വർഷങ്ങൾക്കു മുമ്പൊരു ദിവസം, തിരുവനന്തപുരം കിഴക്കേക്കോട്ട ബസ്റ്റാന്റിലെ ഒരു പതിവു ബേക്കറിയിൽ ഞാൻ ശീതളപാനീയം കുടിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. പുറത്തു ബസുകാത്ത് ഒരുപാട് ആളുകൾ. അന്ന് വിനായകചതുർത്ഥിയോ മറ്റോ ആയിരുന്നു. പഴവങ്ങാടി ഗണപതിക്ഷേത്രത്തിൽ ദർശനം നടത്തിയ ഭക്തരായിരുന്നു അതിൽ കൂടുതലും. പെട്ടന്നാണ് അവരിൽ കുറേപേർ വലതു ഭാഗത്തേയ്ക്ക് കുറച്ചു പിറകിലായി തിരിഞ്ഞുനോക്കി എന്തോ അത്ഭുതക്കാഴ്ച കണ്ടഭാവത്തിൽ നിൽക്കുന്നത്. എന്താണവിടെ സംഭവിച്ചതെന്ന ആകാംഷയിലും ഞാൻ പുറത്തിറങ്ങി നോക്കിയില്ല. പാനീയംകുടിച്ചു പൈസയും കൊടുത്തു പുറത്തേക്കിറങ്ങിയപ്പോളാണ് അവിടെ നിറഞ്ഞു നിന്നവർ അത്ഭുതകരമായി ആസ്വദിച്ച് നോക്കിയ ആ കാഴ്ച ഞാനുംകണ്ടത്. എന്റെ അമ്മയുടെ അത്രയും പ്രായമുള്ള ഒരു സ്ത്രീ അവിടെ വീണുകിടക്കുന്നു. വീഴ്ചയുടെ ആഘാതത്തിൽ കൈയിൽ നിന്നും തെറിച്ചുപോയ ഒരു പൊതിയെയും പേഴ്‌സിനെയും കയ്യെത്തി എടുക്കാൻ വിഫലമായി അവർ ശ്രമിക്കുന്നു. എഴുന്നേൽക്കാൻ നോക്കുന്നുണ്ടെങ്കിലും അതിനാകുന്നില്ല. ഞാൻ ഓടി അടുത്തെത്തി, പിടിച്ചെഴുന്നേല്പിച്ചു നിലത്തുവീണതൊക്കെ എടുത്തു കൈയിൽ വച്ചുകൊടുക്കുകയും ശീതളപാനീയം കുടിച്ച ബേക്കറിയിലേക്കു കൂട്ടിക്കൊണ്ടുപോയി അവിടെ ഇരുത്തുകയും ചെയ്തു. വിഘ്നേശ്വരനെയും ഇപ്പുറത്തെ വശത്തു പള്ളികൊണ്ടു കിടക്കുന്ന പത്മനാഭനെയും പ്രാർത്ഥിച്ചു ഭക്തിനിർവൃതിയടഞ്ഞു, കയ്യിൽ പ്രസാദവുമായി നിൽക്കുന്ന ഭക്തരായ കുലസ്ത്രീപുരുഷന്മാരുടെ വലിയ സംഘം അനങ്ങാപ്പാറകളായി രണ്ടുമിനിട്ടോളം നിന്നശേഷമായിരുന്നു ഞാൻ ആ അമ്മയെ കാണുന്നതും ഓടി അടുത്തുചെല്ലുന്നതും. മാനവസേവ മാധവസേവ എന്നുദ്ഘോഷിക്കുന്ന, ലോകാസമസ്താ സുഖിനോ ഭവന്തു എന്നുദ്ഘോഷിക്കുന്ന ‘അവരുടെ’ ആർഷസംസ്കൃതിയുടെ ഒരക്ഷരമെങ്കിലും ജീവിതത്തിൽ പകർത്താൻ ആകാത്ത…കപടഭക്തി മസ്തിഷ്കത്തിൽ സന്നിവേശിച്ച ദുർമാർഗ്ഗികൾ. മതവും വിശ്വാസവും മറ്റുള്ളവന്റെമേൽ കുതിരകയറാൻ മാത്രം ഉപയോഗിക്കുന്ന വേതാളങ്ങൾ എല്ലാമൊരു അത്ഭുതകാഴ്ച്ചയോടെ നോക്കിനിൽക്കുന്നുണ്ടായിരുന്നു.

 

അമ്മയോട് ഞാൻ കാര്യങ്ങൾ അന്വേഷിച്ചു. രക്താതിസമ്മർദ്ദം കൊണ്ടായിരുന്നു വീണതെന്നും ഇന്ന് മരുന്ന് കഴിച്ചില്ലായിരുന്നെന്നും വിതുമ്പിക്കൊണ്ട് പറഞ്ഞൊപ്പിച്ച അവരുടെ കണ്ണുകൾ അപ്പോഴേയ്ക്കും കടലായി മാറിക്കഴിഞ്ഞിരുന്നു. അമ്മയ്ക്ക് ആവശ്യമുള്ളതൊക്കെ നൽകാൻ ബേക്കറിക്കാരനോട് ആവശ്യപ്പെട്ട എന്റെ കൈകൾ ഗ്രഹിച്ചു ആ ‘അമ്മ ഓരോന്ന് പറഞ്ഞുകൊണ്ടേയിരുന്നു. മോനെപ്പോലെ തടിമിടുക്കുള്ള നാല് ആൺമക്കളുണ്ടെന്നും എല്ലാരും അവരവരുടെ സുഖങ്ങൾ തേടിപ്പോയെന്നും ഞാനിപ്പോൾ ഒറ്റയ്ക്കാണെന്നും ആരുമില്ലെന്നും പറഞ്ഞു അവർ വിലാപത്തിന്റെ കെട്ടഴിച്ചു. എന്റെ കണ്ണുകളും നിറഞ്ഞുവന്നു. പുറമെ കരയുന്നതു നാണക്കേട് ആയി പണ്ടേ കരുതിപ്പോന്നതിനാൽ ഞാൻ കരച്ചിൽ അടക്കിപ്പിടിച്ചു. അമ്മയുടെ കൈകളിലെ വേപഥു എന്റെ ശരീരത്തിലേക്കു ലഘുവായൊരു ഇലക്ട്രിക് ഷോക്കെന്നപോലെ പകർന്നുകൊണ്ടിരുന്നു. പെട്ടന്നൊരു നിമിഷം, ലോകത്തെ എല്ലാ അമ്മമാരും എന്റെ അമ്മയോടൊപ്പം വന്നു എന്റെ മൂർദ്ധാവിൽ ചുംബിക്കുന്നതായി അനുഭവപ്പെട്ടു. എന്റെ കണ്ണുകൾ അടഞ്ഞുപോയി. ദുരഭിമാനത്തിന്റെ ഡാം കെട്ടിവച്ചിട്ടും അതിനെയൊക്കെ തകർത്തുകൊണ്ട് കണ്ണുകളിൽനിന്നും ജലവിസ്ഫോടനത്തിന്റെ ആരംഭമായി. വല്ലാത്തൊരു സ്നേഹാനുഭൂതി പ്രപഞ്ചത്തിൽ നിന്നാകെ ക്രോഡീകരിച്ചുകൊണ്ടു എന്നിലേയ്ക്ക് പ്രവഹിച്ചുകൊണ്ടിരുന്നു. ഞാൻ അവരെ നോക്കി. ഔപചാരികമായ സാന്ത്വനവാക്കുകൾക്കു ദാരിദ്ര്യം അനുഭവപ്പെടുന്ന ഒരാളാണ് എപ്പോഴും ഞാൻ. ‘ഒന്നും പറഞ്ഞിട്ട് കാര്യമില്ലമ്മേ..ഈ ലോകം അങ്ങനെയാണ്’ എന്നുമാത്രം പറഞ്ഞൊപ്പിച്ചു . ‘ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം ഉണ്ടായിരിക്കും’ എന്ന ന്യൂട്ടന്റെ ചലനനിയമം ഓരോ ജീവജാലങ്ങൾക്കും വേണ്ടി കാലവും കാത്തുവച്ചിട്ടുണ്ട്. നമ്മുടെ കർമ്മങ്ങൾ ഒരു റബ്ബർ പന്തുപോലെ കാലത്തിന്റെ ചുവരിലേക്കു പായുന്നതേയുള്ളൂ. ഒന്ന് ക്ഷമിക്കുക. തിരിച്ചു വരുന്നത് പൂക്കളായിട്ടാണോ കല്ലുകളായിട്ടാണോ എന്നറിയാൻ. ആ അമ്മയുടെ തടിമാടന്മാരായ മക്കളുടെ കാര്യത്തിലും ഭക്തവേതാളങ്ങളുടെ കാര്യത്തിലും അതുതന്നെ. ഈ പറയുന്ന ഞാനും ആരും അതിൽ നിന്നും രക്ഷപെടുന്നില്ല.

 

കർമ്മങ്ങളുടെ തുടർച്ചയിൽ അറിഞ്ഞോ അറിയാതെയോ ചെയ്യുന്നതെല്ലാം തിരിച്ചുവരും ഒരുനാൾ. ഈ വിധ ചിന്തകൾ കയറിയിറങ്ങിപ്പോയ മനസോടെ അമ്മയ്ക്ക് സുരക്ഷിതമായൊരു വാഹനസൗകര്യം ഒരുക്കിക്കൊടുത്തിട്ടു യാത്രയും പറഞ്ഞു നടന്നു. അപ്പോഴും ഭക്തരുടെ തിരക്കവിടെ കുറഞ്ഞിട്ടുണ്ടായിരുന്നില്ല. എന്നെമാത്രം രക്ഷിക്കണേ, എന്റെ കുടുംബത്തെ മാത്രം രക്ഷിക്കണേ എന്ന് പ്രാർത്ഥനയുടെ വിശാലതകളെ എഡിറ്റ് ചെയ്തു സങ്കുചിതമാക്കിയ ആ മുഖങ്ങളിൽ സ്നേഹത്തിന്റെയും ദയയുടെയും കാരുണ്യത്തിന്റെയും ഒരുതരി വെളിച്ചംപോലും കാണാനില്ലായിരുന്നു. ദൈവമെന്ന ‘സങ്കൽപം’ ഇവിടെയാണ് പരാജയപ്പെടുന്നത്. ഭക്തിയും സദാചാരവും കുലമഹിമയും ഒരലങ്കാരമായി കൊണ്ടുനടക്കുന്നവരെ എവിടെയും കാണാം. അവരാണ് സമൂഹത്തിലെ ബഹുഭൂരിപക്ഷം വിശ്വാസികളും. രാജ്യത്തിനോ സമൂഹത്തിനോ വ്യക്തികൾക്കോ ദ്രോഹമുണ്ടാക്കാതെ എന്തുവേണമെങ്കിലും ചെയ്യുക എന്നതാണ് എന്റെ സദാചാര നിർവ്വചനം. ആ നിർവ്വചനത്തിൽ തന്നെയാണ് ജീവിതവും. കപടസംസ്കാരത്തിൽ ആകൃഷ്ടരായ സദാചാരവാദികൾക്കു അതത്ര ദഹിക്കുന്നതാകില്ല. ആർക്കും ഒന്നിനും ദ്രോഹമുണ്ടാക്കാതെ സ്നേഹം മതമായി സ്വീകരിച്ചു ജീവിക്കുന്നവരേക്കാൾ വലിയ സദാചാരവാദികൾ വേറെയാരുണ്ട് ?.

Rajesh Shiva

മദ്യപിച്ചാലോ പുകവലിച്ചാലോ പരസ്പര സമ്മതതോടെ സെക്സിലേർപ്പെട്ടാലോ ഇടിയുന്നതല്ല സദാചാരം. നമ്മുടെ സമൂഹം ഇത്തരം കാഴ്ചപ്പാടുകളിലേക്കു വ്യതിചലിക്കേണ്ടതായുണ്ട്. എന്നാൽ മാത്രമേ സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകകൾ ആകാൻ അവർക്കു സാധിക്കൂ. മതവും വിശ്വാസവും പഠിപ്പിക്കുന്നത് സ്വാർത്ഥതയുടെ പാഠങ്ങളാണ്. അതിൽ നന്മയെന്നു പറയുന്നവ ചെളിക്കുണ്ടിന് മുകളിലെ തെളിഞ്ഞ വെള്ളം മാത്രമാണ്. നമുക്ക് പൂർണ്ണമായും സുതാര്യമായ, സ്ഫടികതുല്യമായ മനസാണ് വേണ്ടത്. ഞാൻ മേല്പറഞ്ഞ സംഭവം, അതിനേക്കാൾ എത്രയോ വലിയ സംഭവങ്ങൾ പിൽക്കാലത്തു അനുഭവിച്ചിട്ടുണ്ട്. പക്ഷെ വൈരുദ്ധ്യമായ ചില സംഗതികൾ കെട്ടുപിണഞ്ഞു കിടന്ന പരിസരങ്ങൾ അതിലൊന്നും ഇല്ലായിരുന്നു. അതുകൊണ്ടാണ് ഈ സംഭവം ഓർമയിലിരിക്കാൻ കാരണം. ഇതുവായിക്കുന്ന നിങ്ങളിൽ പലരും വിശ്വാസി-യുക്തിവാദി ഭേദമന്യേ ചിലപ്പോൾ അനവധിപേരെ സഹായിച്ചിട്ടുണ്ടാകും, സഹായിക്കുന്നുണ്ടാകും. പ്രസ്ഥാനത്തിന്റെയോ വ്യക്തിയെന്ന നിലയിൽ നിങ്ങളുടെയോ പേര് വർദ്ധിപ്പിക്കാൻ എങ്കിൽ ആ നന്മകൾക്ക് പ്രസക്തിയില്ല. അല്ലെങ്കിൽ നിങ്ങളാണ് യഥാർത്ഥ മനുഷ്യർ. ഇവിടെ ഏതോകാലത്തു ഞാൻ ചെയ്ത ചെറിയൊരു സേവനം തുറന്നു പറഞ്ഞതും പേരിനല്ല, ഒരു നല്ല പാഠം എന്ന നിലയിൽ മാത്രം.