ജെയിംസ് ബ്രൈറ്റ്

ബെര്‍ളിയുമായുള്ള അഭിമുഖം.

Decrease Font Size Increase Font Size Text Size Print This Page

നമസ്കാരം ബെര്‍ളീ..ഈ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാമെന്നു സമ്മതിച്ചതില്‍ ഞങ്ങള്‍
വളരെയധികം സന്തുഷ്ടരാണ്.ഞങ്ങളുടെ വായനക്കാര്‍ക്ക് ഇതൊരു നല്ല സമ്മാനമായിരിക്കുമെന്നും
ഞങ്ങള്‍ കരുതുന്നു.

1.ആദ്യമായി ഞങ്ങള്‍ക്കു ചോദിക്കുവാനുള്ള ചോദ്യം ഇതാണ്. മലയാളം ബ്ലോഗില്‍ വരുവാനുള്ള സാഹചര്യം വിവരിക്കാമോ?

ഞാന്‍ മലയാളം ബ്ലോഗില്‍ വരാനുള്ള സാഹചര്യം എന്നു പറയുന്നത് സത്യത്തില്‍ ഈ മഹാപ്രസ്ഥാനത്തിന്‍റെ കാലക്കേടാണ്. മനോരമ ഓണ്‍ലൈനില്‍ ഞാനെഴുതിക്കൊണ്ടിരുന്ന സമയത്ത് ബ്ലോഗര്‍മാരെപ്പറ്റി ഞാനെഴുതിയ ഒരു ലേഖനത്തിനെതിരെ ബൂലോകം ആഞ്ഞടിച്ചിരിക്കുന്നത് കാണിച്ച് ഒരു സുഹൃത്ത് മഞ്ജിത് കൈനി എന്ന ബ്ലോഗറുടെ പോസ്റ്റ് എന്നെ കാണിച്ചു. അന്ന് ബ്ലോഗെന്താണെന്നോ പോസ്റ്റെന്താണെന്നോ എനിക്കു കാര്യമായറിയില്ല. മഞ്ജിത്തിന്‍റെ പോസ്റ്റിന്‍റെ തലക്കെട്ടായിരുന്നു ബെര്‍ളിത്തരങ്ങള്‍. ഞാന്‍  നേരില്‍ കണ്ടിട്ടുള്ള ഒരേയൊരു ബ്ലോഗറായ (അന്നു ബ്ലോഗര്‍മാര്‍ മലയാളത്തില്‍ 300ല്‍ കവിയില്ല) നിഷാദ് കുര്യന്‍ എനിക്കു മലയാളം ബ്ലോഗിങ്ങിലേക്കുള്ള വഴി കാണിച്ചു തന്നു. സത്യത്തില്‍ നിഷാദ് കുര്യനാണ് എന്‍റെ ബ്ലോഗ് ഗുരു. മഞ്ജിത്തിന്‍റെ പോസ്റ്റിന്‍റെ ടൈറ്റില്‍ ബ്ലോഗിനിട്ടു ബ്ലോഗ് തുടങ്ങി.
 2. ഇത്രയധികം പ്രശസ്തനാകുമെന്നോ, വായനക്കാരുണ്ടാകുമെന്നോ ആദ്യം കരുതിയിരുന്നോ?

ഞാന്‍ പ്രശസ്തനാണെന്നു പറയുന്നത് ചിലരുടെ സങ്കല്‍പമാണ്. അപ്പോള്‍ നമ്മള്‍ മൈക്കിള്‍ ജാക്സനെയും അമിതാഭ് ബച്ചനെയും കത്രീന കൈഫിനെയും ഒക്കെ എന്താണ് വിളിക്കുക. 600 കോടി ജനങ്ങളുള്ള ഭൂമിയില്‍ എന്നെ കഷ്ടിച്ച് 10,000 പേരെങ്കിലും അറിയുമോ ? ഇതാണോ പ്രശസ്തി ? പോട്ടെ, കംപ്ലീറ്റ് മലയാളികളും അറിയുമെങ്കില്‍ പറയാം പ്രശസ്തനാണെന്ന്. ബെര്‍ളി പ്രശസ്തനാണ് ബെര്‍ളി പ്രശസ്തനാണ് എന്നാരെങ്കിലുമൊക്കെ പറഞ്ഞു വേണം എന്നെ പ്രശസ്തനാക്കാന്‍. ഞാനും പറയുന്നുണ്ട്.
3. എന്നുമുതലാണ് എഴുതുവാന്‍ തുടങ്ങിയത്?

ബ്ലോഗിലെഴുതാന്‍ തുടങ്ങിയത് 2006 അവസാനം മുതലാണ്. ശരിക്കുമെഴുതി തുടങ്ങുന്നത് ഒന്നാം ക്ലാസ്സില്‍ വച്ചാണ്. തറ, പന, പറ തുടങ്ങിയവയാണ് ആദ്യകാലസൃഷ്ടികള്‍. പിന്നങ്ങോട്ട് കംപ്ലീറ്റ് സൃഷ്ടികളായിരുന്നു. എന്‍റെ മഹത്തായ സൃഷ്ടികള്‍ ശരിക്കും വരാനിരിക്കുന്നതേയുള്ളൂ.
4.എങ്ങിനെയാണ് ഈ ഐഡിയകള്‍ മനസ്സില്‍ ഉണ്ടാകുന്നതെന്നു പറയാമോ?

എന്നോടൊക്കെ ഇങ്ങനെ ചോദിക്കുന്നത് മുമ്പ് ഇത്തരം ചോദ്യങ്ങള്‍ക്കുത്തരം നല്‍കിയിട്ടുള്ള സാഹിത്യകാരന്മാരോടും മറ്റുമുള്ള അനീതിയാണ്. അങ്ങനെ പ്രത്യേകിച്ച് ഒരു ഐഡിയയും എന്‍റെ മനസ്സിലിതുവരെ ഉദിച്ചിട്ടില്ല. ഓരോ പോസ്റ്റിനും പിന്നില്‍ എന്താണെന്നു ചോദിച്ചാല്‍ കമന്‍റിനും ഹിറ്റിനും വേണ്ടിയുള്ള അദമ്യമായ ദാഹമാണ്.
5.നേരത്തേ തയാറാക്കിയാണോ പോസ്റ്റുകള്‍ ഇടാറ്?

.ആകെക്കൂടി ബ്ലോഗിങ്ങിന്‍റെ ഒരു രസമെന്നു പറയുന്നത് ഇപ്പോള്‍ തോന്നുന്നത് ഇപ്പോള്‍ തന്നെ എഴുതി പബ്ളിഷ് ചെയ്യുക എന്നതാണ്. ഇതുവരെ അങ്ങനെയായിരുന്നു. മുന്‍കൂട്ടി എഴുതി തയ്യാറാക്കി പലകുറി തിരുത്തി പബ്ലിഷ് ചെയ്യാന്‍ തീര്‍ച്ചയായും ഞാന്‍ ബ്ലോഗ് തിരഞ്ഞെടുക്കില്ല. അത് വല്ല പുസ്തകമോ മറ്റോ ആക്കിക്കൂടെ. അതിനും മാത്രം വിവരമുണ്ടാവുന്ന ഒരു കാലം വരട്ടെ.
6.പോസ്റ്റുകള്‍ പബ്ലിഷ് ചെയ്തു കഴിഞ്ഞ് അവയെപ്പറ്റി ആലോചിച്ച് വിഷമിക്കാറുണ്ടോ?

പോസ്റ്റുകള്‍ പബ്ളിഷ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ അവയെപ്പറ്റി ആലോചിക്കാറില്ല. അടുത്ത പോസ്റ്റിനെപ്പറ്റിയേ ആലോചിക്കാറുള്ളൂ. ഒരു സംഗതി എഴുതി പബ്ളിഷ് ചെയ്യുന്നതിലാണ് രസം.
 7. പലരും മോശമായ കമന്റുകള്‍ ഇട്ടു കാണാറുണ്ട്. അതില്‍ വിഷമിക്കാറുണ്ടോ?

സത്യത്തില്‍ മോശമായ കമന്‍റുകളോടാണ് താല്‍പര്യം. നല്ല കട്ടത്തെറികള്‍ വരുമ്പോള്‍ ഒരു സന്തോഷമാണ്. എന്നാല്‍, എനിക്കറിയാവുന്നതിനെക്കാള്‍ മോശം ഭാഷ മറ്റാരെങ്കിലും ഉപയോഗിച്ചു കണ്ടാല്‍ നിരാശ തോന്നാറുണ്ട്.
8.ഒരുപാടു ഫാന്‍ മെയിലുകള്‍ വരാറുണ്ടെന്നറിയാം. അവയ്ക്ക് മറുപടി എഴുതാറുണ്ടോ?

അതൊക്കെ ഒരു സങ്കല്‍പമാണ്. എനിക്കെങ്ങും ആരും ഒരു മെയിലും അയക്കാറിലല്ല. വല്ലപ്പോഴും ആരെങ്കിലുമൊക്കെ ഓരോ മെയിലയക്കും. അവര്‍ക്കൊക്കെ മറുപടിയും അയക്കാറുണ്ട്. മെയിലയക്കുന്നത് സ്ത്രീകളാണെങ്കില്‍ ആദ്യമെയിലിനു ഡെയ്‍ലി മറുപടി അയക്കാറുണ്ട് (പ്രായം പ്രശ്നമല്ല). ആണുങ്ങളുടെ മെയില്‍ പ്രോല്‍സാഹിപ്പിക്കുന്നില്ല.

9.ബ്ലോഗില്‍ ശത്രുക്കളുണ്ടോ? ഉണ്ടെങ്കില്‍ അവരോടെന്തെങ്കിലും പറയാനുണ്ടോ?

ബ്ലോഗില്‍ ശത്രുക്കളുണ്ടെന്നു തോന്നുന്നില്ല. പലരോടും പലതും പറയുന്നത് ഇതിന്‍റെയൊക്കെ മേലേ നില്‍ക്കുന്ന ഒരു അപ്രഖ്യാപിത സൗഹൃദത്തിന്‍റെ അടിത്തറയിലാണ്. പലപ്പോഴും കടുത്ത രീതിയില്‍ ആക്രമണം നടത്തുന്ന പലരോടും എനിക്ക് വളരെ ബഹുമാനമാണുള്ളത്. ഉദാഹരണത്തിന് ഇഞ്ചിപ്പെണ്ണ്. മലയാളം ബ്ലോഗില്‍ ഏറ്റവും പുതുമകളും പരീക്ഷണങ്ങളും അവതരിപ്പിച്ചിട്ടുള്ളവരാണ് ഇഞ്ചിയും കൈപ്പള്ളിയും. അതുപോലെ പലരും. ചെറായി മീറ്റുകാര്‍ എന്‍റെ ശത്രുക്കളാണെന്നൊരു സങ്കല്‍പം നിലവിലുണ്ടെന്നു തോന്നുന്നു. എനിക്കു തോന്നുന്നില്ല.
10. സെക്സ് വിഷയങ്ങളെഴുതുന്നുവെന്ന് ചിലര്‍ വിമര്‍ശിച്ചതു കണ്ടു. എന്താണതിനെപ്പറ്റി അഭിപ്രായം?

സെക്സ് വിഷയങ്ങളെഴുതാതിരിക്കുന്നതാണ് ഒരു രോഗം. ഞാന്‍ വളരെ നോര്‍മലാണ്. നാട്ടില്‍ മനുഷ്യനു ലൈംഗികശേഷിയും ലൈംഗികതാല്‍പര്യവും പൂര്‍ണമായി നശിക്കാത്തിടത്തോളം കാലം ഞാന്‍ ഇനിയും എഴുതും.
11.നിലക്കാത്ത ഹ്യൂമറിന്റെ രഹസ്യം?

ഞാനെങ്ങും ഒരു ഹ്യൂമറും എഴുതിയിട്ടില്ല. എനിക്കു തലയ്‍ക്കു സുഖമില്ലാത്തതുകൊണ്ട് സീരിയസ്സായി എഴുതുന്നതു മുഴുവന്‍ ഹ്യൂമറാണെന്നു ചിലര്‍ക്കു തോന്നുന്നതാണ്. ശരിക്കും ഹ്യൂമറുണ്ടാക്കാന്‍ വേണ്ടി എഴുതിയ പോസ്റ്റുകള്‍ക്കു മുന്നിലിരുന്ന് എന്‍റെ വായനക്കാര്‍ കൂക്കിവിളിച്ചിട്ടുണ്ട്. അതൊക്കെ ഭയങ്കര സീരിയസ്സാണെന്നു കരുതി ചിലര്‍ ക്ഷുഭിതരായിട്ടുണ്ട്.
12.തിരക്കഥയെപ്പറ്റി ഒരു പോസ്റ്റു കണ്ടു. ഇനി സിനിമയില്‍ എഴുതുവാന്‍ പ്ലാനുണ്ടോ?

പീഡനത്തിനിരയായ പെണ്‍കുട്ടിയെ റേപ് ചെയ്യാനുദ്ദേശമുണ്ടോ എന്നു ചോദിക്കുന്നതുപോലെയാണിത്. പാവം മലയാള സിനിമ, അതെങ്ങനെയെങ്കിലും ജീവിച്ചു പൊക്കോട്ടെ.
13. ബ്ലോഗിലെ രചനകള്‍ പുസ്തകമാക്കണമെന്ന് എന്നെങ്കിലും കരുതിയിട്ടുണ്ടോ?

ബ്ലോഗിലെ രചനകള്‍ ഞാനായിട്ടു പുസ്തകമാക്കുന്നില്ല. വല്ല പ്രസാധകരും അങ്ങനെയൊരു സാഹസത്തിനു തയ്യാറായാല്‍ ഞാന്‍ തടയില്ല. ഒക്കെ ഓരോരുത്തരുടെ വിധിയല്ലേ ?
14.മറ്റു ബ്ലോഗുകള്‍ വായിക്കാറുണ്ടോ? ഏതെങ്കിലും ഇഷ്ടമുള്ള ബ്ലോഗ്?

ഞാനെന്‍റെ ബ്ലോഗ് തന്നെ വായിക്കാറില്ല.
15. ഞങ്ങളുടെ വായനക്കാര്‍ക്ക് ഒരോണ സന്ദേശം തരാമോ?

ബൂലോകം ഓണ്‍ലൈനിന്‍റെ വായനക്കാരെ, നിങ്ങളുടെ ഓണം ഈ ബ്ലോഗ് പത്രം വായിച്ച് പണ്ടാരമടങ്ങും. വേഗം രക്ഷപെട്ടുകൊള്ളുക, എസ്കേപ്, എസ്കേപ് ….!!!

ഇവിടെ വായിക്കുക.

വിശാലമനസ്കനുമായുള്ള അഭിമുഖം.

കൈപ്പള്ളിയുമായുള്ള അഭിമുഖം