Share The Article
E A Jabbar എഴുതുന്നു 

കുർ ആനിൽ പറയുന്ന കാര്യങ്ങൾ അതിൻ്റെ ചരിത്ര പശ്ചാതലവും അവതരണ സന്ദർഭവും പരിഗണിക്കാതെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിക്കൂടാ. സന്ദർഭത്തിൽ നിന്നും ഒരു വാക്യം അടർത്തി എടുത്ത് ഉദ്ധരിച്ചാൽ ആ വാക്യത്തിൻ്റെ യഥാർത്ഥ ഉദ്ദേശ്യം വ്യക്തമായി മനസ്സിലാവുകയില്ല. മാത്രമല്ല വലിയ തെറ്റിദ്ധാരണകൾക്കതു കാരണമാവുകയും ചെയ്യും.

ഇതൊന്നും ഞാൻ പറയുന്നതല്ല, ഇസ്ലാമിസ്റ്റുകൾ സ്ഥിരം ആവർത്തിക്കുന്ന കാര്യമാണു.

കുർ ആൻ അക്രമത്തിനും ഭീകരവാദത്തിനും പ്രേരിപ്പിക്കുന്നു എന്ന വിമർശനത്തെ നേരിടുന്ന സന്ദർഭത്തിലൊക്കെ ഈ പല്ലവി നാം കേൾക്കാറുണ്ട്.

എന്നാൽ ഈ പറഞ്ഞ ന്യായം മറ്റു കാര്യങ്ങളിലും ബാധകമാണെന്ന കാര്യം അവർ ബോധപൂർവ്വം വിസ്മരിക്കുന്നു.

അതിനുദാഹരണമാണു സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച കുർ ആൻ നിർദേശങ്ങൾ.

സ്ത്രീകൾ അവരുടെ ശിരോവസ്ത്രം മാറിടത്തിലേക്കു തൂക്കിയിടട്ടെ എന്ന നിർദേശമാണു കുർ ആനിലുള്ളത്. അതു തന്നെ ഒരു സവിശേഷ സന്ദർഭത്തിൽ പറഞ്ഞ കാര്യമാണു താനും. ആ സന്ദർഭം ജലാലൈൻ, ഇബ്നു അബ്ബാസ് തുടങ്ങി മിക്ക മുഫസ്സിറുകളും വ്യക്തമാക്കിയിട്ടുണ്ട്.

അക്കാലത്ത് അടിമസ്ത്രീകൾ മാറു മറച്ചിരുന്നില്ല. സ്വതന്ത്ര സ്ത്രീകളും മാറു മറക്കാതെ അങ്ങാടിയിൽ പോകുമായിരുന്നു. അടിമസ്ത്രീകളും സ്വതന്ത്ര സ്ത്രീകളും തമ്മിൽ വേർതിരിച്ചറിയാതെ ചില അങ്ങാടിപ്പൂവാലന്മാർ സ്വതന്ത്ര സ്ത്രീകളെ അടിമസ്ത്രീകളെപ്പോലെ ലൈംഗികമായി ശല്യം ചെയ്യുകയും അതൊരു പരാതിയായി പ്രവാചക സന്നിധിയിലെത്തുകയും ചെയ്ത സന്ദർഭത്തിലാണു സ്വതന്ത്രസ്ത്രീകൾ മാറു മറയ്ക്കുകയും വ്യത്യസ്ഥരാവുകയും അതു വഴി തിരിച്ചറിയപ്പെടുകയും ചെയ്യട്ടെ അങ്ങനെ ശല്യം ചെയ്യപ്പെടാതിരിക്കട്ടെ എന്ന നിർദേശം “ദൈവം” മുന്നോട്ടു വെക്കുന്നത്.

ഇനി കുർ ആൻ 24 -31 ൽ പറയുന്നതു കൂടി നോക്കുക. “സ്വാഭാവികമായി വെളിപ്പെടുന്ന ഭംഗി ഒഴിച്ചുള്ള” ശരീരഭാഗങ്ങൾ മറയ്ക്കുക എന്നാണവിടെ പറയുന്നത്.

ഇത് ഇന്നു നാം എങ്ങനെയാണു വായിക്കേണ്ടത്? എന്താണു സ്വാഭാവികമായി വെളിപ്പെടുന്ന ഭംഗി? ആരും മാറു മറക്കാത്ത ഒരു കാലത്തു മാറും മുലയും സ്വാഭാവികമായി വെളിപ്പെടുന്ന ഭംഗി മാത്രമാവുകയില്ലേ? മിനി സ്കെർടും ബിക്കിനിയും ധരിക്കുന്ന ഒരു യൂറോപ്യൻ ബീച്ചിലൊ പാർക്കിലോ സ്വാഭാവിക വെളിപ്പെടൽ ഭംഗി ഒഴിച്ചുള്ളതു തന്നെയല്ലേ അവരും മറയ്ച്ചിട്ടുള്ളത്?

മുഖം പോലും മൂടണം എന്നു ഈ കുർ ആൻ വ്യാഖ്യാനിച്ചവർ സ്വാഭാവിക വെളിപ്പെടൽ ഭംഗി എന്നാൽ ബുർഖയുടെ ഓട്ടയിലൂടെ കാണൂന്ന കണ്ണു മാത്രമാണെന്നും വ്യാഖ്യാനിക്കുന്നു.

ഇവിടെയൊന്നും ദൈവീക വെളിപാടുകൾക്കു കൃത്യമായ ഒരു ആശയവ്യക്തതയുമില്ല. എല്ലാം വ്യാഖ്യാനിച്ചുണ്ടാക്കിയ പുരുഷന്മാരുടെ ആശയങ്ങൾ മാത്രം. !

യുദ്ധ സന്ദർഭത്തിലെ വാളെടുപ്പൻ വെളിപാടുകളൊന്നും പൊതു നിർദേശമല്ല എന്നു വ്യാഖ്യാനിക്കുന്നവരോടാണു ഇനി ചോദിക്കാനുള്ളത്.

അടിമസ്ത്രീകളാണെന്നു തെറ്റിദ്ധരിച്ച് സ്വതന്ത്ര സ്ത്രീകളെ അങ്ങാടിപ്പൂവാലർ ശല്യം ചെയ്യാതിരിക്കാനായി മേൽ വസ്ത്രം കൊണ്ടു മാറു മറയ്ക്കണം എന്ന കുർ ആൻ നിർദേശം ഇന്നെങ്ങനെ പ്രസക്തമാകും?

ഇന്ന് അടിമസ്ത്രീകൾ മാറു മറയ്ക്കാതെ അങ്ങാടിയിൽ ചുറ്റിത്തിരിയുന്നുണ്ടോ? അവരെപ്പോലെ സ്വതന്ത്ര സ്ത്രീകളും ശല്യം ചെയ്യപ്പെടാതിരിക്കാൻ ഒരു വെളിപാടിൻ്റെ ആവശ്യം ഇന്നുണ്ടോ?

അടിമസ്ത്രീകളെ ആർക്കും ലൈംഗികമായി ശല്യം ചെയ്യാം എന്ന സദാചാരം ഇന്നു നമുക്ക് അംഗീകരിക്കാനാവുമോ?

ഒരു സ്ത്രീയും ശല്യം ചെയ്യപ്പെട്ടുകൂടാ എന്നല്ലേ ഇന്നത്തെ ധാർമ്മികത? പുരുഷന്മാരും ശല്യം ചെയ്യപ്പെടാവതല്ലല്ലൊ.

അമുസ്ലിം സ്ത്രീകളിൽനിന്നും മുസ്ലിം സ്ത്രീകളെ വേർതിരിച്ചറിയാനാണു പർദ എന്നു പറയുന്നതും ഇന്നത്തെ ധാർമ്മികതയനുസരിച്ചു നെറി കെട്ട വാദമാണു. കാരണം അമുസ്ലിം സ്ത്രീകൾക്കും പരിരക്ഷ വേണമല്ലൊ. അവരെ ശല്യം ചെയ്തോട്ടെ, മുസ്ലിം സ്ത്രീകൾ ശല്യം ചെയ്യപ്പെട്ടുകൂടാ എന്ന നിലപാടു അധാർമ്മികമല്ലേ?

ചുരുക്കിപ്പറഞ്ഞാൽ ജീർണിച്ചു കാലഹരണപ്പെട്ട ഒരു ധാർമ്മികതയെയാണു ഈ നിലപാടുകളെല്ലാം മുന്നോട്ടു വെക്കുന്നത്.

വസ്ത്രധാരണമൊന്നും ഒരു സമൂഹം ഈ വിധം വൈകാരികമായി ചർച്ച ചെയ്യേണ്ട ഒരു പ്രധാന കാര്യമേയല്ല. ഓരോരുത്തരും അവരവർക്കു സൗകര്യപ്രദമായ വസ്ത്രം ധരിക്കട്ടെ. പൊതു സുരക്ഷയ്ക്കു ഭീഷണിയാകുന്ന വിധമുള്ള അനാവശ്യമായ വെച്ചു കെട്ടലുകൾ ഒഴിവാക്കിയാലും മാന്യമായ വസ്ത്രം സാധ്യമാണല്ലൊ !