Share The Article

സ്‌കൂളിന്റെ അടുത്തുള്ള “കഫേ’ കളിൽ,  വ്യവഹാരം അതിൻ്റെ ഉച്ചസ്ഥാനത്ത് എത്തുന്നത് ഇങ്ങനെയുള്ള ചില ദിവസങ്ങളിലായിരിക്കും.മകന്റെ +2  അവസാന പരീക്ഷകൾ  ഉള്ള  ദിവസങ്ങളിൽ, അവനെ സ്‌കൂളിൽ കൊണ്ടാക്കിയാൽ മാത്രം പോരാ, പരീക്ഷ തീരുന്നതു വരെ അമ്മ അവിടെ തന്നെ കാണണം എന്നാണ്, അവൻ്റെ ആവശ്യം.ആ രണ്ടു മൂന്ന് മണിക്കൂർ വേണമെങ്കിൽ സ്‌കൂളിന്റെ അടുത്തുള്ള പള്ളിയിൽ പോയി പ്രാർത്ഥന നടത്തി അവിടെ  ഉറക്കം  തൂങ്ങിയിരിക്കാം. അല്ലെങ്കിൽ അടുത്തുള്ള “കഫേ” പോയി വേറെ രണ്ടു-മൂന്ന് അമ്മമാരുടെ കൂടെ അവൻ എങ്ങനെ പരീക്ഷ എഴുത്തും എന്നതിനെക്കുറിച്ച്  ആധിയോടെ വർത്തമാനം പറഞ്ഞു കൊണ്ടിരിക്കാം.ഇതൊക്കെയാണ് ആ സമയങ്ങളിൽ എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ. രണ്ട് കാര്യത്തിലും താത്പര്യമില്ലാത്തതിനാലും ആ ദിവസങ്ങളിൽ സ്‌കൂളിന്റെ ഏഴ് അയലത്തു കൂടെ പോലും വാഹനങ്ങൾ ഒച്ച്-ന്റെ വേഗതയിൽ ആയിരിക്കും നീങ്ങുന്നത്. എല്ലാം കൊണ്ടും അവന്റെ ആവശ്യങ്ങൾ എനിക്ക് സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ല. അതിൻറേതായ മുഖം വീർപ്പിക്കൽ അവൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.മറ്റുള്ള അമ്മമാർക്ക്, ഞാനൊരു “ബോൾഡ് അമ്മ ” എന്ന അഭിപ്രായത്തിലായിരുന്നു.

വേണമെങ്കിൽ അതിനുള്ള നന്ദി അച്ഛനോട് പറയാം.സർക്കാര് ഉദ്യോഗസ്ഥനായ അച്ഛൻ, സർക്കാരിനെ സേവിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരിക്കും. ‘സ്‌കൂൾ/ കോളേജ് ബസ്സ്’ ഉണ്ടെങ്കിലും എൻ്റെ യാത്രകൾ എല്ലാം സർക്കാർ ബസ്സിലായിരുന്നു. പരീക്ഷകൾ ഉള്ള ദിവസവും പ്രത്യേക പരിഗണന ഒന്നുമില്ലായിരുന്നു. ആ ദിവസം ഓട്ടോയിൽ പോകാനുള്ള പൈസ തരും അഥവാ ബസ്സ് വന്നില്ലെങ്കിൽ ഓട്ടോയിൽ പോവുക എന്നതായിരുന്നു നിർദ്ദേശം. അന്നും ഇന്നത്തെ പോലത്തെ മാതാപിതാക്കന്മാർ ഉണ്ടായിരുന്നെങ്കിലും വിരളമായിരുന്നു. അതുകൊണ്ട് തന്നെ അച്ഛന്റെ ഇങ്ങനത്തെ നിയമങ്ങളിൽ വലിയ വിഷമം തോന്നിയിട്ടില്ല. ഔപചാരിക വിദ്യഭ്യാസത്തേക്കാളും ജീവിതത്തിൽ ഉപകരിക്കുക അനൌപചാരിക വിദ്യാഭ്യാസത്തിലൂടെ നേടിയ അറിവുകളായിരിക്കും എന്ന അനുഭവജ്ഞാനമായിരിക്കാം.

പൊതുവെ കർശനസ്വഭാവക്കാരനായിരുന്ന അച്ഛൻ, ആ കാലത്ത് തിരുവന്തപുരം എഞ്ചിനിയർ കോളേജിൽ നിന്നുമാണ്  പഠിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ഏക എഞ്ചിനിയർ  കോളേജ് ആയിരുന്നു.എന്നാലും മക്കളായ ഞങ്ങളെ ആരേയും ആ വഴി തിരഞ്ഞെടുക്കാൻ നിർബന്ധിച്ചില്ല. അതുകൊണ്ടായിരിക്കും വീട്ടിൽ എന്നും മനസ്സമാധാനമുണ്ടായിരുന്നു. സ്വന്തമായ വ്യക്തിത്വത്തിനായിരുന്നു കൂടുതൽ പ്രാധാന്യം നൽകിയത്.

ചില കാര്യങ്ങൾ നമ്മൾ  അറിഞ്ഞൊ അറിയാതെയോ  നമ്മൾ ഉൾക്കൊള്ളുന്നു, അതിലൊന്നാണ് ‘സമയനിഷ്ഠ’. അച്ഛന്റെ കൂടെയാണ് നമ്മൾ പുറത്ത് പോകുന്നതെങ്കിൽ, പോകുന്നതിനു മുൻപേ ഒരു സമയം പറഞ്ഞിരിക്കും ആ സമയം ആകുമ്പോൾ അച്ഛൻ പോയിരിക്കും. പിന്നീട് ഓടിയോ നടന്നോ നമ്മൾ ആ സ്ഥലത്ത് എത്തിയിരിക്കണം. ഒരു നിമിഷം പോലും കാത്ത് നിൽക്കാൻ തയ്യാറല്ലായിരുന്നു. ആ കാലങ്ങളിലൊക്കെ ഏറ്റവും കൂടുതൽ ദേഷ്യവും സങ്കടവും തോന്നിയ നിമിഷങ്ങളാണ്.എന്നാൽ പിന്നീട് “സമയം പാലിക്കുക എന്നുള്ളത് ഒരു ബാധ പോലെ ആവാഹിച്ച് എടുത്തിട്ടുണ്ട്. പറഞ്ഞ സമയത്തിൽ നിന്നുള്ള ഒരു ചെറിയ മാറ്റം പോലും എന്നെ ഒരു നാഗവല്ലി ആക്കാൻ അധികം സമയം വേണ്ട. വീട്ടിലെ ക്ളോക്ക് പോലും എന്നെ പേടിച്ചാണ് സൂചികൾ മാറുന്നത്, എന്നാണ് കുട്ടികളുടെ അഭിപ്രായം.

ഇന്ന് ഏറ്റവും കൂടുതൽ അച്ഛനുമായി പിണങ്ങുന്നതും സമയനിഷ്ഠയെ ചൊല്ലിയാണ്.വാർദ്ധക്യ സംബന്ധമായ ഓരോ കാരണങ്ങളാൽ സമയത്തിന് തയ്യാറാകാൻ സാധിക്കാറില്ല.ഇതൊക്കെ പഠിപ്പിച്ച ആൾ തന്നെ സമയം തെറ്റിക്കുമ്പോൾ,അല്ലെങ്കിലും നമ്മൾ എപ്പോഴും നമ്മളെ മാത്രമല്ലേ കാണുകയുള്ളൂ. ഒരു ദിവസം വളരെ യദൃച്ഛയായി പറയുകയുണ്ടായി, “ഞാൻ മനപ്പൂർവ്വം ലേറ്റ് ആകുന്നത് അല്ലാ പലപ്പോഴും എനിക്ക് സുഖമില്ല പിന്നെ നിന്നെയൊക്കെ കണ്ട സന്തോഷത്തിൽ ഓരോ സ്ഥലത്തേക്ക് പുറപ്പെടുന്നതാണ്. എൺപത്  വയസ്സിന് മേലെയുള്ള അച്ഛന്റെ ആ കുമ്പസാരം പറച്ചിൽ കേട്ട് ഹൃദയസ്പർശിയായി തോന്നിയെങ്കിലും പതിവ് ശൈലിയിൽ ചിരിച്ച് തള്ളുകയാണ് ചെയ്തത്.ഒരു പക്ഷേ ആ വാക്കുകൾ എൻ്റെ എൺപതാം വയസ്സിൽ നേരിടേണ്ടി വരുന്ന അവസ്ഥക്കുള്ള ഉപദേശമോ അതോ അന്നും എന്നെ “ബോൾഡ് ‘അമ്മ” ആക്കാനാണോ ?

എല്ലാ വർഷവും ജൂൺ മൂന്നാമത്തെ ഞാറാഴ്ച് ” Fathers day” ആയി ആഘോഷിക്കുമ്പോഴും പലതരം  സന്ദേശങ്ങൾ അയക്കുമ്പോഴും പറഞ്ഞും പറയാതെയുമുള്ള ഉപദേശങ്ങളും പ്രവൃത്തികളുമായി അച്ഛൻ എന്ന ശക്തി !