Share The Article

green-mangoഅയാളുടെ ഭാര്യ ഗർഭിണിയായിരുന്നു; നാട്ടിലുള്ള അമ്മയ്ക്ക് ഭാര്യയെ ശുശ്രൂഷിക്കാനുള്ള ആരോഗ്യസ്ഥിതി  ഇല്ലാത്തതിനാലാവണം പ്രസവം സ്വദേശത്തു  വേണ്ട വിദേശത്തു മതി എന്നയാൾ തീരുമാനിച്ചത്, കൂടാതെ പ്രസവ ചിലവ്  മുഴുവൻ സർക്കാർ വഹിക്കുകയും ചെയ്യും. തന്റെ പ്രിയതമയെ പിരിഞ്ഞിരിക്കാനുള്ള  വിഷമവും ഉണ്ടെന്നു കൂട്ടിക്കോ! ദിവസവും കുറച്ചു സമയം നടക്കുന്നത് പ്രസവത്തിനു നല്ലതാണെന്നു ഡോക്ടർ ഉപദേശിച്ചിട്ടുണ്ട്. ഓഫീസിൽ നിന്നും നേരെത്തെ എത്താൻ  പറ്റുന്ന ദിവസങ്ങളിലെല്ലാം നടക്കാനിറങ്ങാമെന്ന് അയാൾ ഭാര്യയോട്  പറഞ്ഞുറപ്പിച്ചു.

വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങിയപ്പോഴാണ് കണ്ടത് വഴിയോരമുള്ള സായിപ്പിന്റെ വീട്ടിൽ മരപ്പലക കൊണ്ടുള്ള ചുറ്റുമതിലിനു പുറത്തേക്കു ചില്ലകൾ ചാഞ്ഞു നിൽക്കുന്ന മാവും, നിറയെ പച്ചമാങ്ങയും. തനിക്കു പച്ച മാങ്ങ തിന്നാൻ കൊതിയുള്ള കാര്യം ഈയടുത്തായി അവൾ തന്റെ പ്രിയതമനോട് ഉണർത്തിച്ചിരുന്നു . രോഗിയാശിച്ചതും, വൈദ്യൻ കല്പിച്ചതും പാല് എന്ന് പറഞ്ഞത് പോലെയായി കാര്യങ്ങൾ. കുട്ടിക്കാലത്തു കൂട്ടുകാരുമായി ചേർന്ന് മാങ്ങയെറിഞ്ഞിട്ടതും, ഉപ്പും മുളകും കൂട്ടി തിന്നതുമൊക്കെ ഇന്നലെ കഴിഞ്ഞത് പോലെ അയാളുടെ മനസ്സിൽ ഓടിയെത്തി. മോഷണം തെറ്റാണെന്നുള്ളത് കൊണ്ടും, മറ്റാരെങ്കിലും കാണുമോ എന്ന ഉൾഭയം കൊണ്ടും നാട്ടിലെ പോലെ മാങ്ങയെറിഞ്ഞിടൽ നടക്കില്ല എന്നയാൾ മനസ്സിലുറപ്പിച്ചു.

മതിലിനു പുറത്തേക്കു ചാഞ്ഞു നിൽക്കുന്ന ചില്ലകൾക്കു താഴെ വാടിയതും അല്ലാത്തതുമായ കുറച്ചു കണ്ണിമാങ്ങകൾ വീണു കിടക്കുന്നതു കാണാം. അതിൽ കൊള്ളാവുന്ന മൂന്നുനാലെണ്ണം എടുത്തു അയാൾ തന്റെ ബർമുഡയുടെ കീശയിൽ തിരുകി.ഭാര്യയുടെ പ്രസന്ന വദനം കണ്ടു അയാൾക്കും സന്തോഷമായി.വീടിന്റെ രണ്ടാമത്തെ നിലയിൽ വ്യായാമത്തിലേർപ്പെട്ടിരുന്ന സായിപ്പ്, മതിലിനപ്പുറത്തു നിന്നും തന്റെ മാവിലെ മാങ്ങയും പെറുക്കി പോകുന്ന യുവ മിഥുനങ്ങളെ കൗതുകത്തോടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. മാങ്ങയും പെറുക്കി നടത്തം തുടരുമ്പോൾ അവൾ ഭർത്താവിനോടായി പറഞ്ഞു ” നമുക്ക് ദിവസവും ഇതു  വഴി തന്നെ നടന്നാലോ “.

കുറച്ചു നേരത്തെ നടത്തത്തിനു ശേഷം, സന്ധ്യ മയങ്ങാറായെന്നു തോന്നിയപ്പോൾ രണ്ടു പേരും വീട്ടിൽ തിരിച്ചെത്തി. കുളി കഴിഞ്ഞതിനു ശേഷം ഭാര്യ സന്ധ്യാ  ദീപം കൊളുത്തി, രണ്ടു പേരും നന്നായി പ്രാർത്ഥിച്ചു. പ്രാർത്ഥനയ്ക്ക് ശേഷം കൊതി അടക്കാൻ വയ്യാതെ അവർ നേരെ അടുക്കളയിലേക്കു കുതിച്ചു ! വഴിയോരത്തു നിന്നും പെറുക്കിയ കണ്ണിമാങ്ങയെടുത്തു വൃത്തിയായി കഴുകി , രണ്ടായി മുറിച്ചു അല്പം ഉപ്പും മുളകും തിരുമ്മി. ഒരു കഷണമെടുത്തു അയാൾ തന്റെ പ്രിയതമയുടെ കൊതിയൂറുന്ന നാവിലേക്ക് വച്ച് കൊടുത്തു. അവളതു ആർത്തിയോടെ ചവച്ചരച്ചു കഴിച്ചു. ഭാര്യക്ക് പച്ചമാങ്ങയോടുള്ള ഇഷ്ടം അറിയാവുന്നതു കൊണ്ട് തന്നെ അയാൾ തന്റെ കൊതി ചെറിയ ഒരു കഷണത്തിൽ ഒതുക്കി.

ദിവസങ്ങൾ പിന്നിട്ടു, ഭാര്യയുടെ വയർ അല്പം കൂടിയിട്ടുണ്ട്. മിക്ക ദിവസങ്ങളിലും അവർ നടക്കാനിറങ്ങും, കണ്ണിമാങ്ങ പെറുക്കും. വീട്ടിൽ തിരിച്ചെത്തി ഉപ്പും മുളകും കൂട്ടി കഴിക്കും. പതിവ് പോലെ ഒരു ദിവസം മാങ്ങ പെറുക്കുമ്പോൾ പൊടുന്നനെയായിരുന്നു വീട്ടുടമസ്ഥൻ  സായിപ്പ് ഗേറ്റും തുറന്ന് വീടിനു പുറത്തേക്കു വന്നത്. വഴിയരികിൽ വീണു കിടന്നിരുന്ന മാങ്ങയാണ് പെറുക്കിയതെങ്കിലും അവർ സായിപ്പിനോട് ക്ഷമാപണം നടത്തി. സായിപ്പ് അതു കേട്ട് പുഞ്ചിരിച്ചതേയുള്ളൂ.സായിപ്പ് അവരെ രണ്ടു പേരെയും വീട്ടിലേക്കു ക്ഷണിച്ചു.  പരിഭ്രാന്തരായെങ്കിലും അവർ അദ്ദേഹത്തോടൊപ്പം വീട്ടിലേക്കു നടന്നു. ” ഗിവ് മി എ മിനുട്ട് ” എന്നും പറഞ്ഞു സായിപ്പ് വീട്ടിനുള്ളിലേക്ക് കയറി, പുറത്തിറങ്ങി വന്നതോ ഒരു സഞ്ചി നിറയെ പച്ചമാങ്ങയുമായിട്ട് ! അവർക്കു രണ്ടുപേർക്കും സന്തോഷവും ആശ്ചര്യവുമായിരുന്നു.

സായിപ്പിനോട്  ഒരുപാട് നന്ദിയും, ഒരു ദിവസം തങ്ങളുടെ വീട്ടിലേക്കു വരണമെന്നും പറഞ്ഞു. അന്നത്തെ നടത്തം മതിയാക്കി അവർ വീട്ടിലേക്കു തിരിച്ചു. ഭാര്യ മതിയാവോളം പച്ചമാങ്ങ തിന്നട്ടെ , കുറച്ചെണ്ണം അച്ചാറിടാം, കുറച്ചെണ്ണം ഉപ്പിലിട്ടും വയ്ക്കാം. അയാൾ മനസ്സിലുറപ്പിച്ചു.