sasi pattambi

വരും തലമുറക്ക് ഒരു മുത്തശ്ശിക്കഥ

Decrease Font Size Increase Font Size Text Size Print This Page

manmohan

മുത്തശ്ശി ഐപാഡില്‍ നിന്നും ഒരു കഥ സെര്‍ച്ച് ചെയ്തു എടുത്തു.

മലയാളം വായിക്കാനറിയാത്ത മലയാളി കുട്ടികള്‍ മുത്തശ്ശിയുടെ വായിലേക്ക് ആകാംക്ഷയോടെ നോക്കിയിരുന്നു.

പണ്ട് പണ്ട്… ഇന്ത്യ മഹാരാജ്യം ഭരിച്ചിരുന്ന ഒരു പ്രധാനമന്ത്രിയായിരുന്നു മണാകുണാസിംഗ്. വൃദ്ധനും വിവരദോഷിയുമായ താന്‍ വലിയബുദ്ധിമാനും, താന്‍ നടത്തുന്ന ഭരണ പരിഷ്ക്കാരങ്ങള്‍ ലോകൊത്തരമാണെന്നും, തന്റെ പരിഷ്ക്കാരങ്ങളെ വിമര്‍ശിക്കുന്നവര്‍ വിഡ്ഢികളാണെന്നുമുള്ള വിശ്വാസമായിരുന്നു അദ്ദേഹത്തിനു.

മധുരം ചാലിച്ച വാക്കുകള്‍ ചേര്‍ത്തു പുകഴ്ത്തുന്നവരെ എന്നും അദ്ദേഹത്തിനു ഏറെ പ്രിയപ്പെട്ടവരായിരുന്നു. അവര്‍ക്ക് വഴിവിട്ടസഹായങ്ങള്‍ ചെയ്തു കൊടുക്കുക്കുവാനും ശ്രദ്ധാലുവായിരുന്നു അദ്ദേഹം.

മണാകുണാസിംഗിന്റെ പ്രധാന ഉപദേഷ്ട്ടാക്കളില്‍ ഒരാളായിരുന്നു മണ്ടാലുവാലിയ .

വിഡ്ഢിയായ മണാകുണാസിംഗിനെ എളുപ്പത്തില്‍ പറഞ്ഞു പറ്റിക്കാമെന്നു തിരിച്ചറിഞ്ഞ മണ്ടാലൂ അത്യാഗ്രഹികളായ തന്റെ കുട്ടാളികള്‍ക്ക് വേണ്ടി പല പദ്ധതികളും ആവിഷ്ക്കരിച്ചു കൊണ്ടിരുന്നു.

മണ്ടാലുവിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു നാട് ഭരിക്കാന്‍ തുടങ്ങിയ മണാകുണാസിംഗിനു തന്റെ രാജ്യം ദാരിദ്ര്യത്തിന്റെ പടുകുഴിയിലെക്കാണ് പോയ്ക്കൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിയാനുള്ള ബുദ്ധിവൈഭവം ഉണ്ടായിരുന്നില്ല.

ഒരു ദിവസം കൊട്ടാരത്തിന്റെ അകത്തളത്തിലൂടെ ഉലാത്തുമ്പോള്‍ ഖജാന സുക്ഷിച്ചിരുന്ന മന്ദിരത്തില്‍ മാറാല കെട്ടികിടക്കുന്നത് മണാകുണാസിംഗിന്റെ ശ്രദ്ധയില്‍ പെട്ടു . കാരണമന്വാഷിച്ചു. ഖജനാവ് കാലിയായി തുടങ്ങിയിരിക്കുന്നു അവശേഷിക്കുന്ന പാറ്റയും കൂറയും ആര്‍ക്കും വേണ്ടാതായി അതുകൊണ്ട് ആ ഭാഗത്തേക്ക് ആരും ശ്രദ്ധിക്കാറില്ല എന്ന മറുപടിയാണ് അദ്ദേഹത്തിനു ലഭിച്ചത്.

ഖജനാവ് ശുന്യമാകാന്‍ കാരണമെന്താണ് അദ്ദേഹത്തിനു എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല. കാലിയായത് കാലിയായത് തന്നെ ഇനി ഇതിനൊരു പരിഹാരമാണ് കാണേണ്ടത്. എന്തെങ്കിലും പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കി ഈ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയുമോ എന്ന് പല ബുദ്ധിജീവികളുമായി അദ്ദേഹം കൂടിയാലോചിച്ചു.

കൊട്ടാരത്തിലെ ധുര്‍ത്തു കുറയ്ക്കുക ജീവനക്കാരുടെ അമിത ശമ്പളം വെട്ടിക്കുറക്കുക അത് പോലുള്ള അനാവശ്യ ചിലവുകളെല്ലാം കുറയ്ക്കുക എങ്കിലെ നമ്മുടെ രാജ്യം നേരിടുന്ന ഈ മഹാ വിപത്തില്‍ നിന്നും രക്ഷപ്പെടുകയുള്ളൂ എന്ന നിര്‍ദ്ദേശമാണ് വിദഗ്ദ്ധരില്‍ നിന്നും ഉയര്‍ന്നു വന്നത്.

ഒരു പാവകണ്ക്കെ എല്ലാം കേട്ടിരുന്നു മണാകുണാസിംഗ . എന്തെങ്കിലും ഒരു തീരുമാനം എടുക്കണമെങ്കില്‍ മണ്ടാലുവുമായി ആലോചിക്കണം അദ്ദേഹം വരുന്നത് വരെ മണാകുണാസിങ്ങ് കാത്തിരുന്നു.

” കൊട്ടാരത്തിലെ ധൂര്‍ത്ത് കുറയ്ക്കാനോ?…. ജീവനക്കാരുടെ പ്രതിഫലം കുറക്കാനോ..? ” മണ്ടാലുവാലിയ നിന്ന് കിതച്ചു .

മണ്ടാലുവാലിയയുടെ ചുവന്നു തുടുത്ത മുഖം കണ്ടു മണാകുണാസിംഗിന്റെ ലങ്കോട്ടി നനഞ്ഞു. പുറത്തറിയാതിരിക്കാന്‍ കാലുകള്‍ ചേര്‍ത്തു പിടിച്ചു നിന്നു .

” വിശാലമായ ഈ ഇന്ത്യാ മഹാരാജ്യത്ത് നമുക്ക് ധൂര്ത്തടിക്കാനുള്ള വക യഥേഷ്ട്ടമുണ്ട് അതിനുള്ള മാര്‍ഗ്ഗം ഞാന്‍ കാണിച്ചു തരാം .. അങ്ങ് പ്രവര്‍ത്തിച്ചാല്‍ മാത്രം മതി”

“ഉവ്വ് … ഞാന്‍ ചെയ്യാം..”

മണ്ടാലുവിനു സന്തോഷമായെങ്കിലും മനം മടുപ്പിക്കുന്ന രൂക്ഷ ഗന്ധം അദ്ദേഹം മൂക്കു പൊത്തിപിടിചു

” എന്താ .. ഇവിടെ ഒരു വൃത്തികെട്ട മണം..?

” എന്ത് മണം..?.എനിക്ക് മൂക്കടപ്പാ .. ” മണാകുണാസിംഗ് ഒന്നുമറിയാത്തവനെ പോലെ കാലുകള്‍ അതിശക്തമായി ചേര്‍ത്തു പിടിച്ചു മാറി നില്‍ക്കാന്‍ ശ്രമിച്ചു .

” അങ്ങയുടെ മൂക്കടച്ചതു നന്നായി … ഇല്ലേല്‍ തട്ടിപോയേനെ…”

മണ്ടാലു തിരിച്ചു നടന്നതും മണാകുണാ ഇരു കൈകള്‍കൊണ്ടും മൂക്കുപോത്തിപിടിചു ലങ്കോട്ടി മാറ്റാന്‍ ഓടി .

ദിവസങ്ങള്‍ കടന്നു പോയി

മണാകുണാസിങ്ങ് മണ്ടാലുവുമായി സുവര്‍ണ്ണ നദിക്കരയിലുടെ തലപുകചാലോചിച്ചു നടന്നു. പ്രധാനമന്ത്രി വല്ലാതെ വിഷണ്ണനാണ്. മണ്ടാലുവാലിയക്ക് ഒരു കുസലുമില്ല അയാളുടെ കണ്ണുകള്‍ ആ നദിയിലെ സ്ഫടിക തുല്യമായ ജലത്തിലായിരുന്നു.

” അങ്ങേക്ക് ഈ നദിയുടെ വിശേഷം അറിയാമോ?”

“ഇല്ല… മണ്ടാലു പറയു..”

മണ്ടാലു ഒന്നുകുടി തൊണ്ട ശുദ്ധി വരുത്തി

” ഈ നദി അത്ഭുതങ്ങള്‍ ഒളിപ്പിച്ചു വച്ചിട്ടുള്ള മറ്റൊരു ലോകമാണ് . ഒരു ജലദേവതയുടെ അധീനതയിലാണ് അവിടെ കാര്യങ്ങള്‍ നടക്കുന്നത്. ഈ നദിയുടെ ആഴങ്ങളില്‍ പോയി മനമുരുകി വിളിച്ചാല്‍ ആ ദേവത വരും. ആവശ്യപ്പെടുന്നതെല്ലാം തരും പക്ഷെ… ഒരു നിര്‍വികാരന്റെ മുന്നിലെ അത് പ്രത്യക്ഷപ്പെടു..”

” അതിനെന്താ … ഞാന്‍ പോകാം …, പക്ഷെ,.. എനിക്ക് നീന്താന്‍ അറിയില്ലല്ലോ. .”

” നീന്തലോക്കെ തനിയെ അങ്ങ് പഠിച്ചോളും …” മണ്ടാലു മറ്റൊന്നുമാലോചിക്കാതെ പ്രധാനമന്ത്രിയെ നദിയിലേക്ക് തള്ളിയിട്ടു.

മുത്തശ്ശി കഥയ്ക്ക് ചെറിയൊരു ഇടവേള കൊടുത്ത് ചുയിങം വായിലിട്ടു ചവച്ചു.കുട്ടികളെ ശ്രദ്ധിച്ചു.

”അയ്യോ… എന്നിട്ടോ?? ” കുട്ടികള്‍ക്ക് ആകാംക്ഷയായി.

മുത്തശ്ശി കഥ തുടര്‍ന്നു ..

അങ്ങനെ മണാകുണാസിങ്ങ് നദിയുടെ അടിത്തട്ടിലെത്തി . മനമുരുകി ജലദേവതയെ വിളിച്ചു.

അതാ വരുന്നു ഒരുത്തി… .പിച്ചക്കാരിയെ പോലെ .. ഒരു ദേവതക്കു വേണ്ട ലുക്കൊന്നുമില്ല. പക്ഷെ കയ്യില്‍ തിളങ്ങുന്ന ഒരു വാളുണ്ട് . നിറയെ വജ്ജ്രങ്ങളും രത്നങ്ങളും പവിഴങ്ങളും പതിച്ച ഐശ്വര്യമുള്ള വാള്‍… ചിലപ്പോള്‍ ഇത് തന്നെയായിരിക്കും മണ്ടാലുവാലിയ പറഞ്ഞ ആ ദേവത .

മണാകുണാസിംഗ് നിര്‍വികാരനായി നിന്നു. ദേവത അദ്ദേഹത്തെ അടിമുടിയൊന്നു ഉഴിഞ്ഞു നോക്കി . ശവത്തിനു തുല്യമായ ഒരാള്‍ ചലനമറ്റു നില്‍ക്കുന്നു. ദേവതക്കു അയാളെ ഇഷ്ട്ടപ്പെട്ടു .

“ഭക്താ … നിന്റെ ഉള്ളിലിരുപ്പ് എനിക്ക് മനസ്സിലായി . ഈ വാളുകൊണ്ട് പോയി കൊട്ടാരത്തില്‍ സുക്ഷിക്കുക എല്ലാ കഷ്ട്ടപാടും മാറി പഴയത് പോലെ നിനക്ക് ധൂര്ത്തടിച്ചു ജീവിക്കാം ”

മണാകുണാക്ക് സന്തോഷമായി വാള്‍ കൈ നീട്ടി വാങ്ങുംബോള്‍ ഒരു വികാരവും പുറത്തു വരാതിരിക്കാന്‍ ശ്രദ്ധിച്ചു.

ദേവത മണാകുണാ സിംഗിനെ വളരെ കഷ്ട്ടപ്പെട്ടു കുനിച്ചു നിര്‍ത്തി ഊരക്കു കൈ കൊണ്ട് ഒരു തട്ട് കൊടുത്തു. ആ തട്ടിന്റെ ശക്തിയില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം കരയിലെത്തി.

വിലമതിക്കാനാവാത്ത ആ അമുല്യ വാളുമായി കരയിലെത്തിയപ്പോള്‍ മണ്ടാലുവിന്റെ കൂടെ പെട്രോ സിങ്ങും നില്‍ക്കുന്നുണ്ടായിരുന്നു.

മണ്ടാലു പ്രധാനമന്ത്രിയുടെ തല നന്നായി തുടച്ചു കുറച്ചു രാസ്നാദി പൊടിയെടുത്തു നിറുകില്‍ തിരുമ്മി കൊടുക്കുന്നതിനിടയില്‍ മണാകുണായെ പുകഴ്ത്താന്‍ തുടങ്ങി .

പെട്രോ സിങ്ങും മതിയാവോളം പുകഴ്ത്തി.

പ്രധാനമന്ത്രിക്ക് പൊലിവു കട്ടകുത്തി തൊണ്ടയില്‍ വാക്കുകള്‍ കുടുങ്ങി . തന്നെ കുറിച്ച് ഇത്രയും നല്ല വാക്കുകള്‍ ആദ്യമായി കേള്‍ക്കുകയാണ് . ജാക്കിച്ചാനെ പോലെ വലിയ അഭ്യാസം കാണിച്ചാണത്രെ ഞാന്‍ നദിയിലേക്ക് ചാടിയത് . മുങ്ങാംകുഴിയിട്ടു തുഴയുന്ന ശക്തിയില്‍ കരയിലേക്ക് തിരമാലകള്‍ പോലെ വെള്ളം അടിച്ചു കയറിയത്രേ . തന്നെ നദിയിലേക്ക് തള്ളിയിട്ടതാണെന്നും നീന്തലറിയാത്ത താന്‍ കുടിച്ച വെള്ളത്തിനു ഒരു കയ്യും കണക്കുമില്ലെന്നുള്ളതും ആ മണ്ടച്ചാര്‍ സൌകര്യപുര്‍വ്വം മറന്നു കഴിഞ്ഞു.

പെട്രോ സിങ്ങ് പുകഴ്ത്തല്‍ തുടര്‍ന്ന്കൊണ്ടേയിരുന്നു. ” അങ്ങയുടെ ഈ ധൈര്യത്തെ എത്ര പ്രകീര്‍ത്തിചാലും മതിയാവില്ല. അങ്ങില്ലായിരുന്നുവെങ്കില്‍ ഞങ്ങളുടെ മുത്തശ്ശന്റെ കയ്യില്‍ നിന്നും നഷ്ട്ടപെട്ട ഈ വാള്‍ തിരിച്ചു കിട്ടില്ലായിരുന്നു. ”

” വാളോ….? മുത്തശ്ശനോ..? യേതു മുത്തശ്ശന്‍ ..? ” മണാകുണാസിംഗിന് ഒന്നും മനസ്സിലായില്ല.

” അതെ, ഇത് ഞങ്ങളുടെ കുടുംബ സ്വത്താണ് . ഇത് തിരിച്ചു കിട്ടിയാലേ ഞങ്ങള്‍ക്ക് പുരോഗതിയുണ്ടാകൂ. നദിയുടെ ആഴപരപ്പില്‍ നിന്നും ഈ വാ ള്‍ വീണ്ടെടുത്തു തന്ന അങ്ങ് ഞങ്ങളുടെ ദൈവമാണ്. ” പെട്രോ സിംഗ് അമുല്യമായ ആ വാള്‍ കൈക്കലാക്കി അതിനെ കെട്ടിപിടിച്ചും ഉമ്മവച്ചും നടന്നകന്നു.

മണാകുണാക്ക് ഒന്നും മനസ്സിലായില്ല അദ്ദേഹം വായും പൊളിച്ചു മണ്ടാലുവിനെ നോക്കി

” എല്ലാം ഒരു നിമിത്തമാണെന്ന് കരുതിയാല്‍ മതി. ഒരു കുടുംബത്തിന്റെ ദുഖത്തിനാണ് അങ്ങ് അറുതി വരുത്തിയത്. ഗോഡ് ബ്ലെസ് യു ”

പ്രധാനമന്ത്രി വിഷണ്ണനായി നദിക്കരയില്‍ ഇരുന്നു. മണ്ടാലുവാലിയ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.

”ഈ നദി ഇവിടെ ഉള്ള കാലത്തോളം നമുക്ക് കഷ്ട്ടപാടുണ്ടാവില്ല അങ്ങ് വീണ്ടും നദിയില്‍ മുങ്ങണം ജലദേവത കനിയാതിരിക്കില്ല ”

മണാകുണാസിംഗിന്റെ ഉള്ളില്‍ പ്രതീക്ഷ തളിരിടാന്‍ തുടങ്ങി . ഇത്തവണ പരപ്രേരണ കുടാതെ അദ്ദേഹം നദിയിലേക്ക് എടുത്തു ചാടി.

അടിത്തട്ടില്‍ എത്തി അദ്ദേഹം മനമുരുകി പ്രാര്‍ത്ഥിച്ചു ജലദേവത കൈയ്യില്‍ ഒരു സ്വര്‍ണ്ണ വാളുമായി പ്രത്യക്ഷപ്പെട്ടു .

” ഭക്ത .. നിന്നെ ആരെല്ലാമോ ചേര്‍ന്ന് പറ്റിക്കുന്നുണ്ടല്ലോ . സാരമില്ല ഈ സ്വര്‍ണ്ണവാളു കൊട്ടാരത്തില്‍ സുക്ഷിച്ചാല്‍ നിന്റെ നഷ്ട്ടപെട്ട പ്രതാപം വീണ്ടു കിട്ടും”

വളരെ നിര്‍വികാരനായി ഇരു കൈയും നീട്ടി വാളു സ്വീകരിച്ചു ജലദേവതക്ക് മുന്നില്‍ കുനിഞ്ഞു നിന്നു . താന്‍ ആവശ്യപ്പെടാതെ ആരെങ്കിലും എന്തെങ്കിലും ചെയ്‌താല്‍ ദേവതക്കു അതിഷ്ട്ടപ്പെട്ടില്ല . കലിമുത്ത ദേവത ആഞ്ഞൊരു ചവിട്ടു കൊടുത്തു. എന്താണ് സംഭവിച്ചതെന്നു മനസ്സിലാകും മുന്‍പ് അദ്ദേഹം ആകാശത്തെത്തി തിരിച്ചു ഭുമിയിലെക്കുള്ള യാത്ര തുടങ്ങിയിരുന്നു.

ഭാഗ്യത്തിന് വലിയ പരിക്കുകളൊന്നും പറ്റിയില്ല.

സംഭവിച്ചതെല്ലാം മണ്ടാലുവിനോട് വിവരിക്കുന്നതിനിടക്ക് ഡീസല്‍ മിത്ര അവിടെയെത്തി.

മണാകുണാസിംഗിനെ വാനോളം പുകഴ്ത്തുന്നതിനിടയില്‍ പെട്രോസിങ്ങിനെ പോലെ പാരമ്പര്യം അവകാശപ്പെട്ടു ആ സ്വര്‍ണ്ണ വാള്‍ കൈക്കലാക്കി ഡീസല്‍ മിത്ര യാത്രയായി.

സംഭവിക്കുന്നതോന്നും മനസ്സിലാകാതെ മണാകുണാസിങ്ങ് വായും പിളര്ന്നിരിക്കുമ്പോള്‍ നാല് പേര്‍ വിജയശ്രീലാളിതരായി ഉള്ളില്‍ പൊട്ടി ചിരിക്കുകയായിരുന്നു.

ആരെല്ലാമായിരുന്നു ആ നാല് പേര്‍……. മക്കള്‍ക്കറിയാമോ …? കുട്ടികളെ നോക്കി മുത്തശ്ശി ചോദിച്ചു .

കുട്ടികള്‍ ഒരേ സ്വരത്തില്‍ ഉത്തരം പറഞ്ഞു .

”അറിയാം …ഒന്ന് പെട്രോസിംഗ് , രണ്ടു ഡീസല്‍ മിത്ര , മുന്ന് മണ്ടാലുവാലിയ….. നാല്… നാല്.. നാലാമത് ആരാണ് മുത്തശ്ശി…?”

മുത്തശ്ശി ചിരിച്ചു. ”ഹി ഹി ഹി ..നാലാമത് ആ ജലദേവത… അല്ല … ജലദേവതയുടെ വേഷം കെട്ടിയവള്‍ ..അല്ലാതാരാ..ഹി ..ഹി ഹി..”

”എന്നിട്ട് പ്രധാനമന്ത്രി ഇവരോട് പകരം വീട്ടിയോ മുത്തശ്ശി..? ”

” പകരം വീട്ടാനോ..? അതിനു പകരം മണ്ടാലുവിന്റെ വാക്ക് കേട്ട് വീണ്ടും നദിയിലേക്ക് എടുത്തു ചാടുകയാണ് ചെയ്തത്. പക്ഷെ ഇത്തവണ ഒറ്റക്കല്ല പോയത് മണ്ടാലുവിനെയും കൂട്ടിയിരുന്നു.”

അവര്‍ രണ്ടു പേരും നദിയിലേക്ക് എടുത്തുചാടി. അവര്‍ മുങ്ങും തോറും നദിയിലെ വള്ളം വറ്റികൊണ്ടിരുന്നു. അവസാനം നദിയുടെ തറനിരപ്പില്‍ അവര്‍ നിന്നു . ഒരു തുള്ളി വെള്ളമില്ല . ചുറ്റും നോക്കി . ദുരെ ഒരാര്‍പ്പുവിളി . രാജ്യത്ത് പടര്‍ന്നു പിടിച്ച അരാജകത്വത്തില്‍ പൊരുതി മുട്ടിയ ജനത തുരുമ്പെടുത്ത വാളുകളുമായി അവര്‍ക്ക് നേരെ പാഞ്ഞടുത്തു . പേടിച്ചരണ്ട രണ്ടു പേരും അംഗരക്ഷകരെ വിളിച്ചു നോക്കി. തങ്ങള്‍ സഹായിച്ചവരെയെല്ലാം വിളിച്ചു നോക്കി ആരുമുണ്ടായില്ല അവരുടെ രക്ഷക്ക്. ഒരു രാജ്യത്തെ ജനങ്ങള്‍ ഒറ്റകെട്ടായി അണി നിരന്നാല്‍ ഒരു സൈന്യത്തിനും തങ്ങളെ രക്ഷിക്കാന്‍ കഴിയില്ലെന്ന് ആ മണ്ടന്മാര്‍ ഓര്‍ത്തില്ല.

അതുകൊണ്ട് മക്കളെ നിങ്ങള്‍ വളര്‍ന്നു നല്ല ഭരണധികാരികളൊക്കെ ആവണം . ജനങള്‍ക്ക് വേണ്ടി അവരുടെ ക്ഷേമത്തിനായി ഭരിക്കണം . .

മുത്തശ്ശി കഥ പറഞ്ഞു നിര്‍ത്തി. ഐപാട് ഓഫ്‌ ചെയ്തു ടാബിളില്‍ വച്ച് ഒരു ചുയിംഗം എടുത്തു വായിലേക്കിട്ടു ചവച്ചരച്ചു.

 

കുറിപ്പ് – ഈ കഥയും ഇതിലെ  കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികമാണ്‌. .