‘റോമന്‍സ്’ റിവ്യൂ: ഇനിയും വേണമോ ഈ ആള്‍മാറാട്ടക്കളി ?

‘ജനപ്രിയന്‍’ എന്ന തരക്കേടില്ലാത്ത ചിത്രത്തിനു ശേഷം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘റോമന്‍സ്’.ബിജു മേനോനും കുഞ്ചാക്കോ ബോബനും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വൈ.വി.രാജെഷിന്‍റെതാണ് കഥയും തിരക്കഥയും.
ഒറ്റനോട്ടത്തില്‍…
അന്യഭാഷാ ചിത്രങ്ങളുടെ കഥയും തിരക്കഥയും അതേ പടി മലയാളത്തില്‍ പകര്‍ത്തി എഴുതി കയ്യക്ഷരം മെച്ചപ്പെടുത്തുന്ന പ്രമുഖ തിരക്കഥാകൃത്ത് പകര്‍ത്തി എഴുത്തകാരന്‍ ആയ വൈ.വി രാജേഷ് എന്ന പ്രതിഭയില്‍ നിന്നും ഇതിനേക്കാള്‍ മികച്ചൊരു സൃഷ്ടി പ്രതീക്ഷിക്കുന്നത് തന്നെ മണ്ടത്തരം ആണ്.ഇതൊരു കോപ്പി അടി ആണോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് പറയേണ്ടി വരും,പ്രത്യേകിച്ച് സിനിമ അന്തരീക്ഷത്തില്‍ നിന്നും സൃഷ്ടിക്കാന്‍ കഴിയില്ല എന്ന് താടി ഉള്ളതും ഇല്ലാത്തതും ആയ പല സംവിധായകരും ഊന്നി ഊന്നി പറയുന്ന ഈ സാഹചര്യത്തില്‍.മറിച്ച് ഈ ചിത്രം ഒരു മടങ്ങിപോക്കാണ്, ഹിറ്റുകളുടെ ആ 90-കളിലേയ്ക്ക്.ഒന്ന് കൂടി വിശദീകരിച്ചാല്‍ പ്രിയദര്‍ശന്‍ ഒരിക്കല്‍ ഉപയോഗിച്ചതും ഇപ്പോള്‍ ഉപയോഗിച്ചു പരാജയപ്പെടുന്നതും ആയ ആ പഴയ ആള്‍ മാറാട്ടം – മോഷണം – തമാശ(?) അച്ചില്‍ വാര്‍ത്ത മറ്റൊരു ചിത്രം.
കഥ ആവശ്യപ്പെടുന്നത് രണ്ടു കള്ളന്മാരെ ആണ്.അതാ രണ്ടു കള്ളന്മാര്‍ -ഷിബുവും ആകാശും-പതിവ് പോലെ ഒരാള്‍ തനി ഫ്രോടും (അതായത് പണം തന്നെ മുഖ്യം എന്ന ചിന്താഗതിക്കാരന്‍) മറ്റേ ആള്‍ ശുദ്ധനും മനസ്സില്‍ നന്മയുള്ളവനും സാഹചര്യം കള്ളന്‍ ആക്കിയവനും ആയിരിക്കും (അതാണല്ലോ അതിന്റെ ഒരു ഇത്.).ഇനി അവരെ കൊണ്ട് ആള്‍മാറാട്ടം എന്ന കൃത്യം നടത്തണം.അതിനു കേരളത്തിന്റെയും തമിഴ് നാട്ടിന്‍റെയും ഭൂപടത്തില്‍ പോലും ഇല്ലാത്ത ഒരു മലയോര ഗ്രാമവും നന്മ വാരി ചൊരിയുന്ന നിഷ്കളങ്കര്‍ ആയ നാടുകാരെയും കഥാകൃത്ത് സൃഷ്ടിച്ചു.ഒപ്പം പൂട്ടി കിടക്കുന്ന ഒരു പള്ളിയും.ആ നിഷ്കളങ്കര്‍ ആയ നാടുകാര്‍ അവരെ പള്ളിയിലെ വികാരികള്‍ ആയി തെറ്റിദ്ധരിക്കുന്നു .(ഈ നാടുകാരുടെ ഒക്കെ ഒരു കാര്യം!).കൂടാതെ ഇത് പോലുള്ള കഥകളില്‍ ഒഴിച്ചു കൂടാന്‍ ആകാത്തത് ആയ നായകന്‍റെ ഫ്ലാഷ് ബാക്ക്, എത്ര വലിയ കള്ളനും കുറ്റവാളിയും ആയാല്‍ പോലും നായകനെ സ്നേഹിക്കാന്‍ തയ്യാറാകുന്ന നായിക (വീണ്ടും നന്മ), വഴിയിലൂടെ നടന്നു പോകുന്ന ഒരു കഥാപാത്രത്തെ വില്ലനാക്കല്‍ തുടങ്ങിയ കലാപരിപാടികളും ഇതിലുണ്ട്.
ചിന്തകള്‍…
ഒരു പക്ഷെ ഇതിലും പരിതാപകരം ആയ ‘ജനപ്രിയ’ന്‍റെ തിരക്കഥ കൈകാര്യം ചെയ്ത ബോബന്‍ സാമുവലിനു ഈ ചിത്രം ഒരിക്കലും ഒരു വെല്ലുവിളി ആയിരിക്കില്ല.അത് കൊണ്ട് തന്നെ ഒരു കള്‍ട്ട് സ്റ്റാറ്റസ് നേടാന്‍ ‘യോഗ്യതയുള്ള’ ഈ ചിത്രത്തെ ഒരു അവെറെജ് എങ്കിലും ആക്കി മാറ്റാന്‍ അദ്ദേഹത്തിനായി. കോമിക്ക് കഥകളുടെ യുക്തിയേ മിക്ക കഥാസന്ദര്‍ഭങ്ങള്‍ക്കുമുള്ളൂ എന്നത് വൈ.വി രാജേഷിന്‍റെ സൃഷ്ടി എന്ന ലേബല്‍ ഉള്ളപ്പോള്‍ എടുത്തു പറയേണ്ട കാര്യമില്ല. എങ്കിലും അദ്ദേഹത്തിന്‍റെ നര്‍മ്മബോധം മുന്‍ചിത്രങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടു എന്ന് എടുത്തു പറയേണ്ടി ഇരിക്കുന്നു (ത്രീ കിങ്ങ്സ് ഓര്‍ത്ത് നോക്കൂ).
മലയാളത്തില്‍ ഗോപി സുന്ദര്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രഗല്‍ഭനായ യുവ പശ്ചാത്തല സംഗീത സംവിധായകന്‍ ആണ് ബിജിബാല്‍. പക്ഷെ ഈ ചിത്രം അദ്ദേഹത്തിന്‍റെ മോശം വര്‍ക്കുകളുടെ കൂട്ടത്തില്‍ മാത്രം സ്ഥാനം അര്‍ഹിക്കുന്നു.കേട്ട് മടുത്ത പശ്ചാത്തല സംഗീതം പോലെ തന്നെ ആണ് കണ്ടു മടുത്ത ഫ്രെയ്മുകളുടെ കാര്യവും.പള്ളിയും ഗ്രാമവും ഒക്കെ തിരക്കഥയില്‍ ഉണ്ടായിട്ടും ദൃശ്യങ്ങള്‍ക്ക് ഒട്ടും മേന്മ അവകാശപ്പെടാന്‍ കഴിയില്ല.അത് പോലെ ക്ലൈമാക്സിന് തൊട്ടു മുന്പ് കാണിക്കുന്ന സീനുകളും പകുതി മുറിഞ്ഞു പോയത് പോലെ തോന്നി.
കുഞ്ചാക്കോ ബോബന്‍- ബിജു മേനോന്‍ എന്നീ നടന്മാരുടെ കെമിസ്ട്രി വര്‍ക്ക് ഔട്ട് ആയി എന്നത് തന്നെ ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ മേന്മ.മലയാളികളെ വെറുപ്പിക്കാന്‍ ആയി സനുഷയ്ക്ക് ശേഷം മറ്റൊരു ബാല നടി കൂടി നായിക ആകുന്നു – നിവേദിത തോമസ്.ഏതായാലും കൂടുതല്‍ കാലം ഈ ‘അഭിനയക മികവു’ അനുഭവിക്കാനുള്ള പാപം ഒന്നും പ്രേക്ഷകര്‍ ചെയ്തിട്ടില്ല എന്ന് വിശ്വസിക്കുന്നു
Rating : 4.5/10
Verdict : ഞാന്‍ ആദ്യം സൂചിപ്പിച്ച ആ പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ ഇനിയും മടുത്തിട്ടില്ല എങ്കില്‍ ഈ ചിത്രം നിങ്ങള്‍ക്ക് ഇഷ്ടമായേക്കാം. ഒരു എന്റര്‍ടെയിനര്‍ എന്ന് വിളിച്ചാല്‍ രണ്ടര മണിക്കൂര്‍ സഹിക്കാവുന്ന ചിത്രം. പക്ഷെ ചിത്രം കാണുന്നതിനു മുന്പ് യുക്തി വഴിയില്‍ ഉപേക്ഷിക്കാന്‍ മറക്കരുത്!