Added on February 20, 2013 Jikku Varghese എല്ലാ സമരങ്ങളും ‘വിജയമാണ്’

Written by Jikku Varghese Jacob
“ഒരിടത്തൊരു രാജ്യമുണ്ടായിരുന്നു, ഭരണാധികാരികളുടെ ജനദ്രോഹപരമായ നടപടികള്‍, ആ രാജ്യത്തെ തൊഴിലാളികള്‍ക്ക് സര്‍ക്കാരിനോട് വല്ലാത്ത വെറുപ്പുണ്ടാക്കി. സത്യസന്ധമായ പ്രവര്‍ത്തന ശൈലിയിലൂടെ മുന്നേറിയിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഭരണാധികാരികളുടെ കോടിക്കണക്കിനു രൂപയുടെ അഴിമതി കഥകള്‍ ഓക്കാനം ഉളവാക്കിക്കൊണ്ടിരുന്നു. ഒടുവില്‍ ഒരു ഗതിയുമില്ലാതെ തൊഴിലാളികള്‍ എല്ലാവരും ഒത്തൊരുമിച്ചു രണ്ടു ദിവസത്തേക്ക് രാജ്യമൊട്ടാകെ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഭരണാധികാരികള്‍ കരഞ്ഞു പറഞ്ഞു “വേണ്ടാ,വേണ്ടാ ഞങ്ങള്‍നന്നായി ക്കോളാമെന്നു” . സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും പുറപ്പെടുന്ന ദിവസേനെയുള്ള സൈറന്റെ ശബ്ദം പോലെ മാത്രമേ അവര്‍ക്ക് ഈ മറുപടി അനുഭവപ്പെട്ടുള്ളൂ. സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കുന്നതിനായി അവര്‍ രാജ്യമാകെ രണ്ടു ദിവസത്തേക്ക് സ്തംഭിപ്പിക്കാന്‍ തീരുമാനിച്ചു. രാജ്യത്തെ ജനങ്ങളോട് സമരം വിജയിപ്പിക്കാന്‍ അവര്‍ കരഞ്ഞു പറഞ്ഞു. ജനങ്ങള്‍ പണ്ടേ അനുസരണ ഇല്ലാത്തവരായതിനാല്‍, അനുസരണ എന്തെന്ന് മനസിലാക്കി അവരെ നല്ല പൌരന്മാരാക്കി രൂപപ്പെടുത്തിയെടുക്കാനും സമരാനുകൂലികള്‍ അവരെ കൊണ്ടാവുന്നത് പോലെ പരിശ്രമിച്ചു. പ്രസവ സമയം അടുത്ത സ്ത്രീകള്‍,അവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ തുനിഞ്ഞ ഭര്‍ത്താക്കന്മാരോട് “വേണ്ട,രണ്ടു ദിവസം കൂടി കഴിയട്ടെ” എന്ന് പറഞ്ഞുകൊണ്ട് സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. വേറെ രക്ഷയില്ലാതെ വന്ന മറ്റു സ്ത്രീകള്‍ സ്വന്തം വീട്ടിലും, ആശുപത്രികളിലേക്ക് ‘വൈകികിട്ടിയ വാഹനങ്ങളി’ലുമായി പ്രസവിച്ചു. ഭരണാധികാരികളോടുള്ള സകല ദേഷ്യവും അവര്‍ പ്രസവ വേദനയില്‍ കടിച്ചമര്‍ത്തി. പുറത്തു വന്ന കുഞ്ഞുങ്ങള്‍ മുലപ്പാല്‍ കുടിക്കാന്‍ പോലും കൂട്ടാക്കിയില്ല. സ്വന്തം അവകാശങ്ങള്‍ക്കായി പടപൊരുതുന്ന തൊഴിലാളികള്‍ക്കായി അവരും രണ്ടു ദിവസം മാറ്റിവെച്ചു – ” ഇവിടെ സാധാരണ ജനങ്ങള്‍ ഒരു നേരത്തെ ഭക്ഷണത്തിനായി കേഴുംപോളാണ് അമ്മയുടെ ഒരു ലാക്റ്റൊജെനും,കുപ്പിപ്പാലും…..രണ്ടു ദിവസം പാല് കുടിച്ചില്ലെങ്കില്‍ എന്താ ചത്തുപോകുമോ?”. ഭാവിയില്‍ പണിമുടക്ക് വാരാഘോഷത്തിന്റെ തലേന്ന് ബിവറെജിലെ അസഹ്യമായ തിക്കിലും തിരക്കിലും പെട്ട് മകന്‍ മരിച്ചുപോകുമോ എന്ന് പോലും അവന്റെ അമ്മ ആശങ്കപ്പെട്ടു. ബന്ദുകള്‍ മൂലം ജനങ്ങളുടെ അവകാശങ്ങളാണ് നിഷേധിക്കപ്പെടുതെന്നു വാദിച്ച മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പോലും ഇത്തവണ ഒന്നും മിണ്ടിയില്ല. സമരത്തിന്റെ ആദ്യ ദിവസം കഴിയാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കുമ്പോള്‍ ഭരണാധികാരികളും ഒരു വട്ടം ചിന്തിച്ചു- ‘ഇതിങ്ങനെ തുടര്‍ന്നാല്‍ പ്രശ്നമാണ്, തൊഴിലാളി വര്‍ഗം അവരുടെ ആവശ്യങ്ങള്‍ക്കായാണ് പോരാടുന്നതെന്ന് തിരിച്ചറിയാന്‍ നമ്മള്‍ വൈകിപ്പോയി. നോക്കൂ, രാജ്യത്തെ എല്ലാ ജനങ്ങളും ഈ സമരത്തില്‍ പങ്കെടുക്കുന്നു….വിജയിപ്പിക്കുന്നു..ഇനി തീരുമാനം വൈകിക്കൂടാ, ഭരണ വൃന്ദത്തിലുള്ളവര്‍ക്കെല്ലാം ഉത്തമ രാജ്യത്തിനായി സ്വപ്നം കാണാന്‍ എത്രയും വേഗം ഉത്തരവ് കൊടുക്കണം”. ഫ്ലാറ്റുകളില്‍ ബന്ദ് ആഘോഷിച്ചു പാമ്പായി കിടക്കുന്ന ഉദ്യോഗസ്ഥരുടെ കൂര്‍ക്കം വലി കേള്‍ക്കാതെ സര്‍ക്കാര്‍ സമരക്കാരുടെ കാലു പിടിച്ചു പറഞ്ഞു.
‘ദയവായി നിര്‍ത്തൂ,ഞങ്ങള്‍ നന്നായി’.
ഡിം!!!
‘പണിമുടക്ക് പിന്‍വലിച്ചു’
മേല്പറഞ്ഞ പണിമുടക്കോട് കൂടി ഇന്ത്യയിലെ സകലമാന പ്രശ്നങ്ങള്‍ക്കും അങ്ങനെയൊരു പരിഹാരമായി. എല്ലാം കൃത്യമായി,സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഉപയോഗശൂന്യമായതിനാല്‍ ‘അഴിമതി’, ‘സമരം’ എന്നീ വാക്കുകള്‍ പോലും നിഘണ്ടുവില്‍ നിന്നും എടുത്തു കളയണമെന്ന് ഭാഷാ ശാസ്ത്രഞ്ജര്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.’വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു….” എന്ന് തുടങ്ങുന്ന ബാനറുകള്‍ എഴുതിയിരുന്നവര്‍ പട്ടിണിയിലായി. ജോലിത്തിരക്കിനിടെ ‘വെള്ളമടിക്കാന്‍’ ഒരിടവേള പോലും കിട്ടാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ അസ്വസ്ഥരായി. 2 ജി, 3 ജി തുടങ്ങിയ വാക്കുകളുടെ ‘സ്ഥിരം അച്ചുകള്‍’ ദിനപത്രങ്ങളുടെ പ്രസ്സിന്റെ സമീപത്തുള്ള പുറമ്പോക്കില്‍ മാലിന്യങ്ങളായി മാറി. കോളജ് വിദ്യാര്‍ഥികള്‍ക്ക് അവധികള്‍ കിട്ടാതെയായി…”
ഇല്ലാ…അത് സംഭവിച്ചുകൂടാ..ബന്ദില്ലാക്കാലം എനിക്ക് വേണ്ട…..നാട് അങ്ങനിപ്പോ നന്നാകേണ്ട..ഞാന്‍ വിജയിപ്പിക്കാം ബന്ദുകള്‍,തിരിച്ചു തരൂ എന്റെ ബന്ദുകള്‍..ബന്ദില്ലാതെ എനിക്കെന്താഘോഷം…ഞാന്‍ അലറി..
ഉറക്കത്തില്‍ നിന്നെഴുന്നെറ്റപ്പോള്‍ അമ്മ സമീപത്തു വന്നു പറഞ്ഞു ” നീ സ്വപ്നം കണ്ടോ? പേടിക്കേണ്ട സ്വപ്നമല്ലേ.. കണ്ടതൊന്നും ഒരിക്കലും സംഭവിക്കില്ലടാ ..”
വീണ്ടും ഡിം!!!
വരാന്തയില്‍ കിടന്ന പത്രത്തില്‍ 2 ജി സ്പ്ക്ട്രവും 3 ജി സ്പെക്ട്രവും അടുത്ത ആഴ്ച മുതല്‍ ’4 ജി സ്പെക്ട്രം പംക്തി’ കൂടി ആരംഭിക്കാനുള്ള പത്രാധിപരുടെ കുറിപ്പും കണ്ടു,ഒപ്പം താഴെ ‘പണിമുടക്ക് മൂലം സര്‍വ്വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചു’ എന്ന കിടിലന്‍ കോളവും..
“മൊതലാളി ചങ്ക് ചക ചക…ഭാഗ്യം..ഇന്ത്യ ഇതുവരെ നന്നായിട്ടില്ല..രാത്രി വെറുതെ പേടിച്ചു.”
ടി വി ഓണ്‍ ആക്കിയപ്പോള്‍ സമരാനുകൂലികള്‍ ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു ” അത്യധികം ജനപിന്തുണയുള്ള ഒരു സമരമാണിത്,നോക്കൂ ആരും വാഹങ്ങള്‍ പുറത്തിറക്കുന്നില്ല..ജോലിക്ക് പോകുന്നില്ല..’പരീക്ഷക്ക്’പോകുന്നില്ല..എല്ലാവരും ഒരേ മനസ്സോടെ സമരത്തില്‍ പങ്കെടുക്കുന്നു”
പ്രത്യേകിച്ച് പണിയൊന്നുമില്ലാതതുകൊണ്ട്, പല്ല് തേക്കാതെ ടി വി സ്ക്രീനില്‍ നോക്കി ഞാനുമൊന്നു പുഞ്ചിരിച്ചു…
എല്ലാ സമരങ്ങളും ‘വിജയമാണ്’.