Share The Article

കഥാ മത്സരവുമായി ബന്ധപ്പെട്ട് എനിക്കും ഉണ്ട് ഒരോർമ്മ.ഒരു വലിയ കഥാകൃത്ത്, സാഹിത്യ കുലപതിയുമായി ബന്ധപ്പെട്ടാണത്.
ടി. പത്മനാഭൻ ആണ് കക്ഷി.

2002 ൽ കലാലയ വിദ്യാർത്ഥികൾക്കുള്ള മാതൃഭൂമി വിഷുപ്പതിപ്പിൽ എന്റെ കഥയായ അന്ന (അ) പൂർണ്ണയുടെ പട്ടികൾ എന്ന കഥയ്ക്ക് ഒരു സമ്മാനവും കൊടുത്തു കൂടാ എന്നതായിരുന്നു അവാർഡ് കമ്മിറ്റിയിലെ മുഖ്യസ്ഥാനക്കാരനായിരുന്ന, തീരുമാനമെടുക്കാൻ പൂർണ്ണ അധികാരമുള്ള ടി.പത്മനാഭന്റെ ആവശ്യം. നന്മയാണ് ഈ ലോകത്തിന്റെ കാതൽ എന്ന കഥകളെഴുതുന്ന അദ്ദേഹത്തിന് തിന്മയുടെ കഥയെഴുതിയ ഇരുപതുകാരി തിന്മയുടെ മൂർത്തീരൂപമാണെന്നതിൽ സംശയമൊന്നുമില്ലായിരുന്നിരിക്കണം.
” സാഹിത്യത്തിൽ ഉയർന്നു വരുന്ന ഇത്തരം പുതുഭാവുകത്വം മാറ്റി നിർത്തേണ്ടത് മലയാള സാഹിത്യത്തിന്റെ ഭാവി ഭദ്രതയ്ക്ക് അവശ്യം തന്നെ ”
എന്നദ്ദേഹം പിന്നീട് പറഞ്ഞതായി അറിഞ്ഞു. ഒന്നും രണ്ടും സമ്മാനം ഒരു കാരണവശാലും കൊടുക്കില്ല എന്നുമദ്ദേഹം കല്പിച്ചു. മികച്ച രണ്ടു കഥകൾ ജേക്കബ് എബ്രഹാമിന്റെ തോക്ക്, ജയകുമാറിന്റെ ഒരു കഥ ( രണ്ട് പേരുകളും കൃത്യമായി ഓർമ്മയില്ല) അവ ഒന്നും രണ്ടും സ്ഥാനത്തിനർഹമായി. രണ്ട് കഥകളും നല്ല കഥകളായിരുന്നു. എന്റെ കഥ ഒരു പക്ഷെ ഫൈനൽ ത്രീ യിൽ മത്സരിച്ചാൽ പോലും കിട്ടുമായിരിക്കില്ലായിരിക്കാം. പക്ഷെ മത്സരിക്കാൻ പത്മനാഭൻ അനുവദിച്ചില്ല എന്ന് അറിയാൻ കഴിഞ്ഞു. എന്നാൽ കെ.പി. ശങ്കരൻ എന്ന രണ്ടാമത്തെ ജഡ്ജിൻറെ നീതിബോധം എനിക്ക് തുണയായി. എന്റെ കഥയ്ക്ക് താൻ ചെയറായിരിക്കുമ്പോൾ കലാലയ അവാർഡ് പ്രഖ്യാപിക്കില്ലെന്ന ,അഥവാ അങ്ങനെ സംഭവിച്ചാൽ താൻ രാജിവെച്ചൊഴിയുമെന്ന ഭീഷണി മുഴക്കിയ പത്മനാഭനോട് അദ്ദേഹം സംസാരിച്ചുവെന്നാണറിവ്. ശങ്കരന്റെ ഔദാര്യം. പി.വത്സല ടീച്ചറുടെ അലിവ് . എനിക്കും ഒരു പ്രോത്സാഹനം കിട്ടി. ഇതെല്ലാം മൂന്നാല് പേർ ആവർത്തിച്ച് പറഞ്ഞ് കേട്ട കാര്യമാണ്. ഇപ്പോഴും പിൻ കളികളെ പറ്റി കാര്യമായി അറിവില്ല. ടി.പത്മനാഭന്റെ എതിർപ്പാണ് എന്റെ കഥയെ പ്രോത്സാഹനമാക്കിയത് എന്ന് മാത്രം അറിയാം.

പക്ഷെ യഥാർത്ഥ പ്രോത്സാഹനം മാതൃഭൂമി തന്നു എന്നു വേണം പറയാൻ. എഡിറ്റർ ടി. ബാലേട്ടൻ എന്റെ കഥ വിഷുപ്പതിപ്പിൽ ഗംഭീരമായി തന്നെ ഉൾപ്പെടുത്തി. കെ.പി ശങ്കരന്റെയും വത്സലയുടെയും നല്ലവാക്കുകളും ചേർത്തു വെന്നാണ് ഓർമ്മ.

സമ്മാന ദിവസം എനിക്കും ക്ഷണം ലഭിച്ചു. ടൗൺ ഹാളിൽ വലിയ പരിപാടി.വലിയ സദസ്സ്. മറ്റെല്ലായ്പ്പോഴും പൈസ വീതം കിട്ടുമെന്ന് പറഞ്ഞെങ്കിലും സർട്ടിഫിക്കറ്റ് പോലും കിട്ടിയില്ല. അവിടെയും പ്രകാശപൂർണ്ണമായ ഒരു വാക്ക് കിട്ടി. രണ്ടാം സ്ഥാനക്കാരനായ ജയകുമാറിന്റെയായിരുന്നു.

“സമ്മാനക്കവറും സർട്ടിഫിക്കറ്റുമെനിക്ക് നീട്ടിയിട്ട് പറഞ്ഞു ഇത് ശരിക്കും ഇന്ദുവിന് കിട്ടേണ്ടതാണ് ”

എനിക്ക് നല്ല സന്തോഷം തോന്നി.

ടി. പത്മനാഭന്റെ വെറുപ്പ് ആ മത്സരത്തിൽ തീരുന്നതായിരുന്നില്ല. പലയിടത്തും എന്റെ കഥകളും ഞാനും പരസ്യമായി ഹത്യ ചെയ്യപ്പെട്ടു. ലെസ്ബിയൻ പശു എന്ന കഥയെ വിമർശിച്ച് പ്രസംഗിക്കുക അദ്ദേഹത്തിന് ഹരമായിരുന്നു. അക്കാലങ്ങളിൽ ചില സ്ത്രീകൾ എഴുതുന്ന കഥകൾ മഹത്തരമാണെന്ന് കത്തെഴുതിയും പ്രസംഗിച്ചും പ്രോത്സാഹിപ്പിക്കുന്ന മറുവശത്തും എന്റെ കഥയെയും എന്നെയും വ്യക്തിപരമായി കുത്തിക്കൊണ്ടിരുന്നു. ‘ലെ പശുവിന്റെ പ്രമേയം, ട്രാൻസ്ജെൻഡർ കഥയുടെ രാഷ്ട്രീയം ഒന്നും മൂപ്പർക്ക് രുചിച്ചിരുന്നില്ല. പോരാഞ്ഞ് പ്രമുഖരായ രണ്ട് പെൺ എഴുത്തുകാരുടെ തലതൊട്ടപ്പനായി വിരാജിക്കയുമാണ്. അവർക്കായി കൂലിയെടുത്തതോ കടുത്ത നന്മയുടെ അസുഖമുള്ളതിനാലോ എന്നറിയില്ല. പതിയെ കഥ മാറി വ്യക്തിഹത്യ മാത്രമായി പരസ്യമായി ആരംഭിച്ചു. കുലപതിയുടെ വാക്കുകളിൽ ഞാൻ കീറി മുറിഞ്ഞു. മാതൃഭൂമിയുടേയോ മറ്റോ ടൗൺ ഹാളിലെ പരിപാടിയിൽ നിന്നും കരഞ്ഞെണീറ്റ് പോയി. 23 വയസ്സിൽ നമ്മൾ അതി ദുർബലയായിരിക്കുമല്ലോ. ഭയങ്കര മുറിവായി പോയി. ഒടുക്കം ഷംസുക്ക അങ്കണം ഇടപെട്ടു.

” നീ നേരിട്ട് സംസാരിക്കണം. പപ്പേട്ടൻ അലിവുള്ളവനാണ്.ഇത് സംസാരിച്ച് തീർക്കണം. എന്ന് പറഞ്ഞു.

ആ സമയത്ത് എന്റെ കല്യാണമാണ്.
“നീ പപ്പേട്ടനെ കല്യാണം ക്ഷണിച്ച് വിളിക്ക്, ഞാൻ സംസാരിക്കാം ആദ്യം എന്നു പറഞ്ഞു. എനിക്ക് ഭയങ്കര വിസമ്മതം എന്നോട് മോശം പെരുമാറിയിട്ട് ഞാൻ എന്തിന് ചെല്ലണം. എന്നെ ദ്രോഹിക്കുന്ന ആളെ ഞാനെന്തിര സമരസപ്പെടണെം.

വീണ്ടും ഷംസുക്ക വിളിച്ചു. “പപ്പേട്ടൻ വളരെ ഹാർദ്ദമായി സംസാരിച്ചു. നീ വിളിച്ചാൽ മതി എല്ലാം ഞാൻ പറഞ്ഞിരിക്കുന്നു. എന്തോ തെറ്റിദ്ധാരണയാണ് ” എന്ന പറഞ്ഞു.

ഇത് കേട്ട് വി ശ്വസിച്ച് വിഡ്ഢിയായ ഞാൻ കരുതി. സത്യമാവും ജീവിതത്തിൽ ഒരു മുൻപരിചയവുമില്ലാത്ത സോ കാൾഡ് നന്മയെഴുത്തുകാരൻ സത്യസന്ധമായി പറഞ്ഞതായിരിക്കും. മുൻപരിചയം ഇല്ലാത്ത, അതുവരെ സംസാരിക്കാത്ത ഒരാളെ ഞാനങ്ങനെ വിളിച്ച് . ടി. പത്മനാഭനെ കല്യാണം വിളിച്ച്. എന്റമ്മേ

” നീ കല്യാണം കഴിക്കുകയോ വേറെന്തെങ്കിലും ചെയ്യുകയാ ചെയ്യ്. നീ എന്ത് ചെയ്താലും എനിക്കെന്താ ? എനിക്ക് നിന്നെ അറിയില്ല. നീയെന്താ വഴീക്കൂടെ പോകുന്നോരെ ഒക്കെ കല്യാണം വിളിക്കുന്നത് ” എന്ന് ഒറ്റ പ്പറച്ചിൽ. എന്റമ്മോ തീർന്നില്ല. പിന്നെ അടുത്ത ദിവസം മുതൽ മൂപ്പരുടെ പ്രസംഗം ഇപ്രകാരം ആക്കി.

“മലയാളത്തിലെ നവ ലെസ്ബിയൻ എഴുത്തുകാരി ,ഉറയില്ലാതെ കവിതയെ ഭോഗിക്കുമെന്ന് പറഞ്ഞവനെ വിവാഹം ചെയ്യുവാൻ പോകുന്നു. അവനെ കണ്ടിട്ടുണ്ടോ ? ഈദി അമീനെ പോലെയുണ്ട്. നിങ്ങൾക്കറിയില്ലേ? കറുത്ത് തടിച്ച് മനുഷ്യമാംസം തിന്നുന്ന നരഭോജി. ”

മനുഷ്യരെ അപമാനിക്കലാണ് മലയാള സാഹിത്യത്തിന്റെ മുഖമുദ്ര എന്ന് അന്ന് കൃത്യമായും മനസ്സിലായി

എന്റെ ഉള്ളിലും പ്രതിഷേധം ചുറഞ്ഞു. ഒരു ലേഖനത്തിൽ ഞാനൊരു കാര്യം എഴുതി. “ചായക്ക് ചൂട്ടു കുറഞ്ഞതിന് സ്വന്തം ഭാര്യയെ ഉന്തിയിട്ട് കയ്യിന്റെ എല്ലൊടിക്കുന്നതാണ് മലയാള സാഹിത്യ നന്മയുടെ സമകാലീന അവസ്ഥ.ഇത്തരം ഷണ്ഡമാരുടെ കാല് പിടിച്ച് സാഹിത്യത്തിൽ നിൽക്കുന്നതിനേക്കാൾ ഭേദം പിച്ചയെടുക്കുന്നത്താണ്.” അത് വ്‌ പ്രശ്നങ്ങൾക്ക് തിരികൊളുത്തി. അന്നു ഞാനത്ര മാരകമായ പ്രയോഗങ്ങൾ ചെയ്യരുതായിരുന്നു എന്നത് അറിയാൻ ഉള്ള പക്വതയോ വിവേകമോ ആർജിച്ചിരുന്നില്ല.

പിന്നീട് എഡിറ്റർ ആയി കമൽറാം സജീവ് വന്നു. മൊത്തത്തിലുള്ളഈർഷ്യ കാരണം 12 വർഷത്തോളം ഞാൻ എഴുതാതെ ഇരുന്നു. എഴുത്തിന്റെ ആദ്യവർഷങ്ങളിൽ ഞാൻ എന്നെ മതൃഭുമിയിൽ നിന്നും മാറി നിന്നു…

എഴുതണം അപമാനവും നിന്ദയും നിരാസവും കാരണഞാൻശക്തമായി തന്നെഎഴുതാൻ ശ്രമിച്ചു. കലാകൗമുദി, ഭാഷപോഷിണി മാധ്യമം മലയാളം വാരികകൾ ആണ് സഹായിച്ചത്.

വലിയ എഴുത്തുകാരൻ മഹത്വവത്കരിച്ചതിൽ 2 പേർ മഹാ എഴുത്തുകാരായി, അവാർഡും പ്രശസ്തിയുമൊക്കെ അവർക്ക് ആവോളം കിട്ടി. ബാക്കി മൂപ്പര് നട്ട തയ്കളൊക്കെ കരിഞ്ഞ് പോയി.

അപ്പോ ദാസാ ഇതൊക്കെയാണ് നവതലമുറ പ്രതീക്ഷിക്കേണ്ട പ്രോത്സാഹനം

  • 9
    Shares