Share The Article

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍, എന്റെ സ്വന്തം റെയില്‍വേ സ്റ്റേഷന്‍. അഥവാ ഒട്ടുമിക്ക യാത്രകള്‍ക്കും തുടക്കമിട്ട സ്റ്റേഷന്‍. ഡല്‍ഹിയാത്ര, ബാംഗ്ലൂര്‍ യാത, മധുര യാത്ര, തിരുവനന്തപുരം യാത്ര, മഗലാപുരം യാത്ര ഇങ്ങനെയുള്ള മധുരസ്മരണകള്‍ക്കുമുന്നില്‍ ഈ സ്റ്റേഷന്‍ എന്നും സ്മരണീയമായിരിക്കും. കന്യാകുമാരി ബാംഗ്ലൂര്‍ബാംഗ്ലൂര്‍ കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് ബാംഗ്ലൂര്‍ യാത്രക്കാര്‍ക്കു മുന്നില്‍ എന്നും ഒരു വില്ലനാണ്. ഐലന്റ് എന്ന് കേട്ടാല്‍ തേനീച്ചക്കൂടിന്റെ ചിത്രമാണ് ഏവരുടെയും മനസിലേക്ക് ഓടിയെത്തുക. സദാസമയവും തിരക്കുള്ളൊരു തീവണ്ടി. റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റ് മാസങ്ങള്‍ക്ക് മുമ്പേ പറഞ്ഞുവെച്ചോളണം. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിന്റെ കാര്യം പിന്നെ പറയാതിരിക്കലാണ് ഉചിതം.

ബാംഗ്ലൂരില്‍ നിന്നും നാലു ദിവസത്തെ അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. തിരിച്ച് അങ്ങോട്ട് തന്നെ പോകുന്നതിനു വേണ്ടി ഞാന്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി. ഐലന്റിന്റെ ചൂളംവിളിയും പ്രതീക്ഷിച്ച് ഞാന്‍ നില്‍പ്പ് തുടങ്ങി. ക്ലോക്കിലെ സമയം രാത്രി എട്ടു മണിയോടടുക്കുന്നു. ഓടിക്കിതച്ച് വായില്‍ നിന്ന് നുരയും പതയും തുപ്പി മുന്നില്‍ നില്‍ക്കുന്ന ഐലന്റിനെ കണ്ടപ്പോള്‍ത്തന്നെ തലകറങ്ങാന്‍ തുടങ്ങി. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ തിരക്ക് പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. അയ്യപ്പന്‍മാരുടെ സീസണായതിനാല്‍ തിരക്ക് അങ്ങേയറ്റം രൂക്ഷമായിരുന്നു. സ്റ്റേഷനില്‍ ഐലന്റ് കാത്തുനിന്നിരുന്ന നിരവധിപേര്‍ തിരക്കി ഉള്ളോട്ട് കയറാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കടപ്പുറത്തേക്ക് മണലടിച്ച പ്രതീതി. പുറത്തുനിന്നുള്ള തിരക്ക് ഉള്ളോട്ട് ഒട്ടും ഏശിയില്ല.

ഞാന്‍ ഒരുവിധത്തില്‍ വാഹനത്തില്‍ കയറിപ്പറ്റി. ഡോറില്‍ ഇരു കാല്‍പാദങ്ങള്‍ക്കുള്ള സ്ഥലം കിട്ടി, അത്രതന്നെ. പുറത്തേക്ക് തിരുഞ്ഞു നോക്കിയപ്പോള്‍ കയറാന്‍ പറ്റാത്തവരുടെ നിരാശയും സങ്കടവും ദേഷ്യവും എല്ലാം മുഖത്ത് മിന്നിമറയുന്നുണ്ടായിരുന്നു. സങ്കടകരമായ വസ്തുത; സ്റ്റേഷനില്‍ നിന്നും കയറാന്‍ കഴിയാത്തവരില്‍ അധികവും കോളേജ് പെണ്‍കുട്ടികളും ഒരുപാട് അമ്മമാരുമായിരുന്നു. കമ്പാര്‍ട്ട്‌മെന്റിനുള്ളിലെ അന്തരീക്ഷമാണെങ്കില്‍ അതിലേറെ ചിന്തനീയം! ഇതേ രൂപത്തിലുള്ള സ്ത്രീകള്‍ ട്രെയിനിനുള്ളിലുമുണ്ട്. സീറ്റുകളെല്ലാം നിറഞ്ഞ് സീറ്റിനടിയിലും ആളുകള്‍ കിടക്കുന്നു. നടവഴികളെല്ലാം ആളുകള്‍ അടുക്കിവെച്ചരൂപത്തില്‍ തിങ്ങി നില്‍ക്കുന്നു. ഈ കൂട്ടത്തില്‍ ആണും പെണ്ണുമെല്ലാം ഇടകലര്‍ന്നു തന്നെ നില്‍പ്പ്. തിരക്കിനിടയിലും രൂപപ്പെട്ട ഒരു ഫാസ്റ്റ്ഫുഡ് ലൌ സ്റ്റോറിയെ പറ്റിയാണ് ഞാന്‍ പറഞ്ഞുവരുന്നത്.

എന്നാലും സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് ബാംഗ്ലൂരില്‍ ഒരുപാട് പെണ്‍കുട്ടികള്‍ പഠനവും ജോലിയുമായി താമസിക്കുന്നവരുണ്ട്. ഒരുപാട് കുടുംബങ്ങളും ബാംഗ്ലൂര്‍ ലക്ഷ്യമാക്കി പോയിവരുന്നവരുണ്ട്. ഇവര്‍ക്ക് ആ യാത്ര ചില്ലറ ആപത്തുകളല്ല വരുത്തിവെക്കുന്നത്. തങ്ങളുടെ ജീവിതപ്പ്രശ്‌നവുമായി ഇത്രയും ദൂരം യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകള്‍ക്ക് മാനം പോലും ചോദ്യംചെയ്യപ്പെടുന്ന അവസ്ഥ പലപ്പോഴുമുണ്ടാകുമെന്ന് എന്റെ മുന്നിലിരിക്കുന്ന ഒരു കുടുംബം പറയുന്നത് ഞാന്‍ കേട്ടിരിന്നു. ‘ചിലപ്പോള്‍ ജീവന്‍ തന്നെ അപകടത്തിലാകുന്ന സാഹചര്യം പ്രത്യക്ഷപ്പെടുന്നു’ എന്ന് മറ്റു യാത്രക്കാരും അവരോട് വാചാലമാകുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.

ലക്ഷക്കണക്കിന് മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബാംഗ്ലൂരില്‍ അധികം പേരും പഠനവും ജോലിയുമായി കഴിഞ്ഞുവരുന്നവരാണ്. തെക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ബാംഗ്ലൂരിലെത്താന്‍ രണ്ട് ട്രെയിനുകളാണ് ദിനേനയുള്ളത് ഒന്ന് പകലും മറ്റൊന്ന് രാത്രിയും.മറ്റു ട്രെയിനുകള്‍ ആഴ്ചയില്‍ ഒറ്റപ്പെട്ട ദിനങ്ങളില്‍ മാത്രമാണുള്ളത്. 22 കോച്ചുകളാണ് ഐലന്റിനുള്ളത്. അതില്‍ 13 സ്ലീപ്പര്‍ ക്ലാസും രണ്ട് AC 3 tier ഉം രണ്ട് AC 2 tier ഉം ബാക്കി നാല് ജനറല്‍ കമ്പാര്‍ട്ട്‌മെനറും. അതില്‍ മൂന്നെണ്ണം പുരുഷന്മാര്‍ക്കും ബാക്കി ഒന്ന് സ്ത്രീകള്‍ക്കുമാണുള്ളത്. കാര്യം ഇങ്ങിനെയൊക്കെയാണെങ്കിലും ഐലന്റിലെ തിരക്ക് നേരത്തെ സൂചിപിച്ചത് പോലെത്തന്നെ. അതുകൊണ്ട് തന്നെ ജനങ്ങള്‍ ഇതില്‍ നരകതുല്ല്യമാകുന്നത് സര്‍ക്കാര്‍ കണ്ണുതുറന്ന് കാണണം. ബോഗികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയോ ദിനേനയുള്ള സര്‍വീസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കുകയോ ചെയ്യലായിരിക്കും ഇതിനുള്ള പരിഹാരമാര്‍ഗം. 16526 എന്ന നമ്പറില്‍ ബാംഗ്ലൂരില്‍ നിന്ന് കന്യാകുമാരിയിലേക്കും 16525 എന്ന നമ്പറില്‍ തിരിച്ച് ബാംഗ്ലൂരിലേക്കും കുതിച്ചുപായുന്ന വണ്ടി 20 മണിക്കൂര്‍ കൊണ്ട് 944 കിലോമീറ്ററാണ് താണ്ടിക്കടക്കുന്നത്. 105 പേരുടെ മരണത്തിനിടയാക്കിയ പെരുമണ്‍ ദുരന്തം ഈ ട്രെയിനിനു മേല്‍ രേഖപ്പെട്ടുകിടക്കുന്നു. കാരണം അജ്ഞാതമായി തുടരുന്നുവെങ്കിലും ദുരന്തം കേരളമനസുകളില്‍ ഇന്നും ഒരു മുറിപ്പാടായി ശേഷിക്കുന്നു.

ഈ ദീര്‍ഘദൂര യാത്രയില്‍ ജനങ്ങള്‍ക്ക് സുഖരമായ യാത്രാ സൗകര്യമൊരുക്കല്‍ ഇവിടുത്തെ സര്‍ക്കാരിന്റെ ബാധ്യതയാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. അല്ലെങ്കില്‍ ഇനിയും ഒരുപാട് സൗമ്യമാരുടെ സംഭവങ്ങള്‍ ഈ പ്രബുദ്ധകേരളം കാണേണ്ടിവരും.

ട്രെയിനിന്റെ ഡോറില്‍ നില്‍ക്കുന്ന ഞാന്‍ പുറത്തോട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ എന്തൊക്കെയോ വിളിച്ചു പറയണമെന്ന് തോന്നി. തിരക്കിനാല്‍ യാത്ര നിഷേധിക്കപ്പെട്ട അവരുടെ വിഷമമം എന്നെ അലോസരപ്പെടുത്തി. ഏതെങ്കിലുമൊരു നിഷ്‌കളങ്ക ഹൃദയത്തിന്റെ മനം പൊട്ടിയുള്ള പ്രാര്‍ത്ഥന ഞങ്ങളുടെ യാത്രയെ ബാധിക്കുമോയെന്ന് ഒരു വേള ഞാന്‍ നിനച്ചുപോയി. ഉള്ളിലെ തിരക്ക് വര്‍ണ്ണിച്ചു കൊടുക്കാന്‍ എനിക്ക് അന്നേരം നൂറ് നാവുണ്ടായിരുന്നു. പക്ഷെ ഒന്നും പ്രവര്‍ത്തന യോഗ്യമായിരുന്നില്ല. അതിനാല്‍ ആഗ്യത്തിലൂടെ ഞാനത് അവരോട് പറഞ്ഞു.

ഇതിലെ സ്ഥിതി എന്നും ഇങ്ങനെയാണോ എന്ന് ഞാന്‍ മനസ്സില്‍ ഊഹിച്ചപ്പോഴേക്കും പിറകില്‍ നിന്ന് ഒരു കിഴവന്‍ പറഞ്ഞു. ‘അതെ മോനെ ഇവിടത്തെ സ്ഥിതി എന്നും ഇതുതന്നെ. തലപുണ്ണാക്കണ്ട. സര്‍ക്കാരിനില്ലാത്ത ദണ്ണവും വേണ്ട.’ മുറുക്കിത്തുപ്പി അയാള്‍ പുറത്തേക്ക് പോയി. അപ്പോഴേക്കും കച്ചവടക്കാരുടെ കലപില ശബ്ദങ്ങള്‍ക്ക് വിരാമമിട്ട് ഐലന്റ് സൈറണ് മുഴക്കി..മെല്ലെ ചലിക്കാന്‍ തുടങ്ങി….പാലക്കാട് സ്റ്റേഷന്‍ ലക്ഷ്യമാക്കി അത് കൂകിപ്പായാന്‍ തുടങ്ങി. നിരാശ പടര്‍ന്ന മുഖങ്ങളിലേക്ക് അവസാനമായൊന്നു നോക്കി കണ്ണ് ഞാന്‍ പിന്‍വലിച്ചു.

അല്ലാഹ്! പുലര്‍ച്ചെ ബാംഗ്ലൂര്‍ എത്തുന്നത് വരെ ഇങ്ങനെ നില്‍ക്കാനാണോ വിധി? ഐലന്റില്‍ കയറുന്ന ഏതൊരാളുടെയും മനസിലൂടെ കടന്നു പോകുന്നൊരു ചോദ്യമാണിത്. എന്റെ ചിന്തക്ക് തീപടര്‍ന്നു.. അപ്പോഴാണ് ഒരു കോളേജ് കുമാരനും കുമാരിയും സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് കണ്ടത്. ‘കിട്ടിപ്പോയി സീറ്റ്’ എന്ന മട്ടില്‍ ഒരു വൃദ്ധന്‍ ഇരിക്കാന്‍ ചെന്നപ്പോഴേക്കും അവര്‍ കൈയിലുണ്ടായിരുന്ന ബാഗ് അവിടെ വെച്ചു. വൃദ്ധന്‍ നെറ്റിചുളിച്ചു..നെടുവീര്‍പ്പിട്ടു. കമിതാക്കള്‍ രണ്ട് പേരും ബാത്ത്‌റൂം ലക്ഷ്യമാക്കി നീങ്ങി. ഡോര്‍ തുറന്ന് അവള്‍ ആദ്യം അകത്ത് കടന്നു. നീ പോയിവാ എന്നിട്ടാകാം ഞാന്‍ എന്ന മട്ടില്‍ നിന്നിരുന്ന തന്റെ കാമുകനെ അവള്‍ കൈ പിടിച്ച് അകത്തോട്ടു വലിച്ച് കതകടച്ചു. ശ്വാസമടക്കിപ്പിടിച്ച് രംഗം നോക്കിനിന്ന യാത്രക്കാര്‍ മുഖത്തോടുമുഖം നോക്കി. പിന്നെ എല്ലാവരും ഒരു കെട്ട ചിരിയും പാസ്സാക്കി പുറത്തോട്ടു നോക്കിയിരുന്നു.(തുടരും)

അടുത്ത ലക്കം ‘ഫാസ്റ്റ്ഫുഡ് ലവ് സ്റ്റോറി’

Advertisements