത് , ഫ്രണ്ട്‌സ് നിര്‍ബ്ബന്ധിച്ചിട്ടാ… അവര് വിളിച്ചപ്പോള്‍ വിറച്ചു, വിറച്ച് ഒരു പൂച്ചക്കുട്ടിയെ പോലെ നീ വന്നു..”
”ഞാനന്ന് ശരിക്കും പേടിച്ചിരുന്നു.. പത്തോളം ആണ്‍ കുട്ടികള്‍ക്കു നടുവില്‍ ഞാനൊരു പെണ്ണ്…”
”ചോദിക്കുന്നതിനൊക്കെ മണി മണി പോലെ ഉത്തരം തരണം”…. നിന്റെ ഉത്തരവാണ്.. ഞാന്‍ തലയാട്ടി…’
”എന്താ പേര്..?”
”ഇന്ദു..”
”ഇന്ദൂന് നീന്താന്‍ അറിയുമോ..?”
”അറിയും…’
” എന്നാലൊന്നു നീന്തിക്കാണിച്ചേ…”
”അല്ല… അത്…”
”ഉം..?”
”നീന്താന്‍ വെള്ളം..?”
”ഓ…നീന്താന്‍ വെള്ളം വേണമല്ലേ.., ഞാനത് മറന്നു.. ടാ.. ആ നനഞ്ഞ കുടയിങ്ങേടുത്തെ…”
”നിന്റെ ഫ്രണ്ട് ശ്രീശന്‍ തന്ന കുടയില്‍ നിന്നും രണ്ടു തുള്ളി വെള്ളം നീ ഉറ്റിച്ചു..”
” ദാ.. ഇന്ദൂ വെള്ളം ..ഇന്ദു നീന്തിക്കോ..”ഇരുവരും ആ കഥ ഓര്‍ത്തു ചിരിച്ചു.. ആ ചിരി കാമ്പസില്‍ പ്രതിധ്വനിച്ചു.
” അന്ന് നിന്റെ പരിഭ്രമത്തിന് എന്തഴകായിരുന്നു..! ”
” എന്താ., ഇപ്പൊ എനിക്കഴകില്ലേ? ..” അവള്‍ പിണക്കം നടിച്ചു.
” ഞാനങ്ങിനെ ഉദ്ദേശിച്ചില്ല..”’
”ഉരുളേണ്ട.., എല്ലാ പ്രേമവും കല്യാണത്തോടെ അവസാനിക്കുമെന്ന് വെറുതെയല്ല പറേന്നത്..”
”പ്ലീസ് ഇന്ദു, വഴക്ക് വേണ്ട , നമുക്കാ വിഷയം വിടാം..”
പിന്നെ ഒരു മരം ചൂണ്ടി അവന്‍ ചോദിച്ചു…
”ഓര്‍മ്മയുണ്ടോ ആ മരം..? ”
പിന്നല്ലാതെ, അവിടെ വെച്ചാണ് നീ ആദ്യമായ് പ്രണയം തുറന്നു പറഞ്ഞത്..”
” ഇന്ദൂനെ എനിക്കിഷ്ട്ടമാണ് .. ഒരുപാട്..”
” അങ്ങനെ പറയരുത്.., മനൂനെ ഞാനൊരു നല്ല സുഹൃത്തായിട്ടു മാത്രമാണ് കണ്ടത്..”
അവനു വിഷമമായി. പിന്നെ കുറെ നാള്‍ഇന്ദു മനുവിനെ കണ്ടതേയില്ല… ഒരാളുടെ അസാന്നിധ്യം നമ്മുടെ ജീവിതത്തിലുണ്ടാക്കുന്നത് നിറമില്ലാത്ത ശൂന്യതയാണെങ്കില്‍ അതാണ് പ്രണയമെന്നു അവള്‍ തിരിച്ചറിഞ്ഞു.
”നല്ല ഫ്രണ്ട് ” ഫ്രണ്ട് അല്ലാതായി, അതിലും വലുതായി.
കാമ്പസില്‍ മഴ നന്നായി പെയ്തു തുടങ്ങി. അയാള്‍ കുട നിവര്‍ത്തി. അവള്‍ അയാള്‍ക്കൊപ്പം ചേര്‍ന്ന് നിന്നു. അവരിരുവരും കാമ്പസിലെ പണി തീരാത്ത ഓപ്പണ്‍ സ്‌റ്റേജിനടുത്തെത്തി.അവളതു ചാരി നിന്നു. അയാള്‍ അവളുടെ ചുണ്ടുകള്‍ മെല്ലെ ചുംബിച്ചു. കുട താഴേക്കു വീണു. അവള്‍ കണ്ണുകളടച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ രംഗം ആദ്യമായി സംഭവിച്ചത് അവളോര്‍ത്തു. അന്നും, ഇന്നും മനു തൊടുമ്പോള്‍ തനേതോ ലോകത്തെത്തുന്നത് പോലെ. സ്‌നേഹിക്കുക, ഒന്നിച്ചു ജീവിക്കുക, ഏതു വയസ്സിലും കാമ്പസ് വിദ്യാര്‍ത്ഥികളായി ഓര്‍മ്മകള്‍ അയവിറക്കുക, എന്തൊരു മഹാ ഭാഗ്യമാണിത്..!
പെട്ടെന്ന് അവളുടെ മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്തു.
” എന്താ മോളെ..?”
”അമ്മേ, മഴ കാരണം കാസ്സിന്നു നേരത്തെ വിട്ടു. അമ്മയെന്നെ കൂട്ടാന്‍ വരുമോ?..”
” ഇല്ല മോളെ.., മോള്‍ടെ അച്ഛന്‍ വരും, ഞാന്‍ പറയാം..”
”ശരിയമ്മേ..” അവള്‍ ഫോണ്‍ വെച്ചു.
‘ബെസ്റ്റ് പാര്‍ട്ടി, മക്കള്‌ടെ കാര്യത്തില്‍ നിനക്കൊരു താല്പ്പര്യവുമില്ലല്ലോ ഇന്ദൂ”
ഇന്ദു മിണ്ടിയില്ല, അവള്‍ ഒരാളെ വിളിക്കുകയാണ്.
” ആ , പ്രേമേട്ടാ ., മോള്‍ വിളിച്ചിരുന്നു , അവള്‍ടെ സ്‌കൂള്‍ നേരത്തെ വിട്ടു, ഒന്ന് ചെന്ന് കൂട്ടണേ…ഞാന്‍ ഓഫീസീന്നിറങ്ങുമ്പോള്‍ ലേറ്റ് ആകും സീനിയര്‍ ഓഫീസര്‍ ലീവായതിനാല്‍ എനിക്ക് പിടിപ്പതു പണിയുണ്ട് ..ഓ.കെ..?”
ഇന്ദു ഫോണ്‍ കട്ട് ചെയ്ത് മനുവിനെ നോക്കി. ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞു. അവള്‍ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. മഴയത്ത് എല്ലാം മറന്നു അവര്‍ നിന്നു. സാക്ഷിയായി കാമ്പസും.
ഇന്ദുവിനെ ഓട്ടോ കയറ്റിവിട്ട് , കാറില്‍ വീട്ടിലേക്കു തിരിക്കവെ മകന്‍ പഠിക്കുന്ന സ്‌കൂള്‍ ഒന്ന് നോക്കി… ശൂന്യമാണ്… കുട്ടികളെല്ലാം നേരത്തെ പോയി…
രാത്രിയില്‍ ബെഡ് ലാംപിന്റെ നീല വെളിച്ചമുള്ള മുറിയില്‍ കിടക്കവെ, അയാളുടെ മനസ്സില്‍ ഇന്ദു മാത്രമായിരുന്നു..
ആ ചിരി..
ആ ഗന്ധം..
ആ ഓര്‍മ്മകള്‍…
എല്ലാം ഇപ്പോഴും തനിക്കരുകില്‍ ഉണ്ടെന്നയാള്‍ക്ക് തോന്നി..ആ തോന്നല്‍ അവസാനിക്കുമ്പോഴേക്കും അയാള്‍ടെ ഭാര്യ കുളിച്ച്, നൈറ്റിയും ധരിച്ച്, മുറിയിലേക്ക് വന്നു. അവരും നല്ല സുന്ദരിയായിരുന്നു. പക്ഷെ മനു കണ്ണുകള്‍ അടച്ചു കിടന്നു.
”മനുവേട്ടാ..”
പ്രതികരിച്ചില്ല…ഉറക്കം നടിച്ചു..
”ഏട്ടാ..”
”ഉം..?” പാതി മയക്കം അഭിനയിച്ചു മൂളി.
”സോറി മോളെ, റൊമാന്‍സിനൊന്നും മൂഡില്ല.. ഇന്ന് ഉറക്കം മാത്രം..” മനസ്സാണതു പറഞ്ഞത്.. അവള്‍ കേട്ട് കാണില്ല..
”നാളെ മുതല്‍ ഉണ്ണി മോനെ സ്‌കൂളീന്ന് ഏട്ടന്‍ കൂട്ടി വരണേ..”
അപ്പൊ റൊമാന്‍സല്ല , ആശ്വാസം ..!
”ഉം..?”
”ഓഫീസില്‍ രണ്ടു പേര്‍ ലീവിലാ , അവരുടെ പണി കൂടി ഞാന്‍ ചെയ്യേണ്ടി വരും, നിന്ന് തിരിയാന്‍ കൂടി സമയം ഉണ്ടാവില്ല.., അതുകൊണ്ട് ഇനി ഞാന്‍ അല്‍പ്പം വൈകിയേ വരൂ..”
അവള്‍ കൂടുതലൊന്നും പറഞ്ഞില്ല , കിടന്നുറങ്ങി..
അവളുടെ ശബ്ദം ഇടറിയിരുന്നോ..?
വേറൊരു കാമ്പസും , മഴയും ,മരങ്ങളും , തന്നെ നോക്കി പുഞ്ചിരിക്കുന്നതായി മനുവിന് തോന്നി ..
അയാള്‍ ഒന്നും പറഞ്ഞില്ല…
എന്നാല്‍.., ഉറങ്ങിയതുമില്ല…..