ജെയിംസ് ബ്രൈറ്റ്

കുഴൂര്‍ വിത്സണ്‍;തടാകത്തില്‍ പ്രതിഫലിക്കുന്ന ഈന്തപ്പനയുടെ നിഴല്‍

Decrease Font Size Increase Font Size Text Size Print This Page

001

1.എത്ര നാളായി കവിത എഴുതുന്നു? ആദ്യമായി ശ്രദ്ധിക്കപ്പെട്ട കവിത?

പ്രായം മുപ്പത്തിനാലാകുന്നു . അമ്മയുടെ ഓര്‍മ്മ പ്രകാരം ചിങ്ങത്തിലാണ്  ഞാനുണ്ടായത്. ഇത് എനിക്ക് പിറന്നാള്‍ കാലം കൂടിയാണ് . കഴിഞ്ഞ ഇരുപതു  വര്‍ഷമായി കവിത എന്റെ കൂടെയുണ്ട്. അല്ലെങ്കില്‍ ഞാന്‍ കവിതയുടെ കൂടെ. ഇതിനിടയില്‍ കവിതയുമായി കുറെ കൂടിയാടി.  കവിതയുടെ കൂടെ കെട്ടിമറിഞ്ഞു. അതിന്റെ കൂടെ ചിരിച്ചു. കരച്ചിലായിരുന്നു കൂ‍ടുതലെന്ന് വിഷ്ണുമാഷെ പോലെയുള്ളവര്‍. ഇടയ്ക്ക് പിണങ്ങി. അടിച്ച് പിരിഞ്ഞു. പിന്നെയും പിന്നാലെ കൂടി. ചിലപ്പോള്‍ കെഞ്ചി. ഒരു ദാക്ഷണ്യവും കൂടാതെ അടിച്ച് പുറത്താക്കി. ഒരിക്കല്‍ കൂടി വരണേയെന്ന് പ്രാര്‍ത്ഥിച്ചു.അതിന്റെ കൂടെ മരിച്ചു. ജനിച്ചു. ചിലപ്പോള്‍ മരം പോലെ നിന്നു.

 കടല്‍ കടന്നപ്പോള്‍ കവിതയ്ക്ക് പാസ്പോര്‍ട്ട് എടുത്തില്ല. കവിതയല്ലെ. ആരാ മോന്‍. കുറെ കഴിഞ്ഞപ്പോഴുണ്ട് ദാ കൂടെ. ഏയ് ഞങ്ങള്‍ക്ക് പിരിയാനാകില്ല. എങ്കിലും 6 വര്‍ഷം മുന്‍പ് കുഴൂരും കൊച്ചിയും വിട്ട് ഷാര്‍ജയില്‍ എത്തിയപ്പോള്‍ കണ്ടില്ലെന്ന് നടിച്ചു. മുന്‍പ് സ്നേഹിച്ചിരുന്ന പെണ്‍കുട്ടിയെ വലിയ കാശുകാരനും സുന്ദരനുമായ ആളുടെ കൂടെ കാണുമ്പോള്‍ ഒരിതുണ്ടാകില്ലേ. ലത് തന്നെ. അവള്‍ വരുന്ന വഴികളിലൊന്നും പോയില്ല. ആദ്യത്തെ ഒരു വര്‍ഷം കലാകൌമുദി, മലയാളം, മാത്യഭൂമി തുടങ്ങിയവയൊന്നും കൈ കൊണ്ട് തൊട്ടില്ല. എന്തോ വിഷമം തോന്നിയതുമില്ല. പിന്നെ ഒരു വര്‍ഷം കൂടി ആ ഒളിച്ച് കളി തുടര്‍ന്നു. . പിന്നെയും ഞങ്ങള്‍ ഭയങ്കര കൂട്ടായത് കൂടിയല്ലേ ഈ വര്‍ത്തമാനത്തിന് കാരണം. അതിന് ഈ വര്‍ത്തമാനവുമായി നല്ല ബന്ധമുണ്ട്. അതിലേക്ക് വഴിയേ വരാം. 

 രണ്ടാമത്തെ ചോദ്യം. അതിന് ഉത്തരമെഴുതണോ എന്നാണ്. എന്റെ കവിതകള്‍ ഏതെങ്കിലും ശ്രദ്ധിക്കപ്പെട്ടുവോ ?
ചില വട്ടുകള്‍ കൊണ്ട് എന്നോട് ഇഷ്ടം തോന്നുന്നവര്‍(വട്ടുള്ളവരെ  ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്) മറ്റുള്ളവരുടെ അടുത്തേക്ക് വിടുമ്പോള്‍ എന്നെയൊന്ന് ശ്രദ്ധിക്കണമെന്ന് പറയാറുണ്ട്. അനിലപ്പനും കൈതമുള്ളുമൊക്കെയാണ്‍ അവര്‍.( കൂട്ടുകാരുടെ അടുത്തേക്ക് വിടുമ്പോള്‍ മന്ത്രം പോലെ ഇത് ചൊല്ലിക്കൊടുക്കുന്ന പ്രധാനിയുടെ പേര്‍ എഴുതുന്നില്ല) കൂടുതല്‍ കള്ളിന്റെ കാര്യത്തിലാണ്. കള്ള് കുടിക്കുമ്പോഴാണ് ഞാന്‍ കൂടുതല്‍ വിത്സനാകുന്നതെന്ന് അവര്‍ക്ക് അറിയാഞ്ഞിട്ടൊന്നുമല്ല. കൂടുതല്‍ വിത്സനാകുന്നത് അവര്‍ക്ക് ഇഷ്ടമാ‍ണോ എന്തോ ?


അയ്യോ മറന്ന് പോയി. ശ്രദ്ധിക്കപ്പെട്ട കവിതകളുടെ കാര്യം. നിന്റെ കവിതകള്‍ ഇഷ്ടമാണെന്ന് കുറെ പേര്‍ പറഞ്ഞിട്ടുണ്ട്. കുറെ നന്നായി പറഞ്ഞത് കൊടുങ്ങല്ലൂരിലെ സുബൈദ ടീച്ചറാണ്‍. വി.കെ.സുബൈദ .കെ.കെ.ടി.എം കോളേജിലെ മലയാളം അധ്യാപികയാണ്. ഇങ്ങനെ കവിത അറിയാവുന്നവരുണ്ടോ എന്ന് ഇപ്പോഴും അത്ഭുതമാണ്. വിത്സണ്‍ പറഞ്ഞിട്ടാണ് കവിതയെക്കുറിച്ചൊക്കെ ധൈര്യത്തില്‍ ആദ്യം എഴുതിയതെന്ന് ടീച്ചര്‍ ഇപ്പോഴും പറയും . പിന്നെ പി.രാമന്റെ പുസ്തകത്തിലൊക്കെ ടീച്ചറുടെ പഠനങ്ങള്‍ കണ്ടപ്പോള്‍ സന്തോഷമായി.
ടീച്ചറുടെ വീട്ടില്‍ കുറെ ചെടികളുണ്ട്. അതിന്‍ പലതാണ്‍ പേരുകള്‍. വൈകുന്നേരം ഭൂമി പറഞ്ഞത് ഒക്കെ എഴുതിയ പി.എ.നാസുമുദ്ദിന്റെ പേര്‍ പോലും ചെടികള്‍ക്കുണ്ട്. എന്റെ പേരുള്ള ചെടിയെവിടെ ടീച്ചറേയെന്ന് എത്ര തവണ പിണങ്ങിയിരിക്കുന്നു. ടീച്ചര്‍ ഒരിക്കല്‍ ഒരു മരത്തിന് എന്റെ പേരിടും എന്ന് വിചാരിക്കുന്നു. കവിതയുടെ ഒരു മരം. മറക്കാനാവത്ത പേര്‍ വിജയന്റേതാണ്. വിജയന്‍ പൊയില്ക്കാവ്. പേര്‍ പോലെയല്ല തോറ്റ് പോയി. മരിച്ച് പോയി. കുറെ മുന്‍പ്. കവിത മൂത്ത്. അവന്‍ എന്റെ കവിത കുറെ കൊണ്ട് നടന്നു. അവിടെയും ഇവിടെയും. കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെ ഒക്കെ ഒരു അടുപ്പക്കാരനായിരുന്നു.
എന്റെ കവിത / അല്ലെങ്കില്‍ ആരുടെയും കവിത ഇത്രയും ബാധിച്ച ഒരാളെ അതിന്‍ മുന്‍പും പിന്പും കണ്ടിട്ടേയില്ല. ജീവിതമല്ലേ. മരണം കൊണ്ട് അത് കഴിയുന്നൊന്നുമില്ലല്ലോ. കൊടുക്കണം. ദാ കണ്ടോടാ. നീ പോയതില്‍ പിന്നെ ഞാന്‍ പിന്നെയും എഴുതിയെടാ എന്ന് പറഞ്ഞ്. അവന് സന്തോഷമാകുമായിരിക്കും. പേരുകള്‍ പറഞ്ഞാല്‍ കുറെയാകും .

നസ്രാണിച്ചെക്കാ നിന്നില്‍ കവിതയുണ്ടെന്ന് ഉമ്മ വച്ച സച്ചിയേട്ടന്‍( സച്ചിദാനന്ദന്‍ പുഴങ്കര), കവിതയിലേക്ക് തട്ടിക്കൊണ്ട് പോവുകയും ആദ്യപുസ്തകം പ്രകാശനം ചെയ്യുകയും ചെയ്ത ചുള്ളിക്കാട്( എന്റെ ഒരു വരി വായിച്ചിട്ടുണ്ടാകില്ല) 20 വര്‍ഷം മുന്‍പ് ഒരു കവിത പോലും അച്ചടിക്കാത്ത സമയത്ത് കുഴൂര്‍ വിത്സന്റെ കവിതാ പുസ്തം ഉണ്ടോ എന്ന് ചോദിച്ച് ഡി.സി ബുക്സിലെ കടക്കാരെ നട്ടം തിരിയിപ്പിച്ച പ്രദീപ്, കവിതയായിരുന്ന ജിനു. ഷൈജോ. തോമസ്. ഇഷ്ടമുള്ളപ്പോള്‍ ഞങ്ങളിറക്കും ഇഷ്ടമുണ്ടേല്‍ വായിച്ചോ. പ്രസിദ്ധീകരണത്തിന്റെ പേര്‍ ഇഷ്ടിക. അതില്‍ വിട്ട് പോയത് എന്ന് കോളമെഴുതിച്ച വിജേഷ് എടക്കുന്നിഎന്റെ രൂപേഷ് പോള്‍. ആദ്യമായി വിദേശത്ത് ചൊല്ക്കാഴ്ച്ചയ്ക്ക് വേദി തന്ന കുട്ടനാട്ടുകാരന്‍ മധുച്ചേട്ടന്. (യു.എ.ഇ വിട്ട് ആദ്യമായി, മസ്ക്കറ്റില്), ബെന്യാമിന്.എപ്പോഴും ശ്രദ്ധിക്കുന്ന അസ്മോ പുത്തന്ച്ചിറ. മിക്കപ്പോഴും എന്റെ കവിതയെ പ്രകോപിപ്പിക്കുന്ന കരിയാട്. എപ്പോഴും കവിയെന്ന് മാത്രം വിളിക്കുന്ന അന്നന്നാട്ടുകാരന്‍ ദേവദാസ്. ഒരിക്കല്‍ മേതില്‍ തടാകത്തില്‍ പ്രതിഫലിക്കുന്ന ഈന്തപ്പനയുടെ നിഴല്‍ എന്ന് എന്റെ കവിതകളെ വിളിച്ചു. അത് എനിക്ക് ഇഷ്ടമായി. ഇല്ല ഈ ലിസ്റ്റ് പൂര്ത്തിയാകില്ല. എഴുതാനുള്ളവയാണ് കൂടുതല് ശ്രദ്ധിക്കപ്പെട്ട കവിതകള്.
ഇ-യിലെ റിഹേഴ്സലിനെക്കുറിച്ച് പലരും പറയും . വിവര്‍ത്തനത്തിന്‍ ഒരു വിഫലശ്രമം കുറെ പേര്‍ പലയിടത്തും ഉപയോഗിക്കുന്ന് കണ്ടിട്ടുണ്ട്. ക്യഷിക്കാരനും . എഴുതിക്കഴിഞ്ഞതിനെപ്പറ്റി എന്ത് പറയാന്. എല്ലാത്തിലും ഞാനുണ്ട് എന്ന് തോന്നുന്നു.
ആ മരം    വേണ്ട പോലെ വായിക്കപ്പെട്ടില്ല എന്ന പരാതിയുണ്ട്. നിരൂപകര്‍ ഇത് വരെ അധികമൊന്നും പറഞ്ഞ് കണ്ടിട്ടില്ല. അല്ലെങ്കിലും നിരൂപകര്ക്ക് വേണ്ടിയല്ലല്ലോ കവിതയുണ്ടാകുന്നത്.

2.ഇന്നു ജീവിച്ചിരിക്കുന്ന കവികളിലാരോടാണ് ഏറ്റവും താത്പര്യം? അതിനെന്തെങ്കിലും കാരണം?
എന്.പ്രഭാകരന്, വിഷ്ണുപ്രസാദ്, ലതീഷ് മോഹന്‍,
രാം മോഹന്‍ പാലിയത്ത്(എറണാകുളത്തിന്റെ ഓര്മ്മയ്ക്ക്) ,
കല്പറ്റ നാരായണന്‍, ശ്രീകുമാര്‍ കരിയാട്, മനോജ് കുറൂര്‍, എന്.ജി.ഉണ്ണിക്യഷ്ണന്‍ , ചിലപ്പോള്‍ കടിക്കാട്…ഒരു കാരണവും ഇല്ലാതെ

3.ജീവിതത്തില്‍ നിന്നുമാണോ കവിത ജനിക്കുന്നത് അതോ ഭാവനയില്‍ നിന്നുമാണോ അതീന്റെ ഉത്ഭവം?


കവിത ജനിക്കുകയും മരിക്കുകയുമല്ല എന്ന് തോന്നുന്നു. അതുണ്ട്. കണ്ടെത്തുക മാത്രമാണ്. ജീവിതത്തില്‍ നിന്നും ഭാവനയില്‍ നിന്നും . എവിടെയാണ്‍ അതില്ലാത്തത് എന്ന് ചോദിച്ചാല്‍ മതിയല്ലോ.
4.മുഖ്യധാരാ കവിതയും ബൂലോക കവിതയും രണ്ടായി തോന്നിയിട്ടുണ്ടോ?
ഇല്ല.
5.ബൂലോക കവിതയുടെ ഭാവിയെപ്പറ്റി എന്താണഭിപ്രായം?
കവി വിഷ്ണുപ്രസാദ് തുടക്കമിട്ട ബൂലോക കവിതയെക്കുറിച്ചാണ് ചോദ്യമെന്ന് കരുതട്ടെ.  വളരെ നല്ല അഭിപ്രായമാണ്. അവിടെ മീന്‍ വില്‍പ്പനക്കാരന്‍, ഇറച്ചിവെട്ടുകാരന്‍, മുക്രിയായ കവി, ശാന്തിയായ കവി, ഗള്‍ഫുകാരന്‍  എന്നൊന്നും വേര്‍തിരിവില്ല. സമാനതകളില്ലാത്ത ഒരു കാവ്യജനാധിപത്യം ഉണ്ടവിടെ. കവിതാ‍മുഹൂര്‍ത്തങ്ങളുടെ നല്ലൊരു ശേഖരവും.
അതിന്റെ ഇത്തവണത്തെ ഓണപ്പതിപ്പ് മലയാള സാഹിത്യത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണ്. പരസ്പ്പരം കാണാത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന കവികള്‍. അവര്‍ ചേര്‍ന്ന് ഒരു ഓണപ്പതിപ്പ് സാധ്യമാക്കുന്നു. കവിത പോലെ അനായാസമായി. അത് വലിയ കാര്യമായി എനിക്ക് തോന്നുന്നു
6.ഒരു നല്ല കവിക്ക് ആവശ്യമായ ഗുണങ്ങള്‍ എന്തൊക്കെയാണ്?
ഇതിന് മറുപടി പറയാന്‍ മാത്രം ആയിട്ടില്ല. എന്റെ കവിതയും ഞാനും
7.ആധുനിക കവിതയ്ക്ക് വൃത്തവും അലങ്കാരവും ഇല്ലെന്നൊരു പരാതി പറഞ്ഞു കേട്ടിട്ടുണ്ട്. അതിനെപ്പറ്റി എന്തു പറയുന്നു?

അങ്ങനെ ആരാണ് പറഞ്ഞത്. ആധുനികതയില്‍പ്പെട്ട മിക്ക കവികളും വൃത്തവും അലങ്കാരവും  നല്ല പിടിയുള്ളവരാണ്. വിനയചന്ദ്രനും, സച്ചിദാനന്ദനും, ചുള്ളിക്കാടും ഒക്കെ. പിന്നെ വന്ന പി.പി.രാമചന്ദ്രനും, റഫീക്ക് അഹമ്മദും, അന് വര്‍ അലിയും ഒക്കെ ഇക്കാര്യത്തില്‍ ഒട്ടും മോശക്കാരല്ല.
പിന്നെ ഈ ചോദ്യങ്ങളും ഉത്തരങ്ങളും മുഴുവന്‍ വ്യത്തത്തില്‍ അവതരിപ്പിക്കാന്‍ കഴിവുള്ള ആളുകള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. അത് കവിതയാകുമോ ?എനിക്ക് ആഭരണങ്ങള്‍ ഇല്ലാത്ത കാതും കഴുത്തുമാണ് കൂടുതല്‍ ഇഷ്ടം.
8.പത്രപ്രവര്‍ത്തനവും കവിതയും എങ്ങിനെ ഒരുമിച്ചുകൊണ്ടു പോകുന്നു?
ഒരെണ്ണം തൊഴിലല്ലേ മാഷെ.  അതിനെ തൊഴിലായി മാത്രമേ കണ്ടിട്ടുള്ളൂ. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന് നിലയിലുള്ള ജീവിതം ഞാന്‍ അധികം ആസ്വദിച്ചിട്ടില്ല. അതിന്റെ ആനുകൂല്യങ്ങള്‍ അധികം പറ്റിയിട്ടുമില്ല. ചെയ്യാന്‍ കഴിയുന്നത് ചെയ്യുന്നു.
9.ടെലിവിഷനില്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍, അതിനുള്ള വിഷയം തിരഞ്ഞെടുക്കുക, സ്ക്രിപ്റ്റെഴുതുക തുടങ്ങിയവ സ്വന്തമായാണോ നിര്‍വഹിക്കുക?
അതെ.
ഭാഗ്യത്തിന്      ഇത്   വരെയും ആരുടെയും നിര്ദ്ദേശപ്രകാരം ടെലിവിഷന്‍ സ്റ്റോറികള്‍ ചെയ്യേണ്ടി വന്നിട്ടില്ല. വിഷയം തെരഞ്ഞെടുക്കുന്നതും സ്ക്രിപ്പ്റ്റ് എഴുതുന്നതും ഞാന്‍ തന്നെയാണ്. ഇവിടെ 6 വര്ഷമായി ഏഷ്യാനെറ്റ് റേഡിയോയില്‍ വാര്ത്ത വായിക്കുന്നു. അത് ഡ്യൂട്ടി കൂടിയാണ്. എല്ലാം വായിക്കേണ്ടി വരും . കൂട്ടുകാര്‍ മരിച്ചത് ഉള്‍പ്പടെ. ടെലിവിഷനില്‍ അങ്ങനെയല്ല. കവിതയിലേത് പോലെ .ഇഷ്ടമുള്ളതേ ചെയ്യൂ. അക്കാര്യത്തില്‍ ഞാന്‍ സത്യന്‍ അന്തിക്കാടാണ്.
10. കവിതകള്‍ പരിഭാഷപ്പെടുത്താറുണ്ടല്ലോ. മറ്റു ഭാഷാ കവികളില്‍ ഏറ്റവും ഇഷ്ടം ആരുടെ കവിതകളോടാണ്?
വിരലില്‍ എണ്ണാവുന്ന കവിതകളേ പരിഭാഷപ്പെടുത്തിയിട്ടുള്ളൂ.  മറ്റുള്ളവരുടെ മലയാളം പരിഭാഷയാണ് വായിക്കാറ്. എന്നാല്‍ വിവര്‍ത്തനം, പരിഭാഷ തുടങ്ങിയ വാക്കുകളോട് കൂടുതല്‍ അടുപ്പമുണ്ട്. ഈന്തപ്പനകള്‍ തെങ്ങുകളുടെ അറബ് വിവര്‍ത്തനമാണ് എന്നൊക്കെയുള്ള വരികള്‍ അങ്ങനെ വന്നതാണ്.
ചില വെള്ളിയാഴ്ച്ചകളില്‍ ഷാര്‍ജയില്‍ ഇരിക്കുമ്പോള്‍ ഇത് നാട്ടിലെ ഞായറാഴ്ച്ചയുടെ പരിഭാഷയല്ലേ എന്ന് തോന്നും. പരിഭാഷയില്‍ നഷ്ടപ്പെടുന്നത് കവിതയാണ് എന്ന് ഒരു ചൊല്ലുണ്ട്. അത് പോലെ എന്തൊക്കെയാണ് ഞായറാഴ്ച്ച വെള്ളിയാഴ്ച്ചയാകുമ്പോള്‍ നഷ്ടപ്പെടുക.
28 വര്‍ഷത്തെ മലയാള ജീവിതം ഗള്‍ഫിലേക്ക് 6 വര്‍ഷമായി പരിഭാഷപ്പെടുത്തുകയാണ്.  ആര്‍ക്കെങ്കിലും മനസ്സിലാകുമോ എന്തോ ?

11.ഇനി ഉടനെ പുതിയ പുസ്തകം പ്രതീക്ഷിക്കാമോ?
ഇപ്പോള്‍ തന്നെ 3 പുസ്തകം ആ‍യി.
ആദ്യപുസ്തകം വെറും ആവേശം.
രണ്ടാമത്തെ ഇ നന്നായി ചെയ്തതാണ്. വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മലയാളത്തില്‍ ആദ്യമായി കൊച്ചുപുസ്തകം പരസ്യമായി ഇറക്കിയ ആളാണ് എന്ന് ഇ-യെക്കുറിച്ച് കല്‍പ്പറ്റ കമന്റ് പറഞ്ഞു. പുള്ളി അത് കണ്ടുവെന്നറിഞ്ഞപ്പോള്‍ സന്തോഷമായി.
പോക്കറ്റ് ബുക്കാണത്. പലരും സൂക്ഷിച്ച് വയ്ക്കുന്നുണ്ട് എന്നൊക്കെ പറയുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. നിങ്ങടെ ഇ വായിച്ചിട്ടുണ്ട് എന്ന് പലരും പറയും. എ.അയ്യപ്പന്‍ പ്രൂഫ് വായിച്ച പുസ്തകം എന്നതുള്‍പ്പടെ കുറെ പ്രത്യേകതകള്‍ ഉണ്ടതിന്.
മൂ‍ന്നാമത്തെ പുസ്തകം ആവശ്യമായിരുന്നു. ഒരെണ്ണം പ്രസാധകരുടെ പരിഗണനയില്‍. ഉടന്‍ വരുമോ എന്നറിയില്ല.
തെരഞ്ഞെടുത്ത കവിതകള്‍ ഒരാഗ്രഹമാണ്. എപ്പോഴാണെന്നറിയില്ല.
12. സിനിമയില്‍ പാട്ടെഴുതണമെന്ന് തോന്നിയിട്ടുണ്ടോ?
പാട്ടുകള്‍ അധികം ഇല്ലാത്ത ഒരാളാണ് ഞാന്‍.
എന്നാലും വല്ലപ്പോഴും  തബല എന്നെയും  ഞാന്‍ തബലയെയും വായിക്കും കേട്ടോ.
ഇവിടെ  ഈയടുത്ത്  റേഡിയോക്ക് വേണ്ടി നാല് വരി എഴുതി. സംഗീതം ഒക്കെ കൊടുത്ത് കേട്ടപ്പോള്‍ ഇഷ്ടമായി. അപ്പോള്‍ വെറുതെ അതേക്കുറിച്ച് ആലോചിരുന്നു. ആരെങ്കിലും പറഞ്ഞാല്‍ പാട്ടെഴുതുമോയെന്ന്. ഇല്ലായെന്ന് തോന്നുന്നു. എഴുതിയത് ആരെങ്കിലും സംഗീതം കൊടുത്താല്‍ ഇഷ്ടമാവും. തമിഴ് പാട്ടുകള്‍ വലിയ ഇഷ്ടമാണ്. പക്ഷേ തമിഴ് അറിയുകയുമില്ല.
അല്ലെങ്കില്‍ അരക്കൈ നോക്കാമായിരുന്നു.

13.ജീവിതത്തില്‍ ഏറ്റവും കടപ്പാട് ആരോടാണ്?
എന്നോട് കടം ചോദിക്കാത്തവരോടും. എനിക്ക് കടം തരാത്തവരോടും. രണ്ടും വലിയ പാടാ.
ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന മരങ്ങളോട് അല്‍പ്പം കൂടുതല്‍ കടപ്പാട് ഉണ്ടെന്നാണ് കരുതുന്നത്.
14.ഇന്നത്തെ ബൂലോകത്തെപ്പറ്റി എന്താണഭിപ്രായം?
മലയാളം ബ്ലോഗ് സജീവമാകുന്ന കാലത്ത് ഇവിടെ വന്നയാളാണ് ഞാന്‍. 2006 ജൂലായില്‍.  റേഡിയോയില്‍ ബ്ലോഗെഴുത്തുകാരെക്കുറിച്ച് ഒരു ടാക്ക്. കലേഷോ, കൈപ്പള്ളിയോ ?
അന്ന് കുറെ ബ്ലോഗിനെചോദ്യം ചെയ്തു. അന്നത്തെ ബ്ലോഗ് പുലികള്‍ അതിന്റെ വിവരങ്ങള്‍ ബ്ലോഗില്‍ പൂശി. കുറെ തെറി കേട്ടു (  ഇപ്പോഴത്തെ പോലെ ബ്ലോഗില്‍ ഒന്ന് രണ്ട് പറഞ്ഞ് പിന്നെ  ഉപയോഗിക്കുന്ന കൂ-തറ തെറിയല്ല. ഉത്തരം മുട്ടിക്കുന്ന നല്ല അര്‍ത്ഥം വച്ചുള്ള തെറികള്‍)
അങ്ങനെയങ്ങനെ ബ്ലോഗിലായി. അങ്ങനെ ചോദ്യം ചെയ്യുന്നവരെ ബ്ലോഗിലാക്കാന്‍ അന്ന് ഉള്ളവര്‍ക്ക് കഴിഞ്ഞിരുന്നു. ഇപ്പോള്‍ നടക്കുന്ന സംവാദങ്ങളും കൂടുതല്‍ പേരെ നല്ല ബ്ലോഗര്‍മാരാക്കണം എന്നാഗ്രഹമുണ്ട്. ബൂലോകത്തില്‍ കുഴൂര്‍ വിത്സണ്‍ എന്ന് ടൈപ്പ് ചെയ്താല്‍ നിങ്ങള്‍ക്ക് നൂറുകണക്കിന് റിസള്‍ട്ട് ലഭിക്കും. എന്നാല്‍ എഴുത്തച്ഛന്‍ എന്നടിച്ച് നോക്കൂ. വളരെ കുറവായിരിക്കും. ഇത് ബൂലോകത്തിന്റെ പരിമിതിയല്ലേ.
നെറ്റ് കൈകാര്യം ചെയ്യാത്ത പ്രതിഭകളെയും അവരുടെ രചനകളേയും ബൂലോകത്തേക്ക് കൊണ്ട് വരേണ്ടത് നമ്മുടെ കടമയാണ്. ഇത് കുറെക്കാലം കഴിഞ്ഞും ഇവിടെ ഉണ്ടാകുന്നതല്ലേ ? നമ്മുടെ മക്കളും അവരുടെ മക്കളുമൊക്കെ വരികയില്ലേ ? അന്ന് ഇവര്‍ ചാറ്റ് ഹിസ്റ്ററികളും വിഴുപ്പലക്കുകളും മാത്രം കണ്ടാല്‍ മതിയോ ?
മലയാളത്തോളം വളര്‍ന്ന ഒരു കടലാണ് ബൂലോകമായി മുന്നില്‍.
അതില്‍ അഴുക്ക് മാത്രമാക്കരുത്.
15.ഞങ്ങളുടെ വായനക്കാര്‍ക്ക് ഒരോണസന്ദേശം തരാമോ?
ഓണമാണെങ്കിലും ക്ഷീണമാണ് എന്ന കെ.ആര്‍. ടോണിയുടെ വരി എപ്പോഴും ഓര്‍മ്മ വരും. എനിക്ക് ടോണിയുടെ കവിതകള്‍ ഭയങ്കര ഇഷ്ടമാണ്.
ഓ.എന്‍.വി തന്‍ കവിത വായിച്ച് രോമാഞ്ചമുണ്ടായെന്നെഴുതി നീ /ഓ രോമമുണ്ട് /ഓമനിക്കാനല്ലെനിക്ക് കവിതകള്‍ .എന്ന വരി പ്രത്യേകിച്ചും.
ഓ.എന്‍.വിയോടുള്ള , എന് വിയൊക്കെ കാലക്രമത്തില്‍ പോയ് മറഞ്ഞുവെങ്കിലും ഇപ്പോഴും എന്തോ കവിതയുടെ മാനിഫെസ്റ്റോ ആയി ഈ കെ.ആര്‍ വരികളുണ്ട് ഉള്ളില്.പറഞ്ഞ് വന്നത് ഓണത്തെക്കുറിച്ചാണ്.‍
“ കാലവര്‍ഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകള്‍ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തില്‍ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വര്‍ണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തില്‍ വിളവെടുപ്പിനേക്കാള്‍ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം എന്നതാണ് ഇന്ദ്രവിഴയും ഓണവും തമ്മില്‍ കേരളത്തില്‍ വിളവെടുപ്പിനേക്കാള്‍ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം എന്നതാണ് ഇന്ദ്രവിഴയും ഓണവും തമ്മില്‍ ഉണ്ടായ വ്യത്യാസത്തിനു കാരണം”

ഇത് കിട്ടിയത് വിക്കിപീഡിയയില്‍ നിന്നാണ്. 33 വര്ഷങ്ങള്‍ ഓണമുണ്ടിട്ടും ഇത് വരെ എങ്ങനെ പൊന്നിന്‍ ചിങ്ങം , പൊന്നോണം എന്ന് വന്നത് ചിന്തിച്ചിട്ടില്ല. ആ നിരീക്ഷണം നന്നായി പിടിച്ചു.

ആ ലേഖനം പകര്‍ത്തിയ വിക്കി കവിക്ക് നന്ദി. ഇത്തവണത്തെ ഒരു ഓണ വിശേഷം പൊന്നോണത്തിന്‍  ആ പേര്‍ എങ്ങനെ വന്നുവെന്നത് തന്നെയാണ്. അത് നിങ്ങളുമായി പങ്ക് വയ്ക്കുന്നു. വാക്ക്. അത് വെറും വാക്കല്ല. ഒരു വാക്കിന്റെ പിന്നാമ്പുറത്ത് എന്തൊക്കെയാ ?

 

കുഴൂര്‍ വിത്സന്റെ ബ്ലോഗുകള്‍

കവിതകള്‍   /   ചൊല്ലിയ കവിതകള്‍ / കവിതകളുടെ പരിഭാഷ കുറിപ്പുകള്‍

ടെലിവിഷന്‍ സ്റ്റോറികള്‍     /    റേഡിയോ /   പരസ്യങ്ങള്‍ /          യുട്യൂബില്‍