Share The Article

 

 

ഇനിയൊരു പുസ്തകം ഈ ജന്മത്തിലില്ല ‘ എന്നുദ്ദേശിച്ച് , എഴുതിയ കവിതകളെല്ലാംകൂടി ഈയൊരു കവിതാസമാഹാരത്തിൽ ശിവ ഒതുക്കിവച്ചിട്ടുണ്ട് . അതറിഞ്ഞപ്പോൾത്തന്നെ ഞാൻ പറഞ്ഞു , ‘ അതൊന്നും ശരിയാകില്ല രാശീ, നീ ഇനിയുമെഴുതും , പുസ്തകമാക്കും ‘ എന്ന് . ആധുനികമലയാള കവികളിലെ ‘ കരുത്തുറ്റ കവി ‘ എന്നു വിശേഷിപ്പിക്കാവുന്നവനാണ് രാജേഷ് . അറിവുകൊണ്ടും , അനുഭവം കൊണ്ടും , കവിത്വസിദ്ധികൊണ്ടും , രചനാശൈലികൊണ്ടും , ആകാരംകൊണ്ടും ഈ വിശേഷണത്തിനു തികച്ചും അർഹനാണു രാശി . ഇത്രകാലത്തെ ജീവിതത്തിനിടയിൽ പലവേഷങ്ങളാടി തളർന്നപ്പോഴൊക്കെ രാശിയ്ക്ക് താങ്ങും കരുത്തുമായത് അമ്മയെന്ന ഒറ്റമരമാണ് . ആ ഒറ്റമരത്തണലിലിരുന്ന് , ചുറ്റി നിൽക്കുന്ന ഏകാന്തതയുടെ വിരസതയെ ആട്ടിയോടിക്കുന്ന വേളയിൽ മനസ്സിലേയ്ക്കെത്തുന്ന വാക്കുകളാകുന്ന പടയാളികളുടെ കാഹളമാണ് രാജേഷിനു കവിത എന്നുപറയാം .
പ്രക്ഷേപണം ചെയ്യപ്പെടാത്ത തേങ്ങലുകൾ , ടോസ് , സ്ത്രീലിംഗമുള്ള തെരുവുകൾ എന്നീ കവിതാസമാഹാരങ്ങൾ ശിവ മുമ്പ് നമുക്ക് സമ്മാനിച്ചിട്ടുണ്ട് . എല്ലാം ഗദ്യകവിതകളാണ് . മലയാളസാഹിത്യത്തിൽ ബിരുദം നേടിയ ശിവ വൃത്തമെന്തെന്നറിഞ്ഞിട്ടുതന്നെയാണ് , കവിതയെ വൃത്തത്തിനുള്ളിൽനിന്നും പുറത്തുചാടിച്ചത് . കാലികമായ മാറ്റം കവിതയിലും വേണം എന്ന നിലപാടിലാണ് രാശി ഇങ്ങനെ ചെയ്തത് . ജനം ടി വി യിൽ വന്ന , അഭിമുഖം ഈ പുസ്തകത്തിന്റെ അവസാനഭാഗത്ത് കൊടുത്തിട്ടുണ്ട് . അതിൽ ഇത്തരം കാര്യങ്ങളെല്ലാം വിശദമായി രാശി പറയുന്നുണ്ട് .
” ജീവിതം , അതിന്റെ സ്വാതന്ത്ര്യത്തിലാണ് ഏറ്റവും സുന്ദരമാകുന്നത് ‘ എന്ന് രാശി സ്വന്തം ജീവിതത്തിലൂടെയറിഞ്ഞു . അത് ഒളിഞ്ഞും തെളിഞ്ഞും ഇതിലെ 138 കവിതകളിൽ പ്രതിഫലിക്കുന്നുണ്ട് . എല്ലാ കവിതകളും മികച്ചതെന്ന് അഭിപ്രായമില്ല , എങ്കിലും വായനക്കാരുടെ മനസ്സിൽ ഒരു ചിന്താരശ്മിയെ പ്രസരിപ്പിക്കുവാൻ ഇതിലെ മിക്ക കവിതകൾക്കും സാധിക്കുന്നുണ്ട് . ആക്ഷേപഹാസ്യ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ് ഇതിലെ മിക്ക കവിതകളുമെന്ന് പറയാം .
നാടൻ പൂക്കളെയും , മണ്ണിനെപോലും അവഗണിച്ച് ഉദ്യാനം സജ്ജമാക്കുകയും , അതോടൊപ്പം ഹരിതവൽക്കരണത്തേയും മണ്ണിനേയും പറ്റി വാചാലമാകുകയും ചെയ്യുന്ന ആധുനികരുടെ മുഖം മൂടിയെ അഴിച്ചുമാറ്റിയ ‘ ഉദ്യാനപ്രവർത്തനം ‘ എന്ന കവിത ലളിതവും ഹൃദ്യവുമാണ് . റഷ്യയിലെ അതിസുന്ദരിയായ ലേഡി ബോഡി ബിൽഡർ ജൂലിയ വിൻസ് , അർപ്പണബോധത്തിന്റേയും കഠിനാദ്ധ്വാനത്തിന്റേയും പ്രതീകം കൂടിയാണെന്നു രാശി പറയുന്നു . അവരെക്കുറിച്ചെഴുതിയ കവിത ഇതിലെ മറ്റെല്ലാ കവിത കളിൽ നിന്നും വേറിട്ടു നിൽക്കുന്നു . സത്യത്തിൽ രാശിയിൽ നിന്നാണ് ജൂലിയ യെക്കുറിച്ച് ഞാൻ ആദ്യം കേൾക്കുന്നത് . ജൂലിയ യോട് അടങ്ങാത്ത പ്രണയമാണെന്ന് എപ്പഴോ രാശി എഴുതിക്കണ്ടു . ആ പ്രണയ തീവ്രത ഈ കവിതയിൽ ആവിഷ്ക്കരിച്ചിരിക്കുന്നു . അവരിതു വല്ലതും അറിയുന്നുണ്ടോ എന്തോ .
രാഷ്ട്രീയത്തിൽ ചാവേറുകളാകാൻ ആവേശത്തോടെ മുന്നിട്ടിറങ്ങുന്നവർക്കുള്ള താക്കീതാണ് ‘ ഓന്ത് ‘ എന്ന കവിത . ഇടുങ്ങിയ പ്രതലങ്ങൾപോലും കടലാക്കി മാറ്റുന്ന മീനുകളെപ്പോലെ , ഉപബോധമനസ്സിൽ കടൽ ചമയ്ക്കുന്നവരാണ് നാം . അങ്ങനെയുള്ള നമ്മുടെ ജീവിതപ്പുസ്തകത്തിനു ചേരുന്ന പേർ ‘ അക്വേറിയം ‘ ആണെന്ന് മറ്റൊരു കവിതയിലൂടെ കവി സ്ഥാപിക്കുന്നു . ഇഷ്ടപ്പെട്ട മറ്റൊരു കവിതയാണ് ‘ മുട്ട ‘ . നിലത്തു വീണു പൊട്ടാതെ , ഓമ്ലെറ്റ് ചട്ടിയിലേയ്ക്ക് പൊട്ടിക്കുവാൻ ശ്രദ്ധിക്കുന്ന പാചകക്കാരനും , പൊട്ടിവിരിയുന്നത് ജീവിതത്തിലേയ്ക്കാകണമേ എന്നു പ്രാർത്ഥിക്കുന്ന മുട്ടയ്ക്കുള്ളിലെ ജീവനും ഒരുപാട് ചിന്തിപ്പിക്കുന്നു . ചിന്തിപ്പിക്കുന്ന മറ്റൊരു കവിതകളാണ് ‘ കോഴിയമ്മയും കുഞ്ഞുങ്ങളും ‘ , ‘ ജല്പനങ്ങൾ ‘ , ‘ നദിയും മത്സ്യവും ‘ , ‘ ജാതിക്ക് ‘ , ‘ മനുഷ്യമാംസം ‘ , ‘ അമേരിക്കയിൽ പോകാതെ മരിച്ചാൽ ‘ , ‘ ഓട്ടമത്സരം ‘ , ‘ തുള്ളിക്കുട്ടികൾ ‘ , ‘ ചോദ്യോത്തരങ്ങൾ ‘ , ‘ ചിലന്തി ‘ , ‘ അന്ധവിശ്വാസി ‘ , ‘ സാമൂഹ്യനിറങ്ങൾ ‘ , ……. നിരയങ്ങനെ നീണ്ടുപോകും .

” ഒറ്റയ്ക്കാകുന്നവൻ മുന്നിലും പിന്നിലും ഓർമകളെ തെളിക്കുന്ന ഇടയനാകും ….”
എന്നുതുടങ്ങുന്ന ‘ ഒറ്റയ്ക്കാകുന്നവൻ ‘ എന്ന കവിത ആശയം കൊണ്ടും ആവിഷ്ക്കാരം കൊണ്ടും വേറിട്ടു നിൽക്കുന്ന കവിതയാണ് .
” തമ്പ്രാക്കളേയും കീഴാളരേയും
ജനാധിപത്യം നവരസസദ്യയ്ക്കിരുത്തി ….”
എന്നാരംഭിക്കുന്ന ‘ ജനാധിപത്യത്തിലെ നവരസസദ്യ ‘ എന്ന കവിത രസകരവും , ചിന്തനീയവുമാണ് . തങ്ങൾക്ക് ആവശ്യമില്ലാത്ത ചില രസങ്ങളെ ഔദാര്യപൂർവ്വം കീഴാളർക്കു ദാനംചെയ്യുന്ന സവർണ്ണതയെ വിവരിക്കുന്ന ഈ ആക്ഷേപഹാസ്യക്കവിത വായനക്കർക്കും നവ്യമായൊരു ആസ്വാദനരസം പ്രദാനം ചെയ്യുന്നു .

” ഞങ്ങൾക്കില്ലാ ദൈവം , അവർക്ക്
സ്വർഗ്ഗത്തടിമപ്പണിയാണേ ….”

എന്നാരംഭിക്കുന്ന ‘ അടിമദൈവങ്ങൾ ‘ , കീഴാളരും മേലാളരും ദൈവങ്ങളിലുമുണ്ടോ എന്നു ചിന്തിപ്പിക്കുന്നു . നാടൻപാട്ടിനോട് ചായ് വുള്ള നല്ലൊരു കവിതയാണത് .

” ബോധം ദു:ഖമാണുണ്ണീ , ഭ്രാന്തല്ലോ സുഖപ്രദം …”
എന്നാരംഭിക്കുന്ന ‘ ഭ്രാന്ത് ‘ എന്ന കവിത ഇന്നത്തെ സമൂഹത്തിന്റെ അധ:പതനത്തിനുനേരെ തിരിച്ചുപിടിച്ച കണ്ണാടിയാണ്

” മറ്റൊരുവനെ നന്നായി വരച്ചാലും
ഒരാൾ സ്വന്തം ചിത്രം വരയ്ക്കാനിരിക്കുമ്പോൾ
മോശം ചിത്രകാരനാകുന്നതെന്തുകൊണ്ട് …”
എന്നു ചിന്തിപ്പിക്കുന്ന ‘ ചിത്രകാരൻ ‘ എന്ന കവിതയും ശ്രദ്ധേയമാണ് . കവിയിലെ തത്ത്വചിന്തകനെ വെളിപ്പെടുത്തുന്ന. ഇതുപോലെയുള്ള കവിതകൾ ഈ സമാഹാരത്തിൽ ധാരാളമുണ്ട് .
മരണവീട്ടിലും , ദുരന്തമേഖലയിലും ആശ്വാസവാക്കുകളുമായി പോകുന്നതു നല്ലതുതന്നെ . പക്ഷേ , അവിടെയെത്തുന്ന ഭൂരിഭാഗം ആളുകളുടേയും മനസ്സിൽ

” എനിക്കീ വിധി ഏകാതിരുന്ന ദൈവമേ
ഈ ദു:ഖമെന്നെ ഊട്ടാതിരുന്ന ദൈവമേ
ഞാനെത്ര ഭാഗ്യവാൻ ….”
എന്ന ചിന്തയായിരിക്കുമെന്ന നഗ്നസത്യം തുറന്നടിക്കുന്ന കവിതയാണ് ‘ ആശ്വസിപ്പിക്കുന്നവന്റെ ആശ്വാസം ‘ . രസകരമായ മറ്റൊരു കവിതയാണ് ‘ പൂവനും പിടയും ‘ . ആണിനും പെണ്ണിനും രണ്ടുതരം നീതിയാണെന്നു ,( അതെന്നും അങ്ങനെയല്ലേ ) ആ കവിതയിൽ കവി കാണിച്ചുതരുന്നു . അനുഭവത്തിന്റെ തീച്ചൂളയിൽ നിന്നെഴുതിയതിനാലാകാം ‘ പ്രണയത്തിൽ നിന്നും റിട്ടയർ ആയവൻ ‘ എന്നതിലെ വരികൾക്കിത്രയും പൊള്ളൽ . ദു:ഖവും നിരാശയും മത്സരിക്കുന്ന ആ കവിതയിലൂടെ കടന്നുപോകുമ്പോൾ ആരുടേയും നെഞ്ചകം ഒന്നു പൊള്ളിപ്പോകും . തുടർന്നു വരുന്ന ‘ ചോക്കും കാർബോർഡും ‘ , ‘ തലയണയുടെ ആത്മഗതം ‘ എന്നിവയും ഇതേ അവസ്ഥയിലൂടെ നമ്മെ കൊണ്ടുപോകും .
നാം ആഘോഷിക്കുന്ന ദിനാഘോഷങ്ങളുടെ നിരർത്ഥകത വിശദമാക്കുന്ന ‘ ദിനങ്ങൾ’ എന്ന കവിതയിലെ ആശയം നമ്മളിൽ പലരും ചിന്തിക്കുന്നതുതന്നെയാണ് . ‘ വിദ്യാർത്ഥി ‘ , ‘ മുൻബെഞ്ചും പിൻബെഞ്ചും ‘ , ‘ ഉത്തരം ‘ എന്നീ കവിതകൾ ഇന്നത്തെ വികലമായ വിദ്യാഭ്യാസനിലവാരത്തിലേയ്ക്കുള്ള ചൂണ്ടുപലകയാണ് .

” ഇത്രമേൽ പലതുള്ള സമ്പന്നരാം നമ്മളെ
ങ്ങനെ ദാരിദ്ര്യഗർത്തത്തിലാണ്ടുപോയ് . ”
എന്നവസാനിക്കുന്ന ‘ ദാരിദ്ര്യകാലം ‘ എന്ന കവിതയും ശ്രദ്ധേയമാണ് . പ്രകൃതി നമുക്കായി ഒരുക്കിയ സമ്പത്തുകൾ എന്തൊക്കെയെന്ന് വിശദീകരിക്കുന്ന ഈ കവിതയിൽ പ്രകൃതിസ്നേഹിയായൊരു കവിയെ കാണാം .

” വെള്ളത്തിലടിതെറ്റി വീണാലോ
രക്ഷനേടാൻ നീന്തലറിഞ്ഞിടേണ
മെന്നതൊരു പൊതുസത്യം.
പിറന്നു കരയിതിൽ
വീണാലോ രക്ഷനേടാൻ
എന്തൊക്കെയറിയണം
പാഠങ്ങൾ പലതുണ്ട് …” ( അടവുകൾ )
ശരിയല്ലേ ..എന്തെല്ലാം അടവുകൾ പഠിച്ചെടുത്താലാണീ ജന്മം ഒന്നവസാനിക്കുക .

‘ പക്ഷം നിഷ്പക്ഷം ‘ , ‘ ജാഥ ‘ എന്നീ രാഷ്ട്രീയ ആക്ഷേപശരങ്ങൾ വായനക്കാരുടെ മനസ്സിലെ രാഷ്ട്രീയമദചിന്തകളിൽ തറയ്ക്കും . ‘ വായിക്കപ്പെടാത്ത പുസ്തകം ‘ , എന്ന കവിതയിലൂടെ ആൾസ്വാധീനമോ, പണപ്പുളപ്പോ , ഇല്ലാത്തതിനാൽ മാത്രം അറിയപ്പെടാതെ പോകുന്ന ഉജ്ജ്വലജീവിതങ്ങളുടെ മാറാലപിടിച്ചുകിടക്കുന്ന ജീവിതത്താളുകളുടെ നൊമ്പരം ആർദ്രമായി ആവിഷ്ക്കരിച്ചിരിക്കുന്നു .
ചെറുതെങ്കിലും നല്ലൊരു കവിതയാണ് ‘ പോസിറ്റീവ് അഥവാ നെഗറ്റീവ് ‘ . മനസ്സിനുള്ളിലെ നിധിയെ ചുറ്റും തേടിയലയുന്ന മനുഷ്യരുടെ തിമിരത്തെ ആവിഷ്ക്കരിക്കുന്ന ‘ ആ നിധി ‘ യും കൊള്ളാം . മദമിളകിയ മതഭ്രാന്തിനെ പരിഹസിക്കുന്ന ‘ പാവകൾ ‘ , അന്തമില്ലാത്ത അത്യാർത്തിയെ പരിഹസിക്കുന്ന ‘ നെട്ടോട്ടം ‘ , ജീവിതത്തിന്റെ നിരർത്ഥകതയെ അറിയാതെ വാശിയോടെ വെട്ടിപ്പിടിച്ചു മുന്നേറുന്നവരെ പരിഹസിക്കുന്ന ‘ നാറാണത്തുഭ്രാന്തൻ ‘ , എങ്ങനെ ജീവിക്കണമെന്ന കാര്യത്തിൽ സ്വന്തം നയം വ്യക്തമാക്കുന്ന ‘ ആൽമരമാകുക ‘ , ഒഴിച്ചുകൂടാനാകാത്ത ശരീരഭാഗമായി കീശയേയും കാണണമെന്നു പറയുന്നതെന്തുകൊണ്ട് എന്നു വിശദീകരിക്കുന്ന , ‘ കീശ ‘ , ഇഷ്ടങ്ങൾ എങ്ങനെ രൂപപ്പെടണം എന്നു പറഞ്ഞുതരുന്ന ‘ ഇഷ്ടങ്ങൾ ‘ … എല്ലാം ഇഷ്ടകവിതകളാണ് .

” ഫാനിട്ടു വരുത്തുന്ന കാറ്റുപോലെയാകരുത് ഇഷ്ടങ്ങൾ
നമ്മിലേയ്ക്ക് അറിയാതെയൊഴുകിയെത്തുന്ന
കുളിർക്കാറ്റുപോലെ ഇഷ്ടപ്പെടുത്തുന്നതാകണം ”
അതാണു ശരിയായ ഇഷ്ടം . പലരും ഇഷ്ടങ്ങൾ ബോധപൂർവ്വം തീരുമാനിക്കുന്നതാണെന്ന് കവിഭാഷ്യം . ശരിയല്ലേ , കൂട്ടുകാരേ ….അത്തരം ഇഷ്ടങ്ങൾക്ക് ആയുസ്സുണ്ടാകില്ല , അവ നമുക്ക് സമാധാനവും സന്തോഷവും നൽകില്ല . ശരിയായ ഇഷ്ടങ്ങൾ നാമറിയാതെ നമ്മെ സമീപിച്ച് , കീഴടക്കും .

ഇതിൽ പരാമർശിക്കാത്ത മറ്റു കവിതകളും അവരുടേതായ വ്യത്യസ്തതയിൽ മികച്ചതുതന്നെയാണ് . വായനക്കാരുടെ ആസ്വാദന പക്വതയനുസരിച്ച് പലവഴിയേ ചിന്തിപ്പിക്കുന്ന കവിതകളാണ് ശിവയുടേത് . ഗദ്യമാണോ അല്ലയോ , വൃത്തമുണ്ടോ ഇല്ലയോ എന്നതൊന്നും ശ്രദ്ധിക്കാതെ ‘ ഞാനെഴുതുന്നതാണ് എന്റെ കവിത ‘ എന്ന് നെഞ്ചുറപ്പോടെ പറയുവാൻ രാശിയെപ്പോലെ ‘ ശക്തനായ കവി ‘ യ്ക്കേ കഴിയൂ . ജീവിതത്തിൽ പല വേഷങ്ങളണിഞ്ഞ് മടുത്തും , തളർന്നും , വെറുത്തും അഴിച്ചിട്ട രാശി ഇപ്പോൾ ഏറെക്കുറെ ശാന്തനാണ് . ഒരുവിധം കാര്യക്ഷമതയോടെ ചെയ്യുന്ന കാര്യം കവിതയെഴുത്താണെന്ന് സ്വയം തിരിച്ചറിയുകയും ചെയ്തു . ശാന്തിയും സംതൃപ്തിയും സമ്മാനിക്കുന്ന എഴുത്തെന്ന ഇഷ്ടത്തെ പ്രണയിക്കുക , സഹയാത്രികയാക്കുക , അവളോടൊത്ത് അഭിരമിക്കുക , ഞങ്ങൾക്ക് ഒരുപാടൊരുപാട് കവിതകളെ ഇനിയും സമ്മാനിക്കുക , അങ്ങനെ അമരത്വമുള്ളവനാകുക … ആശംസകൾ 

Written By Sreeja Warrier.
  • 32
    Shares
ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.