Share The Article

അക്കങ്ങളുടെ ഇന്ത്യ നമ്മളോട് പറയുന്നത്…

അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിന് ഇനി അധികം നാളുകളില്ല. അടുത്ത മുപ്പത് മുതൽ അറുപത് ദിവസം വരെയുള്ള ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കും, നൂറ്റി എൺപത് ദിവസത്തിനകം പുതിയ സർക്കാർ ഉണ്ടാവുകയും ചെയ്യും.

കേരളത്തിൽ സി പി ഐ യുടെയും ലീഗിന്റെയും കേരളാ കോൺഗ്രസിന്റെയും സ്ഥാനാർത്ഥി ലിസ്റ്റായി. താമസിയാതെ കോൺഗ്രസിന്റെയും ബി ജെ പിയുടെയും ലിസ്റ്റും വരും. മറ്റു സംസ്ഥാനങ്ങളിലും ലിസ്റ്റിന് ഏകദേശരൂപമായി വരുന്നു.
പക്ഷെ നമുക്ക് അറിയാത്ത ഒന്നുണ്ട്. എന്താണ് അടുത്ത തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം?

മൊത്തത്തിൽ നോക്കിയാൽ കേന്ദ്രത്തിൽ ഭരണമാറ്റം ഉണ്ടാകുമോ എന്നതാണ് മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന പ്രധാന വിഷയം. മോഡി പോകുമോ? രാഹുൽ വരുമോ?.

സംസ്ഥാനങ്ങളിൽ ചിത്രം വേറെയാണ്. കേരളത്തിലെ ഇരു മുന്നണികളിൽ ആര് ജയിച്ചാലും അത് ഇപ്പോഴത്തെ കേന്ദ്രഭരണത്തിന് എതിരാണ്. വടക്കു കിഴക്കേ ഇന്ത്യയിൽ പുതിയ പൗരത്വ നിയമമാണ് വിഷയമാകുന്നതെന്ന് കേൾക്കുന്നു. തമിഴ്‌നാട്ടിൽ സ്ത്രീപീഡനം അടക്കമുള്ള വിഷയങ്ങളാണ് പറഞ്ഞു കേൾക്കുന്നത്. അങ്ങനെ ഓരോ സംസ്ഥാനവും വോട്ട് ചെയ്യുന്നത് വ്യത്യസ്തമായ വിഷയങ്ങളെ മുൻനിർത്തിയാണ്.

സംസ്ഥാനത്തിനകത്ത് സൂക്ഷ്മമായി നോക്കിയാൽ കാര്യങ്ങൾ പിന്നെയും വ്യത്യസ്തമാണ്. തിരുവനന്തപുരത്ത് ശബരിമലയും അയ്യപ്പനും തന്നെ പ്രധാന വിഷയമാകാനാണ് സാധ്യത. കോട്ടയത്ത് മാണിയും ജോസഫും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ, ഇടുക്കിയിൽ കസ്തൂരി രംഗൻ, കാസർകോട്ട് രാഷ്ട്രീയ അക്രമം എന്നിങ്ങനെ ഓരോ മണ്ഡലത്തിലും ഓരോ രാഷ്ട്രീയ വിഷയങ്ങളും സമവാക്യങ്ങളും ഉണ്ട്. ഇവയെല്ലാം അനുസരിച്ചാണ് ആളുകൾ വോട്ട് ചെയ്യുന്നത്.

ഇന്ത്യയിലെ ഓരോ നിയോജക മണ്ഡലത്തിലും മൂന്നോ അതിലധികമോ ശക്തമായ പാർട്ടികളും മുന്നണികളുമാണ് മത്സരിക്കുന്നത്. അപ്പോൾ ജയിക്കുന്ന ഭൂരിഭാഗം സ്ഥാനാർത്ഥികൾക്കും അന്പത് ശതമാനത്തിനു മുകളിൽ വോട്ട് കിട്ടാറില്ല. 2014 ലെ തിരഞ്ഞെടുപ്പിൽ ഇരുന്നൂറ് സ്ഥാനാർത്ഥികൾക്കാണ് പോൾ ചെയ്തതിന്റെ അൻപത് ശതമാനം വോട്ട് കിട്ടിയത്. അത് തന്നെ സാധാരണയിൽ നിന്നും വളരെ കൂടുതലാണ്. അതിന് മുൻപുള്ള തിരഞ്ഞെടുപ്പുകളിൽ ഇത് നൂറോടടുത്തായിരുന്നു. മുപ്പത് ശതമാനത്തിലും താഴെ വോട്ട് നേടി എം പി മാർ ആകുന്നവരുമുണ്ട്.

ഇങ്ങനെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാഷ്ട്രീയ വിഷയങ്ങൾ ഉയർത്തി പലപ്പോഴും മുപ്പതും നാല്പതും ശതമാനം വോട്ടുമായി ഡൽഹിയിൽ എത്തുന്നവരാണ് അടുത്ത സർക്കാർ രൂപീകരിക്കുന്നത്. അവർ തമ്മിൽ ആശയപരമായ ഐക്യമില്ല എന്നു മാത്രമല്ല, ഒരുപക്ഷെ സംസ്ഥാനത്ത് പരസ്പരം എതിർത്തവർ പോലുമാകാം. 1984 ൽ രാജീവ് ഗാന്ധി സർക്കാരിന് ശേഷം ഒറ്റക്കക്ഷി ഭരണം ഏറെ നാൾ ഉണ്ടായില്ല. പിന്നീട് തിരഞ്ഞെടുപ്പിന് മുൻപോ ശേഷമോ 272 എന്ന മാന്ത്രിക സംഖ്യ എത്തിപ്പിടിക്കുന്ന സംഘമാണ് ഇന്ത്യ ഭരിച്ചിരുന്നത്. ഇതായിരുന്നു 1989 മുതൽ 2014 വരെയുള്ള കാലത്തെ ഇന്ത്യൻ രാഷ്ട്രീയ സമവാക്യം.
ബി ജെ പിക്ക് ഒറ്റക്ക് ഭരണം കിട്ടിയ 2014 ആ ട്രെൻഡിൽ നിന്നൊരു മാറ്റമാണ്. സ്ഥിതിവിവര കണക്കുകൾ പ്രകാരം ഇത്തവണ കാര്യങ്ങൾ വീണ്ടും പഴയ ട്രാക്കിൽ തന്നെ എത്താനാണ് സാധ്യത.

ഇതിനാലാണ് എന്താണ് അവരുടെ പുതിയ പദ്ധതികൾ എന്നോ, അവരുടെ നയങ്ങളും പദ്ധതികളും മറ്റുള്ളവരിൽ നിന്നും എങ്ങനെയാണ് വ്യത്യസ്തമാകുന്നതെന്നോ സ്വയം ചിന്തിക്കാനും ആളുകളെ മനസ്സിലാക്കാനും രാഷ്ട്രീയപ്പാർട്ടികൾ ഒട്ടും സമയം ചിലവാക്കാത്തത്. അക്കങ്ങൾ കൂട്ടി എത്തിക്കുക എന്നതാണ് പ്രധാനം, പദ്ധതികളുടെ സമവായമല്ല. ഇതിന് പല കാരണങ്ങൾ ഉണ്ട്.

ഒന്നാമത് തിരഞ്ഞെടുപ്പ് കഴിഞ്ഞാലേ മുന്നണിയുടെ ഘടന പൂർത്തിയാകൂ. അവിടെ കോമൺ മിനിമം പ്രോഗ്രാമിന്റെ ഭാഗമായി പല നീക്കുപോക്കുകളും വേണ്ടിവരും. അതുകൊണ്ടാണ് ഭാരിച്ച കാര്യങ്ങൾ മുന്നേ പറഞ്ഞു വയ്യാവേലി ഉണ്ടാക്കേണ്ട എന്നു രാഷ്ട്രീയപ്പാർട്ടികൾ തീരുമാനിക്കുന്നത്.

രണ്ടാമത് ഓരോ മണ്ഡലത്തിലും വെവ്വേറെ ജാതി – മത – ഭാഷാ പ്രാദേശിക വിഷയങ്ങളാണ് നിലനിൽക്കുന്നത്. ഡൽഹിയിൽ പ്രസക്തിയുള്ള ഭാരിച്ച കാര്യങ്ങൾ നാട്ടിൽ പറഞ്ഞാൽ ആളുകൾ ശ്രദ്ധിച്ചുവെന്ന് വരില്ല.

മൂന്നാമത് ആളുകൾക്കിപ്പോൾ ടി വി പരസ്യം പോലെ ആകർഷകമായ ഏതെങ്കിലും ഒരു മുദ്രാവാക്യം മതി. ഇന്ത്യയെ തിളക്കുന്നതോ എല്ലാം ശരിയയാക്കുന്നതോ പോലുള്ള മുദ്രാവാക്യങ്ങൾ ഇപ്പോൾ പരസ്യക്കന്പനികളുടെ ഓഫീസിൽ ചർച്ചയിലുണ്ടാകും.

നാലാമത് സമൂഹമാധ്യമത്തിന്റെ കാലത്ത് നുണയോളം മാർക്കറ്റുള്ള മറ്റൊന്നുമില്ല എന്ന് ലോകത്തെന്പാടുമുള്ള തിരഞ്ഞെടുപ്പുകൾ പാർട്ടികളെ പഠിപ്പിക്കുകയാണ്. മനുഷ്യൻ വിശ്വസിക്കാൻ ആഗ്രഹിക്കുന്ന നുണകളാണ് (പോസ്റ്റ് ട്രൂത്ത്) മുദ്രാവാക്യമായി വരേണ്ടത്. ഇത്തരം സത്യങ്ങളുടെ നിർമ്മാണവും എവിടെയൊക്കെയോ നടക്കുന്നുണ്ട്.

വാസ്തവത്തിൽ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളും ഓരോ വിഷയത്തിന്റെ കാര്യത്തിൽ വോട്ട് ചെയ്യുന്നതും ഒരു പാർട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടാത്തതും ഒന്നും മോശമായ കാര്യമല്ല. ഭാഷയുടെയും കാലാവസ്ഥയുടെയും വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യത്തിൽ യൂറോപ്പ്യൻ യൂണിയനിലെ അനവധി രാജ്യങ്ങൾ തമ്മിലുള്ള വ്യത്യാസത്തെക്കാൾ കൂടുതൽ വ്യത്യാസമുള്ള സംസ്ഥാനങ്ങളിൽ ആളുകൾ ഒറ്റ പാർട്ടിക്കോ നയത്തിനോ വോട്ട് ചെയ്യും എന്ന് ചിന്തിക്കുന്നതാണ് തെറ്റ്.
മറിച്ച് നമ്മുടെ ഫെഡറൽ ഘടനയെ കൂടുതൽ ശക്തമാക്കുന്ന ഒരു ഭരണ സംവിധാനം ഉണ്ടാക്കാനുള്ള സിഗ്നൽ ആണ് നമ്മുടെ വോട്ടർമാർ ഓരോ തിരഞ്ഞെടുപ്പിനും നൽകുന്നത്.
എന്താണ് ഇതിന്റെ പ്രായോഗികമായ അർത്ഥം?

1. പരമാവധി അധികാരങ്ങൾ താഴേ തട്ടിലേക്ക് – സംസ്ഥാനം മുതൽ മുനിസിപ്പാലിറ്റിയോ പഞ്ചായത്തോ വരെ കൈമാറുക.

2. കേന്ദ്ര വിഷയങ്ങളായ വിദേശകാര്യം, പ്രതിരോധം, ആഗോള വ്യാപാരം എന്നിവയിൽ അഭിപ്രായ സമന്വയം ഉണ്ടാക്കുക.

3. സംസ്ഥാനങ്ങൾക്ക് ഏതെങ്കിലും ഫോർമുലയുടെ അടിസ്ഥാനത്തിൽ കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതിന് പകരം പുതിയ നയങ്ങൾക്കും നല്ല ഭരണത്തിനും കൂടുതൽ വിഭവങ്ങൾ ലഭ്യമാക്കുന്ന ഒരു സംവിധാനം ഉണ്ടാക്കുക.

4. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ മാത്രമല്ല സംസ്ഥാനങ്ങൾ തമ്മിലും കൂടുതൽ വ്യാപാര സാംസ്‌ക്കാരിക ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഒരു സംവിധാനം ഉണ്ടാക്കുക.
ഇതൊക്കെ നമ്മൾ ഇപ്പോഴേ അറിഞ്ഞു ചെയ്യണം. ഇല്ലെങ്കിൽ നടക്കാൻ പോകുന്നത് കൂടുതൽ കുഴപ്പമുള്ള മറ്റൊരു തരം ഫെഡറലിസം ആണ്. ഓരോ സംസ്ഥാനവും അവിടുത്തെ വിഷയങ്ങളനുസരിച്ച് കേന്ദ്രത്തിലേക്ക് എം പി മാരെ അയക്കുന്നു. അവർ അവിടുത്തെ അക്കങ്ങളുടെ നില അനുസരിച്ച് ഏറ്റവും അനുകൂലമായ മുന്നണികളോട് ചേർന്ന് നിൽക്കുന്നു. കേന്ദ്രത്തിലെ ഭരണം മെച്ചപ്പെടുത്താനല്ല, ഓരോരുത്തരുടെയും സംസ്ഥാനത്തേക്ക് പരമാവധി വിഭവങ്ങൾ എത്തിക്കാനാണ് അവർ ശ്രമിക്കുക. കാരണം അവരുടെ പ്രധാന പ്രവർത്തന കേന്ദ്രം സംസ്ഥാനമാണ്, കേന്ദ്രം അല്ല. കേന്ദ്രത്തിലെ ഭരണം എങ്ങനെ ആയാലും അവരവരുടെ സംസ്ഥാനത്തേക്ക് പരമാവധി പണവും പദ്ധതികളും എത്തിക്കുന്നവർക്കും അവരുടെ സംസ്ഥാനങ്ങൾക്കും താല്പര്യങ്ങൾക്കും അനുകൂലമായ നയങ്ങൾ രൂപീകരിക്കുന്നവർക്കും സംസ്ഥാന തിരഞ്ഞെടുപ്പിലും കേന്ദ്ര തിരഞ്ഞെടുപ്പിലും ഗുണം ഉണ്ടാകും. ഈ അക്കങ്ങളുടെ കളിയിൽ കേരളം പോലെ നന്നായി ഭരിക്കപ്പെടുന്ന, എന്നാൽ വലിയ അക്കങ്ങളുടെ പിന്തുണയില്ലാത്ത, സംസ്ഥാനങ്ങൾ പിന്തള്ളപ്പെടുന്നു. ഇതിന് കേന്ദ്രത്തിലും സംസ്ഥാനത്തും പ്രത്യാഘാതം ഉണ്ടാകുന്നു.

ഇതൊന്നും ഇന്ത്യയിൽ ആളുകൾ അറിഞ്ഞു നടപ്പിലാക്കുമെന്ന് കരുതി പറയുന്നതല്ല. അങ്ങനെയുള്ള ഒരു രാജ്യവും സാധ്യമാണെന്നു സൂചിപ്പിക്കാനായി മാത്രം പറഞ്ഞതാണ്.

മുരളി തുമ്മാരുകുടി

  • 3
    Shares
ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.