Share The Article

hidden thing in diary

‘ഇവിടെ ഈ വരികള്‍ ഞാന്‍ കുറിക്കുമ്പോള്‍ ശെരിക്കും ആശങ്കയില്‍ ആണ്. ദൈവത്തിന്റെ ചില കൈയൊപ്പ് എന്നോ,ജീവിതത്തിന്റെ ചില വഴികളില്‍ കാണിച്ചുതരുന്ന ചിത്രങ്ങള്‍ എന്നോ ചിലപ്പോള്‍ ഈ സംഭവത്തെ പറയേണ്ടി വരും.പക്ഷെ ഞാന്‍ ഇപ്പോഴും ആശങ്കയില്‍ ആണ്. വായിക്കുന്നവരും ചിലപ്പോള്‍ ഒരു നിമിഷം ചിന്തിക്കും, ചിലപ്പോള്‍ ആശങ്കപെടും. കാരണം നമ്മള്‍ ജീവിക്കുന്നത് നമ്മുടെ മനഃസമാധാനത്തിനു വേണ്ടി മാത്രമാണ്. നമ്മുടെ കുടുംബം,കൂട്ടുകാര്‍ അങ്ങിനെ ജീവിതത്തില്‍ നമ്മളിലൂടെ വന്നുപോകുന്ന പല കഥാപാത്രങ്ങളും, നമ്മള്‍ മനസ്സില്‍ കണ്ടത് നടന്നില്ലെങ്കില്‍, നമ്മള്‍ പലപ്പോഴും പ്രവര്‍ത്തിക്കുന്നത് മനഃസമാധാനത്തിനു വേണ്ടി മാത്രമാണ്. അതിന്റെ പര്യായം മാത്രമാണ് സ്‌നേഹം,സങ്കടം,ദേഷ്യം അങ്ങിനെ പലതും. പലപ്പോഴും പലരും ഉപദേശിക്കുന്നത് അവരുടെ ജീവിതത്തില്‍ നടക്കാതെ പോയ പരിഭവങ്ങള്‍ ആണ്. ചിലപ്പോള്‍ പലരുടെയും ജീവിതത്തില്‍ മനസമാധാനം തരുമായിരിക്കും ഇത്തരം ഉപദേശങ്ങള്‍’

‘ജീവിതം മനഃസമാധാനത്തിനു വേണ്ടിയുള്ള യാത്രയാണ്’

ഈ വാചകം ആ സംഭവത്തെ കുറിച്ച് ഡയറിയില്‍ വായിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. എന്റെ മനസമാധാനം അവിടെ നഷ്ടപ്പെട്ടു. എന്റെ മനസ്സിലും ആശങ്കകള്‍ നിറയാന്‍ തുടങ്ങി. എന്താണ് പറയാനുള്ളത്?

എന്റെ കൂട്ടുകാരന്റെ ഡയറി അവന്‍ വായിക്കാന്‍ തന്നപ്പോള്‍ ഇത്രത്തോളം മനസ്സിനെ ഉലക്കുമെന്നു കരുതിയില്ല.

ജൂലൈ 14, 2015

മഴ തോര്‍ന്നു തെളിഞ്ഞ അന്തരീക്ഷം. വൈകുന്നേരം എന്റെ ജോലി തീര്‍ത്തു വീട്ടിലേക്കു വരുന്ന സമയം.സ്‌കൂളും കോളേജും വിട്ടു റോഡില്‍ നിറയെ തിരക്ക്.പലപ്പോഴും ഇത്തരം ബഹളങ്ങള്‍ മനസ്സിനെ വല്ലാതെ അലസോരം ഉണ്ടാക്കാറുണ്ട്…പലപ്പോഴും ഇത്തരം വേളയില്‍ ഒഴിഞ്ഞ വഴികള്‍ വീട്ടിലെത്താന്‍ ഞാന്‍ തിരഞ്ഞെടുക്കാറുള്ളത്. അമ്പല കടവ് കടന്നു പാടത്തിന്റെ അരികിലൂടെ വലത്തോട്ട് തിരിഞ്ഞു വീടിനടുത്തു എത്താറായി. അപ്പോഴാണ് യാദൃഷികമായി എന്റെ മുന്‍പിലൂടെ ഒരു ബൈക്ക് കടന്നു പോയത്…വളരെ പതുക്കെ ശബ്ദം ഇല്ലാതെ ആണ് വരുന്നത്. ഒരു പയ്യന്‍ ആണ് ബൈക്ക് ഓടിക്കുന്നത്.പുറകില്‍ ആരോ ഉണ്ട്. മഴക്കോട്ടും ധരിച്ചു..കണ്ണ് മാത്രം പുറത്തു കാണാം…പെട്ടെന്ന് എന്നെ കണ്ടപ്പോള്‍ ആ കണ്ണുകള്‍ എന്റെ മനസ്സില്‍ ഉടക്കി…ആ കണ്ണുകളില്‍ ഞാന്‍ കണ്ടത് ഒരു ഭയത്തിന്റെ തീക്ഷ്ണ ഭാവം ആയിരുന്നു. ആ നോട്ടം എന്നെ വല്ലാതെ അലസോരപ്പെടുത്തി. വീണ്ടും തിരിഞ്ഞു നോക്കിയപ്പോള്‍ മഴക്കോട്ടു ഊരിയിട്ട് ആ പയ്യനെ ഏല്പിക്കുന്നതാണ് കണ്ടത്. അവളെ കണ്ടപ്പോള്‍ ഒരു പെങ്ങളെപോലെ തോന്നി. അവള്‍ ആ ഗേറ്റ് കടന്നു പോയി..പയ്യന്‍ അവിടെ നിന്നും ബൈക്ക് ഓടിച്ചു മറഞ്ഞു.

ജൂലൈ 20, 2015

വീണ്ടും ഒരു ഉച്ച വെയില്‍ നേരത്തു പനികാരണം വീട്ടില്‍ തന്നെ ആയിരുന്നു. അപ്രതീക്ഷിതമായി വീണ്ടും ആ ബൈക്ക് എന്തെ മുന്‍പിലൂടെ പാഞ്ഞു കുറച്ചകലെ നിറുത്തി. കാഴ്ച്ചയില്‍ കൈയെത്തും ദൂരത്തു അവര്‍ നിന്നു. പിന്നില്‍ നിന്നും ഇറങ്ങുന്ന അവളെ ഞാന്‍ വ്യക്തമായി കണ്ടു.അന്നും അവള്‍ മഴക്കോട്ടു ധരിച്ചിരുന്നു. പരിസരം നോക്കി അവള്‍ കോട്ടു ഊരികൊടുത്തു വീടിന്റെ ഗേറ്റ് തുറന്നു പോയി. അവളുടെ യൂണിഫോം കണ്ടപ്പോള്‍ മനസ്സിലായി പ്ലസ് വണ്‍ അല്ലെങ്കില്‍ പ്ലസ് ടു. ആ നിമിഷം ഇതുവരെ എന്റെ മനസ്സിനെ ഉലച്ചു. പെങ്ങള്‍ വീട്ടില്‍ വന്നപ്പോള്‍ പോലും അറിയാതെ മനസ്സ് സംശയത്തിന്റെ മുനമ്പില്‍ പോയി നിന്നു.

ജൂലൈ 21, 2015

ഈ ദിനം എന്നെ വല്ലാതെ മനസ്സിനെ ആശങ്കകളിലേക്കു നയിക്കുന്നു. പുതുതായി വന്ന അയല്‍വാസികള്‍ ആണെങ്കിലും ഈ കാര്യം പറഞ്ഞു പ്രശ്‌നമാക്കണോ? ഇനിയിപ്പോള്‍ ഞാന്‍ കരുതുന്നത് മാത്രമല്ല സത്യമെങ്കിലോ? എന്റെ അനുജത്തി ആണെങ്കില്‍ ഞാന്‍ ഇങ്ങനെ ചെയ്യുമോ? അറിവില്ലാത്ത അവളെ നേര്‍വഴിക്കു നടത്തണമോ? ചിന്തകള്‍ പലതാണ്. പക്ഷെ പ്രതികരിക്കാന്‍ എനിക്ക് പേടിയാണ്…ചിലപ്പോള്‍ കുറ്റബോധം തോന്നാം…എന്നാലും ഇതെല്ലാം ഞാന്‍ ഈ വരികളില്‍ നിര്‍ത്തുന്നു…വീണ്ടും മനസമാധാനം കളയാന്‍ വയ്യ!

മെയ് 27, 2016

ഇന്നത്തെ പത്രത്താളുകളില്‍ അവളുടെ മുഖം കണ്ടപ്പോള്‍ വീണ്ടും മനസ്സു പിടഞ്ഞു.കാണ്മാനില്ല എന്ന ആ വാര്‍ത്ത മനസ്സിനെ വല്ലാതെ ഉലച്ചു. ഇവിടുത്തെ ആളുകള്‍ പറയുന്നത് അവളുടെ അമ്മയും അച്ഛനും ശെരിയല്ല എന്നാണ്. വലിയ ജോലിയും അറിവും ഉണ്ടായിട്ടും മകളുടെ മനസ്സ് അറിയാന്‍ കഴിയാതെ പോയ അവരുടെ നിസഹായത എന്നെ വല്ലാതെ ഉറക്കം കെടുത്തി. അന്ന് ഒരു വാക്കു പറഞ്ഞിരുന്നെങ്കില്‍…ചിലപ്പോള്‍, എന്റെ ഉറക്കം കളയാന്‍ വേണ്ടിയാണോ അവരെ എന്റെ മുന്‍പില്‍ എത്തിച്ചത്….ചില ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കു മുന്‍പില്‍ തല വല്ലാതെ പുകയുന്നു.

ഈ കുറിപ്പ് വായിച്ചപ്പോള്‍ മനസ്സ് വല്ലാതെ ആയി.എനിക്ക് അവരെ കുറച്ചൊക്കെ അടുത്തറിയാം..പക്ഷെ അവന്റെ ഈ ഡയറി വായിച്ചപ്പോള്‍ മാത്രമാണ് എത്രയും കാര്യങ്ങള്‍ ഉണ്ടെന്നു മനസ്സിലായത്. ചിലപ്പോള്‍ പണത്തിനു വേണ്ടിയുള്ള ഓട്ടത്തില്‍ സ്വന്തം മകളെ പോലും നോക്കാന്‍ പറ്റിയിട്ടുണ്ടാകില്ല. ഇപ്പോഴും അവള്‍ക്കു എന്ത് പറ്റി എന്നറിയില്ല, മനസ്സ് ഇപ്പോഴും ആശങ്കയില്‍ സഞ്ചരിക്കുന്നു. അവള്‍ക്കു നല്ലതു മാത്രം വരുത്താന്‍ പ്രാര്‍ത്ഥിക്കുന്നു…..ചിലപ്പോള്‍ ഈ പ്രാര്‍ത്ഥന പോലും എന്റെ മനഃസമാധാനത്തിനു വേണ്ടി മാത്രമാകും!