Share The Article

 

 

 

 

 

 

കഴിഞ്ഞു പോയ കുറെ അവധി ദിവസങ്ങളെ വളരെ ഹൈലെവൽ ആയി ഒന്ന് ഓർത്തെടുക്കുമ്പോൾ തെക്കു വടക്കു നടത്തവും ചായകുടിയും ചടപ്പും മാത്രമാണ് കാര്യമായി തെളിഞ്ഞു വരുന്നത്. ഒരു മൂന്ന് നാലു ദിവസം കൂടി ബാക്കി ഉള്ളത് ഇങ്ങനെ തന്നെ അങ്ങ് തീരരുത് എന്നൊരു തോന്നൽ. ഒരു കറകത്തിനുള്ള സമയമായി എന്ന ഉൾവിളി ആ തോന്നലിൽ നിന്നും ഉണ്ടായതാണ്. അങ്ങനെ രാത്രി ആയപ്പോഴേക്കും ആശാൻറെ ഫ്ലാറ്റിലേക്ക് വച്ച് പിടിച്ചു, ഒരേ സ്ട്രീറ്റിൽ താമസിക്കുന്ന ആളാണെങ്കിലും രണ്ടു വര്ഷം മുൻപ് ഒരു ഊരുചുറ്റലിനിടെ ആണ് ആശാനേ പരിചയപ്പെട്ടത്, ആശാന്റെ ഫ്ലാറ്റ് ഇടത്താവളം ആയിട്ടും ഏതാണ്ട് അത്ര തന്നെ കാലം ആയി, ആള് ഒരു കിടു മനുഷ്യൻ ആണ് , പത്തറുപതു വയസു കഴിഞ്ഞെങ്കിലും യൂത്തൻ ആണ്. കറക്കവും വായനയും ഒക്കെ തന്നെ ആണ് പ്രധാന ജോലി, ഒന്ന് രണ്ടു യാത്രയിൽ ഞാനും കൂടെ പോയിട്ടുണ്ട്.

ഫ്ലാറ്റിന്റെ വാതിൽ ഏതായാലും തുറന്ന് തന്നെ കിടപ്പുണ്ട് , ബ്രോ ഞാൻ

നാലു ഫുൾ ഡേ ഫ്രീ ആണ് , നോ വർക്ക് നോ അദർ കമ്മിറ്റ്മെന്റ് , നിങ്ങൾ പറ എങ്ങോട്ടു പോണം എന്ന്. ഉള്ളിൽ കയറിയ പാടെ വലിയ മുഖവുര ഒന്നും ഇല്ലാതെ ഞാൻ പറഞ്ഞു. എന്തോ ആശാനേ ഞാൻ ബ്രോ എന്നാണ് വിളിക്കാറ് പണ്ടെപ്പോഴോ വിളിച്ചു തുടങ്ങിയതാണ്, പിന്നെ അതങ്ങു ശീലം ആയി.

ഓ പിന്നെ, ഇവൻ ഇപ്പൊ എവിടുന്നു പൊട്ടി മുളച്ചു എന്ന മട്ടിൽ ബ്രോ എന്നെ നോക്കിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല, ആള് പഴയ പാട്ടും കേട്ടുകൊണ്ട് ഇരിപ്പാണ് , കയ്യിൽ പാതി തീർന്ന പെഗും ഉണ്ട്.കട്ട നൊസ്റ്റു അടിച്ചു റൂമിൽ ഇരുന്നു വട്ടാവണ്ട എന്ന് വിചാരിച്ചാ ഇങ്ങോട്ടു വന്നത് , അപ്പൊ ഇവിടെ സെന്റി പാട്ടാണല്ലോ. ചോദിച്ചതിന് മറുപടി ഒന്നും കിട്ടാത്തത് കൊണ്ട് ഞാൻ തന്നെ താനേ പറഞ്ഞു

‘ഒന്ന് പോടാ’ ,ആശാൻ കയ്യിൽ ഇരുന്ന പെഗ് അടിച്ചു തീർത്തു ഒരു സിഗെരെറ് കത്തിച്ചു ഒന്ന് ചാർജായി. ‘ദുർഗാ പൂജയ്ക്കു പോകാം എന്ന് പറഞ്ഞു മുങ്ങിയ നീയാ ഇപ്പോൾ പൊങ്ങിയത്, ഞാൻ രണ്ടെണ്ണം അടിച്ചിട്ട് കിടക്കാൻ പോകുന്നു നിനക്ക് വേണെങ്കിൽ എടുത്തു കഴിച്ചോളു ‘.

ഒരു നിമിഷം ആലോചിച്ചിട്ട് ഞാൻ തുടർന്നു

ബ്രോ എന്റെ പ്രായത്തിൽ ഇത്രയും കൂട്ടുകാർ ഉണ്ടായിട്ടും ഞാൻ കുറെ ഫ്രീ ടൈം കിട്ടിയപ്പോൾ ഇങ്ങോട്ടു തന്നെ വരാൻ എന്താ കാരണം .. പറ. ‘

വലിയ ഭാവ മാറ്റം ഒന്നും ഇല്ലാതെ നോക്കി നിന്നതല്ലാതെ ആശാൻ മറു പടി ഒന്നും പറഞ്ഞില്ല

പിന്നെ ഞാൻ തന്നെ പറഞ്ഞു ‘ഒന്നുമില്ല നിങ്ങള്ക്ക് ഒരു അര വട്ടുണ്ടെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്,… ഞാനും ഒരു മുക്കാൽ വട്ടാണ് എന്നാണ് എല്ലാരും പറയുന്നത് , എന്തിനു എനിക്കു തന്നെ അത് പലപ്പോഴും തോന്നിയിട്ടുണ്ട്, അപ്പൊ നിങ്ങളെ പോലെ ഒരു അബ്നോർമൽ ആയ ഒരാളാണ് എനിക്ക് പറ്റിയ കൂട്ട് ‘.

‘അപ്പൊ നല്ലോണം മോന്തിട്ടാ വരുന്നേ അല്ലെ, കൂറ സാഹിത്യം, വെറുതെ അല്ല നീ വേണ്ടാന്നു പറഞ്ഞത്’ .ആശാൻ ഒന്ന് ചിരിച്ചു.

‘സത്യം പറയാലോ റൂമിലെ അവസ്ഥ ലോക ദുരന്തം ആണ് , ഒറ്റൊരുത്തൻ ആണ് ഉള്ളത് അവനാണെങ്കിൽ ഫുൾ ടൈം മൊബൈലും കുത്തി പിടിച്ചിരിപ്പാണ്, ചായ കുടിച്ചാൽ പോലും സ്റ്റാറ്റസ് ഇട്ടു വെറുപ്പിക്കും, പോരാത്തതിന് എന്നെ കൊണ്ട് നിർബന്ധിച്ചു ലൈകും കമ്മന്റും ഇടുപ്പിക്കും മടുത്തു’.

ബ്രോ ഒന്ന് ചിരിച്ചു , എങ്കിലും ആളുടെ മുഖത്ത് എന്തോ ഒരു വിഷമം ഉള്ളത് പോലെ, എനിക്ക് തോന്നി മൊത്തത്തിൽ ഒരു എനർജി കുറവ് പോലെ.

‘നിങ്ങൾ വലി നിർത്തിയതല്ലേ ഇപ്പോൾ വീണ്ടും തുടങ്ങിയോ , എന്തേലും വിഷമം ഉണ്ടോ’

‘ഓ ഒന്നും ഇല്ലെടെ , ഇനി നീ ആയിട്ടു ഉണ്ടാക്കാതിരുന്നാൽ മതി’ അത് പറഞ്ഞപ്പോഴും ചോദിച്ചതിന് ഒരു ഉത്തരമായി എനിക്ക് തോന്നിയില്ല.

‘ഓ ഞാൻ ചോദ്യം പിൻവലിച്ചു, അല്ലേലും നിങ്ങൾക്കു എന്ത് വിഷമം , മാസാമാസം മോൻ പൈസ അക്കൗണ്ടിൽ ഇടും, ടൗണിൽ കിടു ഫ്ലാറ്റ് സ്കോച് വിസ്കി കറക്കം , ഒറ്റ തടി പിന്നെന്തു വേണം.’

ആ പറഞ്ഞത് ആശാന് അത്രക്കങ്ങു ദഹിച്ചില്ല . ‘വെറുതെ അല്ല , ആയ കാലത്തു ഞാൻ അവനെ നന്നായി നോക്കിയത് കൊണ്ട ഇപ്പൊ അനുഭവിക്കുന്നെ’

‘ഓ പിന്നെ ഇതൊക്കെ എല്ലാരും പറയുന്നതല്ലേ’ ..വന്നത് വെറുതെ എന്ന രീതിയിൽ ഞാൻ സോഫയിൽ മൊബൈൽ നോക്കി ഇരുന്നു.

‘നീ ഏതായാലും ഇത്ര ഒക്കെ പറഞ്ഞ സ്ഥിതിക്ക് നമ്ക്കു ഒരു സ്ഥലം വരെ പോയാലോ’ ആ ചോദ്യം കേട്ടപ്പോൾ ഞാൻ ആശാനേ വീണ്ടും നോക്കി ‘വേറെ എവിടെക്കും അല്ല എന്റെ തറവാട് വീട്ടിലേക്കു…, ഇപ്പോൾ വിട്ടാൽ എത്രമണിക്കെത്തും ‘

‘ഒരു അഞ്ചു മണിക്കൂർ മിനിമം എടുക്കും വേണമെങ്കിൽ ഞാൻ നാലു മണിക്കൂർ കൊണ്ടെത്തിക്കാം’

‘എങ്കിൽ വാ വണ്ടി എട് പോകാം’.ബ്രോക്ക് പെട്ടെന്ന് എനർജി ലെവൽ കൂടിയത് പോലെ എനിക്ക് തോന്നി.

‘ഈ കോലത്തിലോ ‘ കള്ളി ലുങ്കി മാടി കുത്തി ദൃതി പെട്ട് ഒഴിച്ച് വച്ച ഒന്ന് അടിച്ചു തീർത്തു ഇറങ്ങാൻ തുടങ്ങുന്ന ബ്രോയെ നോക്കി ഞാൻ ചോദിച്ചു .

‘സ്വന്തം വീട്ടിലേക്കു പോകാൻ ഇതിലും നല്ല വേഷം എന്താടോ ഉവ്വേ ‘

പിന്നെ ഒന്നും ആലോചിച്ചില്ല പുറപ്പെട്ടു.

ആള് അത്ര ഹാപ്പി അല്ല എന്ന് എനിക്ക് തോന്നി ,കുറച്ചു ദൂരം പിന്നിട്ടപ്പോൾ വെറുതെ ഒന്ന് ചോദിച്ചു നോക്കി ‘ബ്രോ ഞാൻ സീരിയസ് ആയി ചോദിക്കുന്നതാണ് എന്തെങ്കിലും മനോ വിഷമം കാരണം സ്വന്തം തറവാട്ടിൽ പോയി വല്ല കടും കൈ ചെയ്യാൻ ആണോ പ്ലാൻ , സിനിമയിൽ ഒക്കെ കാണുന്നത് പോലെ , അല്ല ഈ നട്ടപ്പാതിരക്കു പോകുന്നത് കൊണ്ട് ഒരു സംശയം ‘

ബ്രോ എന്നെ നോക്കി ഒന്ന് ആക്കി ചിരിച്ചു ‘നീ ഒക്കെ ചത്താലെ ഞാൻ ചാവു , എത്ര സിനിമ കണ്ടിട്ടെന്തു കാര്യം നിന്റെ ഒന്നും ഇമാജിനേഷനിൽ പോലും ഒരു പുതുമ ഇല്ലല്ലോടാ ‘

പിന്നെ ചോദ്യങ്ങളൊന്നും ചോദിച്ചില്ല ഉറക്കം പണി തരും എന്ന് തോന്നിയപ്പോൾ ഒരു ടി ബ്രേക്കും പിന്നെ ഒരു നമ്പർ ഒന്നു ബ്രേക്കും മാത്രം എടുത്തു. പുലർച്ചെ മൂന്ന് മണിയോടടുത്തപ്പോൾ തറവാടെത്തി .

റോഡിൽ നിന്നും കുറച്ചു അകലെ ആയുള്ള കൊച്ചു വീട്

‘ഇവിടെ ആൾ താമസം ഇല്ലേ ‘ മുറ്റം ഒക്കെ അലങ്കോലം ആയി കിടക്കുന്നതു കണ്ടു ഞാൻ ചോദിച്ചു

‘ഇല്ല ‘ പ്രതേകിച്ചു ഭാവ മറ്റം ഒന്നും ഇല്ലാതെ അച്ചായൻ പറഞ്ഞു

‘ബ്രോ തറവാട് എന്നൊക്കെ പറയുമ്പോൾ ഞാൻ പ്രതീക്ഷിച്ചതു , വലിയ വീട് ,വരാന്തയിൽ ചാര് കസേരയിൽ ഇരിക്കുന്ന മുത്തശ്ശൻ, പശുവിനു വെള്ളം കൊടുക്കുന്ന മുത്തശ്ശി, സിനിമയിൽ ഒക്കെ കാണും പോലെ’ ..

‘അതേടാ ഈ പുലർച്ചയ്ക്കു , അതും ആൾ താമസം ഇല്ലാത്ത വീട്ടിൽ, അടുത്ത പ്രാവശ്യം നിന്നെ വിളിക്കുമ്പോൾ ഇതൊക്കെ സെറ്റ് ഇട്ടിട്ടു വിളിക്കാം’ , നിന്റെ ഇമാജിനേഷൻ ഇത്തിരി കൂടുന്നുണ്ട് എന്ന രീതിയിൽ ആശാൻ എന്നെ ഒന്ന് നോക്കി , പിന്നെ ഞാൻ കൂടുതൽ ഇമാജിൻ ചെയ്തു വെറുപ്പിക്കാൻ നിന്നില്ല. പക്ഷെ ആൾതാമസം ഇല്ലാത്ത ഈ വീട്ടിൽ ഈ സമയത്തു എന്തിനാണു വന്നത്, എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.

‘പിന്നെന്തിനാ ഇപ്പോൾ വന്നത് ‘ ഞാൻ ചോദിച്ചു.

ആശാൻ ഉത്തരം ഒന്നും പറഞ്ഞില്ല. എന്തോ മോശം കാര്യം സംഭവിക്കാൻ പോകുന്നു എന്ന് മനസ്സ് പറഞ്ഞു. വീടിന്റെ മുറ്റം ഒക്കെ കാടു കേറി കിടക്കുന്നു മൊബൈലിൽ ടോർച്ചു ഓൺ ചെയ്തു ആശാൻ നടന്നു പിറകെ ഞാനും .

കുറച്ചു നടന്നപ്പോൾ ആശാൻ നിന്നു, ചുറ്റും നോക്കി, നല്ല നിലാവ്, നല്ല തണുപ്പ് , കാറ്റത്തു ഇലകൾ ആടുന്ന ശബ്ദം ഒഴിച്ചാൽ ഭയപ്പെടുത്തുന്ന ഒരു നിശബ്ദത.

‘ഞാൻ ഒരു കഥ പറയട്ടെ’ ഒരിടത്തു നിന്നതിനു ശേഷം ആശാൻ എന്നെ നോക്കി പറഞ്ഞു.

ഒരു നെടു വീർപ്പിനു ശേഷം ഞാൻ മൊബൈൽ എടുത്തു സമയം ചെക്ക് ചെയ്തു , ഈ പുലർച്ചെ മൂന്നരക്കോ എന്നർത്ഥത്തിൽ ആശാനേ നോക്കി.

ഏതായാലും ഉറക്കം പോയി, വെറുതെ നിക്കുന്നതിനെക്കാൾ നല്ലതല്ലേ ഒരു കഥ കേൾക്കുന്നത് ‘ബ്രോ പറ’.

ബ്രോ ചിരിച്ചു കൊണ്ട് കഥ പറയാൻ തുടങ്ങി.

നമ്മൾ കാർ നിർത്തിയ സ്ഥലം ഇല്ലേ , അവിടെ പണ്ടൊരു നാട്ടു മാവിൻറെ മരം ഉണ്ടായിരുന്നു, അത്ര വലിയ വൃക്ഷം ഒന്നും അല്ല മീഡിയം സൈസിൽ ഒരെണ്ണം, അതിൽ ആണെങ്കിൽ ഒന്ന് രണ്ടു കിളിക്കൂടുകളും ഉണ്ടായിരുന്നു നമ്മുടെ പുത്രൻ അന്ന് ചെറുതല്ലേ അവനു അവയെ ജീവൻആയിരുന്നു. പക്ഷികൾ ആണെങ്കിൽ നന്നായി ഇണങ്ങിയ മട്ടാണ് , അവൻ മിക്കവാറും അവറ്റകൾക്കു മുറ്റത്തു തീറ്റ കൊടുക്കും , വീട്ടിൽ എപ്പോഴും പക്ഷികളുടെ ശബ്ദം ആയിരുന്നു, നല്ല രസമായിരുന്നു ആ കാലം. ആ സമയത്തായിരുന്നു നമ്മൾ ഇപ്പോൾ വന്ന റോഡുണ്ടാക്കാൻ സ്ഥലം ഏറ്റെടുക്കൽ പരിപാടി തുടങ്ങിയത്. മാവു മുറിച്ചേ മതിയാവു , ഒരു കൂട്ടർ അതിനു വരികയും ചെയ്തു മോൻ ആണെങ്കിൽ കരഞ്ഞു ബഹളം വച്ച് അവരെ അതിനു അനുവധിച്ചില്ല , രണ്ടു തവണ അവർ വന്നു മുറിക്കാൻ പറ്റാതെ മടങ്ങി പോയി. പിന്നെ മറ്റൊരു ദിവസം വരാൻ പറഞ്ഞു സമ്മധിപ്പിച്ചു ഞാൻ അവരെ പറഞ്ഞു വിട്ടു .

അവൻറെ അമ്മയും കാര്യങ്ങൾ ഒക്കെ പരമാവധി പറഞ്ഞു ബോധ്യപ്പെടുത്തി. അന്ന് രാത്രി തന്നെ ആൾകാർ എത്തി , വെട്ടുന്നതിന്റെയും മറ്റും ശബ്ദം കേട്ടെങ്കിലും സങ്കടം അടക്കി പിടിച്ചു അവൻ അമ്മയുടെ മടിയിൽ കിടന്നു, പിന്നെ ക്ഷീണം കൊണ്ട് ഉറങ്ങി പോയി. അവസാനം ഒരു പുലർച്ചെ, ഏകദേശം ഇതേ സമയം ആയപ്പോൾ ഉറങ്ങി കൊണ്ടിരുന്ന അവനെ എടുത്തു ഞാൻ മുറ്റത്തേക്ക് വന്നു, അപ്പോഴേക്കും അവൻ പാതിഉണർന്നിരുന്നു, പിന്നെ ഈ മാവു കാണിച്ചു ഞാൻ പറഞ്ഞു മോനെ നോക്കു മാവിനും പക്ഷിക്കും കൂടുകൾക്കും ഒന്നും സംഭവിച്ചില്ല ,സ്ഥലം മാത്രമേ മാറിയിട്ടുള്ളു .

ആശാൻ അടുത്തുള്ള ഒരു വലിയ നാട്ടു മാവിന്റെ മരം ചൂണ്ടിക്കാണിച്ചു എന്നോട് പറഞ്ഞു. പിന്നെ ആശാൻ ഒന്ന് കൂടി അടുത്ത് പോയി ആ വലിയ മാവിനെ തൊട്ടു കൊണ്ട് പറഞ്ഞു ഇവനാണ് അന്ന് ഞാൻ മുറിച്ചു മാറ്റാതെ പുനഃ പ്രതിഷ്ഠിച്ചവൻ . അന്നവൻറെ മുഖത്ത് കണ്ടൊരു സന്തോഷം ഉണ്ടല്ലോ , ആശാന് വാക്കുകൾ മുഴുമിക്കാൻ ആയില്ല.

ഞാൻ ഒരു നിമിഷം തരിച്ചു നിന്നു , നിലാവിൽ വ്യക്തമായി കാണാം പന്തലിച്ചു നിൽക്കുന്ന വൻ വൃക്ഷം. ഇപ്പോൾ ഇതിൽ ഒരു പാട് കിളി കൂടുകൾ കാണണം ഞാൻ ഊഹിച്ചു .

ബ്രോ നിങ്ങൾ ഒരു സംഭവം തന്നെ ആണ് .. മനസ്സിൽ നിന്നും വന്നത് ..

നോക്കി നിക്കാതെ കുറച്ചു ഫോട്ടോ എടുക്കെടാ , മകന് അയച്ചു കൊടുക്കണം. അടുത്ത് തന്നെ പുതിയ വീടിന്റെ പണി തുടങ്ങും മകൻ ഇന്നലെ ഫോൺ ചെയ്തപ്പോൾ പറഞ്ഞതാ, അപ്പൊ ഈ വീടും മാവും ഒക്കെ പോകും, ഏതായാലും അതിനു മുൻപ് ഇവിടെ വന്നു ഇതൊക്കെ ഒന്ന് കൂടി കാണാൻ കഴിഞ്ഞല്ലോ’

മനസ്സിൽ എന്തോ പെട്ടെന്ന് ചെറിയ ഒരു വിഷമം പോലെ , ഞാൻ ഒരു നിമിഷം ഒന്നും മിണ്ടാതെ നിന്നു.

കഥ കേട്ട് ബോറടിച്ചോ , ഒരു മൂഡിന് അങ്ങ് പറഞ്ഞു പോയെന്നേ ഉള്ളു , നീ അത് വിട്ടേക്കു , നമുക്ക് ഏതായാലും തിരിച്ചു പോകാം.ബ്രോ റോഡിലേക്ക് തിരിച്ചു നടന്നു.

‘സത്യം പറയാലോ , അത്ര ബോറോന്നും ഇല്ല , നിങ്ങൾ സൂപ്പർ ആണ്’ ബ്രോയുടെ പുറത്തു തട്ടിക്കൊണ്ടു ഞാൻ പറഞ്ഞു.

‘പിന്നല്ലാതെ ജീവിതമാകുമ്പോൾ ഒരു ലൈഫ് ഒക്കെ വേണ്ടെ’

അങ്ങനെ അവിടുന്നു തിരിച്ചു , കാറിൽ കേറുമ്പോൾ ബ്രോ ഒരു സിഗെരെറ് കത്തിച്ചു വിൻഡോ ഓപ്പൺ ചെയ്തു നീണ്ട ഒരു പുക വിട്ടു , പിന്നെ എന്നെ നോക്കി പറഞ്ഞു ‘ഇനി മൂന്ന് ദിവസം ബാക്കി ഇല്ലേ അവധിയിൽ , നീ പറ എങ്ങോട്ടു പോണം എന്ന് ‘.

നേരം പുലർന്നു തുടങ്ങിയിരുന്നു , ചെറിയ കുന്നിൻ ചെരിവും വളവുകളും ഒക്കെ കഴിഞ്ഞു , മഞ്ഞു പെയ്ത വയലുകൾക്കു നടുവിലൂടെ നീണ്ട റോഡ് , അവസാനം ഇല്ലാത്ത വഴികൾ, അവസാനിക്കാത്ത യാത്രകൾ, പ്രഭാതം, പൂർണമായ വെളിച്ചം, ഞങ്ങൾ അങ്ങനെ യാത്ര തുടർന്നു..