Share The Article

Aswathy Rejith എഴുതുന്നു

“അമ്മാമ്മേ അവിടെ തൊടല്ലേ… മോൾക്ക്‌ നോവും… “ഇത്രയും പറഞ്ഞിട്ട് അവൾ കരയുകയായിരുന്നു… കുളിപ്പിക്കാൻ നേരം ആ അഞ്ചുവയസ്സുകാരി അവളുടെ അമ്മാമയോട് പറഞ്ഞതാണ്…. അവളുടെ യോനിയിൽ തൊടുമ്പോൾ വേദനിക്കുന്നെന്ന്…. കാര്യം തിരക്കിയ വീട്ടുകാർ അറിഞ്ഞത് അയൽവീട്ടിലെ സ്നേഹസമ്പന്നൻ ആയ മാമൻ ആ പിഞ്ചു ശരീരത്തിൽ തന്റെ കാമം തീർത്തെന്ന സത്യം….കുഞ്ഞുങ്ങൾ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്ന വാർത്തകൾ കേൾക്കുമ്പോൾ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്…. “അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങൾ ആണ്… അല്ലാതെ നമ്മുടെ നാട്ടിലൊക്കെ അത്രയും ദുഷ്ടന്മാർ ഉണ്ടാവുമോ.. ??അമ്മയും പെങ്ങളും ഉള്ള വീട്ടിലെ ആരെങ്കിലും ഈ ദ്രോഹം ചെയ്യുമോ.. ??” എന്നൊക്കെ…. ഇന്ന് സ്വന്തം നാട്ടിൽ അത്തരത്തിൽ ഒരു സംഭവം നടന്നപ്പോൾ മിണ്ടാട്ടം മുട്ടിപോയി…. “എന്നാലും ഇതൊക്കെ നമ്മുടെ നാട്ടിൽ എങ്ങനെ… ??” എന്ന അതിശയോക്തിയിൽ നിർത്തുന്നു…. ഒരാഴ്ച നീണ്ട ചർച്ചകൾക്കും സംസാരങ്ങൾക്കും ഒടുവിൽ നാട്ടുകാർ വീണ്ടും ആണുങ്ങളെ വിലകൽപ്പിക്കാത്ത അവളുമാരുടെ (പ്രധാനമായും ഫെമിനിച്ചികൾ എന്ന് മുദ്ര കുത്തപ്പെട്ടവരുടെ ) കുറ്റങ്ങൾ കണ്ടു പിടിക്കാനും തന്റേടികൾ എന്ന പട്ടം ചാർത്തികൊടുക്കാനും തുടങ്ങും…. നിങ്ങൾക്ക് വളരെ എളുപ്പം മറക്കാനാകും… പക്ഷേ ആ അഞ്ചുവയസുകാരിയുടെ മനസിനേറ്റ മുറിവ് പിന്നെയും കാലങ്ങളോളം അവളെ വേട്ടയാടിക്കൊണ്ട് ഇരിക്കും…

ഇന്ത്യയിൽ ഓരോ 15 മിനിറ്റിലും ഒരു കുട്ടി എങ്കിലും ലൈംഗികഅതിക്രമത്തിനു ഇരയാകുന്നുണ്ട് (Child Rights and You Report). കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ലൈംഗിക അതിക്രമത്തിന്റെ നിരക്ക് അഞ്ച് ഇരട്ടി കൂടിയിട്ടുണ്ട്. റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന കണക്കുകൾക്ക് പുറമെ നാണക്കേട് കരുതിയും ഭയം കൊണ്ടും പുറത്തു അറിയാതെ പോകുന്ന കേസുകൾ നിരവധി. മുൻപൊരിക്കൽ പറഞ്ഞുവെച്ച കണക്കുകൾ തന്നെയാണ്… എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലേ ഉള്ളൂ… കുറയാനുള്ള സാധ്യത തീരെ ഇല്ല…

തുടങ്ങേണ്ടത് വീട്ടിൽ നിന്നുമാണ്…. “നീ പെണ്ണാണ്….അതുകൊണ്ട് അവൻ പറയുന്നത് ഒന്ന് അനുസരിച്ചാൽ എന്താ.. ??”.. “നിന്റെ ഇളയത് ആണെങ്കിലും അവൻ ഒരു ആൺകുട്ടിയല്ലേ…അതുകൊണ്ട് അവൻ തല്ലിയാൽ നീ തിരിച്ചു തല്ലാനൊന്നും നിൽക്കണ്ട.. “…”അവനെ പോലെയാണോ നീ… നീ ഒരു പെണ്ണല്ലേ, പാതിരാത്രി ഇങ്ങനെ കറങ്ങി നടക്കൽ ഒന്നും വേണ്ടാ… “..”അത് നിനക്കുള്ളതല്ല… മോനൂന് ഉള്ളതാണ്… അവൻ കഴിച്ച് ആരോഗ്യം വെക്കട്ടെ… കുടുംബം നോക്കാനുള്ളതാണ്… ” ഇത്തരം വിവേചനങ്ങൾ ആദ്യം വീടുകളിൽ നിന്നും ഒഴിവാക്കണം… അവൻ നിന്നെ ആവശ്യമില്ലാതെ തല്ലിയാൽ തിരിച്ചു തല്ലാൻ തന്നെ പഠിപ്പിക്കണം… അവൾക്കു മേലെ ആണ് അവന്റെ സ്ഥാനം എന്ന തോന്നൽ കുട്ടികളിൽ ഉണ്ടാക്കി എടുക്കാതിരിക്കുക…. ഏതു സാഹചര്യത്തിലും ധൈര്യവും തന്റേടവും വിടാതെ തിരിച്ചു പ്രതികരിക്കാൻ പഠിപ്പിക്കുക…. പറ്റുമെങ്കിൽ യഥാർത്ഥ പെണ്ണിന്റെ ലക്ഷണം ഭൂമിയോളം ക്ഷമിക്കാനുള്ള കഴിവും അടക്കവും ഒതുക്കവും ആണെന്ന് പറഞ്ഞു പഠിപ്പിക്കാതെ തന്റേടവും ആത്മവിശ്വാസവും ആണെന്ന് പഠിപ്പിക്കുക…

അടുത്ത പ്രശ്നം വരുന്നത് പ്രതികരിക്കുന്ന സമയത്ത് ആണ്…. പൊതുസ്ഥലങ്ങളിലും ബസുകളിലുമൊക്കെ വെച്ച് ഉണ്ടാകുന്ന മോശം അനുഭവങ്ങളോട് പെൺകുട്ടികൾ പ്രതികരിക്കുമ്പോൾ മറ്റുള്ളവരുടെ ഭാഗത്ത്‌ നിന്ന് കേൾക്കേണ്ടി വരുന്ന വാക്കുകൾ ആണ് ഏറ്റവും അസഹനീയം… “എന്നാലും ആ പെണ്ണിന് എന്തിന്റെ കേടാ… ആണുങ്ങളോടൊക്കെ ഇങ്ങനെ ശബ്ദം ഉയർത്തി സംസാരിക്കുന്നത് എന്ത് അഹങ്കാരി ആയിട്ടാണ്… “..”അവളെ കണ്ടാലേ അറിയാം… തലതെറിച്ചതാണെന്ന്… കയ്യില്ലാത്ത ഉടുപ്പും.. ഇറുകിയ പാന്റും… ചുമ്മാതല്ല.. ഇതൊക്കെ കണ്ടാൽ ആർക്കാ ഒന്ന് കേറി പിടിക്കാൻ തോന്നാത്തത്… “…”എന്നാലും ആ പെണ്ണ് എന്ത് തന്റേടി ആയിട്ടാണ് അയാളെ കേറി അടിച്ചത്… “….അതേല്ലോ… “തന്റേടി തന്നെയാണ്..നാളെ എനിക്ക് എന്തെങ്കിലും പറ്റിയാൽ ഒരു നെടുവീർപ്പിൽ ഒതുങ്ങും നിങ്ങളുടെ സങ്കടം.. അതുകൊണ്ട് എനിക്ക് അടിക്കേണ്ടി വന്നാൽ അടിച്ചേ പറ്റൂ… ”

ഇങ്ങനൊക്കെ ആയാൽ ഇവിടെ വിപ്ലവം ഉണ്ടാവുമോ എന്ന് ചോദിച്ചാൽ… ഉണ്ടായെന്നു വരില്ല… പ്രതിരോധിച്ചു നിൽക്കാൻ പറ്റുന്നിടത്തോളം പ്രതിരോധിക്കാം… അങ്ങനെ വരുമ്പോൾ കുറച്ചെങ്കിലും അക്രമങ്ങൾ തടയിടാം… ഉപദ്രവിക്കപ്പെട്ടാൽ നാണക്കേടാണ്… ഭാവി നശിക്കും എന്നോർത്ത് മിണ്ടാതെ ഇരിക്കരുത്…. ശക്തമായി തന്നെ നേരിടുക… നാണം കെടുന്നതും ഭാവി നശിക്കുന്നതും അവന്റെ ആണെന്ന് മനസിലാക്കുക… ഒരു കുപ്പി ഡെറ്റോൾ വാങ്ങി നന്നായി ഒന്ന് കഴുകിയാൽ ശരീരത്തിൽ പറ്റിപ്പിടിച്ച അണുക്കൾ പൊക്കോളും. അതിന് അപ്പുറത്തേക്ക് ഒന്നും സംഭവിക്കുന്നില്ല…മിണ്ടാതെയും ഭയപ്പെട്ടും ഇരിക്കുന്ന കാലത്തോളം ആ ക്രൂരന്മാർക്ക് നിങ്ങൾ പിന്നെയും അവസരങ്ങൾ ഉണ്ടാക്കിക്കൊടുക്കുകയാണെന്ന സത്യം മനസിലാക്കുക…

ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഒരു ചെറിയ കുട്ടിയുടെ കാര്യത്തിൽ പ്രാവർത്തികമായ ഒന്നല്ല… എത്ര ചെറിയ കുഞ്ഞാണെങ്കിലും എത്ര വിശ്വാസം ഉള്ള ആളാണെങ്കിലും അയാളുടെ അരികിൽ തനിച്ചിരിക്കാൻ അനുവദിക്കാതിരിക്കുക…. സ്വന്തം കുടുംബത്തിൽ നിന്നുവരെ കുഞ്ഞുങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ആരെയാണ് വിശ്വസിക്കാൻ പറ്റുന്നതെന്നത് ഒരു വല്യ ചോദ്യം തന്നെയാണ്…. അറിവ് വെക്കുന്ന പ്രായം മുതൽ തന്നെ മറ്റുള്ളവർ സ്പർശിക്കാൻ പാടില്ലാത്ത ശരീരഭാഗങ്ങൾ ഏതെന്നു കുട്ടികൾക്ക് പറഞ്ഞു മനസിലാക്കികൊടുക്കുക…. ശെരിയും തെറ്റും പറഞ്ഞു കൊടുക്കുക…. പാടില്ലെന്ന് പറയാനും എതിർക്കാനും പ്രാപ്തരാക്കുക…. കുട്ടികളിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കുക…. എല്ലാ കാര്യങ്ങളും പറയാനുള്ള ഇടം അവർക്ക് അനുവദിച്ചു കൊടുക്കുക… ധൈര്യവും തന്റേടവും ഉള്ളവളായിത്തന്നെ വളർത്തിക്കൊണ്ടുവരിക…

അതുകൊണ്ട് എന്റെ പെണ്ണേ… നീ തന്റേടിയായി തന്നെ വളർന്നോ… ലൈംഗികമായി ഉപദ്രവിക്കപ്പെടാതിരിക്കാനും അഥവാ ഉപദ്രവിക്കപ്പെട്ടാൽ അതിൽ നിന്ന് തിരിച്ചു വന്ന് ശക്തയായി പ്രതികരിക്കാനും അവൾ തന്റേടിയായി തന്നെ വളരണം….. പ്രതികരിക്കുക… പ്രതിരോധിക്കുക… (പറ്റിയാൽ നല്ല രണ്ടിടി മർമസ്ഥാനം നോക്കിതന്നെ കൊടുത്തോ… )