Share The Article

james-brightമലയാള ബ്ലോഗിന്റെ അഭിമാന പത്രമായ ബൂലോകം പത്രത്തില്‍ ആയിരം പോസ്റ്റുകള്‍ വന്നിരിക്കുന്ന ഈ വേളയില്‍ പത്രത്തിന്റെ ജീവാത്മാവും പരമാത്മാവുമായ ഡോക്ടര്‍ ജെയിംസ് ബ്രൈറ്റുമായി ഞങ്ങളുടെ പ്രത്യേക ലേഖകന്‍ നടത്തിയ ഒരു അഭിമുഖം ബൂലോകം പങ്ക് വെയ്ക്കുവാന്‍ ഈ സമയം തീരുമാനിച്ചിരിക്കുകയാണ്. ഈ പത്രത്തെ കുറിച്ചും വായനക്കാരെ കുറിച്ചും എഴുത്തുകാരെ കുറിച്ചും അദ്ദേഹത്തിന്റെ ചിന്തകള്‍ നിങ്ങളുമായി പങ്ക് വെയ്ക്കുന്നു. നമുക്ക് ഡോക്ടറോട് ചോദിക്കാം .

ബൂലോകം പത്രം ആയിരം പോസ്റ്റുകള്‍ തികച്ചിരിക്കുകയാണല്ലോ. ഈ സമയം താങ്കള്‍ക്ക് എന്ത് തോന്നുന്നു ?

ജെയിംസ്: സന്തോഷം തോന്നുന്നു.

താങ്കളെ തികച്ചും എപ്പോഴും സന്തോഷത്തോടെ കാണുവാനാണ് ഞങ്ങള്‍ക്കാഗ്രഹം. ആയിരം പോസ്റ്റുകള്‍ തികഞ്ഞപ്പോള്‍ അഭിമാനം തോന്നിയില്ലേ ?

ജെയിംസ് : തീര്‍ച്ചയായും തോന്നി. പക്ഷേ നമ്മുടെ ബെര്‍ളി രണ്ട് ദിവസം മുന്നേയാണ് ആയിരം തികഞ്ഞു എന്ന് പറഞ്ഞത്. രണ്ട് ദിവസം കൂടി ബെര്‍ളിക്ക് കാത്തിരിക്കാമായിരുന്നു.എങ്കിലും ഞാന്‍ ഇപ്പോള്‍ സന്തോഷത്തിലാണ്. ഇത് എന്റെ സന്തോഷമല്ല മറിച്ച് ഇതിലെ ഒരോ പ്രവര്‍ത്തകരെയും ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു.

ബൂലോകം പോസ്റ്റുകളില്‍ കമെന്റുകള്‍ ഇല്ല അല്ലെങ്കില്‍ കുറവാണ് എന്നൊരു ആക്ഷേപം ഉണ്ടല്ലോ. അതിനെ കുറിച്ച് താങ്കള്‍ പലപ്പോഴും പറഞ്ഞിട്ട്ടുമുണ്ട്. എന്താണ് താങ്കളുടെ പ്രതികരണം ?

ജെയിംസ് : ഒരു പോസ്ടിന്റെയോ ബ്ലോഗിന്റെയോ ഗുണം നിര്‍ണ്ണയിക്കുന്നത് അതിലെ കമെന്റുകള്‍ അല്ല എന്ന് പകല്‍ പോലെ വ്യക്തം .വായനക്കാര്‍ ഒരോ ദിവസം ചെല്ലുന്തോറും കൂടുന്നു എന്ന് താങ്കള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും .ഒരു പോസ്റ്റില്‍ കമെന്റ് കൂടുതല്‍ വന്നു എന്ന് കരുതി അത് നല്ലതാകുന്നില്ല മറിച്ചും അങ്ങനെ തന്നെയാണ് .

തുടരെ തുടരെയുള്ള പോസ്റ്റുകള്‍ പത്രത്തിന്റെ വായനയെ സാരമായി ബാധിച്ചിട്ടില്ലേ ?

ജെയിംസ് : ഒരിക്കലുമില്ല .എല്ലാവരും പോസ്റ്റുകള്‍ തുടരെ എഴുതണം എന്നാണ് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ളത് . ഈ പത്രം മലയാള ബ്ലോഗിന്റെ ഒരു പരിശ്ചേദം തന്നെ എന്ന് പറയാം . മറ്റ് പല ബ്ലോഗുകളും നിര്‍ജ്ജീവമായ ഈ അവസ്ഥയിലും ഇവിടെ എപ്പോഴും എഴുത്ത് സജീവമാണ് എന്നത് മനസിലാക്കുമല്ലോ .ബ്ലോഗ് എഴുത്തുകാരെ കൈ പിടിച്ചുയര്‍ത്തുവാന്‍ കഴിയുമെങ്കില്‍ പൊതു വേദികളിലേക്ക് ആനയിക്കുവാന്‍ വേണ്ടിയാണ് ഈ പത്രം നിലകൊള്ളുന്നത് .

ശരിയാണ്. മലയാള ബ്ലോഗില്‍ വിപ്ലവകരമായ പല കാര്യങ്ങളും കൊണ്ടുവരുവാന്‍ ഈ പത്രം സഹായിച്ചു .ബ്ലോഗുകള്‍ ആദ്യമായി പ്രിന്റ് രൂപത്തില്‍ പുറത്തിറങ്ങി അതൊക്കെ നല്ല കാര്യം. ബൂലോകം പ്രിന്റ് എഡിഷന്‍ നിര്‍ത്തി എന്നൊരു വാര്‍ത്ത പുറത്ത് പരക്കുന്നുവല്ലോ! എന്താണ് അതിന്റെ സത്യാവസ്ഥ ?

ജെയിംസ് : ബൂലോകം പ്രിന്റ് എഡിഷന്‍ പുറത്തിറക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായാണ് ഞാന്‍ കരുതുന്നത് . മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ മുതല്‍ സമൂഹത്തിലെ എല്ലാ തുറകളിലുമുള്ള ആളുകളിലും പത്രം എത്തിയത് നിങ്ങളും കണ്ടുകാണുമല്ലോ . ചില സാങ്കേതിക കാരണങ്ങളാലാണ് ഇപ്പോള്‍ അത് നിന്നിരിക്കുന്നത് .ആ തടസം കൂടി മാറിയാല്‍ ഉടനെ തന്നെ വീണ്ടും പുറത്തിറക്കും .ആ വിവരങ്ങള്‍ പുറകാലെ അറിയിക്കാം .

വിവാദങ്ങളാണ് ഈ പത്രത്തിന്റെ പ്രശസ്തി ഉയര്‍ത്തിയത് എന്ന് കേള്‍ക്കുന്നു . അതില്‍ എത്രത്തോളം ശരികളുണ്ട് ?

1 % പോലും സത്യമില്ല. കാരണം വിവാദങ്ങള്‍ മൂലം പത്രം തകരുകയെ ഉള്ളൂ .അതിന്റെ കാഴ്ചകള്‍ നമ്മള്‍ നിത്യേന കാണുന്നുണ്ടല്ലോ .ഇതിന്റെ പ്രശസ്തി, ഉയര്‍ച്ച എല്ലാം ഇതിലെ എഴുത്തുകാരുടെ കഴിവാണ് . ഞാന്‍ എല്ലാവര്‍ക്കും വേണ്ടി ഒരു വേദി തുറന്ന് കൊടുത്തു എന്ന് മാത്രം . ഇപ്പോള്‍ ഇതിന്റെ ഉയര്‍ച്ച താഴ്ചകള്‍ എല്ലാം എഴുത്തുകാരിലും വായനക്കാരിലുമാണ് . എങ്കിലും വായനക്കാരുടെ ,എഴുത്തുകാരുടെ കാരുണ്യത്തെ ഞാന്‍ എന്നും മാനിക്കുന്നു . മലയാള ബ്ലോഗിലെ എഴുത്തുകാര്‍ നെഞ്ചിലേറ്റിയ പത്രമാണ് ഇത് .

മലയാളം ബൂലോകം, ഇംഗ്ലീഷ് ബൂലോകം എന്നിവയ്ക്ക് പുറമേ മറ്റ് ഭാഷകളിലും പത്രം അല്ലെങ്കില്‍ ഇതുപോലെ യൂസര്‍ ഫ്രണ്ട്‌ലിയായ വെബ് സൈറ്റുകള്‍ തുറക്കുവാന്‍ പദ്ധതികള്‍ ഉണ്ടോ ?

ജെയിംസ് : മലയാളം ഇംഗ്ലീഷ് ബൂലോകം ഇവയൊക്കെ നന്നായി പോകുന്നുണ്ട് എങ്കിലും തല്‍ക്കാലം അങ്ങനെ ഒരു പദ്ധതി ഇല്ല .എങ്കിലും അവയെ കുറിച്ചും ആലോചിക്കാവുന്നതാണ് .അതുപോലുള്ള എഴുത്തുകാര്‍ മുന്നോട്ട് വരട്ടെ .

നന്ദി ഡോക്ടര്‍ . ഡോക്ടറുടെ വിലപ്പെട്ട സമയം ബൂലോകത്തിന് വേണ്ടി ചിലവഴിക്കുവാനും മനസ് തുറക്കുവാനും കാണിച്ച സന്മനസിന് നന്ദി. അവസാനമായി ഒരു ചോദ്യം കൂടി. ഒരു മാനസിക ചികിത്സകനായ അങ്ങ് ബൂലോകത്തെ മുഴുവന്‍ മാസ്സ് ഹിപ് നോട്ടിസം ചെയ്തു കയ്യില്‍ എടുത്ത് എന്ന് പറഞ്ഞാല്‍ അതൊരു സത്യമല്ലേ ?

ജെയിംസ് : അങ്ങനെയൊന്നുമില്ല . എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ദുഃഖങ്ങള്‍ ,ലോകത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം. അതോക്കെകൊണ്ടാണ് ഞാന്‍ ബ്ലോഗ് ചെയ്യുന്നത് .ഇത്രത്തോളം നടത്തിയ ദൈവകൃപക്ക് നന്ദി. ബൂലോകര്‍ക്കും, നമ്മുടെ ഈ പത്രത്തിലെ എല്ലാ ആളുകള്‍ക്കും നന്ദി നന്ദി .വ്യക്തി വൈര്യം മനസ്സില്‍ നിന്ന് മായിച്ചു കളഞ്ഞു ബൂലോകത്തിന്റെ ശക്തിക്ക് വേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കാം .അതില്‍ ഞാനും ഒരംഗം എന്ന് മാത്രം.നന്ദി.

ബൂലോകത്തിന് വേണ്ടി, ബൂലോകം കുടുംബത്തിനു വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ ഇടയാക്കട്ടെ. ആശംസകള്‍