ജേക്കബ് വടക്കാഞ്ചേരിയെ കുറിച്ച് തന്നെയാണ് ഈ ലേഖനം

ജേക്കബ് വടക്കാഞ്ചേരിയുടെ ഒരു പരസ്യം

മലയാളം ന്യൂസ്‌ ലേഖകന്‍ വഹീദ് സമാന്‍ തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത കണ്ണീര്‍ വീഴ്ത്തുന്ന കുറിപ്പ്

ഒട്ടേറെ ആത്മനിന്ദയോടെയും സങ്കടത്തോടെയും അതിലേറെ രോഷത്തോടെയുമാണ് ഈ കുറിപ്പ് എഴുതുന്നത്. അക്ഷരങ്ങൾക്ക് മുന്നിലിരിക്കുമ്പോൾ ഇത്രയേറെ ആത്മസംഘർഷത്തോടെ കടന്നുപോയിട്ടില്ല, ഇതിന് മുമ്പൊരിക്കലും…

ഈ ദിവസം, ഡിസംബർ-മൂന്ന്. ഒരു വേർപാടിന്റെ നാലാം വാർഷികമാണ്. ആ ശൂന്യതയുണ്ടാക്കിയ സങ്കടം ഒരു പെരുംകടൽ പോലെ മുന്നിലുണ്ട്. ഒരിക്കലും മറിക്കടക്കാനാകാത്ത വിധം ആ കടൽ പ്രക്ഷുബ്ദമായിക്കൊണ്ടിരിക്കുന്നു..

പറയാൻ പോകുന്നത് അവരെ പറ്റിയാണ്. എന്റെ ഇത്താത്തയെ പറ്റി. അവരൊരു തണൽ മരമായിരുന്നു. നന്മകൾ മാത്രമാണ് അവർ നൽകിയത്. ഉമ്മക്കൊപ്പം കണ്ടിരുന്ന ഒരാൾ. ഇത്താത്ത യാത്ര പറഞ്ഞുപോയ ദിവസമാണിന്. ഡിസംബർ മൂന്നിന് പുലർച്ചെ..

കണ്ണിലൊരു ചെറിയ ചുവപ്പുമായാണ് ഇത്താത്ത ആശുപത്രിയിൽ പോയത്. കുറെ ദിവസം മരുന്നൊക്കെ ഉപയോഗിച്ചെങ്കിലും അതിന് മാറ്റമുണ്ടായില്ല. പിന്നീടാണ് ചേലേമ്പ്രയിലെ ഒരു വൈദ്യശാലയെ പറ്റി ഇത്താത്തയോട് ആരോ പറഞ്ഞത്. ജേക്കബ് വടക്കുംചേരിയുടെ സ്ഥാപനമായിരുന്നു അത്. അവിടെ അഡ്മിറ്റാകാനായിരുന്നു ഉപദേശം. ഒരാഴ്ച്ചയോളം അവിടെ കിടന്നെങ്കിലും ഒരു മാറ്റവുമുണ്ടായില്ല. ആകെ മരുന്നായി നൽകിയത് ഇളനീർ മാത്രം. ഇളനീർ കുടിച്ചാൽ സുഖമാകുമെന്ന് ഇത്താത്തയെ അവർ പറഞ്ഞു വിശ്വസിപ്പിച്ചു. അവിടുത്തെ ചികിത്സ കൊണ്ട് അസുഖം ഭേദമായി എന്ന് പറഞ്ഞ് കുറെ ആൾക്കാരെ വൈകുന്നേരങ്ങളിൽ കൊണ്ടുവരും. അവരുടെ വീരകഥകൾ കേട്ട് രോഗികളുടെ ആത്മവിശ്വാസം കൂടും. ആത്മവിശ്വാസത്തിനൊപ്പം രോഗവും കൂടും. ഈ ദിവസങ്ങളിൽ ഞാൻ വിദേശത്തായിരുന്നു. ഇത്താത്തയെ പതിവായി വിളിക്കുമ്പോഴും പറയും. സുഖമുണ്ട് ബാവേ, നീ ബേജാറാകണ്ട. ഈ ജേക്കബ് വടക്കുംചേരിയെന്ന ഗജലോക ഫ്രോഡിനെ പറ്റി ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷെ, അവിടെനിന്നുള്ള ബ്രയിൻവാഷ് അതിലുമധികമായിരുന്നു.

പിന്നീട് ഒരു ദിവസം രാവിലെയാണ് ജേക്കബ് വിളിച്ചുപറയുന്നത്. ഇവരെ ഏതെങ്കിലും ആശുപത്രിയിൽ കൊണ്ടുപോയി പെട്ടെന്ന് ഗ്ലൂക്കോസ് നൽകണമെന്ന്. അപ്പോഴേക്കും ഇത്താത്ത ആകെ അവശയായിരുന്നു. സംസാരിക്കാൻ പോലും കഴിയാത്തവിധം. രാമനാട്ടുകരയിലെ കെയർവെൽ ആശുപത്രിയിൽ കൊണ്ടുപോയി ഡ്രിപ്പ് നൽകി. അവർ ഉടനെ വേറെ ഏതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു. മിംസിലേക്കെത്തിച്ചു.

രക്തപരിശോധയിൽ രക്താർബുദമാണെന്ന് തെളിഞ്ഞു. അപ്പോഴേക്കും സമയം വൈകിയിരുന്നു. എങ്കിലും അവർ പരമാവധി നോക്കി. പിന്നീട് തിരുവനന്തപുരം ആർ.സി.സിയിലേക്ക് മാറ്റി. അപ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു. ഒരു തിരിച്ചുവരവ് സാധ്യമല്ലാത്ത വിധം. ദുനിയാവിന്റെ അറ്റംവരെ കൊണ്ടുപോകാൻ ഞങ്ങൾ തയ്യാറായിരുന്നു. പക്ഷെ… ഡിസംബർ മൂന്നിന് രാവിലെയാണ് ഇത്താത്തയുടെ മോൻ വിളിച്ചു പറയുന്നത്. ഉമ്മ പോയിട്ടോ എന്ന്…

എനിക്കറിയില്ല..ഇത്താത്തയെ തിരിച്ചുകൊണ്ടുവരാൻ പറ്റുമായിരുന്നോ എന്ന്..
എനിക്കറിയില്ല, കുറച്ചുകാലം കൂടി ഇത്താത്തയെ ഞങ്ങൾക്കൊപ്പം കിട്ടുമായിരുന്നോ എന്ന്..
വിധി എന്ന രണ്ടു വാക്കിൽ എല്ലാ സങ്കടവും അടക്കിവെക്കുന്നു…

പക്ഷെ..ഇപ്പോ എനിക്കറിയാം. ആ ജേക്കബിന്റെ വലയിൽ വീണാൽ രക്ഷപ്പെടാൻ ഏറെ പ്രയാസമാണെന്ന്. ബ്രയിൻവാഷ് നൽകാനുള്ള വൈദഗ്ദ്യം അത്രമേൽ അയാൾ നേടിയിട്ടുണ്ട്. അതിന് അയാൾക്ക് കുറെ സംഘങ്ങളുമുണ്ട്.

ഇത്താത്ത മരിച്ചതിന്റെ തൊട്ടടുത്ത ദിവസം ജേക്കബ് വടക്കുംചേരി എന്നെ വിളിച്ചിരുന്നു. അയാൾ പറഞ്ഞത്, ആ കുട്ടിയെ പറ്റി ഞങ്ങൾക്ക് കുറെ പ്രതീക്ഷയുണ്ടായിരുന്നു, നിങ്ങൾ അവിടെനിന്ന് മാറ്റിയതാണ് പ്രശ്‌നമായത് എന്നായിരുന്നു. നേരിട്ട് പറയാമെന്ന് പറഞ്ഞു ഫോൺ വെച്ചു.

അധികം കഴിയാതെ മറ്റൊരു സ്ത്രീ വിളിച്ചു. മുജാഹിദ് വനിതാ വിഭാഗത്തിന്റെ നേതാവ് ഖദീജ നർഗീസ്. ജേക്കബ് വടക്കുംചേരിയെ ന്യായീകരിച്ച് ന്യായീകരിച്ച് അവരുടെ തൊണ്ട വരണ്ടു. വടക്കുംചേരിയുടെ പി.ആർ.ഒ ആയി അവർ വേഷം കെട്ടി. അയാളെ മുച്ചൂടും ന്യായീകരിച്ചു. മുജാഹിദ് വേദികളിൽ ആ സ്ത്രീയെ ഞാൻ കണ്ടിരുന്നു. ഇപ്പോൾ അവരെ കാണുന്നത് വാക്‌സിൻ വിരുദ്ധ വേദികളിലാണ്. അന്നവർ അവസാനമായി പറഞ്ഞത് നമ്മളൊക്കെ വിധിയിൽ വിശ്വസിക്കുന്നവരല്ലേ, അങ്ങിനെ കരുതി സമാധാനിക്കൂവെന്ന്. അതിന് അവരോട് എന്തൊക്കെ മറുപടി പറഞ്ഞുവെന്ന് ഞാനിനിയും ഒരിക്കൽ കൂടി പറയുന്നില്ല. ആ ഓഡിയോ ക്ലിപ്പ് വീട്ടിലെവിടെയോ ഉണ്ട്. മുജാഹിദുകൾക്ക് പറ്റിയ ഏറ്റവും വലിയ തെറ്റുകളിലൊന്നായിരിക്കണം ഈ സ്ത്രീ. അവരിപ്പോഴും നാടു ചുറ്റുന്നുണ്ടാകണം- വാക്‌സിൻ വിരുദ്ധതയുമായി…

ജേക്കബ് വടക്കുംചേരിയെ അധികം വൈകാതെ അയാളുടെ കോഴിക്കോട് വെള്ളിമാട് കുന്നിലെ ചികിത്സാകേന്ദ്രത്തിൽ വെച്ച് ഞങ്ങൾ കണ്ടു. ആ കൂടിക്കാഴ്ച്ച അയാളിപ്പോഴും മറന്നിട്ടുണ്ടാകില്ലന്ന് എനിക്കുറപ്പുണ്ട്.

ജേക്കബ് വടക്കുംചേരിക്കെതിരെ മലപ്പുറം ജില്ലാ കലക്ടർക്കും അന്നത്തെ ആരോഗ്യമന്ത്രിക്കുമെല്ലാം പരാതി നൽകിയിരുന്നു. പക്ഷെ, ഒന്നുമുണ്ടായില്ല. അയാളിപ്പോഴും വെള്ളയും വെള്ളയും വസ്ത്രം ധരിച്ച് നമ്മുടെ മുന്നിലൂടെ പുതിയ ഇരകളെ തേടി നടക്കുന്നു…

ഈ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഒരു പ്രതീക്ഷയുണ്ടായിരുന്നു. ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇയാളെ മുന്നിലിരുത്തി മാതൃഭൂമി ടി.വിയിൽ പറഞ്ഞ വാക്കായിരുന്നു ആ പ്രതീക്ഷ. ഇത്തരം വ്യാജ ചികിത്സകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. അത് പറഞ്ഞിട്ട് കൊല്ലം ഒന്നരയാകാനായി. ഈ നിമിഷം വരെ ഒന്നുമുണ്ടായില്ല. ഇയാളുടെ കോഴിക്കോട്ടെ ചികിത്സാ കേന്ദ്രവും ഭരണസിരാ കേന്ദ്രവുമായി ഒരു മതിലിന്റെ മാത്രം വ്യത്യാസമാണുള്ളത്. പക്ഷെ, ഒരു അധികൃതരും എത്തിനോക്കുക പോലും ചെയ്യില്ല. ഇയാളുടെ മാഫിയ അത്ര വലുതായിരിക്കണം..

ഇനിയെങ്കിലും ഇത് പറഞ്ഞില്ലെങ്കിൽ, ഞാനത് എന്നോട് മാത്രമല്ല, മറ്റു പലരോടും ചെയ്യുന്ന വഞ്ചനയായിരിക്കും. അതുകൊണ്ട് മാത്രം തുറന്നുപറയുന്നു…

വരികൾക്കിടയിൽ വന്ന ഒഴുക്കില്ലായ്മ എന്റെ സങ്കടം കൊണ്ടുണ്ടായതായിരിക്കണം..ക്ഷമിക്കണം..

ഇത്താത്തയെ പറ്റി ഞാനെഴുതിയ പോസ്റ്റ് ഫസ്റ്റ് കമന്റായി ചേർക്കുന്നുണ്ട്..

Write Your Valuable Comments Below