കൊയിപ്പിള്ളി കൊട്ടാരത്തിലെ പ്രേതം – രഘുനാഥന്‍ കഥകള്‍

ghost-boolokamകാറ്റ് അതിന്റെ ആയിരം കൈകള്‍ നിവര്‍ത്തി കൊയിപ്പള്ളി കൊട്ടാരത്തിന്റെ ജനലുകളെ അമ്മാനമാടി. കൊട്ടാരത്തിന് ചുറ്റുമുള്ള കൊന്നത്തെങ്ങുകള്‍ മുടിയഴിച്ചാടുന്ന വെളിച്ചപ്പാടുകളെ പ്പോലെ തുള്ളിയുറഞ്ഞു. അന്ധകാരത്തിന്റെ കറുത്ത പുതപ്പിനെ വലിച്ചു കീറിക്കൊണ്ട് ഇടയ്ക്കിടയ്ക്ക് കൊള്ളിമീനുകള്‍ മിന്നിപ്പൊലിഞ്ഞു. ഭീകരമായ എന്തോ സംഭവിക്കാന്‍ പോകുന്നതിന്റെ മുന്നോടി പോലെ ഇരുട്ടില്‍ വിറങ്ങലിച്ചു കിടന്ന കൊട്ടാരത്തിന്റെ അകത്തളങ്ങളിലെവിടെയോ ഇരുന്നു ഒരു പൂച്ച വന്യമായി മുരണ്ടു. കാവിനുള്ളിലെ വലിയ ഇലഞ്ഞിമരത്തില്‍ നിന്നും ഒരു ശിഖരം കാതടപ്പിക്കുന്ന ശബ്ദത്തോടെ ഒടിഞ്ഞു വീണു. ആ ശബ്ദത്തില്‍ കോയിപ്പള്ളി കൊട്ടാരം പ്രകമ്പനം കൊണ്ടു.

വടക്കിനിപ്പുരയിലെ ഏതോ മുറിയില്‍ നിന്നും ഒരു നിലവിളി ശബ്ദം കേട്ടതായി ഗോവിന്ദവര്‍മ്മയ്ക്ക് തോന്നി. പുറത്തു വീശിയടിക്കുന്ന കൊടുംകാറ്റില്‍ തൂങ്ങിയാടുന്ന ജനലുകളിലേയ്ക്കും ജനലിനു പുറത്തു കട്ടപിടച്ച ഇരുട്ടിലേയ്ക്കും ഗോവിന്ദവര്‍മ്മ ഭീതിയോടെ തുറിച്ചു നോക്കി. എവിടെ നിന്നാണ് ആ നിലവിളി ശബ്ദം കേട്ടതെന്നു അയാള്‍ക്ക്‌ മനസ്സിലായില്ല. കട്ടിലിനരികില്‍ വച്ചിരുന്ന ടോര്‍ച്ചു തപ്പിയെടുക്കാനായി വെപ്രാളത്തോടെ എഴുനേറ്റ ഗോവിന്ദവര്‍മ്മ മിന്നലിന്റെ പ്രകാശത്തില്‍ തന്റെ തൊട്ടു മുന്‍പില്‍ തെളിഞ്ഞ ആ കാഴ്ച കണ്ടു നടുങ്ങിപ്പോയി.

ഇരുട്ട്  കട്ട പിടിച്ചതുപോലെ പോലെ, ആറടിയിലധികം ഉയരമുള്ള, ഒരു രൂപം….! അതിന്റെ തലയുടെ ഒരു ഭാഗം തകര്‍ന്നിരിക്കുന്നു. തുറിച്ച് ഉന്തി നില്‍ക്കുന്ന കണ്ണുകളില്‍ ഒരെണ്ണം അടര്‍ന്നു താഴേയ്ക്ക് തൂങ്ങിക്കിടക്കുന്നു….!!

തകര്‍ന്ന തലയില്‍ നിന്നും ചീറ്റിയൊലിക്കുന്ന ചോര, പല്ലുകള്‍ അടര്‍ന്നു വശത്തേയ്ക്ക് കോടിപ്പോയ വായുടെ അരികിലൂടെ ഒലിച്ച് നഗ്നമായ നെഞ്ചിലേയ്ക്ക് ഇറ്റിറ്റു വീഴുന്നു. ശരീരം മുഴുവന്‍ ചോരപ്പാടുകള്‍. ആ രൂപത്തിന്റെ ബലിഷ്ടമായ കൈകള്‍ മുന്‍പോട്ടു നീട്ടിപ്പിടിച്ചിരിക്കുകയാണ്. മിന്നല്‍ വെട്ടത്തില്‍ ഒരിക്കല്‍ കൂടി തെളിഞ്ഞ ആ ഭീകരരൂപം കണ്ട ഗോവിന്ദവര്‍മ്മയുടെ രക്തം ഉറഞ്ഞു പോയി…!

കഴിഞ്ഞ മാസത്തിലെ കറുത്തവാവിന് താന്‍ കൊലപ്പെടുത്തിയ കറുമ്പന്റെ അതേ രൂപം. കാവിലെ പൊട്ടക്കിണറ്റില്‍ താന്‍ വലിച്ചെറിഞ്ഞ കറുമ്പന്റെ അതേ ശരീരം…

കറുമ്പന്‍..

ലോകത്തില്‍ അപൂര്‍വമായി മാത്രം ഉണ്ടാകാവുന്ന ഒരു നിമിഷത്തില്‍ മരണപ്പെട്ടവന്‍. അല്ലെങ്കില്‍ കൊല്ലപ്പെട്ടവന്‍ …

പ്രതികാരദാഹിയായി അവന്‍ ഉയിര്‍ത്തെഴുനേറ്റിരിക്കുന്നു…

ക്രൂരമായി കൊലചെയ്തത്തിന്റെ  പ്രതികാരം തീര്‍ക്കാനായി ഇതാ തന്റെ മുന്‍പില്‍….

വന്യമായ  മുരള്‍ച്ചയോടെ മുന്നോട്ടടുക്കുയാണ് കറുമ്പന്റെ ഭീകര രൂപം.!!

“കാവില്‍ ഭഗവതീ….രക്ഷിക്കണേ….”

ഗോവിന്ദവര്‍മ്മ ഉറക്കെ നിലവിളിച്ചു. ആ ശബ്ദം കൊട്ടാരത്തിലാകെ മാറ്റൊലിക്കൊണ്ടു. പെട്ടെന്നാണത് സംഭവിച്ചത്. കൊയിപ്പള്ളി കൊട്ടാരത്തിലെ വൈദ്യുതവിളക്കുകള്‍ തെളിഞ്ഞു. വടക്കിനിമുറിയില്‍ നിന്നും സുഭദ്രയും പാച്ചുവും അനാമികയും ഗോവിന്ദവര്‍മ്മയുടെ മുറിയിലേയ്ക്ക് ഓടിവന്നു. കിടക്കയില്‍ കാലുകള്‍ നീട്ടിവച്ച് കൈകള്‍ പുറകില്‍ കുത്തിയിരുന്നു കിതയ്ക്കുകയാണ് ആ മനുഷ്യന്‍.

അയാളുടെ ശരീരം വിയര്‍പ്പില്‍ കുളിച്ചിരിക്കുന്നു….

“പണ്ടാരമടങ്ങാന്‍ ഒള്ള പ്രേത നോവലെല്ലാം വായിച്ചു കിടന്നിട്ടു രാത്രിയില്‍ മനുഷ്യനെ ഉറക്കില്ലന്നു വച്ചാല്‍…? എഴുനേറ്റുപോയി മൂത്രമൊഴിച്ചിട്ടു വന്നു കിടക്കു മനുഷ്യാ…”

അതു പറഞ്ഞത് സുഭദ്രയായിരുന്നില്ല..

കാരണം എന്റെ ഭാര്യയുടെ പേര് സുഭദ്ര എന്നല്ലല്ലോ…!!

(പ്രേതത്തിന്റെ പടം ഗൂഗിള്‍ അമ്മാവന്റെ വക)

Write Your Valuable Comments Below