Share The Article

Asha Susan എഴുതുന്നു

റിലേഷൻഷിപ്പിൽ മിനിമം പാലിക്കേണ്ട മര്യാദ ( ലിംഗഭേദമെന്യേ എല്ലാർക്കും ബാധകം , അതിനി ഒപ്പിട്ട ബന്ധമായാലും ഒപ്പിടാത്ത ബന്ധമായാലും )

രണ്ടു വ്യക്തികൾ തമ്മിൽ പരസ്പരം സംസാരിച്ചു അവർക്കിടയിൽ ഒരു കെമിസ്ട്രി ഉണ്ടെന്നു ബോധ്യപ്പെട്ടു ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിച്ചാൽ ആദ്യം ചോദിക്കേണ്ടതോ പറയേണ്ടതോ ആയ കാര്യമാണ് റിലേഷൻഷിപ്പിനെ കുറിച്ചുള്ള നമ്മുടെ കൺസപ്റ്റ് .

Asha Susan
Asha Susan

ഒരു സമയം ഒന്നിലധികം പേരെ സ്‌നേഹിക്കാനും അതൊക്കെ ഒരേപോലെ നിലനിർത്താനും കഴിവുള്ള ആളുകളുണ്ട് . ഒരു സമയം ഒരാളിൽ മാത്രം ഒതുങ്ങാൻ താല്പര്യപ്പെടുന്നവരുമുണ്ട് അവർ ഒരിക്കലും സദാചാര ഭീതിമൂലം അന്യബന്ധങ്ങൾ മനഃപൂർവ്വം കണ്ണടയ്ക്കുന്നതല്ല .അവരുടെ കണ്ണുകളിൽ ഒരു പ്രണയമുള്ളപ്പോൾ മറ്റൊന്ന് തെളിയാത്തതാണ് .എന്ന് കരുതി ഇത് ദിവ്യപ്രണയവും ഒരുപാട് പേരെ ഒരേ സമയം പ്രണയിക്കുന്നത് മോശം പ്രണയം അല്ലെങ്കിൽ കാര്യസാധ്യതയ്ക്ക് വേണ്ടി അഭിനയിക്കുന്നത് എന്നൊക്കെ വിലയിരുത്തുന്നതിനോട് വിയോജിപ്പ് തന്നെ . ഇതിന്റെയൊന്നും അളവുകോൽ രണ്ടാമതൊരാൾക്ക് തീരുമാനിക്കാൻ അവകാശമില്ലാത്ത കൊണ്ടുതന്നെ അവനവൻ മാത്രം പറയുന്നന്നതാണു ശരി .

നിങ്ങൾ ഒരു പോളിഗാമി ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ അത് നിങ്ങളുടെ പാർട്ടനോട് തുറന്നു പറയണം . അതല്ല നിലവിൽ അങ്ങനെയൊന്നു തോന്നിയിട്ടില്ലെങ്കിൽ പോലും ഒരുപാട് പേരെ പരിചയപ്പെടാൻ സാധ്യതയുള്ള സോഷ്യൽ മീഡിയയിൽ ജീവിക്കുന്ന നമ്മൾ നീയല്ലാതെ വേറെ ഒരാളോട് എനിക്ക് ഒരു കുന്തവും തോന്നില്ലന്നു ഉറപ്പു പറയുന്നതൊക്കെ ഒഴിവാക്കണം .
ഒരാൾ ഉള്ളപ്പോൾ മറ്റൊരാളോട് ഇഷ്ട്ടം തോന്നി ആ ഇഷ്ട്ടത്തിലേക്ക് പോവുന്നതൊക്കെ ഇത്ര വലിയ തെറ്റാണൊന്നു ചോദിക്കുന്നവരോട് അത് തെറ്റായി മാറുന്നത് നിങ്ങളുടെ പാർട്ടണറും നിങ്ങളും തമ്മിലുള്ള കരാർ അനുസരിച്ചിരിക്കും .

ഒരാളുടെ ലോകത്തിലെ ഏറ്റവും പ്രധാന ആൾ അല്ലെങ്കിൽ അവരുടെ ലോകം തന്നെ നിങ്ങളായിരിക്കുകയും നിങ്ങൾക്കും അങ്ങനെ തന്നെയാണെന്ന് തിരിച്ചു വിശ്വസിപ്പിക്കുകയും ചെയ്തിട്ട് ഒരേ സമയം ഒരുപാട് വള്ളത്തിൽ കാലിടുന്ന സ്വഭാവത്തെ വിശ്വാസവഞ്ചനയെന്നു വിശേഷിപ്പിക്കാനേ കഴിയൂ .
സ്വന്തം പാർട്ടറെ കുറിച്ചും ഒരുമിച്ചുള്ള ജീവിതത്തെ കുറിച്ചുമൊക്കെ ഒരുപാട് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും കെട്ടിപൊക്കിയിട്ട് ഒരു സുപ്രഭാതത്തിൽ ഒരുപാട് പേരിൽ ഒരാൾ മാത്രമായിരുന്നു താനെന്ന യാഥാർഥ്യം തിരിച്ചറിയുമ്പോൾ അവർക്കുണ്ടാവുന്ന ഷോക്ക് അതിഭീകരമായിരിക്കും .
ഒരു വലിയ വിശ്വാസകോട്ടയുടെ മുകളിൽ നിന്നും താഴെ വീഴുമ്പോ അവനവനോട് തോന്നുന്ന വികാരമാണ് അതിലും ഭീകരം . വെറുപ്പും ദേഷ്യവും അറപ്പും നിർവികാരികതയും തോന്നും . മനുഷ്യരെ മുഖമുയയർത്തി നോക്കാൻ പേടിയും മടിയും തോന്നും . ആരെ വിശ്വസിക്കണമെന്നറിയാതെ പകച്ചു ലോകത്തെ നോക്കുമ്പോ എല്ലാവരിലും മുഖംമൂടികൾ ഉള്ളതായി തോന്നും .
ചുരുക്കത്തിൽ ഒരു മനുഷ്യനെ ജീവനോടെ കൊല്ലാൻ ഇത് ധാരാളം മതി . അപ്പോഴും എതിരിൽ നിൽക്കുന്നയാൾക്ക് ഞാൻ കാരണമാണ് ഇതൊക്കെയെന്ന കുറ്റബോധമോ എന്തിനു ഇതൊരു തെറ്റായോ പോലും തോന്നില്ല . അവരെ കുറ്റം പറയാൻ ശ്രമിക്കുന്നില്ല കാരണം അവർ അങ്ങനെയായിരിക്കും നിർമ്മിക്കപ്പെട്ടതും അങ്ങനെയാവും അതിനെ വിലയിരുത്തുന്നതും .

അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കാതിരിക്കാൻ മറ്റൊരു റിലേഷനിലേക്ക് ഇറങ്ങുമ്പോൾ തന്നെ തുറന്നു പറയണമെന്ന് പറയുന്നത് . ഇത് അറിഞ്ഞിട്ട് കൂടെ നിൽക്കാൻ താല്പര്യമുണ്ടെങ്കിൽ നിൽക്കട്ടെ .അതല്ല അവസാനിപ്പിക്കാനാണ് താല്പര്യമെങ്കിൽ പോലും അവരുടെ മനസ്സിൽ നിങ്ങളൊരു വ്യക്തിത്വമുള്ള മനുഷ്യനായി ജീവിക്കും .
മുഖം മൂടിയിടാതെ സ്വന്തം സെക്സ് ഓറിയന്റേഷൻ തുറന്നു പറയാനും റിലേഷൻഷിപ്പിനോട് നീതി പുലർത്താനും പറ്റുന്നവർ മാത്രമേ ഇതിനൊക്കെ ഇറങ്ങി തിരിക്കാവൂ . (ഇതൊക്കെ എല്ലാർക്കും ഒരുപോലെ ബാധകം )

പെർമിഷനല്ല ഇൻഫോർമേഷൻ വേണം

അഭിപ്രായം വ്യക്തിപരം

Advertisements