സുരേഷ് സി പിള്ള എഴുതുന്നു

സാമ്പത്തികമായി തുല്യത ഇല്ലാത്ത അടുത്ത സുഹൃത്തുക്കളുണ്ടോ?

അവരുമായി യാത്ര ചെയ്യുമ്പോൾ പണം എങ്ങിനെ തുല്യതയോടെ, സുഹൃത്തിന്റെ ആത്മാഭിമാനത്തിന് ക്ഷതം തോന്നാത്ത എങ്ങിനെ ചിലവാക്കും എന്നോർത്ത് വിഷമിച്ചിട്ടുണ്ടോ?

അല്ലെങ്കിൽ ധനികനായ അടുത്ത സുഹൃത്തിന്റെ കൂടെ യാത്ര ചെയ്യുമ്പോൾ തനിക്ക് അദ്ദേഹത്തിന്റെ അത്രയും പൈസ ചിലവാക്കാൻ പറ്റുമോ എന്നോർത്തു വിഷമിച്ചിട്ടുണ്ടോ?

എങ്കിൽ ഈ കഥ കേട്ടു കൊള്ളൂ.

കഴിഞ്ഞ മാസം പിറ്റസ്ബർഗിൽ പോയപ്പോൾ ഹോട്ടലിൽ നിന്നും യൂണിവേഴ്സിറ്റി യിലേക്കും, പിന്നെ മറ്റുള്ള ലോക്കൽ ട്രാവൽകൾക്കെല്ലാം വന്ന ടാക്സി ഡ്രൈവർ ആയിരുന്നു ഷോൺ.

ഒരു പക്ഷെ ഞാൻ ഏറ്റവും കൂടുതൽ മനസ്സ് തുറന്നിട്ടുള്ളത് ടാക്സി ഡ്രൈവർ മാരോടാണ്. എനിക്കെന്തോ ടാക്സി ഓട്ടോ ഡ്രൈവർമാരോട് ഒരു പ്രത്യേക അടുപ്പവും, സ്നേഹവും ഉണ്ട്, തിരിച്ചും അതു പോലെ തന്നെ. പലരും യാത്രകളിൽ പലരും ജീവിതം മുഴുവൻ രണ്ടു മൂന്നു മണിക്കൂർ യാത്രയിൽ വരച്ചു കാട്ടിയിട്ടുണ്ട്. പ്രത്യേകിച്ചും ദൂര യാത്രകളിൽ.കേരളത്തിൽ വന്നപ്പോൾ കണ്ടു മുട്ടിയ മുസ്തഫയുടെയും, സുജിത്തിന്റെയും ഒക്കെ കാര്യങ്ങൾ പലപ്പോളായി ഞാൻ പങ്കു വച്ചിട്ടും ഉണ്ട്. ഷോണും അതുപോലെ തന്നെ.

ആദ്യത്തെ യാത്രയിൽ അധികം സംസാരിച്ചില്ല, പിന്നെ പിന്നെ മനസ്സു തുറക്കുവാൻ തുടങ്ങി. ഞാനും, എന്റെ കഥകൾ ഓരോന്നായി ഷോണിനെ പറഞ്ഞു കേൾപ്പിച്ചു. ഷോണും വീട്ടിലെ കാര്യങ്ങളും, ഇതുവരെ ചെയ്തിരുന്ന മറ്റു ജോലികളും ഒക്കെ ഓരോന്നായി പറഞ്ഞു കൊണ്ടിരുന്നു. ടാക്സി ഓടിക്കുന്നത് അല്ലാതെ, വേറെ പാർട്ട്-ടൈം ആയി ഒരു ജോലി കൂടി ചെയ്യുന്നുണ്ട്. അത്യാവശ്യം സമ്പാദ്യം ഒക്കെയുണ്ട്. ഒരിക്കൽ ദുബായിൽ ഉള്ള പണ്ടു സ്കൂളിൽ മുതലേ ഉള്ള ആത്മാർത്ഥ സുഹൃത്ത് ഹോങ്കോങ്ങിൽ ടൂറിനു പോകാൻ ക്ഷണിക്കുന്നു. അദ്ദേഹം അവിടെ വലിയ ജോലി ഒക്കെ ഉള്ള ആളാണ്. ധാരാളം പണം. ഫ്ലൈറ്റിൽ ഒക്കെ ഒന്നാം ക്ലാസ്സിൽ യാത്ര ചെയ്യുന്ന ആൾ.

ഷോൺ പറഞ്ഞു “സുരേഷ്, ഞാൻ യാത്രയ്ക്ക് മുൻപേ രണ്ടു കാര്യങ്ങൾ വിചാരിച്ചു, ഒന്ന് അവൻ എനിക്കായി അവന്റെ പൈസ കൊണ്ട് മുന്തിയ ഹോട്ടലുകൾ ബുക്ക് ചെയ്യും. അത് എന്റെ ആത്മാഭിമാനത്തിന് താങ്ങാൻ പറ്റില്ല. അങ്ങിനെ ചെയ്താൽ ആ യാത്ര മുഴുവൻ ഞാൻ അവനോട് കടപ്പെട്ടിരിക്കും, ഒരിക്കലും യാത്ര എനിക്ക് ആസ്വദിക്കാൻ പറ്റില്ല. രണ്ട് അവൻ, മുന്തിയ ഹോട്ടലുകളിൽ താമസിക്കും, എനിക്ക് എന്റെ ഇഷ്ടത്തിന് എന്റെ നിലവാരത്തിൽ ഉള്ള ഹോട്ടലുകൾ തിരഞ്ഞെടുക്കാം, അപ്പോളും ഞാൻ ധർമ്മ സങ്കടത്തിൽ ആകും, യാത്രയുടെ രസം മുഴുവൻ പോകും.”

പക്ഷെ അവൻ ചെയ്തത് എനിക്ക് അഫ്ഫോർഡ് ചെയ്യാവുന്ന ഹോട്ടലിൽ അവൻ ആദ്യം ബുക്ക് ചെയ്തിട്ട് എനിക്ക് മെയിൽ ചെയ്തു, ഷോൺ ഞാൻ ബുക്ക് ചെയ്ത ഹോട്ടലിന്റെ ലിസ്റ്റ് അയക്കുന്നു, നീയും കൂടി അവിടെ ബുക്ക് ചെയ്യൂ.” ആ യാത്ര ഞങ്ങൾ രണ്ടു പേരും നന്നായി എൻജോയ് ചെയ്തു, “നിനക്കറിയുമോ, അത് എനിക്കും വലിയ ഒരു പാഠം ആയിരുന്നു, അൺ എംപ്ലോയ്ഡ് ആയുള്ള ചില സുഹൃത്തുക്കളും ആയി ചെറു യാത്രകൾ ചെയ്തപ്പോൾ ഒക്കെ ഞാൻ എന്റെ പോക്കറ്റ് മാത്രമേ നോക്കിയിരുന്നുള്ളൂ, അന്നത്തെ ആ സംഭവം സുഹൃത്തുക്കളോടുള്ള എന്റെ സമീപനം മാറ്റി. ഇപ്പോൾ ഞാൻ എന്റെ പോക്കറ്റിൽ മാത്രമല്ല നോക്കുന്നത്, കൂട്ടുകാരന്റെ/ കൂട്ടുകാരിയുടെ ചിലവാക്കാനുള്ള അവസ്ഥയും കൂടി കണ്ടിട്ട്, ഞങ്ങൾക്ക് എല്ലാവർക്കും അഫ്ഫോർഡ് ചെയ്യാവുന്ന സ്ഥലങ്ങളിൽ മാത്രം പോകുവാൻ ശ്രദ്ധിക്കും. അതാണ് സുഹൃത്തിനോട് ചെയ്യാവുന്ന ഏറ്റവും വലിയ സ്നേഹാദരം. ശരിയല്ലേ?

ചെറുപ്പത്തിൽ അച്ഛന്റെ ധനികരായ സുഹൃത്തുക്കളുടെ കൂടെ യാത്ര പോകുമ്പോൾ കാലി ആയിക്കൊണ്ടിരിക്കുന്ന പോക്കറ്റിൽ ഇടയ്ക്കിടെ നോക്കുന്ന അച്ഛനെ ആണ് എനിക്കപ്പോൾ ഓർമ്മ വന്നത്. വേറൊരു സംഭവവും ഓർമ്മ വന്നു, ടൂറിനു പോകാൻ പൈസ ഇല്ലെന്നറിഞ്ഞ സുഹൃത്തിന് “ഞങ്ങൾ എല്ലാവരും കൂടി നിനക്കായി പൈസ ഇടട്ടെ” എന്ന് ചോദിച്ചപ്പോൾ “വേണ്ടടാ, എനിക്ക് ടൂറിനു പോകാൻ ഇഷ്ടമല്ല” എന്ന് ആത്മാഭിമാനത്തോടെ പറഞ്ഞ സുഹൃത്തിനെയും ഓർമ്മ വന്നു.

മുന്നിൽ നടക്കുന്നവനും, പിന്നിൽ നടക്കുന്നവനും അല്ല കൂട്ടുകാരൻ, കൂടെ നടക്കുന്നവൻ ആണ്, നമ്മുടെ മനസ്സിന്റെ പൾസ് അറിഞ്ഞു കൂടെ നിൽക്കുന്നവൻ.

ഫ്രഞ്ച് തത്വ ചിന്തകൻ Albert Camus ന്റെ വളരെ അർത്ഥവത്തായ ഒരു ഉദ്ധരണി കൊണ്ട് പറഞ്ഞു നിർത്താം “Don’t walk in front of me; I may not follow. Don’t walk behind me; I may not lead. Just walk beside me and be my friend.”

——–