മഷി നോട്ടം ഹിതപരിശോധനയാകട്ടെ

demonetisation

പ്രമുഖ പത്രപ്രവര്‍ത്തകന്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത വാക്കുകള്‍

ഭോപ്പാല്‍ കൂട്ടക്കൊല ഇപ്പോള്‍ ചിത്രത്തിലേയില്ല. അതിന്റെ ദുരൂഹതകളും കാറ്റിലലിഞ്ഞില്ലാതായി. ജെ.എന്‍.യു വിലെ വിദ്യാര്‍ഥിയുടെ തിരോധാനവും ഒരുപാവം ഉമ്മയുടെ നിലവിളിയും അതോടൊപ്പം അപ്രത്യക്ഷമായി. മഷി നോട്ടത്തിനിടയില്‍ ഡോ. സാക്കിര്‍ നായിക്കിന്റെ സംഘടനയെ നിരോധിച്ചതിന്റെ പ്രശ്‌നങ്ങളും ചര്‍ച്ചക്കെടുക്കാന്‍ നമുക്കു നേരമില്ല.

നോട്ടു വേട്ടക്കിടയില്‍ സഹകരണ ബാങ്കുകള്‍ക്കുവാങ്ങിയ പൂട്ടും പുര കത്തുമ്പോഴുള്ള വാഴവെട്ടാണെന്ന് മനസ്സിലാകാത്തവരുമില്ല. 15,287 സഹകരണ ബാങ്കുകളെ കേരളത്തില്‍ നിന്ന് പടിയടച്ച് പിണ്ടം വെക്കുന്ന സംശയരോഗത്തിന് ഭൂമി ലോകത്ത് മരുന്നു കണ്ടെത്തുമെന്നും തോന്നുന്നില്ല.

ഈ പ്രതിസന്ധിക്കിടയിലും 500 കോടികൊണ്ട് ഒരു ദരിദ്രനായ ബി ജെ പി നേതാവ് തന്റെ മകളുടെ വിവാഹം എളിയ രീതിയില്‍ നടത്തുന്നുണ്ട്. വിജയ മല്യമടക്കമുള്ള ദരിദ്രരുടെ കോടികള്‍ എഴുതിതള്ളുന്നുമുണ്ട്. രാജാവ് നന്ഗനനാണെന്ന് വിളിച്ചു പറയുന്നത് രാജകൊട്ടാരത്തിന്റെ മൂക്കിനു താഴെയിരുന്നുകൊണ്ട് ഒരു മുഖ്യമന്ത്രിയാണ്. പക്ഷേ എന്നിട്ടെന്തുണ്ടാകാന്‍.

മൃഗീയ ഭൂരിപക്ഷത്തില്‍ ചിലരെ അധികാരത്തിലേറ്റാന്‍ നമുക്കവകാശമുണ്ട്. ശരി തന്നെ. എന്നാല്‍ കാലാവധി പൂര്‍ത്തിയാകും മുമ്പേ ജനഹിതം അവര്‍ക്കെതിരായാലോ അണ്ടിപോയ അണ്ണാനെപ്പോലെ മിഴിച്ചു നില്‍ക്കാനല്ലാതെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് എന്തുചെയ്യാന്‍ സാധിക്കും.? നമ്മുടെ നാടിന്റെ ഗതികേടെന്നല്ലാതെ എന്തു പറയാന്‍.

പാര്‍ലമെന്റില്‍ ശീതകാല സമ്മേളനം നടക്കുന്നു. നാടിനെ കീഴ്‌മേല്‍ മറിക്കുന്ന ഒരു തീരുമാനമെടുക്കുമ്പോള്‍ പോലും ആ പാവം കഴുതകളെ എന്തായാലും വേണ്ട. അവര്‍ വിജയപ്പിച്ച് പാര്‍ലമെന്റിലേക്കയച്ച പ്രതിപക്ഷത്തിരിക്കുന്നവരെ എങ്കിലും അറിയിക്കാനോ അവരുമായി ചര്‍ച്ചചെയ്യാനോ പാടില്ലെങ്കില്‍… എന്തു ജനാധിപത്യമാണിത്. ഇതിന്റെ പേരാണോ ജനാധിപത്യം?

നിര്‍ണായകാവസരത്തില്‍ ജനവിരുദ്ധമായ തീരുമാനങ്ങളെടുക്കുന്നുവെന്നുതോന്നിയാല്‍ ഭരണ വര്‍ഗത്തെ തിരിച്ചു വിളിക്കാനുള്ള അധികാരം കൂടി ജനങ്ങളില്‍ നിക്ഷിപ്തമാകേണ്ടതില്ലേ.? ഉണ്ട്. അപ്പോഴല്ലേ യഥാര്‍ഥ ജനാധിപത്യം സാര്‍ഥകമാവൂ. ഇപ്പോള്‍ ഏതായാലും മഷിനോട്ടം കൊണ്ടിറങ്ങിയിക്കുകയല്ലേ. അതു ജനങ്ങളുടെ ഹിതപരിശോധനക്കുള്ള അവസരംകൂടിയായി വിനിയോഗിക്കാന്‍ സര്‍ക്കാറിന് ചങ്കൂറ്റമുണ്ടോ? ഭൂരിപക്ഷം ആളുകള്‍ വോട്ടു ചെയ്തതുകൊണ്ടാണല്ലോ അധികാരത്തിലേറിയത്. ഭൂരിപക്ഷവും നിങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെങ്കില്‍ ആയിക്കോട്ടെ. തിരിച്ചാണ് ജനവിധി എങ്കിലോ തീരുമാനം ഉപേക്ഷിക്കുമോ?