Share The Article

രാജപ്പനും കുഞ്ഞപ്പനും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ ഏറെ പാരമ്പര്യമുള്ള ഒരു സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രത്തിൽ നിന്നും അച്ചു നിർമാണത്തിൽ വൈദഗ്ദ്യം നേടിയ അവർ ഏറെ കാലം ഭാരതത്തിലെയും സിംഗപ്പൂരിലേയും വലിയ മുതലാളിമാർക്ക് കീഴിൽ അടിമകളെ പോലെ പണിയെടുത്തു.ജീവിതം ഇതേ രീതിയിൽ മുന്നോട്ടു പോയാൽ തങ്ങളുടെ അവസാനവും അടിമകളായിട്ടായിരിക്കുമെന്ന് മനസ്സിലാക്കിയപ്പോഴാണ് മുൻഗാമികളെ പോലെ ഓസ്‌ട്രേലിയയിലേക്ക് കുടിയേറാം എന്ന തീരുമാനത്തിലേക്കെത്തിയത്.

സൽബുദ്ധിയും,കുബുദ്ധിയും ആവോളമുണ്ടായിരുന്ന രാജപ്പനും കുഞ്ഞപ്പനും കടമ്പകൾ ഏറെ കടന്നായിരുന്നു ബ്രിസ്‌ബേൻ നഗരത്തിൽ കാലു കുത്തിയത്. സിംഗപ്പൂരിലെ ബൂർഷ്വാ മുതലാളിമാരിൽ നിന്നും നേരിടേണ്ടി വന്ന എതിർപ്പ് ചെറുതായിരുന്നില്ല.രണ്ടു മികച്ച അടിമകളെ നഷ്ടപ്പെടുന്നതിലുള്ള അവരുടെ ദുഖമായിരുന്നു കാരണം. സ്വപ്ന സാക്ഷാത്ക്കാരമെന്ന പോലെ ബ്രിസ്‌ബേൻ നഗരത്തോട് ചേർന്ന് കിടക്കുന്ന ലോഗൻ എന്ന ശാന്ത സുന്ദരമായ സ്ഥലത്തെ മുൻഗാമികളുടെ വീട്ടിൽ രാജപ്പനും കുഞ്ഞപ്പനും കിടക്കാനൊരിടം കിട്ടി.

ബുദ്ധി കൂർമ്മത കാരണം രാജപ്പനും കുഞ്ഞപ്പനും ഒരു ജോലി നേടാൻ വലിയ അധ്വാനമൊന്നും വേണ്ടി വന്നില്ല. സിംഗപ്പൂരിൽ കിട്ടിയതിനേക്കാൾ നാലിരട്ടി ശമ്പളം! പണിയെടുക്കുന്ന മണിക്കൂറുകൾ അനുസരിച്ച് ശമ്പളം കിട്ടുന്നതിനാൽ തങ്ങളിപ്പോൾ അടിമകളല്ല എന്ന തോന്നൽ അവർക്കുണ്ടായി. വളരെ പെട്ടെന്നായിരുന്നു അവരുടെ ജീവിതത്തിലേക്ക് ആർഭാടങ്ങൾ കയറി വന്നത്. രാജപ്പൻ ഒരു ചുവന്ന നിറത്തിലുള്ള ഫോർഡ് ഫാൽക്കൺ സ്വന്തമാക്കി. അതോടുകൂടി മുൻഗാമികളിൽ പലരും രാജപ്പനെ കാണുമ്പോൾ ഫ്രോഡ് രാജപ്പൻ എന്ന് വിളിക്കാൻ തുടങ്ങി. കുഞ്ഞപ്പൻ സ്വന്തമാക്കിയതാകട്ടെ കറുത്ത നിറമുള്ള ഒരു ടൊയോട്ട കൊറോളയായിരുന്നു. ഇത്രയും കാലം യാത്ര ചെയ്യാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്ന രാജപ്പനും കുഞ്ഞപ്പനും കാറുകളും, ഡ്രൈവിംഗ് ലൈസൻസും സ്വന്തമാക്കിയതോടു കൂടി പൂർണ്ണ സ്വതന്ത്രരായി മാറി. അവർ ബ്രിസ്‌ബേൻ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കൂളിംഗ് ഗ്ളാസ്സുമിട്ട് വിലസാൻ തുടങ്ങി.

ഓസ്‌ട്രേലിയയിലെ ജീവിതം വളരെ സുന്ദരമായി മുന്നോട്ടു പോയി. ഒരു കാര്യത്തിൽ മാത്രം അവർ ദുഃഖിതരായിരുന്നു. മലയാളി അസോസിയേഷൻ നടത്തുന്ന ഓണാഘോഷമുണ്ടായിരുന്നെങ്കിലും തിരുവോണ ദിവസം അവധിയില്ലാത്തത് രാജപ്പനെയും കുഞ്ഞപ്പനെയും വല്ലാതെയങ്ങു വേദനിപ്പിച്ചു! എങ്ങിനെയെങ്കിലും ഇതിനു മാറ്റം വരുത്തണമെന്നും തിരുവോണ നാളിൽ ഓസ്‌ട്രേലിയയിൽ പൊതു അവധിയുണ്ടാകണമെന്നും അവർ ആഗ്രഹിച്ചു.ആഗ്രഹങ്ങൾ സഫലീകരിക്കാൻ ആത്മാർത്ഥമായി പരിശ്രമിച്ചാൽ, അത് സാധ്യമാക്കാൻ ലോകം മുഴുവൻ കൂടെയുണ്ടാകും എന്നാണല്ലോ പറഞ്ഞു കേട്ടിട്ടുള്ളത്. രാജപ്പനും കുഞ്ഞപ്പനും ചേർന്നിരുന്നു ആവോളം ചിന്തിച്ചു. ചിന്തകളുടെ അവസാനം അവരുടെ തലയിൽ റ്റ്യൂബ് ലൈറ്റ് കത്തുക തന്നെ ചെയ്തു.

യാഥാർഥ്യത്തിൽ മാവേലി മലയാളിയാണോ…? അല്ലെങ്കിൽ അദ്ദേഹം ഏതു നാട്ടുകാരനാണ്…? ഇതായിരുന്നു രാജപ്പനും കുഞ്ഞപ്പനും ചേർന്നുണ്ടാക്കിയ തുറുപ്പുചീട്ട്.

അവർ ഈ ചോദ്യം കേരളത്തിലെ ഓൺലൈൻ മഞ്ഞ പത്രങ്ങളോടായിരുന്നു ആദ്യമായി ചോദിച്ചത്.മാവേലി മലയാളിയാണെന്ന് തെളിയിക്കാനാവശ്യമായ യാതൊരു രേഖയും ലോകത്തിലെവിടെയും ലഭ്യമായിരുന്നില്ല.രാജപ്പന്റെയും കുഞ്ഞപ്പന്റെയും ചോദ്യത്തിന്റെ ബലം വർദ്ധിച്ചു. അവരുടെ ചോദ്യം കേരളക്കരയിലെ പ്രമുഖ പത്രങ്ങളെല്ലാം തന്നെ ഏറ്റെടുത്തു.

റിപ്പോർട്ടേഴ്‌സ് ചാനലിലെ ന്യൂസ് അവറിൽ കൈകൾ രണ്ടും മേശപ്പുറത്തു നീട്ടിവച്ച് നിതീഷ് കുമാറും ഇതേ ചോദ്യം കേരളക്കരയോടായി ചോദിച്ചു.

” യാഥാർഥ്യത്തിൽ ആരാണ് മാവേലി ..?
അദ്ദേഹം മലയാളിയാണോ ..? ആരുണ്ട് ഉത്തരം പറയാൻ…? തെളിവുണ്ടോ ഹാജരാക്കാൻ ”

നിതീഷ് കുമാറിന്റെ ചോദ്യം കേരളത്തിലങ്ങോളമിങ്ങോളം അലയടിച്ചു.

കേരളത്തിലെ അടുത്ത സുപ്രഭാതം പൊട്ടിവിടർന്നത് ഞെട്ടലുളവാക്കുന്ന ഒരു വാർത്ത കേട്ടായിരുന്നു.

‘മാവേലി യാഥാർഥ്യത്തിൽ ഓസ്‌ട്രേലിയക്കാരൻ ” അതായിരുന്നു ബ്രേക്കിംഗ് ന്യൂസ് ! വ്യക്തമായ തെളിവുകളുമായി ഓസ്‌ട്രേലിയയിൽ നിന്നും രാജപ്പനും കുഞ്ഞപ്പനും കേരളത്തിലേക്കെത്തി.

ഓസ്‌ട്രേലിയയിലെ ലോഗൻ നഗരത്തിലെ വുഡ്‌റിഡ്ജ് സെൻട്രൽ എന്ന ഗ്രാമ പ്രദേശത്തുള്ള ബ്രൂസ് റോഡിൽ താമസക്കാരനായിരുന്ന ബ്രൂസ് ഡി മാവേലിയാണത്രേ കേരളം ഭരിച്ചിരുന്ന അസുര ചക്രവർത്തി എന്നറിയപ്പെട്ട മാവേലിത്തമ്പുരാൻ! നൂറ്റാണ്ടുകൾക്ക് മുൻപ് ശ്രീ കൊളമ്പസ് അമേരിക്ക കണ്ടുപിടിക്കുന്നതിനും, മിസ്റ്റർ വാസ്കോ ഡി ഗാമ കേരളത്തിലെത്തുന്നതിനും നൂറ്റാണ്ടുകൾ മുൻപ് സ്വന്തം പായക്കപ്പലിൽ കയറി നാട് കാണാനിറങ്ങിയ ബ്രൂസ് ഡി മാവേലി വഴിതെറ്റി പോവുകയും അവസാനം കണ്ണൂരിലുള്ള മുഴപ്പിലങ്ങാട് ബീച്ചിൽ എത്തിപ്പെടുകയായിരുന്നുവത്രെ.

സ്വർണ നിറമുള്ള തലമുടിയോട് കൂടിയ വെളുത്ത ആപ്പിള് പോലെ തുടുത്ത കവിളുകളും താളത്തിനൊത്ത് തുളുമ്പുന്ന കുടവയറോടും കൂടിയ മനുഷ്യനെ കണ്ട മലയാളികൾ ബ്രൂസ് ഡി മാവേലിയെ മഹാരാജാവായി വാഴിച്ചുവത്രെ.സുന്ദരിയായ ഒരു മലയാളി മങ്കയെ ഗേൾ ഫ്രണ്ടായി ലഭിച്ച മാവേലി ഏറെ കാലം കേരളം ഭരിക്കുകയും അധികാര ചിഹ്നമായി ഓലക്കുട ഉപയോഗിക്കുകയും ചെയ്തു.

രാജപ്പന്റെയും കുഞ്ഞപ്പന്റെയും വാദങ്ങൾ മലയാളി പണ്ഡിത വർഗ്ഗം നഖശിഖാന്തം എതിർത്തു.ഓസ്‌ട്രേലിയയിൽ സായിപ്പന്മാർ എത്തിയിട്ട് വെറും ഇരുനൂറു വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. കാര്യങ്ങൾ അങ്ങിനെയാണെന്നിരിക്കെ ബ്രൂസ് ഡി മാവേലി എന്നൊരാളെ പറ്റി ചിന്തിക്കാനെ വയ്യ എന്നതായിരുന്നു പണ്ഡിതന്മാരുടെ അഭിപ്രായം.

മറ്റു പോംവഴികൾ ഇല്ലാതായപ്പോൾ ഇതൊക്കെ കെട്ടിച്ചമച്ച കഥയാണെന്നും തങ്ങളുടെ ഉദ്ദേശ്യലക്ഷ്യം എന്താണെന്നും പണ്ഡിതർക്കു മുന്നിലവതരിപ്പിച്ചു. രാജപ്പന്റെയും കുഞ്ഞപ്പന്റെയും സദുദ്ദേശ്യം മനസ്സിലാക്കിയ അവർ സഹായിക്കാമെന്നേറ്റു. പണ്ഡിതന്മാരൊന്നിച്ച് ചേർന്ന് വട്ട മേശ സമ്മേളനം നടത്തി. ഓൾ കേരള മാവേലി അസോസിയേഷന്റെ പേരിൽ അവർ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്ക് നിവേദനം തയാറാക്കി.ഡിങ്കൻ അസോസിയേഷന്റെ പ്രതിനിധികളും അതിൽ ഒപ്പു വച്ചു.

ബ്രൂസ് ഡി മാവേലിയെ കുറിച്ചുള്ള പത്രവാർത്തകളും നിവേദനങ്ങളുമൊക്കെയായി രാജപ്പനും കുഞ്ഞപ്പനും ബ്രിസ്‌ബേൻ നഗരത്തിൽ തിരിച്ചെത്തി.മലയാളി അസോസിയേഷന്റെ പ്രതിനിധികൾ ചെണ്ടമേളത്തോടുകൂടി വമ്പൻ വരവേൽപ്പായിരുന്നു നൽകിയത്.അടുത്ത ദിവസം ഓസ്‌ട്രേലിയൻ പത്രങ്ങളിലെ പ്രധാന തലക്കെട്ട് രാജപ്പനെയും കുഞ്ഞപ്പനെയും ബ്രൂസ് ഡി മാവേലിയേയും കുറിച്ചായിരുന്നു.

മലയാളി അസോസിയേഷന്റെ പ്രസിഡന്റായ ജയകാന്തൻ സാറുടെ സഹായത്തോടെ ഓസ്‌ട്രേലിയയിലെ സർവ്വ മലയാളികളും ഒപ്പിട്ട നിവേദനവും, ബ്രൂസ് ഡി മാവേലിയും മലയാളിക്കരയും ഓണവുമൊക്കെ ചേരുന്ന കഥകളുമൊക്കെ മനസ്സിലാക്കിയ ഭരണകൂടം അവസാനം ഒരു തീരുമാനത്തിലേക്കെത്തി.അടുത്ത വര്ഷം മുതൽ തിരുവോണ നാളിൽ ഓസ്‌ട്രേലിയയിൽ പൊതു അവധിയായിരിക്കും.മൾട്ടികൾച്ചറൽ പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സായിപ്പന്മാരും മദാമ്മമാരും അടക്കം ഏവരും ജാതി മത വർഗ്ഗ വർണ്ണ ഗ്രൂപ്പിസ വിവേചനകൾ കൂടാതെ ഓണാഘോഷത്തിൽ പങ്കെടുക്കുകയും ബ്രൂസ് ഡി മാവേലിയെ ഓർക്കുകയും ചെയ്യണമത്രേ! ഹാപ്പി ഓണം…..

  • 7
    Shares