നൂറു ശതമാനം സാക്ഷരത എന്ന് ലോകം മുഴുവന്‍ ബാനര്‍ ഒട്ടിച്ചു നടക്കുന്ന ഒരു കൂട്ടം ആളുകളാണ് നാം മലയാളികള്‍. വിദ്യാ സമ്പന്നര്‍ എന്ന് മറ്റുള്ളവരും അതിനെക്കാളുപരി നമ്മളും പുകഴ്ത്തുന്ന നാം തന്നെ ഇന്ന് വളര്‍ന്നു വരുന്ന തലമുറയുടെ മുന്നില്‍ പുസ്തകങ്ങളിലെ അറിവ് മാത്രം നല്കി കടമ കഴിക്കുന്നില്ലേ എന്ന് ഒരു വട്ടം ആലോചിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ലോകം പ്രൊഫഷണല്‍ ആയി ചിന്തിക്കാന്‍ തുടങ്ങിയതിന്റെ പ്രഭാവം ഇനിയും നമ്മുടെ വിദ്യാഭ്യാസ രീതിയില്‍ എത്തിയിട്ടില്ല എന്ന് സമ്മതിക്കാതെ വയ്യ. മറ്റു രാജ്യങ്ങളില്‍ തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്കുമ്പോള് നാം ഇപ്പോഴും സ്പൂണ്‍ ഫീഡിംഗ് രീതി പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല. അഥവാ ഉപേക്ഷിച്ചു എന്ന് നാം അവകാശപ്പെട്ടാല്‍ തന്നെ വിദ്യാഭ്യാസം അതിന്റെ വിശാല വീക്ഷണത്തിലേക്ക് എത്തുന്നുണ്ടോ?
കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന രണ്ടു വിഭാഗമാണ് പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും, ഒരു പക്ഷെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യത്തോടെ നടത്തുന്ന രണ്ടു പരീക്ഷകള്‍ .അതില്‍ പാസ്സാകുന്നവര്‍ ഉപരിപഠനത്തിനായി പോകുന്നു. പക്ഷെ ലക്ഷ്യബോധമില്ലാത്ത യാത്രയാണ് അവര്‍ ഇന്ന് ഈ രണ്ടു ക്ലാസുകള്‍ കഴിഞ്ഞു നടത്തുന്നത് എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല ,പത്താം ക്ലാസില്‍
പഠിക്കുന്ന ഒരു കുട്ടിയെ സംബന്ധിച്ച് അവന്റെ ചിന്താധാര ഇന്ന് വളരെ അധികം ഇടുങ്ങിയതാണ്. എന്റെ അഭിപ്രായത്തില്‍ ഇത് തന്നെയാണ് ഇന്നത്തെ വിദ്യാഭ്യാസ മേഖലയുടെ ഏറ്റവും വലിയ ബലഹീനതയും കാരണം ചെറിയ ക്ലാസുകള്‍ പഠിച്ചു വന്ന അവന് അതിന്റെ ബാക്കിയെന്നോണം പത്താം ക്ലാസില്‍ എത്തുന്നു ,ലോകം എന്തെന്ന് അവന് അറിയുന്നില്ല. അല്ലെങ്കില്‍ പത്താം ക്ലാസ് എന്ന കടമ്പയുടെ മുന്നില്‍ ജീവിതം എന്നത് അവന് മറക്കുന്നു അതിനാല്‍ പത്താം ക്ലാസ് രക്ഷപെടാന്‍ ഒരു ശ്രമം എന്നല്ലാതെ വേറെ ഒരു നീക്കവും അവന്റെ ഭാഗത്ത് നിന്ന് ഈ സമയം ഉണ്ടാകുന്നില്ല, പത്താം ക്ലാസിലെ പരീക്ഷക്ക് അവന് നന്നായി പഠിച്ചു എഴുതുന്നു, പത്തു എ പ്ലസ് അല്ലെങ്കില്‍ ഒമ്പത് എ പ്ലസ്സുമായി അവന് നാട്ടിലും വീട്ടിലും തിളങ്ങുന്നു സ്വീകരണ യോഗങ്ങള്‍, സമ്മാനങ്ങള്‍ ഒക്കെയായി ഭൂമി മുഴുവന്‍ കീഴടക്കിയ ഒരു തോന്നല്‍ ,കിണറ്റില്‍ കിടക്കുന്ന തവളയുടെ
അവസ്ഥ എന്ന് വേണമെങ്കില്‍ പറയുന്നതാവും ശരി ,ഒടുവില്‍ അവധിയുടെ അതിപ്രസരത്തിലും അനുമോദന യോഗങ്ങളുടെ കൂടുതല്‍ മൂലവും ഉപരി പഠനത്തിനുള്ള യാതൊന്നും അവന് തീരുമാനിക്കുന്നില്ല.
എന്തായാലും കണ്ടു വരുന്നിടത്തോളം ഉപരി പഠനരംഗത്ത് ഭൂരിഭാഗം ആളുകള്‍ക്കും സയന്‍സിനോട് അടങ്ങാത്ത ഒരു ‘അഭിനിവേശമുണ്ട്’ എന്ന് മനസിലാക്കാം, ആരെങ്കിലും പറഞ്ഞു കേട്ടോ അല്ലെങ്കില്‍ യാത്രാ സൌകര്യമോ നോക്കി ഒരിടം തെരഞ്ഞെടുക്കുന്നു അതുമല്ലെങ്കില്‍ വേറെ ഒരു പഠന ശാഖയെ പറ്റിയോ അറിയാത്തതിനാല്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ എം ബി ബി എസ് എന്ന രണ്ടു ശാഖകളെ ലോകത്തില്‍ ഉള്ളു എന്ന ചിന്താ തലത്തില്‍ സയന്‍സ് എടുക്കുന്നു ,അത് വരെ അവന് പഠിച്ച ശാസ്ത്രത്തിന്റെ നിലവാരമാണ് അവന്റെ മനസിലുള്ളത് അത് കൊണ്ട് പലരും ഇതിനു തുനിയുന്നു ,വേറെ ഒരു വിഭാഗം വിചാരിക്കുന്നത് സയസിനു മാത്രമേ ഒരു ‘സ്കോപ്പ്’ ഉള്ളു അല്ലെങ്കില്‍ സമൂഹത്തില്‍ നാം താഴെ തട്ടില്‍ ചിത്രീകരിക്കപ്പെടും അങ്ങനെ പലര്‍ക്കും ഇതൊരു സ്ടാറ്റസിന്റെ പ്രശ്നം ആയി രൂപാന്തരപ്പെടുന്നു. ‘പത്താം ക്ലാസില്‍ പത്തു എ പ്ലസ് ഒക്കെയില്ലേ, പിന്നെ ഇതാണോ പ്രയാസം?’ എന്ന ഒരു അഹങ്കാരം പലരും ഇതിലേക്ക് നയിക്കുന്നു,മറ്റൊന്ന്
ഇന്ന് നിലവിലുള്ള ഏകജാലകത്തിന്റെ അവസാന കളകളായി അവര്‍ ആഗ്രഹിക്കാത്ത വിഷയങ്ങളിലേക്ക് മാറ്റപെടുന്നു. ചുരുക്കം ആളുകള്‍ കാശിന്റെ സ്വാധീനം മൂലം മാനേജ്മന്റ് സീറ്റില്‍ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കും പോലെ മകനെ അല്ലെങ്കില്‍ മകളെ കൊണ്ട് ഭീമമായ ഒരു ഭാരം എടുപ്പിക്കുന്നു അല്ലെങ്കില്‍
മാതാ പിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു പ്രത്യേക രംഗത്തേക്ക് വരുന്നു.
എന്തായാലും ദീര്‍ഘ വീക്ഷണം എന്ന ഒരു കാര്യം ഇവരില്‍ ആര്‍ക്കും ഇല്ല എന്നത് വലിയ ഒരു പ്രശനമാണ് ,ഏറ്റവും ഒടുവില്‍ നൂറില്‍ ഒന്നോ രണ്ടോ പേര് മാത്രം വളരെ വിദഗ്ദ്ധമായി ഉപരി പഠനത്തിനുള്ള വിഷയം
തെരഞ്ഞെടുക്കുന്നു.ബാക്കിയുള്ള ഭൂരിപക്ഷത്തിനും കരിയറിനെ കുറിച്ച് യാതൊരു സങ്കല്‍പ്പവും ഉണ്ടാകുന്നില്ല . വെറുതെ എന്തൊക്കെയോ പഠിക്കുന്നു ,ചുറ്റും എന്തൊക്കെയോ നടക്കുന്നു ഒന്നും കാണുന്നില്ല കേള്‍ക്കുന്നില്ല. എങ്ങോട്ടോ ലക്ഷ്യ ബോധമില്ലാത്ത യാത്ര ‘എന്തോ ആണെന്ന മട്ടില്‍’ അവന് ഹയര്‍ സെക്കണ്ടറി ക്ലാസ്സില്‍ ചെല്ലുന്നു ,അപ്പോള്‍ അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും എന്ന മട്ടിലാകും കാര്യങ്ങള്‍, ഇത് വരെ പഠിച്ചതൊന്നുമല്ല സയന്‍സ് എന്ന തിരിച്ചറിവാണ് പല സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ടാവുന്നത് ,ഒരു
അര്‍ദ്ധവാര്‍ഷിക പരീക്ഷയോടെ പലരുടെയും ആത്മ വിശ്വാസവും പ്രതീക്ഷയും നശിക്കുന്നു. ഒപ്പം കൌമാരത്തിന്റെ ചോരത്തിളപ്പും കൂടി ചേരുമ്പോള്‍ ഇനി പഠിക്കുന്നതിലും ഭേദം ഉഴപ്പുന്നതാണ് എന്നൊരു തോന്നല്‍ അവനെ വേട്ടയാടും,അല്ലെങ്കില്‍ അതിലേക്കു അവന് വീഴ്ത്തപ്പെടും.
ഒടുവില്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ പത്തു എ പ്ലസ്സുകാര്‍ വരെ മാര്ക്കിനത്തില് രണ്ടക്കം കാണാതെ
ആയുധം വെച്ചു കീഴടങ്ങുന്നു .എസ് എസ് എല്‍ സിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചവര്‍ തുടര്‍ന്ന് പിന്നോക്കം പോകുന്ന ഭീകരമെന്ന് തോന്നിപ്പിക്കുന്ന അവസ്ഥ സംജാതമാകുന്നതിന്റെ കാരണം വ്യക്തമായി എന്ന് കരുതുന്നു. പതിവ് പോലെ എന്‍ട്രന്‍സ് എന്ന കലാപരിപാടിയും സയന്‍സ് കുട്ടികളെ തേടിയെത്തുന്നു, “അവള്
പോകുന്നുണ്ടല്ലോ പിന്നെ നിനക്കെന്താ?” എന്ന നിലപാടാണ് ഈ കാര്യത്തില്‍ മിക്ക മാതാപിതാക്കളും കാണിക്കുന്നത്. ധാരാളം കുട്ടികള്‍ക്ക് നല്ല ഭാവി ഉണ്ടാക്കി കൊടുക്കാന്‍ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍ക്ക്
കഴിയുമെങ്കിലും ഇതിന്റെ പിന്നാമ്പുറങ്ങളില്‍ കറുത്ത ഒരു നിഴല്‍ കൂടി ഉണ്ട് എന്നറിയുക . എഞ്ചിനീയറിംഗ് മാത്രമല്ല ജീവിതം ,ജീവിതം നമ്മുടെതാണ്,അതിനാല്‍ ഇത്തരം കാര്യങ്ങളിലുള്ള തീരുമാനം പൂര്‍ണമായും നമ്മുടേതായിരിക്കണം. അല്ലാതെ നാട്ടുകാരുടെ പാവയല്ല ഞാന്‍ എന്ന വിശ്വാസം ഉണ്ടായിരിക്കണം. എന്ട്രന്സിന്റെ ചില പ്രശങ്ങള്‍ ഞാന്‍ കണ്ടത്:
കഠിനതരമായ ഈ പഠനം കുട്ടികളെ അധിക പ്രതിസന്ധിയിലേക്ക് വലിച്ചടുപ്പിക്കുന്നു. ഒരു ഘട്ടത്തില്‍ കഠിനമായ മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നു. അവധി ദിനങ്ങള്‍ ലഭിക്കാത്തതിനാല്‍ കുട്ടികള്‍ക്ക് ഒരു മാനസിക ഉല്ലാസം ഇല്ലാതെ വരുകയും അവര്‍ അതിനെതിരേ വളരെ രൂക്ഷമായി പ്രതികരിക്കയും ചെയ്യുന്നു. ഇതിനിടെ ഒരു ചെറിയ പഴുത് ലഭിക്കുമ്പോള്‍ അവര്‍ പരമാവധി മുതലെടുക്കുകയും അസന്മാര്ഗിക പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരുകയും ചെയ്യുന്നു.
ഇടവേള ലഭിക്കാത്തതിനാല്‍ കുട്ടികളുടെ ആരോഗ്യ സ്ഥിതി മോശമാകുന്നു. പഠനഭാരം കൂടുനതിനാല് സ്കൂളില്‍ പഠിപ്പിക്കുന്നതും എന്‍ട്രന്‍സ് കേന്ദ്രങ്ങളില്‍ പഠിപ്പിക്കുന്നതുംശ്രദ്ധിക്കാന് വിമുഖത കാട്ടുന്നു. അധിക പഠന ഭാരത്തിന്റെ പേര് പറഞ്ഞു കുട്ടികള്‍ ധാരാളം പണം ദുര്‍വിനിയോഗം ചെയ്യുന്നു അത് പല പ്രശ്നങ്ങള്കും കാരണം ആകുന്നു. അവധിദിനങ്ങളില്‍ പോലും ക്ലാസ്സ് ഉള്ളതിനാല്‍ കുട്ടികളുടെ ആത്മീയ നിലവാരം താഴേക്ക് പതിക്കുന്നു. പഠനഭാരം മൂലം ദൈവം എന്ന ശക്തി ഇല്ല എന്ന് തന്നെ അവര്‍ വിശ്വസിക്കാം സമൂഹവുമായുള്ള ബന്ധം ഇല്ലാതെയായി ഏകാന്തതയിലേക്ക് കൂപ്പു കുത്തുന്നു. അതിലൂടെ ആശയവിനിമയ ശക്തിയും മറ്റും നഷ്ടപ്പെടുന്നു.
ഒരുവന്റെ സര്‍ഗ്ഗാത്മക കഴിവുകള്‍ക്ക് ഏറ്റവും കൂടുതല്‍ തടസം വരുന്നത് ഈ കാലത്താണ് എന്ന് അവന് മനസിലാക്കും,ഒരുവന്റെ കഴിവ് മറ്റു ഏതെങ്കിലും രംഗത്താണ് എന്ന് അവനു തിരിച്ചറിവുണ്ടായാല്‍ പോലും തിരിച്ചു വരാന്‍ കഴിയാത്ത ഒരു പടുകുഴിയിലേക്ക് ശരാശരി വിദ്യാര്‍ഥി മാറ്റപ്പെടുന്നു. അവന്റെ ഇഷ്ടങ്ങള്‍ ലോകം അംഗീകരിക്കാതെ പോകുന്നത് അവനില്‍ ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ചില്ലറയല്ല.
ഇന്ന് പലപ്പോഴും സംഭവിക്കുന്നത് കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ നോക്കുകുത്തികള്‍ ആയി മാറുന്നു എന്ന കാഴ്ചയാണ്, അത് കൊടുക്കേണ്ടസമയത്തല്ല കൊടുക്കുന്നത്. ഇപ്പോള്‍ നിലവിലുള്ള അവസ്ഥയനുസരിച്ച് ഭാവി നിര്‍ണയിക്കപ്പെടുന്നത് പന്ത്രണ്ടാം ക്ലാസില്‍ ആണ് എന്നൊരു ധാരണ പലര്‍ക്കും ഉണ്ട്. പക്ഷെ എന്റെ അഭിപ്രായത്തില്‍ അത് തെറ്റാണ്. കാരണം പത്താം ക്ലാസ് കഴിഞ്ഞു അടുത്ത ഹയര്‍ സെക്കണ്ടറി ക്ലാസില്കേക്ക് കയറുമ്പോള്‍ തന്നെ ഒരുവന്റെ ഭാവി ഏകദേശം തീരുമാനിച്ചു കഴിയപ്പെട്ടിരികുകയാണ് എന്നതാണ് വാസ്തവം.പലരുടെയും വാദഗതി അനുസരിച്ച് സയന്‍സ് ബാച്ച് എടുത്തു പ്ലസ് ടൂ കടന്നിട്ട് പിന്നെ വേണമെങ്കില്‍ ഡിഗ്രിക്ക് വേറെ സ്ട്രീമിലേക്ക് മാറാം എന്ന് പക്ഷെ ഇങ്ങനയുള്ള തിരിച്ചു വരവുകള്‍ എത്ര അപൂര്‍വ്വം ആണ് എന്ന് ചിന്തിച്ചു നോക്കുക . സയന്‍സ് എടുത്തു മുന്നോട്ടു പോകുന്ന കുട്ടികള്‍ അതുമായി ബന്ധപ്പെട്ട കോഴ്സില്‍ എത്തിപ്പെടും,ഒന്നുകില്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ മെഡിസിന് എന്ന ഒരു സങ്കല്പം മാത്രമാണ് അവര്‍ക്ക്. മറ്റൊരു കോഴ്സുകളെ കുറിച്ചും ആരും അറിവുള്ളവര്‍ അല്ലാത്തതിനാല്‍ 80 % കുട്ടികളും ഇതിലേക്ക് മനസില്ലാമനസോടെ പോകുന്നു. അതിനാല്‍ സംഭവിക്കുന്ന പ്രശങ്ങള്‍ ചില്ലറയല്ല . ഈ കാരണത്താല്‍ ഗുണമേന്മയുള്ള എഞ്ചിനീയറിംഗ് ബാച്ച് അല്ലെങ്കില്‍ എം ബി ബി എസ് ബാച്ച് ഉണ്ടാകുന്നില്ല.
പലരും ഇന്ന് വിചാരിക്കുന്നത് എഞ്ചിനീയറിംഗ് എടുത്തില്ലെങ്കില്‍ ഭാവി ഇരുള് അടഞ്ഞു എന്നാണു. കൊമേഴ്സ് അല്ലെങ്കില്‍ ഹുമാനിറ്റീസ് മന്ദ ബുദ്ധികള്‍ക്ക് ഉള്ളതാണ് എന്ന ഒരു നാലാംകിട വിചാരം എന്ന് തീരുന്നുവോ അന്ന് കുട്ടികള്‍ രക്ഷപെടും എന്നതില്‍ സംശയമില്ല. ഡിഗ്രീ എന്നത് ഇപ്പോള്‍ കേള്‍ക്കാന്‍ കൂടിയില്ല ,എല്ലാ തൊഴിലുകള്‍ക്കും അതിന്റേതായ മാന്യത ഉണ്ട് എന്നവകാശപ്പെടുന്ന നാം ഇതില്‍ മാത്രം എന്തിനു വിവേചനം
കാട്ടണം? എല്ലാ രംഗങ്ങള്‍ക്കും കുട്ടികള്‍ പറയുമ്പോലെ ‘സ്കോപ് ‘ ഉണ്ട് എന്നത് പലര്‍ക്കും അറിയാന്‍ വയ്യാത്ത കാര്യമാണ് ഒരു പക്ഷെ ആ കുട്ടി പുതിയ രംഗങ്ങളെ കുറച്ചു അറിഞ്ഞു വരുമ്പോള്‍ അവന് ഒരിടത്ത് സ്ഥിരമായി മാറിയിരിക്കും എന്നതിനാല്‍ പലരും ഇഷ്ട്ടപെട്ട രംഗത്തേക്ക് പോകാനാവാതെ വിഷമിക്കുന്നു . അതിനാല്‍ ഒരു രംഗത്തും ഗുണമേന്മയുള്ള ഒരു നിരയെ വാര്‍ത്തെടുക്കാന്‍ കഴിയാതെ പോകുന്നു ,ഇതിന്റെ പ്രതിഫലനമല്ലേ ബഹു രാഷ്ട്ര കമ്പനികളുടെ ഇന്റര്വ്യൂറൂമുകളില് വെള്ളം കുടിക്കുന്ന മലയാളി ചുണക്കുട്ടികളുടെ പരിതാപകരമായ അവസ്ഥ എന്ന് വിലയിരുത്തേണ്ട സമയം ആയിരിക്കുന്നു . മാറി മാറി വരുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ ഒരുവന്റെ അന്ത്യം വരെ ബാധിക്കും എന്നതിനാല്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ രാഷ്ട്രീയ അതീതമായിരിക്കണം,ഒപ്പം കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ പന്ത്രണ്ടാം ക്ലാസുകളില്‍ കൊടുത്തിട്ട് വലിയ പ്രയോജനം ഇല്ല എന്നതാണ് എന്റെ അഭിപ്രായം പത്താം ക്ലാസിനു മുന്‍പ് തന്നെ പഠനക്രമത്തില്‍ ഉള്‍ക്കൊള്ളിക്കണം കാരണം ഏറ്റവും കൂടുതല്‍ ഇതിനെ കുറിച്ച് അറിയേണ്ടത് ഈ സമയത്താണ് അങ്ങനെയൊരു സ്ഥിതിയുണ്ടായാല്‍ പത്താം ക്ലാസ് ആകുമ്പോള്‍ തന്നെ ജീവിതത്തെ കുറച്ചു ഒരു സങ്കല്പം അവനുണ്ടാകും ,അതിനനുസരിച്ച് പഠിക്കാന്‍ ഒരുത്സാഹം ഒക്കെ ഉണ്ടാകും ഒപ്പം സാഹസികമായ പഠന മാറ്റങ്ങള്‍ക്കു ഒന്നിനും പോകേണ്ട കാര്യവുമില്ല, വ്യക്തമായ തീരുമാനവും നിശ്ചയ ബോധം ഉണ്ടെകില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ നമുക്ക് കഴിയും. ഒരു പക്ഷെ ഒമ്പതാം ക്ലാസ്,എട്ടാം ക്ലാസുകളില്‍ ആഴ്ചയില്‍ രണ്ടു പീരീഡ് വീതം കരിയര്‍ ഗൈഡന്‍സ് കൊടുക്കാന്‍ ശ്രമിക്കുന്നതും ഒപ്പം അവരുമായി അവരുടെ കഴിവിനെ കുറിച്ച് സംവദിക്കാന്‍ കഴിയുന്നതും അവനെ പുതിയ ഒരു ലോകത്ത് എത്തിക്കും ,പക്ഷെ ഈ സമയങ്ങളില്‍ അവനു ഇതിനുള്ള പക്വത വന്നിട്ടില്ല എന്നത് ഒരു മുടന്തന്‍ ന്യായം ആണ് ,ആ സമയത്ത് ആലോചിച്ചു
തുടങ്ങിയാല്‍ ഏവരുടെയും ഭാവി വളരെ അധികം ശോഭനം ആയിരിക്കും എന്ന് തീര്‍ച്ചയാണ് ,ഓരോ ജോലിക്കും അതിന്റെ മഹത്വവും വിലയും ഉണ്ട്,എഞ്ചിനീയര്‍മാരെ കൊണ്ട് മാത്രം നമുക്ക് ജീവിക്കാന്‍ കഴിയില്ല. ലോകത്ത് എല്ലാ തരത്തിലുമുള്ള ആളുകള്‍ വേണം പക്ഷെ നമ്മുടെ ഏതു രംഗമായാലും അതില്‍ ഒന്നാമാനാകാന്‍ ശ്രമിക്കുക ,വിജയം നമ്മുടേതാണ്. അങ്ങനെ ഒരു നല്ല നാളെക്കായി കാതോര്‍ക്കാം.