Jikku Varghese

ഡല്‍ഹി പെണ്‍കുട്ടിയും സ്വത്വനഷ്ടവും

Decrease Font Size Increase Font Size Text Size Print This Page
1

ബദ്രി സിംഗ് പാണ്ഡേ (ജ്യോതി സിംഗ് പാണ്ഡേയുടെ അച്ഛന്‍ )

Jikku Varghese Jacob

ആദ്യകാലം മുതല്‍ കാശ് മുടക്കി വീട്ടില്‍ പത്രം വരുത്തുന്നവര്‍ക്ക് പത്രമുതലാളിമാര്‍ ആകെകൂടി നല്‍കുന്ന ഒരു ഔദാര്യമാണ്/അവകാശമാണ്(?) വരിക്കാരന്‍ മരിക്കുമ്പോള്‍,തികച്ചും സൗജന്യമായി ചരമകോളത്തിന്റെ ഏതെങ്കിലും മൂലയില്‍ 5 സെന്റിമീറ്റര്‍ നീളത്തില്‍ ഒരു ചിത്രവും താഴെയൊരു ചരമകുറിപ്പും കൊടുക്കുക എന്നത്. സാധരണക്കാരില്‍ സാധാരണക്കാരും ‘സെലിബ്രിറ്റി’ ആകുന്ന ഒരേയൊരു സന്ദര്‍ഭം ഒരു പക്ഷെ ഈ ചരമക്കുറിപ്പില്‍ മാത്രമായിരിക്കാം എന്നത് വിരോധാഭാസം! ഇത് പറയാന്‍ കാരണം, ഡല്‍ഹിയിലെ കിരാതവാഴ്ചയില്‍ ജീവന്‍ പൊലിഞ്ഞ പെണ്‍കുട്ടിക്ക് ഇത്തരത്തില്‍ ഒരു ചരമകോളം പോലും നല്‍കാന്‍ നമ്മുക്കാര്‍ക്കും കഴിഞ്ഞില്ല. ലോകം മുഴുവന്‍ ആ പെണ്‍കുട്ടി വാര്‍ത്തയായി,പല മുന്നേറ്റങ്ങളുടെയും തുടക്കമായി, പലതിന്റെയും വക്താവായി പക്ഷെ ഇവിടെ ഐഡന്റ്റിറ്റിയുടെ വലിയ ഒരു പ്രശ്‌നമുണ്ട്. സ്വത്വനഷ്ടത്തെ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന ലോകമാണ് ഉത്തരാധുനികതയെങ്കിലും ഡല്‍ഹി പെണ്‍കുട്ടിയുടെ സ്വത്വനഷ്ടത്തെ കുറിച്ച് അധികമാരും സംസാരിച്ചു കണ്ടില്ല. ഒരു കുറ്റവും ചെയ്യാതെ ചില അധമാന്മാരുടെ കരങ്ങളാല്‍ പിച്ചിചീന്തപ്പെടുമ്പോള്‍ നമ്മളാരും ആ കുട്ടിക്കൊരു ഐഡന്റ്റിറ്റിയുണ്ടെന്നു ഓര്‍ത്തില്ല. ഇരയെന്ന് നിങ്ങള്‍ അഭിസംബോധന ചെയ്യുന്ന പെണ്‍കുട്ടിയുടെ ഐഡന്റ്റിറ്റി നിയമത്തിന്റെ പിന്‍ബലത്തോടെ നമ്മള്‍ മൂടിവെച്ചു, ആശുപത്രി കിടക്കയില്‍ ജീവന്‍മരണ പോരാട്ടം നടത്തിയപ്പോള്‍ അവള്‍, പ്രക്ഷോഭകര്‍ക്ക് ദാമിനി, പത്രങ്ങള്ക്ക്‌ നിര്ഭയ, ചാനലുകള്ക്ക് അമാനത്അതായിരുന്നു അവള്‍, അത് മാത്രമായിരുന്നു അവള്‍,ഒരുറപ്പും ഇല്ലാത്ത ഒരു ഫ്‌ലൂയിഡ് ഐഡന്റ്റിറ്റി എന്ന് വേണമെങ്കില്‍ പറയാം.

ബദ്രി സിംഗ് പാണ്ഡേയും കുടുംബവും

സമൂഹം തന്നെ ഒരു ‘ഇരയെ’ പുറംലോകത്തിന് മുന്നില്‍ മറച്ച് പിടിക്കുമ്പോള്‍ എങ്ങനെയാണ് കൂടുതല്‍ പീഢനവാര്‍ത്തകള്‍ പുറത്ത് വരുന്നത് എന്ന് ‘കെയ്‌റോ 678′ എന്ന സിനിമയിലൂടെ സംവിധായകന്‍ മൊഹമ്മദ് ഡയാബ് ചോദിക്കുന്നത് ഇന്ത്യന്‍ ജനതയോട് കൂടിയാണ്. മരണങ്ങള്‍ സാധാരണമാണ്,എങ്കിലും മരണപ്പെട്ടു കഴിയുമ്പോള്‍ ആ വ്യക്തി ഒരു തരത്തില്‍ പ്രത്യേക ഔന്നത്യത്തിലേക്ക് എത്തുന്നുണ്ട്.അപൂര്‍വ്വം ചില മരണങ്ങള്‍ ചരിത്രത്തില്‍ ഇടം പിടിക്കാറുമുണ്ട് ,ചിലതൊക്കെ വിളിച്ചു പറയാറുണ്ട്. മരണശേഷമുള്ള അവരുടെ മൂകത പോലും വിപ്ലവത്തിന്റെ അലയൊച്ചകള്‍ക്ക് തുടക്കമിടാറുണ്ട്.ഈ പെണ്‍കുട്ടിയുടെ മരണം അത്തരത്തില്‍ ഒന്നായിരുന്നു, ഇന്ത്യയെ മൊത്തമായി ആഴ്ചകളോളം അവള്‍ പിടിച്ചുലച്ചു, അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായി എങ്കിലും എല്ലായിടത്തും അവള്‍ വെറുമൊരു ‘ഡല്‍ഹി പെണ്‍കുട്ടി’ മാത്രമായിരുന്നു. നമ്മുടെയൊക്കെ മനസ്സില്‍ രൂപമില്ലാത്ത,പേരില്ലാത്ത എന്നാല്‍ ലോകം മൊത്തം സങ്കല്‍പ്പങ്ങളില്‍ മാത്രം കണ്ടിരുന്ന ഒരു ‘ഡല്‍ഹി പെണ്‍കുട്ടി’. മാധ്യമങ്ങള്‍ അവരുടെ ഡല്‍ഹിയിലെ ഒബി വാനുകള്‍ ബ്രോഡ് കാസ്റ്റിംഗ് നിര്‍ത്തി അടുത്ത മേച്ചില്‍പ്പുറങ്ങള്‍ തേടുമ്പോള്‍,ഡല്‍ഹിയില്‍ ഇത് വരെ മരിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമായി ഇവളും മാറുമായിരുന്നു. മരണം അസാധാരണമായിരുന്നുവെങ്കിലും,സാധാരണ മരണങ്ങള്‍ക്ക് ലഭിക്കുന്ന പ്രാധാന്യം പോലും വ്യക്തിപരമായി അവള്‍ക്കു ലഭിച്ചില്ല. മരിക്കുമ്പോള്‍ അന്തരിച്ച വ്യക്തി എപ്പോഴും ലൈംലൈറ്റിലാണ്, പക്ഷെ ഇവിടെ ഡല്‍ഹിയില്‍ പെണ്‍കുട്ടി മരിക്കുമ്പോള്‍ അവളുടെ പേര് പോലും പുറത്തു പോകാതിരിക്കാനായി അവളുടെ കുടുംബം തത്രപ്പെടുകയായിരുന്നു! സിനിമയില്‍ നായകന്‍ വെറുമൊരു നിഴലായി പ്രത്യക്ഷപ്പെടുന്ന ദുരവസ്ഥ എന്ന് വേണമെങ്കില്‍ പറയാം, ആള്‍ക്കൂട്ടത്തിന് നടുവില്‍,നിങ്ങളെന്റെ പേരിലാണ് ഇവിടെ കൂടിയതെന്ന് പോലും വിളിച്ചു പറയാനാവത്തെ തൊണ്ടയില്‍ ശബ്ദം മരവിച്ചു പോകുന്ന അവസ്ഥ!

ശശി തരൂര്‍ ആവശ്യപ്പെട്ടത് പോലെ പെണ്‍കുട്ടിയുടെ പേര് പുറത്തുവിടുന്നതാണ് ഉചിതം,മറ്റുള്ളവരുടെ കുറ്റത്തിന് സ്വയം വ്യക്തിത്വമില്ലാതെ ജീവിക്കേണ്ട ആവശ്യം ഒരു പെണ്‍കുട്ടിക്കുണ്ടെന്നു ഞാന്‍ കരുതുന്നില്ല. ഇന്നും ജീവിതത്തില്‍ ഉടനീളം ഒരു സ്ത്രീ സ്വത്വനഷ്ടം നേരിടുന്നുണ്ട്,കല്യാണ ശേഷം സ്വന്തം വീടേതാണ്,നാടേതാണ് എന്നൊക്കെ സ്വയം ആലോചിച്ചു കണ്ഫ്യൂഷനിലാകുന്ന സ്ത്രീകളുടെ പേരുകളില്‍ പോലും കല്യാണശേഷം ഭര്‍ത്താവിന്റെ പേര് കൂട്ടിച്ചേര്‍ത്തു ഐഡന്റ്റിറ്റി മാറ്റാറുണ്ട്. ഇതിന്റെയൊക്കെ പുറമേ പുരുഷന്റെ ഞരമ്പ് രോഗത്തിന് മുന്‍പില്‍ അവരുടെ സ്വന്തം വ്യക്തിത്വം നശിക്കെണ്ടതല്ല.മരിച്ച പെണ്‍കുട്ടിയുടെ പേര് മറച്ചു വെച്ചതുകൊണ്ട് ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല,നിയമത്തിനും മൂല്യങ്ങള്‍ക്കും വിലയില്ലാത്ത നാട്ടില്‍ എന്തിനിങ്ങനെ ഒരു ഒളിച്ചോട്ടം എന്നൊരു തിരിച്ചറിവായിരിക്കും ആഴ്ചകള്‍ നീണ്ട മൌനത്തിനു ശേഷം പെണ്‍കുട്ടിയുടെ അച്ഛനായ ബദ്രി സിംഗ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ‘ജ്യോതി സിംഗ് പാണ്ടേ’ എന്ന പേര് ഉറക്കെ വിളിച്ചു പറയാന്‍ പ്രേരകമായത്. ഇന്ന് മുതല്‍ അവള്‍ വെറുമൊരു ‘ഡല്‍ഹി പെണ്‍കുട്ടിയല്ല’,മറിച്ച് സ്വന്തം പേരും വ്യക്തിത്വവുമുള്ള ജ്യോതിയാണ്.ആശുപത്രി കിടക്കയില്‍ കിടക്കുമ്പോള്‍ ഒരിക്കല്‍ പോലും അവളറിഞ്ഞില്ല,തന്റെ പേരില്‍ ഇന്ത്യ മുഴുവന്‍ ജനങ്ങള്‍ നിരത്തിലിറങ്ങുകയാണെന്നു.ഇനി മുതല്‍ എവിടെയെങ്കിലും ജ്യോതി എന്ന പേര് കാണുമ്പോള്‍ അഭിമാനത്തോടെ ഉറച്ച ശബ്ദത്തില്‍ നമ്മുക്കും വായിക്കാം’ജ്യോതി’