Share The Article

തൊടുപുഴയിൽ മാതാവിന്റെ കാമുകൻ ഏഴുവയസുകാരനോട് കാട്ടിയ ക്രൂരതയും ലൈംഗികപീഡനങ്ങളും കേരള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. കുട്ടികളോടുള്ള ക്രൂരത അനുദിനം വർദ്ധിക്കുന്ന അവസരത്തിൽ അധ്യാപികയും എഴുത്തുകാരിയുമായ ദീപാനിശാന്ത്‌ (Deepa Nisanth)പ്രതികരിക്കുന്നു. പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം.

=========

ഏഴ് വയസ്സുള്ള ആ മോനെ ക്രൂരമായി മർദ്ദിച്ച് അത്യാസന്നനിലയിലാക്കിയ വാർത്തയറിഞ്ഞപ്പോൾ ഉള്ളിൽ തെളിഞ്ഞ കുടുംബചിത്രത്തിൽ ഭർത്താവിന്റെ മരണശേഷം തീർത്തും നിരാലംബയായ ഒരു സ്ത്രീയും 2 പിഞ്ചു കുട്ടികളും ഗതികേടുകൊണ്ട് ഒരു നീചജന്മത്തിന്റെയടുത്ത് അഭയം പ്രാപിച്ചതായിരിക്കണമെന്ന മുൻവിധിയാണുണ്ടായത് . അവർക്ക് ചിലപ്പോ വീടുണ്ടാകില്ല, വിദ്യാഭ്യാസമുണ്ടാകില്ല, തൊഴിലുണ്ടാകില്ല, സഹായിക്കാൻ കുടുംബാംഗങ്ങളായി ആരുമുണ്ടാകില്ല ,സഹായ വാഗ്ദാനം നടത്തി പറ്റിക്കൂടിയ ഒരു ചെകുത്താനെ മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞു കാണില്ല . ഇതൊക്കെയായിരുന്നു ഉള്ളിലുയർന്ന ചിത്രം

അല്ലാതെ ഒരമ്മയ്ക്ക് എങ്ങനെയാണ് ഇത് കണ്ടു നിൽക്കാനാകുക?

ഇപ്പോ കേൾക്കുന്നു.

ആ സ്ത്രീ സ്കൂൾ വിദ്യാഭ്യാസം ഏറ്റവും ഉയർന്ന മാർക്കോടെ പൂർത്തിയാക്കിയവളാണ്.

ബി ടെക് ബിരുദധാരിണിയാണ്.

സാമ്പത്തിക സുസ്ഥിരതയുള്ള സ്ത്രീയാണ്.

അവരാണ് ഇത്രനാളും സ്വന്തം കുഞ്ഞുങ്ങൾക്കു മേലുള്ള ഈ മൃഗീയമർദ്ദനം അനുവദിച്ചു കൊടുത്തത്.

എന്തു സ്ത്രീവിരുദ്ധത ആരോപിച്ചാലും ശരി,
മക്കളെ ‘ധൈര്യം വരുത്തൽ പരിശീലനത്തിനായി ‘രാത്രികളിൽ വീട്ടിൽ തനിച്ചാക്കി ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുന്ന, മൂന്നര വയസ്സുള്ള ഒരു കുഞ്ഞിനെ പാതിരാവിൽ ഒറ്റക്കിട്ട് വീടും പൂട്ടിയിറങ്ങിയ ആ സ്ത്രീ എന്ത് ജന്മമാണ്?

ആ കുട്ടികളെ ഇത്ര ദാരുണമായി മർദ്ദിച്ചിട്ടും അയാൾക്കെതിരെ പറയാതെ, കള്ളം പറഞ്ഞ് അയാളെ സംരക്ഷിക്കാൻ ശ്രമിച്ച അവർ എന്ത് ന്യായീകരണമാണ് അർഹിക്കുന്നത്?

സ്കൂളിലെ ടീച്ചർമാരോട്, ‘അച്ഛ മരിച്ചു’ എന്ന് ദയനീയമായി പിറുപിറുക്കുന്ന ആ കുട്ടിയെ കൺമുമ്പിൽ കാണുന്നു.

ഇങ്ങനെ എത്ര കുട്ടികളുണ്ടാകും.

തൊട്ടയൽപക്കത്തെ നിലവിളികളോട് ഇനിയും നിസ്സംഗത പുലർത്തിക്കൂടാ.

വീടിനു പുറത്തെ നിലവിളികൾക്കു മാത്രമല്ല, വീട്ടിനകത്തെ നിലവിളികൾക്കും നാം കാതു കൂർപ്പിക്കണം.

കുഞ്ഞേ …പൊറുക്കുക!

Advertisements