Share The Article

മിഥുനമഴയുടെ ഉച്ചനേരത്ത് ഒന്നുറങ്ങിയാലോ എന്നു വിചാരിച്ചുകിടന്നതാണ്. അപ്പോഴാണ് ഒരു കഥ വേണമല്ലോ എന്നോര്‍ക്കുന്നത്. പോളച്ചന്‍ കുറേനാളായി എന്റെ വാതുക്കലുണ്ട്. പോളച്ചനെത്തന്നെ ഓര്‍ക്കാന്‍ കാരണം റോഡിലൂടെ നടന്നുപോകുന്ന ഒരു ചിലങ്കയുടെ കിലുകിലുക്കമാണ്. ഏതോ ഒരു ബാലിക. റിയാലിറ്റി ഷോയ്ക്ക് നൃത്ത റിഹേഴ്‌സലിനോ ടെയ്ക്കിനോ പോവുകയാണ്. ജംഗ്!ഷ്‌നിലുണ്ടായിരുന്ന പഴയ സിനിമാ തീയേറ്ററില്‍ ഇപ്പോള്‍ സിനിമയൊന്നും ഇല്ല. പഴയതോ പുതിയതോ.

ഉളളത് ചാനല്‍ക്കിലുക്കം. ചാനലുകാരുടെ ഒരു ഭാഗ്യം. കുറഞ്ഞ വാടകയ്ക്ക് തീയേറ്റര്‍ കെട്ടിടം ഭാഗികമായോ മുഴുക്കനെയോ എടുക്കാം. ചിലങ്കക്കിലുക്കം പോളച്ചനെ ശരിക്കും ഉണര്‍ത്തി. അയാള്‍ ചെവിയോര്‍ത്തു. പാര്‍ട്ടിഷനപ്പുറത്തെ പെണ്ണ് പോയി. നര്‍ത്തകി. വിസയില്ലാതെ കള്ളക്കടത്തായി വന്നതാത്രെ. ഈ വീടിന്നുടമ സിസ്റ്റര്‍ മേരി അന്ന ജോസ് പറഞ്ഞതു വിശ്വസിക്കാം. അവര്‍ ഒറ്റത്തടി. സന്തതികള്‍ രണ്ട്. രണ്ടും പറന്നു പോയി. രണ്ടു തെക്കന്‍സ്‌റ്റേറ്റുകളിലേക്ക്. ഒരാള്‍ക്കൊരു കൊച്ച്. അത് മകന്ന്. മകള്‍ക്ക് ഇല്ല്യ. വേണ്ടാത്രെ! ഇക്കൂട്ടരിലാണ് താന്‍ വേദവിചാരം എത്തിക്കാന്‍ വന്നിരിക്കുന്നത്.

മേരി അന്ന നാട്ടിലായിരിക്കുമ്പഴേ അങ്ങനെയായിരുന്നു. സാമൂഹ്യസേവനം രക്തത്തിനു ചോപ്പ് കൂട്ടുന്നു. നന്നായി.ഇനി പണം സമ്പാദിക്കേണ്ടല്ലോ. മേരിയെന്ന സിസ്റ്ററീന്ന് വയസ്സ് അറുപത്തൊന്ന്. ഇനിയുള്ള കാലം സോസൈറ്റി ലേഡിയായല്ല, സോസൈറ്റി സേവികയായി ജീവിയ്ക്കണമെന്നാണ്. അങ്ങനെയാണ് നെടുമ്പാശ്ശേരീല്‍ നിന്നും വിമാനം കേറി, മാറിക്കേറി, ഏഴുകടലിന്നക്കരെ പോളച്ചന്‍ വന്നത്. അതൊരു നല്ല തീരുമാനമായിരുന്നു. ഇപ്പോഴൊക്കെ അച്ചന്ന് പഴയ രാജകീയ ജീവിതമല്ല, നാട്ടില്‍ . അരമനകളുടെ കറുത്ത തിരശ്ശീല നീക്കി അകത്തേക്കു നോക്കാനും രഹസ്യങ്ങളുണ്ടെങ്കില്‍ വായിക്കാനും, വായിച്ചതു തെരുവിലിട്ട് അടിച്ചലക്കാനും ജനത്തിനു വലിയ ഉത്സാഹം. വിശ്വാസികളും അവിശ്വാസികളും ഒരേക്കൂട്ട്. അങ്ങനെ എടുത്തുവച്ച പാസ്‌പോര്‍ട്ടിന്നു തുണയായി വിസ മേടിച്ചു ചേര്‍ത്തു.

സിനിമക്കാര് മാത്രമായിട്ട് അങ്ങനെ വിദേശത്തുപോയി വിലസേണ്ട എന്നു മറ്റു പല അച്ചന്മാരേയും പോലെ പോളച്ചനും തീരുമാനിച്ചു. അരമനയില്‍ച്ചെന്നു ജനറലച്ചനോടുണര്‍ത്തി.
അക്കരെയൊരു കൂട്ടമുണ്ട്. ഈശൊ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ! ചെറുപ്പക്കാര് വഴിതെറ്റിപ്പോണെന്ന്. നല്ല വല്ലതും പറഞ്ഞുകൊടുക്കാന്‍ തന്തേം തള്ളേം പിന്നെ സാറന്മാരും വിചാരിച്ചാല്‍ നടപ്പില്ലാന്ന്. സണ്‍ഡേ സ്‌കൂളില്‍ കോസ്‌മെറ്റിക്‌സ് പ്രയോഗിക്കാനും, അഭിനയിക്കാനും, പാടാനും നൃത്തം ചെയ്യാനുമെല്ലാമുള്ള പഠിപ്പീരാണ്.

മകനെ പോയ് വരു.
തിരുമേനിയ്‌ക്കെന്തു കൊണ്ടുവരണം?
ഒരു പുത്തന്‍ കമ്പ്യൂട്ടറാവട്ടെ. ആഫീസിലൊരു ‘കമ്പ്യൂട്ടറിസ്റ്റ്’ ഉണ്ടാവണത് നന്നല്ലോ. ഇടയലേഖനങ്ങള്‍ എളുപ്പത്തില്‍ ലക്ഷ്യംകാണും. ഫലവും സ്പീഡാണ് കാര്യം. മെല്ലേപ്പോക്കുകൊണ്ടാ നാം, ഇന്ത്യക്കാര്‍ പുറകിലായി പോണത്.

അങ്ങനെയാണ് പോളച്ചന്‍ ,മേരി അന്ന സിസ്റ്ററിന്റെ ബെയ്‌സ്മന്റ് അറയില്‍ തമ്പടിച്ചത് ശരിയായതല്ല, വിസ വന്നപ്പഴേ അറിഞ്ഞു. 30 ദിവസം കഴിഞ്ഞു കെട്ടുകെട്ടിയ്ക്കാമെന്ന് സാമൂഹ്യസേവനരംഗത്ത് താരോദയമായിത്തീര്‍ന്ന മേരിക്കൊച്ച്. മുപ്പതു ദിവസമല്ല, മാസവുമല്ല, മൂന്നുകൊല്ലമാണ് ഈ നിലവറക്കുണ്ടില്‍ കഴിഞ്ഞുപോയത്. ആരോടും പറയേണ്ട. കെട്ടിടത്തിന്റെ മുറ്റത്തുമയങ്ങിക്കിടക്കുന്ന കാറുകള്‍പോലും അറിയേണ്ട.
നല്ല കാര്യങ്ങളൊന്നും തടസ്സമില്ലാതെ നടക്കുന്നില്ലെന്ന പുരാതന അറിവ് പോളച്ചനെ ഉണര്‍ത്തിയത് ചിലങ്ക പ്രയോഗമാണ്. കിടപ്പറയുടെ അങ്ങേപ്പാതി മറ്റൊരു കിടപ്പറയായി രൂപം കൊണ്ടതാണ്. കഴിഞ്ഞാഴ്ചയുണ്ട്, ഉറക്കത്തിലേയ്ക്ക് ഒരു ചിലങ്കക്കിലുക്കം ണീം ക്ണീം എന്ന്. കഴിഞ്ഞയാഴ്ചയല്ല കേട്ടോ. കൃത്യമായി പറഞ്ഞാല്‍ ഏഴുമാസം, ഒരാഴ്ചമുമ്പ്. പോളച്ചന്‍ ദിവസങ്ങള്‍ കൃത്യമായെണ്ണിക്കൊണ്ടാണ് ഈ മൂന്നാംകൊല്ലത്തില്‍ അവിടെ കഴിഞ്ഞുവരുന്നത്.

വിസ നീട്ടാന്‍ ഒരു വഴിയും കാണുന്നില്ലല്ലോ എന്നു മേരിക്കോച്ച് കരഞ്ഞു. കെട്ടുകെട്ടി ഇറങ്ങുകതന്നെ! അവള്‍ ഒരു ടിക്കറ്റെടുത്തിരുന്നു. സമയമാവുമ്പൊ തരാമെന്നു പറഞ്ഞു. അതായത് അപ്പോള്‍ ഈ കതകടച്ചുപൂട്ടി അപ്പുറത്തേ വരാന്ത നൂണ്ട് ഗ്രൗണ്ട് ഫ്‌ലോറിലെ തറവാതില്‍ തുറന്ന് മേരിയുടെ അടുക്കളയില്‍ അവതരിക്കണം. ലൗഞ്ചിലിറങ്ങിയിരിക്കണം. എവിടെ, എങ്ങനെ ഇത്രനാളും താമസിച്ചു എന്ന് ആരും അറിയില്ല. പോളച്ചന് ധൈര്യം നല്‍കുന്നത് മേരി അന്ന സിസ്റ്ററുടെ കഴിവാണ്.

രണ്ടാം അറമുറിയില്‍ നൃത്തക്കാരി പെണ്ണ് വന്നിറങ്ങിയിട്ട് ഏഴുമാസം കഴിഞ്ഞല്ലോ. പോരെങ്കില്‍ അവള്‍ കള്ളക്കടത്തായി ഒരു ഉണ്ണിയെ ഗര്‍ഭത്തില്‍ കൊണ്ടുവന്നിരുന്നു. ഒരാഴ്ചമുമ്പ് അവളുടെ അറയില്‍ ഒരു ജഗപോഗ.

പായ്ക്കിംഗ്.
ധൃതിയില്‍ കാര്‍പ്പെറ്റില്‍ ത്ധഡ് ത്ധഡ് എന്ന് സാധനങ്ങള്‍ വീണുകൊണ്ടിരുന്നു.

മേരിക്കുഞ്ഞ് വാതില്‍ക്കല്‍ തലനീട്ടി; ഒരുങ്ങിയില്ലേ കൊച്ചേ എന്ന് പലകുറി, മുറ്റത്ത് ഹോസ്പിറ്റല്‍ ആംബുലന്‍സ് എത്തി എന്ന് അറിയിപ്പ്. നര്‍ത്തകിക്ക് ഒരു കൂസലും ഇല്ല. അവള്‍ ഉടുക്കാനുള്ള പുടവ വിടര്‍ത്തുമ്പോള്‍ പെര്‍ഫ്യൂ അച്ഛനെ കൊട്ടിവിളിക്കുന്നു. കളിയാക്കുന്നു. മഹാകഷ്ടായി തന്റെ ഈ എക്‌സിസ്റ്റന്‍സ്, ഒരു നര്‍ത്തകിയുടെ കൂടെ ഏഴുമാസം! അതും അച്ഛനില്ലാത്ത മക്കളുടെ ഉറവിടം തേടുന്ന സേവികമാരുടെ നാട്ടില്‍ നിന്ന് വന്നവള്‍.

എന്താണവളുടെ പേര്? ചന്ദ്രിക. ആ ചന്ദ്രിക.
എങ്കിലും ചന്ദ്രികേ നീയെന്നെ പറ്റിച്ചുവല്ലോ.
ഒരച്ചന്റെ കിടപ്പറയുടെ അങ്ങേപ്പാതിയില്‍, വെറുമൊരു വെനീറിന്റെ പാര്‍ട്ടീഷെനപ്പുറം! ആലോചിക്കാന്‍ വയ്യ.

വീര്‍പ്പുമുട്ടലില്‍ നിന്ന് മേരിക്കൊച്ച് പോളച്ചനെ പൊക്കിയെടുത്തു. എയര്‍പോര്‍ട്ടില്‍ വിക്ഷേപിച്ചു. പ്ലെയിന്‍ അനൗണ്‍സ്മന്റ്. ടിക്കറ്റ് ഓകെ ആയ ഒരാള്‍ കൂടി. ഇതാ വരുന്നു. ലഗേജിന്റെ ചക്രം വലിച്ചിറക്കി കോറിഡോറിലൂടെ കിതച്ചെത്തിയ പോളച്ചന്റെ വേഷവിധാനം നോക്കി എയര്‍ഹോസ്റ്റസ് പറഞ്ഞു നമസ്‌കാര്‍. ഇന്ത്യന്‍ സുന്ദരി. സമാധാനമായി. ഇനിയക്കരെ തൊടുകയേ വേണ്ടു. മുള്ളുവേലിയിമ്മേലല്ലേ കിടന്നുറങ്ങിയിരുന്നത്.
വേദപുസ്തകത്തില്‍ മറിമായങ്ങള്‍ കണ്ടു. വായിച്ചു. ചന്ദ്രികക്കൊച്ചിന്റെ നൃത്തച്ചുവട് ഒന്നെങ്കിലും കാണാന്‍ പറ്റീലല്ലോ എന്ന് വിഷമിച്ചു. നെടുമ്പാശ്ശേരീലെത്തിയപ്പൊ ശ്വാസഗതി മാറിവീണു. ലഹരിയാറ്റുന്ന കുളുര്‍ത്ത ആലുവാക്കാറ്റ്. കാറ്റില്‍ പാദസരമണിഞ്ഞ പാദങ്ങളുടെ നൃത്തച്ചിലങ്ക.

യേശുദാസ് അക്കരെയുണ്ടായിട്ട് ഒരു കച്ചേരിപോലും കേട്ടില്ല. നര്‍ത്തകിയും ഗായകനുമെല്ലാം, നാട്ടുകാരായ പ്രവാസികളുമായി ഉല്ലസിച്ച് സായന്തനമൊന്നും തന്നെ പോളച്ചനു തരപ്പെട്ടില്ല.
പോട്ടെ. എനിയ്‌ക്കെന്റെ മലയോരമുണ്ട്. വേവുന്ന സന്ധ്യക്കാറ്റിന്റെ സ്വാഗതമുണ്ട്. കൂടെ…കൂടെ…കാട്ടിറച്ചിയുടെ സുഗന്ധം. അതാണ് പോളച്ചന്നു മൃഷ്ടാന്നം. നെടുമ്പാശ്ശേരീന്നു യാത്ര പുറപ്പെട്ട ആനബസ്സ്. അഞ്ജനംപോലെ മിനുത്തുകറുത്ത നാഷണല്‍ ഹൈവേയിലൂടെ ചൂളംകുത്തി കുതിക്കുന്നു. കേട്ടിട്ടെത്ര കാലമായി, ആന ബസ്സിന്റെ ഈ മുരള്‍ച്ച!

ദൂരെ വടക്ക് നഗരംവിട്ടു മലയോരം കേറുമ്പോള്‍, ്രൈഡവര്‍ മാറി വന്നു. വടക്കന്‍, മര്യാദരാമന്‍. ഒരു ഹുങ്കാരവുമില്ല. കയ്യിലെ ബീഡി വലിച്ചെറിഞ്ഞു.
ആരാനും വരാനുണ്ടോ?
ഇല്ലല്ലോ ഏട്ടാ. ഒരു യാത്രികന്‍

പോളച്ചന്‍ സീറ്റില്‍ തലചാരിയിരുന്നു കണക്കുകൂട്ടി. നാടെത്താന്‍ ഇനിയുമുണ്ട് നാലു മണിക്കൂര്‍. അത്താഴത്തിനു മേടിപ്പിച്ച പാക്കറ്റില്‍ ബെര്‍ഗര്‍ കണ്ടു പോളച്ചന്റെ മനസ്സ് നനഞ്ഞു വീര്‍ത്തു. ഒരു കവിള്‍ വെള്ളം കുടിച്ചു. രണ്ടു യാത്രകളില്‍ ശരിയ്ക്കുറക്കമുണ്ടായില്ല എന്നോര്‍ത്തു. നര്‍ത്തകിയുടെ ആശുപത്രി പുറപ്പാട് ഒന്നാമത്തെ കാരണം. വിമാനത്തിന്റെ ഞരക്കം രണ്ടാമത്തേത്. ഈ മൂന്നാം രാവു കഴിയുമ്പൊ മലവാരപ്പട്ടണമെത്തും. തോട്ടത്തില്‍നിന്ന് നേരെ എടുത്ത കാപ്പി വറുത്തുപൊടിച്ചു തയ്യാറാക്കിയ ഉണ്ടശ്ശര്‍ക്കരക്കാപ്പി കുടിക്കാറാവുമ്പൊ എത്തും, തീര്‍ച്ച. എന്നിട്ട് എടവകക്കാരെയെല്ലാം ക്രമേണയായി ചെന്നു കാണുക, പരിചയം പുതുക്കുക, യാത്രാവിവരണം പറയുക, കഴിയുമെങ്കില്‍ കത്രീനക്കൊച്ചിനെക്കണ്ട് ക്ഷേമം അന്വേഷിക്കുക, അവളെ മിന്നുകെട്ടിപ്പിച്ച് അനുഗ്രഹിച്ചയച്ചതിനു ശേഷമാണല്ലോ പോളച്ചന്‍ അക്കരെപ്പിടിച്ചത്.

മുലയും മുഞ്ഞിയും അറുക്കപ്പെട്ട ചുരവഴികളിലൂടെ രാത്രിബസ്സ് കരഞ്ഞോടി, കാറ്റ് ചെവിട്ടില്‍ ചൂളംകുത്തി. പോളച്ചന്‍ മഫ്‌ലര്‍ പുറത്തെടുത്തു തലവഴി ചുറ്റിക്കെട്ടി. തനിയ്‌ക്കെന്തിനാ ഈ രോമത്തൊപ്പി? ഞാനത്രയ്ക്കു കിഴവനായിപ്പോയോ? ഇല്ല. ഇല്ല. ഈ തണുപ്പ് ആരേയും തോല്‍പിക്കും. ഷട്ടര്‍ താഴ്ത്തി ഉറക്കം തുടരുന്നു.
ഞരങ്ങുന്നതിപ്പോള്‍ കാറ്റോ, വിമാനമോ? അടുത്ത സീറ്റിലെ ഉറക്കക്കാരനോ?

തട്ടിയുടഞ്ഞ് മൂക്കുകുത്തിക്കിടക്കുന്ന മുളങ്കാടാണെന്നു നേരിയ നാട്ടുവെളിച്ചം പറഞ്ഞു. എത്താറായി. ചുരംചുമരിന്റെ മാറിലൂറുന്ന നീര്, റോഡിലൂടെ പരന്നൊഴുകി, ഹെഡ്!ലൈറ്റില്‍ തിളങ്ങുന്നു.
ഇവിടെ വല്ലാത്ത മാറ്റം തന്നെ! മരങ്ങള്‍ പേരിനുമാത്രം. തഴച്ച കുന്നുകള്‍ മാറി നില്‍ക്കുന്നുണ്ട്. മൂടല്‍മഞ്ഞുപുതച്ച രോഗിയെപ്പോലെ കുന്ന്. അല്ല കുന്നുനിരകള്‍. നിലാവ് കന്മഷത്തോടെ തുറിച്ചുനോക്കുന്നു.
തകരപ്പേട്ടയിലെത്തിയ വണ്ടിയും യാത്രക്കാരും കട്ടന്‍ചായകുടിച്ചു ജാഗ്രതയായി. മെല്ലെമെല്ലെ എത്തിനോക്കുന്ന പുത്തന്‍പാര്‍പ്പിടങ്ങള്‍ കുശലം ചോദിച്ചു വഴിയോരം നിരന്നു. പുറകില്‍പ്പുറകില്‍ ചേര്‍ന്നു. കുന്നുകളെ അലങ്കരിക്കുന്നു. ഇംഗ്ലീഷിലെഴുതിയ പുതിയ ഇനം വഴികാട്ടികളും നെയിംബോര്‍ഡുകളും പോളച്ചനില്‍ സ്ഥലകാലഭ്രമം നിറച്ചു.

ഇത് വെറുമൊരു മലയോരമല്ല. ഇതിന്നെന്താ സംഭവിച്ചിരിക്കുന്നത്?
ഇത്രയധികം പച്ചെഴുത്തു പലകകള്‍, അലങ്കരിച്ചുവച്ച കള്‍വെര്‍ട്ടുകള്‍, പാലങ്ങളുടെ കൈവരികള്‍, റോഡിനിപ്പോഴും പരിക്കുകള്‍. പരിക്കുള്ള പാതയിലൂടെ സഞ്ചരിച്ചു പഠിക്കണം. ്രൈഡവറന്മാരും യാത്രക്കാരും നന്ന്, ഉപദേശി ചിന്തിച്ചു. കടും കാപ്പി ചക്കരയുടെ ഗന്ധത്തിനു മൂക്കോര്‍ത്തു.
ചാരായത്തിന്റെ മണം പൊങ്ങുന്നത് കാട്ടില്‍ മറയും വാറ്റുകേന്ദ്രങ്ങളില്‍ നിന്നോ? ഓ! അതിപ്പം നാട്ടുനടപ്പും പരിഷ്‌കാരവുമാണല്ലോ? തന്റെ പാവംഗ്രാമം ഒരു ടൂറിസ്റ്റ് പട്ടണമായി വളരുകയാണെന്ന സത്യത്തെ എങ്ങനെ നേരിടേണ്ടു എന്ന ചിന്തയായി. ദാഹിക്കുന്നു, വല്ലാതെ.
എടവകപ്പള്ളി ഗൃഹത്തിലെ കുശിനിക്കാരന്‍ അടിമുടി കമ്പിളി പുതച്ചിട്ടും പോളച്ചന്റെ കണ്ണില്‍പെട്ടു. ബാഗേജ് ഇറക്കാന്‍ കണ്ടക്ടറും സഹായിച്ചു. അയാള്‍ക്കൊരു നറും പുഞ്ചിരി സമ്മാനിച്ചു.

ചാക്കോയെ, എന്തുണ്ട് ഇവിടെ വിശേഷം?
വിശേഷമല്ലേ ഉള്ളു ,അച്ചോ!
നന്നായി.
അതെ. കര്‍ത്താവിന്റെ കൃപ!
നെണക്ക് ശമ്പളം കൂട്ടിക്കിട്ട്യോ?
ഇല്ലച്ചോ!
പിന്നെ.
കിമ്പളം കിട്ടണണ്ട്.
അതെങ്ങനെ?
ടൂറിസ്‌റ്റോളുടെ കയ്യില് ചില്ലറയ്ണ്ട്!
അതും നന്നായി.
പിന്നെ പെങ്കൊച്ചങ്ങളും ഇപ്പഴ് നല്ലകാശാ.
പെലരുമ്പം മിണ്ടാതിരി!

അവര്‍ നിശ്ശബ്ദം നടന്നു കാട്ടിക്കുന്നു കേറി. പള്ളീല് ഒന്നാം മണി മുഴങ്ങുന്നു.
പോളച്ചന്‍ ഗെസ്റ്റ് റൂമില്‍ച്ചെന്നും പെട്ടെന്നു കുളികഴിച്ചു. പ്രാര്‍ത്ഥിച്ചു. പതിവുപോലെ പഴയപാല്‍പ്പൊടിക്കട്ട ഉടച്ചുചേര്‍ത്തുണ്ടാക്കിയ കാപ്പിയല്ലേ. നല്ല ഒന്നാന്തരം ചായ. മലയോരചേര്‍ച്ചയില്ലാതെ അതിന്റെ സുഗന്ധം മഞ്ഞിനോടു ചേര്‍ന്നു.

എടവകക്കാര് മറന്നിട്ടുണ്ടാവില്ല. അവര്‍ക്ക് അപ്പവും വീഞ്ഞും കൊടുക്കുമ്പോള്‍ പോളച്ച കത്രീനയെ ഓര്‍ത്തു. കുഞ്ഞായിക്കാണും. വീട്ടമ്മയുടെ തെരക്കാവും. കൂട്ടത്തിക്കാണുന്നില്ലല്ലോ! വീടു വിട്ടു പോവില്ല. ചെറുതെങ്കിലും സ്വന്തം വീട്. തോട്ടം. തെറ്റില്ലാത്തൊരു പയ്യനെ ഭര്‍ത്താവായും കിട്ടി. അവനേം കാണുന്നില്ല.
കത്രീനയുടെ വീട്ടിച്ചെന്നു വാട്ടുകപ്പ പുഴുങ്ങിയതും കാട്ടിറച്ചിക്കറീം കഴിക്കണം എന്നു വിചാരിച്ചിട്ട്.
പണ്ടൊക്കെ അച്ചനൊന്നു മനസ്സീനെനച്ചാ അടുത്ത അവസരത്തില്‍ അതു നിറവേറുമായിരുന്നല്ലോ!

… ആമേന്‍

അച്ചന്‍ പ്രാര്‍ത്ഥന സമാപിപ്പിച്ചു. നിമിഷനേരംകൊണ്ടു കൂടൊഴിഞ്ഞു. നാലുമണിയടിച്ചു തെറ്റിയ സ്‌കൂളങ്കണം പോലായി പള്ളിമുറ്റം. എല്ലാവര്‍ക്കും ധൃതി . തൊഴിലായുധമേന്തി ഗേറ്റിനു പുറത്തുകൂടി നില്‍ക്കാറുള്ള പണിക്കാരെയൊന്നും കാണാനില്ല.
ഗേറ്റുകടന്ന അച്ചന്‍ തോട്ടത്തിലൂടെ നടന്നു. പാതക്കിരുവശവും കാട്. പണിയൊന്നും കഴിഞ്ഞിട്ടില്ല. വഴിയ്ക്ക് നിന്ന് പത്രം വായിക്കുന്ന വക്കച്ചനോട് പോളച്ചന്‍ ചോദിച്ചു.

എടോ ഇന്ന് പണ്യൊന്നും ഇല്ലേ?
ശനീ ഞായറുമായിട്ട് ആരും തോട്ടപ്പണിയ്ക്കു പോകത്തില്ലല്ലോ. ടൂറിസ്റ്റുകളുടെ ദെവസി അല്ലേ? ഗൈഡാവണം. കൂട്ടിക്കൊടുപ്പുകാരനാവണം, കഥപറച്ചിലുകാരനാവണം, നാട്ടുപണ്ടം വില്‍ക്കാന്‍ വഴിയോരത്തു മേശയിട്ടിരിക്കണം. പെണ്ണുങ്ങക്ക് വീട്ടി പിടിപ്പതുപണി. വീട്ടു തീറ്റയ്ക്കാ ഇവറ്റ വര്‍ണ്ണത്. പട്ടണത്തില് ഒരു ചായയ്ക്കമ്പതു രൂപാ ഇവിടല്ല്യോ കുശാല്‍
വക്കച്ചന്റെ സ്വരത്തില്‍ അല്‍പം പരിഹാസം കലരുന്നതുകണ്ടു നല്ലവനായ ഉപദേശി പോളച്ചന്‍ അവനെ വിട്ടു. നേരെ കത്രീനയുടെ കുടിയിലേക്കു നടന്നു.

കുടിലല്ല, ഒരുകൊച്ചുവീട്. ഒരു ബോര്‍ഡ്
‘ഹോംസ്‌റ്റേ, കത്രീന ടവര്‍!’
നീലയും ഓറഞ്ചും കലര്‍ത്തിയ പെയിന്റു വരകള്‍. ചില്ലകള്‍ക്കുമിടയില്‍ ചമഞ്ഞുനില്‍ക്കുന്നൊരു സുന്ദരിക്കൊച്ചുപോലെ കത്രീനക്കൊച്ചിന്റെ ടവര്‍. വീട്ടിനു ചുറ്റും കടുംനിറങ്ങളില്‍ വിലസുന്ന ശീതകാലപ്പൂക്കള്‍, ബോഗൈന്‍വില്ല ,കത്രിച്ചു വച്ച വേലി, സീനിയഡാലിയാത്തടങ്ങള്‍, വെളുത്തലില്ലിയും, വാസനിയ്ക്കാത്ത ഓറഞ്ചു കാട്ടുലില്ലിയും ഇടത്തടങ്ങളില്‍ ഒരുങ്ങി നില്‍ക്കുന്നു.

അച്ചനെക്കണ്ടു കത്രീന ആഹ്ലാദത്തോടെ ഇറങ്ങിവന്നു. അവള്‍ നല്ല പരിഷ്‌കൃത വേഷം ധരിച്ചിട്ടുണ്ട്. കളര്‍ഫുള്‍, മിഡിയും ജാക്കറ്റും. വാലുവച്ച ഇരട്ടത്തുണിക്കച്ച കണ്ണില്‍നിന്നു പറന്നകലുന്നു.

അയ്യോ ഇരുന്നാലും!

അവള്‍ പച്ചയും ഓറഞ്ചുമായ മേശയും സ്റ്റൂളും ഒരുക്കിവച്ചു. ഫ്‌ലവര്‍വേസില്‍ കാട്ടുലില്ലിതീര്‍ത്ത കനത്ത ചെണ്ട്.
വാട്ടുകപ്പയും മാനിറച്ചിക്കറിയും വിളമ്പി അവള്‍ ഉത്സാഹത്തോടെ പറഞ്ഞു.

ഈ കറി അത്ര എളുപ്പം കിട്ടില്ല. അച്ചന്‍ വന്നതു നന്നായി.