Ayyappan Adoor എഴുതുന്നു

എന്റെ ചിന്തകൾ….

ഞാൻ അയ്യപ്പൻ . എനിക്ക് സെറിബ്രൽ പാൾസി എന്ന അവസ്ഥയാണ്. ഇപ്പോൾ നിങ്ങൾ ഓരോരുത്തരും വിചാരിക്കുന്നുണ്ടാക്കും, അയ്യോ! പാവം കുട്ടി. ഈ ഒരു വിചാരമാണ് സമൂഹത്തിൽ നിന്നും ഞാൻ അനുഭവിച്ചിട്ടുള്ളത്. ഞാൻ മാത്രം ആയിരിക്കില്ല. എന്നെ പോലുള്ള ഒട്ടുമിക്ക ചേർക്കും ഇത്തരം അനുഭവമുണ്ടാകാം.

നമുക്ക് എന്റെ ശൈശവം മുതൽ തുടങ്ങാം. എന്റെ ശൈശവത്തിലെ കളിക്കൂട്ടുകാരൻ.അന്നവൻ എന്നോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു. ഊണിലും ഉറക്കത്തിലും ഒരുമിച്ച്.ഒരു നിഴൽ പോലെ. എന്റെ സംസാരം ഒരു പക്ഷേ മറ്റാരേക്കാളും ഉപരി (അമ്മ ഒഴിച്ച് ) മനസ്സിലാകുന്നത് അവനായിരുന്നു. ഞങ്ങൾ വളർന്നു. അവൻ സ്കൂളിൽ പോയി. പുതിയ കൂട്ടുകാർ. എന്നോടൊപ്പം കളിക്കുന്നതിനേക്കാൾ ഏറെ രസം ,അവനെ പോലെ ഓടി നടക്കുന്നവരോടൊപ്പം കളിക്കാനായിരുന്നു.പലതിൽ നിന്നും എന്നെ മാറ്റി നിർത്തി. ഞാൻ വീഴുമെന്ന തോന്നലു കൊണ്ടാകാം. പക്ഷേ അതല്ല എനിക്ക് വേണ്ടത്. ആ വീഴ്ചയിലും ഒരു കൈത്താങ്ങായി അവൻ എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്നാണ് ഞാൻ ആഗ്രഹിച്ചത്.അങ്ങനെയുള്ള വീഴ്ചകളിലൂടെ മാത്രമേ എനിക്ക് അവരോടൊപ്പം എത്താൻ കഴിയൂ എന്ന് അവർ ചിന്തിക്കാത്തത് എന്താണ്. ഈ ഒരു അനുഭവം ആണ് സ്കൂളുകളിലും ഉണ്ടായത്. പ്രത്യേകിച്ച് foot ball കളിക്കുമ്പോൾ .ഞാൻ ഒരിക്കൽ പോലും കൂട്ടുകാരോടൊത്ത് football കളിച്ചിട്ടില്ല. മാറി നിന്ന് കണ്ടിട്ടേ ഉള്ളൂ. ഒരു അന്യനെപോലെ.

യാത്രകളിൽ ആളുകൾ എനിക്കായി സീറ്റ് ഒഴിഞ്ഞ് തരാറുണ്ട്. അപ്പോൾ അവരുടെ കണ്ണുകളിൽ ഞാൻ കണ്ടത് സഹതാപം ആണ്. വീടിന്റെ പാലുകാച്ചിന് എല്ലാവരും വിളമ്പുമ്പോൾ ,ഞാനും അതിനായി ചെന്നു. ആരോ, മാറി നിൽക്കാൻ പറഞ്ഞു. അന്ന് ഞാൻ ആരും കാണാതെ മുകളിൽ പോയി പൊട്ടിക്കരഞ്ഞു.5ാം ക്ലാസ്സിൽ പഠിക്കുമ്പോൾ ടൂർ പോകുന്ന കാര്യം ടീച്ചർ പറഞ്ഞപ്പോൾ ഞാൻ അതിയായി സന്തോഷിച്ചു. അതു കണ്ട ടീച്ചർ പറഞ്ഞു., മോനെ അയ്യപ്പാ നീ വരേണ്ട എന്ന് .എന്റെ മനസ്സിൽ ഒരു പാറ ഇട്ടതു പോലെ എനിക്ക് തോന്നി. അപ്പോൾ വന്ന കരച്ചിലിനെ ഞാൻ മറ്റെന്തോ പറഞ്ഞ് മാറ്റി. പക്ഷേ ആറാം ക്ലാസ്സിൽ ഞാൻ ടൂർ പോയി. അമ്മ കൂടെ വന്നു. ഏഴാം ക്ലാസ്സിൽ ഞാൻ തനിയെ പോയി.

കല്യാണങ്ങൾക്ക് പോകുമ്പോൾ അമ്മ പറയും ,സദ്യ തനിയെ കഴിക്കാൻ .പക്ഷേ ഞാൻ കഴിക്കുമ്പോൾ പലരും എന്നെ അത്ഭുത ജീവിയെ പോലെ നോക്കും. എന്റെ വിരലുകൾ ശരിയായി വഴങ്ങാത്തത് എന്റെ കുറ്റമാണോ. നിങ്ങൾ ഒന്ന് ആലോചിക്കൂ… ഒരു പൊതു സ്ഥലത്ത് ഭക്ഷണം കഴിക്കുമ്പോൾ എല്ലാവരും നിങ്ങളെ തന്നെ നോക്കി നിന്നാൽ നിങ്ങൾക്കെന്തു തോന്നും. അതു തന്നെയാണ് എന്റെയും ആ സമയത്തെ അവസ്ഥ.

ഞാൻ കവിത എഴുതുമ്പോൾ പലരും അമ്മയോട് ഒളിഞ്ഞും ,തെളിഞ്ഞും ചോദിച്ചിട്ടുണ്ട് അമ്മയാണോ അയ്യപ്പന്റെ പേരിൽ എഴുതുന്നതെന്ന്. അമ്മ വിഷമത്തോടെ ചിരിക്കുക മാത്രം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞാൻ ഇവരോട് എന്തു പറയും .എനിക്കറിയില്ല.

എനിക്ക് നിങ്ങളോട് ഇതു മാത്രമാണ് പറയാനുള്ളത്. ഇത് എന്റെ കുഞ്ഞനുഭവങ്ങൾ .ഇതിലും വളരെ ദു:ഖകരമായ അനുഭവങ്ങൾ എന്നെ പോലെ ഒരു പാട് കുട്ടികൾക്കും ,മുതിർന്നവർക്കും ഉണ്ടായിട്ടുണ്ടാകാം .ഞങ്ങളെ നിങ്ങളിൽ ഒരാളായി കാണുന്നതിന് പകരം ഒരു വിചിത്ര ജീവിയെ പോലെ എന്തിനാണ് കാണുന്നത്‌. പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തിൽ മുന്നേറാനുള്ള അവസരം ഉണ്ടാക്കിത്തരികയല്ലേ വേണ്ടത്.പുതിയ ലോകങ്ങൾ കാണാനും അറിയാനും ഉള്ള ആഗ്രഹം ഞങ്ങൾക്കുമുണ്ട്.ഞങ്ങളുടെ കഴിവുകളെ തിരിച്ചറിഞ്ഞ് വഴി കാട്ടുകയാണ് ചെയ്യേണ്ടത്.അല്ലാതെ സഹതപിക്കുകയല്ല.

സർക്കാറിനോടും എനിക്കൊരു അഭ്യർത്ഥനയുണ്ട്. അല്പം ശ്രദ്ധയും പരിഗണനയും കൂടുതൽ വേണ്ടവരാണ് ഞങ്ങൾ. സ്വന്തം കാലിൽ നിൽക്കാനുള്ള അവസരം, എവിടെയും എത്തിച്ചേരാനുള്ള സഞ്ചാര സൗകര്യങ്ങൾ, മുതിരുമ്പോൾ മറ്റാർക്കും ഭാരമാകാതെ സ്വന്തം അധ്വാനത്തിൽ ജീവിക്കാനുള്ള അവസരം, എന്നിവ അത്യാവശ്യമാണ്. അതിന് സ്കൂൾ തലം മുതൽ മാറ്റങ്ങൾ ഉണ്ടാകണം. ആ മാറ്റങ്ങൾ ഞങ്ങളുടെ നന്മയ്ക്കായി ആയിരിക്കണം.

അയ്യപ്പൻ അടൂർ…

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. നിങ്ങൾക്കും എഴുതാം ബൂലോകത്തിൽ.