ഒരാളെ അണ്‍ ഫ്രണ്ട് ചെയ്യാമോ?
സോഷ്യല്‍ മീഡിയ പലര്‍ക്കും ഒരു തമാശയാണ്. വെറുതെ തമാശകള്‍ പറയാം, അല്പം സാഹിത്യം വിളമ്പാം, ധാര്‍മ്മിക രോഷം കത്തിച്ച് പിടിക്കാം, അനീതിക്കെതിരെ പോരാടാം പിന്നെ കണ്ണില്‍ കാണുന്ന ലിങ്കുകള്‍ ഷെയര്‍ ചെയ്ത് വിജ്ഞാനം വിതരണം ചെയ്യാം. അങ്ങിനെ പലതും ചെയ്യാം. അതിനിടെ നമ്മുടെ ഫ്രണ്ട് ലിസ്റ്റിലെ കണ്ണിലെ കരടുകള്‍ ആയി തോന്നുന്നവരെ അണ്‍ ഫ്രണ്ട് അടിച്ച് തലയൂരുകയും ചെയ്യാം. “സോഷ്യല്‍ മീഡിയ അല്ലേ..യഥാര്‍ത്ഥ ജീവിതം അല്ലല്ലോ. അതിനാല്‍ കുഴപ്പമൊന്നും വരാന്‍ പോകുന്നില്ല.” ഇതായിരിക്കും പലരും മനസ്സില്‍ കരുതുക. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു? ഇത് ശരിയാണോ?
അല്ല എന്ന് തന്നെയാണ് ഈയിടെ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ ഒരാളെ അണ്‍ ഫ്രണ്ട് ചെയ്തു എന്നുണ്ടെങ്കില്‍ ആ വ്യക്തി, ജീവിതത്തില്‍ ഒരിക്കലും നമ്മളെ വീണ്ടും കാണുവാന്‍ ആഗ്രഹിച്ചു എന്നു വരില്ല.
ഇന്നത്തെ ജീവിതത്തില്‍ ആളുകള്‍ വളരെ നേരം തങ്ങളുടെ സമയം സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുന്നുണ്ട്. നമ്മുടെ മുഖത്തോട് മുഖമുള്ള കമ്മ്യൂണിക്കേഷനുകള്‍ ഇന്ന് പതിയെ സോഷ്യല്‍ മീഡിയകള്‍ക്ക് വഴി മാറിക്കൊണ്ടിരിക്കുന്നു. സോഷ്യല്‍ മീഡിയകളില്‍ മനുഷ്യന്റെ ബന്ധങ്ങള്‍ക്ക് ഉള്ള നിയമങ്ങള്‍ നേരിട്ടു കാണുമ്പോള്‍ ഉള്ള ബന്ധങ്ങളുടെ നിയമങ്ങളില്‍ നിന്നും വ്യത്യസ്തങ്ങള്‍ ആയിരിക്കും എന്നാണ് മനസ്സിലാക്കപ്പെട്ടിരിക്കുന്നത്. മനുഷ്യര്‍ തമ്മില്‍ ഇന്ന് നേരിട്ട് കണ്ട് സംസാരിക്കുകയും മറ്റും ചെയ്യുന്നത് ഇക്കാലത്ത് വളരെ ചിലവ് വരുന്ന ഒരു കാര്യം ആയി മാറിയിരിക്കുന്നു. ആളുകള്‍ക്ക് സമയക്കുറവ് ഒരു വലിയ പ്രശ്നം തന്നെയാണ്. ഓണ്‍ലൈന്‍ ബന്ധങ്ങള്‍ ആകര്‍ഷകം ആവുന്നതും ഇതുകൊണ്ടുതന്നെയാണ്. വന്‍ കരകള്‍ തമ്മിലുള്ള അകലങ്ങള്‍ പോലും നമുക്കിന്നൊരു പ്രശ്നമേ അല്ല.
യഥാര്‍ത്ഥ ജീവിതത്തില്‍ രണ്ടു മനുഷ്യര്‍ തമ്മിലുള്ള ബന്ധം അവസാനിക്കുന്നത് പതിയെ ആയിരിക്കുമെങ്കില്‍, ഓണ്‍ ലൈനില്‍ അത് ചിലപ്പോള്‍ ഒറ്റ ദിവസം കൊണ്ട് അവസാനിക്കുന്നതാണ് നമ്മള്‍ സാധാരണയായി കണ്ടു വരുന്നത്. രണ്ടു പേര് തമ്മില്‍ വഴക്ക് കൂടി, ഒറ്റ ദിവസം കൊണ്ട് തന്നെ ശത്രുക്കള്‍ ആയി മാറുന്നത് നമ്മള്‍ ഒരുപാട് കണ്ടു കഴിഞ്ഞ ഒരു കാര്യം തന്നെയാണ്.
ഇങ്ങിനെ ഓണ്‍ലൈനില്‍ അവസാനിക്കുന്ന ബന്ധങ്ങള്‍ക്ക് യഥാര്‍ത്ഥ ജീവിതത്തിലും ദോഷഫലങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കും. ഇരുകൂട്ടരും മാനസിക പ്രതിസന്ധികളില്‍ ചെന്നകപ്പെടാം എന്നത് ഒരു പ്രധാന ദൂഷ്യഫലം തന്നെയാണ്. ഒരാളെ നമ്മള്‍ അണ്‍ ഫ്രണ്ട് ചെയ്യുമ്പോള്‍ അധികമായി നമ്മള്‍ ഒന്നും തന്നെ ചിന്തിച്ചു എന്ന് വരില്ല. നമ്മള്‍ പ്രതീക്ഷിക്കാത്ത പലതും ആ പ്രവൃത്തി മൂലം ഉണ്ടാവാം എന്ന കാര്യം ഒരു പ്രാവശ്യമെങ്കിലും ഓര്‍ക്കുന്നത് നന്നായിരിക്കും.
