ഇനി ലുലു മാളില്‍ നിന്നും കൊച്ചി മെട്രോയിലേക്ക് ട്രോളി ഉന്തി പോകാം !

കൊച്ചി മെട്രോയുടെ ഭാഗമായ ഇടപ്പള്ളി സ്‌റ്റേഷനില്‍നിന്നും ലുലു മാളിലേക്കുള്ള പാലം പണി പൂര്‍ത്തിയാവുന്നു. മെട്രോ ട്രെയിനിന്റെ മാതൃകയില്‍ നിര്‍മിച്ചിട്ടുള്ള പാലം അവസാന ഘട്ടത്തിലാണ്. പുറത്തുനിന്നു നോക്കിയാല്‍ മെട്രോ ട്രെയിന്‍ ലുലു മാളിലേക്കു പോവുന്ന പ്രതീതിയാണ് നമുക്കുണ്ടാവുക.

പാലം തുറന്നുകൊടുത്താല്‍ ലുലു മാളില്‍നിന്നും സാധാനങ്ങള്‍ വാങ്ങിവരുന്നവര്‍ക്ക് ട്രോളിയുമായി മെട്രോ സ്‌റ്റേഷന്‍ വരെ പോവാനാവും. മെട്രോ സ്‌റ്റേഷനുമായി നേരിട്ടു പാത വരുന്നതോടെ ഇടപ്പള്ളിയിലെ ട്രാഫില്‍ തിരക്കില്‍ കുറവുണ്ടാവുമെന്നാണ് പ്രതീക്ഷ.

മെട്രോ സ്റ്റെഷനുകള്‍ക്ക് അടുത്തുള്ള ബിസിനസ് സ്ഥാപനവുമായി പാലം വഴി സ്റ്റേഷന്‍ ബന്ധിപ്പിക്കാന്‍ ആദ്യം തന്നെ കൊച്ചി മെട്രോ അധികൃതര്‍ തീരുമാനിച്ചിരുന്നു. ദുബായ് മെട്രോ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ലുലു ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളുമായി ഇങ്ങനെ ബന്ധിപ്പിച്ചതോടെ മെട്രോ വന്‍ ക്ലിക്കായി മാറിയിരുന്നു. ആ ഐഡിയയാണ് കൊച്ചി മെട്രോ അധികൃതര്‍ ഇവിടെയും പയറ്റുന്നത്.

ലുലു മാളിനു പുറമേ മറ്റു ചില സ്ഥാപനങ്ങളെ ഇത്തരത്തില്‍ ബന്ധിപ്പിക്കുന്നതിനു നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ബിസിനസ് സ്ഥാപനങ്ങളെ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിന് ചെലവു വഹിക്കേണ്ടത് അതത് സ്ഥാപനങ്ങളാണ്. കെഎംആര്‍എല്‍ പണിയുടെ മേല്‍നോട്ടം നിര്‍വഹിക്കും. ഇതിന്  സ്ഥാപനങ്ങള്‍ കെഎംആര്‍എലിന് പണം നല്‍കണം. 50 ലക്ഷം രൂപയാണ് പാലം പണിക്കായി ലുലു മാള്‍ കെഎംആര്‍എലിനു നല്‍കിയത്.

SHARE