Share The Article

ഭാര്യയുടെയും മകന്റെയും സ്നേഹത്തണലിൽ ഒരു വാരാന്ത്യ൦ ആസ്വദിക്കുകയായിരുന്നു അയാൾ.സമയം ഏതാണ്ട് രാത്രി എട്ടുമണിയയായി കാണും.ഭാര്യ അടുക്കളയിൽ കാര്യമായ പാചകത്തിലായിരുന്നു.വാരാന്ത്യമായതിനാൽ ഭർത്താവിന് ഏറെ ഇഷ്ടപെട്ട നെയ്ച്ചോറും മട്ടൻ കറിയും തയാറാക്കി വച്ചിട്ടുണ്ട്.ഈയടുത്തയായി ഇന്ത്യൻ റെസ്റ്റാറ്റാന്റിൽ നിന്നും കഴിച്ച ബട്ടർ ചിക്കൻ കൂടി ഉണ്ടാക്കാനുള്ള പരീക്ഷണത്തിലായിരുന്നു അവൾ.

അടുക്കളയിൽ നിന്ന് നല്ല കറിയുടെ മണം മൂക്കിലേക്ക് ഇടിച്ചു കയറുന്നുണ്ട്.മകനാണെങ്കിൽ നാലാം വയസ്സും നട്ടപ്രാന്തുമെന്ന പോലെ ടീവിയിൽ നോക്കി മലക്കം മറിയുകയാണ്.

“ചേട്ടാ ..ബട്ടർ ചിക്കൻ റെഡി, ഇങ്ങോട്ടൊന്നു വന്നു ടേസ്റ്റ് നോക്കിക്കേ…”അടുക്കളയിൽ നിന്ന് ഭാര്യ വിളിച്ചു പറഞ്ഞു.

വിശപ്പിന്റെ വിളി വന്നു തുടങ്ങി.ആക്രാന്ത൦ സഹിക്ക വയ്യാതെ അയാൾ അടുക്കളയിലേക്കു പാഞ്ഞു.രുചി നോക്കാനുള്ള സ്പൂണെടുത്ത് പാത്രത്തിന്റെ അടപ്പു തുറന്നു.കറിയുടെ നിറം കണ്ടാലേ അറിയാം സംഭവം സൂപ്പറാണെന്ന്.സ്പൂൺ പതുക്കെ കറിയിലേക്കു താഴ്ത്തി, ദാ പോകുന്നു കറന്റ്.അകെ മൊത്തം ഇരുട്ടും മറുഭാഗത്ത് മകന്റെ കരച്ചിലും …..

മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ അയാൾ മകനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.അവനാണെങ്കിൽ കരച്ചിൽ നിർത്തുന്നതേയില്ല.പ്രവാസ ജീവിതം തുടങ്ങിയിട്ടു കാലം കുറച്ചെയായിട്ടുള്ളൂ.ഇവിടെ കറന്റ് കട്ടൊന്നും ഉണ്ടാകാറില്ല എന്നാണു പരിചയക്കാരൊക്കെ പറഞ്ഞു കേട്ടിട്ടുള്ളത്.എന്നിട്ടിപ്പോ എന്താ ഇങ്ങനെ… അയാൾ ചിന്തിച്ചു.

സന്ധ്യ കഴിഞ്ഞാൽ കർട്ടനുകളൊക്കെ അടച്ച് എല്ലാ ജനാലകളും കുറ്റിയിട്ടു വയ്ക്കുക പതിവാണ്.പുറംലോകം കാണാൻ പറ്റാത്ത വിധമുള്ള കർട്ടണുകളായിരുന്നു എല്ലാ ജനാലകൾക്കും.

” ചേട്ടാ, ഒന്ന് പുറത്തു പോയി നോക്കുന്നോ? ഇനിയിപ്പോ നമുക്ക് മാത്രമാണ് കറന്റു പോയതെങ്കിലോ….”വാവിട്ടു കരയുന്ന മകനെ താലോലിച്ചു കൊണ്ട് അവൾ പറഞ്ഞു.

മൊബൈൽ ഫോൺ ടോർച്ചിന്റെ വെളിച്ചത്തിൽ അയാൾ പതിയെ വാതിലിനടുത്തേക്ക് നീങ്ങി.വാതിൽ തുറക്കാൻ ഓങ്ങവേ അത് സംഭവിച്ചു….. !

ടപ്പ് , ടപ്പ് , ടപ്പ് , ടപ്പ് ആരോ വാതിലിനിടിക്കുന്നു.
ടപ്പ് , ടപ്പ് , ടപ്പ് , ടപ്പ്; വീണ്ടും അതേ ശബ്ദം…..

വാതിലിന്റെ പിടി വിട്ട് അയാൾ രണ്ടടി പിന്നോട്ട് ചാടി. വീട്ടിനകത്തു നിന്നും ഭാര്യയുടെ നിലവിളി മുഴങ്ങി,അതിനു തുടർച്ചയായി മകന്റെ അലർച്ചയും.എന്തു ചെയ്യണമെന്നറിയാതെ ഭയചികതനായി അവൻ അലറി വിളിച്ചു ” ഹു ഈസ് ദാറ്റ്……? ” പുറത്തു നിന്നും യാതൊരു അനക്കവുമില്ല.ഭയം കൊണ്ട് വിറങ്ങലിച്ച് മകനെ ഒക്കത്തെടുത്തു കൊണ്ട് അവൾ തന്റെ ഭര്ത്താവിനെ ഒട്ടി നിന്നു.ആരായിരിക്കും വാതിലിനു മുട്ടിയത് ? എന്തായിരിക്കും അവരുടെ ലക്ഷ്യം ?

അമ്മയുടെ ഒക്കത്ത് മകൻ ഇതിനകം തന്നെ കരഞ്ഞുകരഞ്ഞ് ഉറങ്ങികഴിഞ്ഞിരുന്നു. പരിഭ്രമം വിട്ടുമാറാതെ അവൾ അവനെ കട്ടിലിൽ കൊണ്ട് കിടത്തി.ഭയചികതയായി നിൽക്കുന്ന ഭാര്യയെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് അയാൾ ആശ്വസിപ്പിച്ചു.

കിടപ്പുമുറിയിലെ അലമാരയിൽ വച്ചിരുന്ന ടോർച്ച് പുറത്തെടുത്തു. സർവ്വധൈര്യവും സമ്പരിച്ച് ജനാലകൾക്കരികിലേക്കു നടന്നു. പതുക്കെ കർട്ടൻ മാറ്റി പുറത്തേക്കു നോക്കി.മുൻവശമുള്ള കോരസായിപ്പിന്റെ വീട്ടിൽ വെളിച്ചം കാണാം.അതെ നമുക്ക് മാത്രമാണ് കറന്റു പോയിട്ടുളളത്. അയാളുറപ്പിച്ചു.

അയാൾ ഭാര്യക്കരികിലേക്കു നടന്നു കൊണ്ട് പറഞ്ഞു.
“ഞാനൊന്ന് പുറത്തേക്കിറങ്ങി നോക്കട്ടെ, നീയൊരു കത്തിയെടുത്ത് എനിക്ക് പിന്നിലായി വരണം, ഒരു ധൈര്യത്തിന്.”

ഭയം ഉള്ളിലടക്കി അയാൾ പതിയെ വീടിനു പുറത്തേക്കിറങ്ങി, പിന്നിൽ തോഴന് തുണയായി കൈയിൽ കറികത്തിയും മറച്ചു പിടിച്ചു കൊണ്ട് അവളും. അവർ ടോർച്ചടിച്ചു കൊണ്ട് വീടിന്റെ മുക്കും മൂലയും അരിച്ചുപെറുക്കി. ആരെയും കാണുന്നില്ല. അയൽവാസിയായ കോരസായിപ്പിന്റെ വീട്ടിലേക്ക് കണ്ണോടിച്ചു. വീടിനോട് ചേർന്ന് കിടക്കുന്ന കാർപോർച്ചിനരികിൽ ഒരാൾ നിൽക്കുന്നുണ്ട്.അവർ സായിപ്പിന്റെ വീടിനടുത്തേക്ക് നീങ്ങി. കോരസായിപ്പ് ചുണ്ടുകൾക്കിടയിൽ സിഗററ്റുമായി പുകവിട്ടു കൊണ്ട് അവിടെ നിൽക്കുന്നുണ്ടായിരുന്നു.സായിപ്പിന്റെ മുഖത്തും എന്തോ ഒരു പരിഭ്രമം.

കോരസായിപ്പ് ആളൊരു ട്രക്ക് ഡ്രൈവറാണ്. കണ്ടാലേ അറിയാം ആളൊരു നല്ല കായികാഭ്യാസിയാണ്. നല്ല ഉയരവും മസിലുകളും. കുടിയും വലിയും ആവോളമുണ്ടെങ്കിലും ആളൊരു മാന്യൻ. നടന്ന സംഭവങ്ങളൊക്കെ ഒരു വിധം അയാൾ സായിപ്പിനോടവതരിപ്പിച്ചു. കോരസായിപ്പ് ഇടയ്ക്കിടെ ‘നോ വറീസ്..നോ വറീസ് ..’എന്ന് പറയുന്നുണ്ടായിരുന്നു.

ഞാനൊന്ന് നോക്കട്ടെ എന്ന മട്ടിൽ കോരസായിപ്പ് അവരുടെ വീട്ടിലേക്കു നടന്നു. നേരെ ചെന്ന് ഇലക്ട്രിക്ക് മീറ്റർ ബോക്സ് തുറന്നു. ‘ദാ ഇപ്പൊ ശരിയാക്കി തരാം’ എന്ന ഭാവത്തിൽ ഒരു സ്വിച്ച് ഓൺ ചെയ്തതും വീട്ടിലെ ബൾബുകളെല്ലാം മന്ദഹാസം തൂകി പ്രകാശിച്ചതും ഒരുമിച്ചായിരുന്നു.വീടിന്റെ മെയിൻ സ്വിച്ച് ഓഫായിരുന്നുവത്രെ ! വീടിനടുത്തുകൂടി പോയ ഏതെങ്കിലും കിറുക്കന്മാരുടെ പണിയായിരിക്കുമിത് എന്നും പറഞ്ഞു കോരസായിപ്പ് ചുണ്ടിലെ സിഗരറ്റ് ആഞ്ഞു വലിച്ചു….

അയാൾക്കും ഭാര്യക്കും സമാധാനമായി. രണ്ടു പേരും കോരസായിപ്പിനോട് നന്ദി പറഞ്ഞ് വീട്ടിലേക്കു ക്ഷണിച്ചു. ഒരു പുഞ്ചിരിയോടെ ക്ഷണം സ്വീകരിച്ച് സായിപ്പ് അവരോടൊപ്പം വീട്ടിലേക്ക് കയറി. വീടും പരിസരവും നെയ്ച്ചോറിന്റെയും കറികളുടെയും മണം നിറഞ്ഞു നിന്നിരുന്നു. മൂക്കിലേക്ക് ആഞ്ഞു വലിച്ചു കൊണ്ട് കറികളുടെ മണം കോരസായിപ്പ് നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു. സായിപ്പ് ഇന്ത്യൻ കറിയെ കുറിച്ച് വാതോരാതെ സംസാരിക്കുവാൻ തുടങ്ങി. മൂപ്പർക്ക് ‘ബട്ടർ ചിക്കൻ’ ജീവനാണത്രെ !

ഇന്ത്യൻ കറിയെക്കുറിച്ച് ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് സായിപ്പിനെ ഭക്ഷണം കഴിക്കാതെ പറഞ്ഞയക്കുന്നത് ശരിയല്ല എന്നയാൾക്ക് തോന്നി. വിരോധമില്ലെങ്കിൽ ഇന്ന് തങ്ങളോടൊപ്പം ഭക്ഷണം കഴിക്കണമെന്നു സായിപ്പിനോട് പറഞ്ഞു. കേട്ടപാതി സായിപ്പതു സമ്മതിക്കുകയും ചെയ്തു. നെയ്ച്ചോറും മട്ടൻകറിയും ബട്ടർ ചിക്കനുമൊക്കെ ആസ്വദിച്ചു കഴിച്ച്, ദമ്പതികളോട് നന്ദിയും പറഞ്ഞ് വീട്ടിലേക്ക്ക്കു മടങ്ങുമ്പോൾ കോര സായിപ്പ് മനസ്സിൽ ഊറിയൂറി ചിരിക്കുന്നുണ്ടായിരുന്നു. ഉദ്ദേശ്യകാര്യം സാധിച്ചതിന്റെ അട്ടഹാസച്ചിരി……!

  • 3
    Shares