Share The Article

ithu thanda police funny

തൃശ്ശൂരില്‍ താമസിച്ചിരുന്ന കാലം. ഏറെ വൈകി ഉറങ്ങിയ ഒരു ദിവസം രാവിലെ തന്നെ ഒരു ഫോണ്‍ കോള്‍. സിനിമാക്കാരനായ ഒരു സുഹൃത്താണ്. സഹസംവിധായക വേഷം വരെയേ അണിഞ്ഞിട്ടുള്ളൂ എന്നതിനാല്‍ തന്നെ മൂപ്പര്‍ പൊതുജനത്തിന് പരിചിതനല്ല. “ഡാ, നിയ്യ്‌ ഈസ്റ്റ്‌ പോലീസ്‌സ്റ്റേഷന്‍ വരെയൊന്നു വരണം” മറുവശത്ത് പതിഞ്ഞ ശബ്ദം. “എന്താടാ പ്രശ്നം?” എന്‍റെ ഉറക്കം പമ്പ കടന്നു. “എന്നെ പോലീസ്‌ പിടിച്ചെഡാ. നീ വേഗം വാ, കാര്യം ഞാന്‍ വന്നിട്ട് പറയാം.” ഞാന്‍ സമയം തെല്ലും കളയാതെ ഇറങ്ങി. അമല മെഡിക്കല്‍കോളേജിന്‍റെ അടുത്തുള്ള ഞാന്‍ താമസിക്കുന്ന വീട്ടില്‍നിന്ന് ബൈക്കില്‍ ടൌണിലേക്ക് കുതിച്ചു.

ഈസ്റ്റ്‌ സ്റ്റേഷനില്‍ ചെന്നപ്പോള്‍ അവിടെ ഒരു മൂലയില്‍ ഏതാനുംപേര്‍ പശ്ചാത്താപവിവശരായി നില്‍ക്കുന്നു. അവരില്‍നിന്ന് അല്‍പ്പം അകന്നുനിന്ന സുഹൃത്ത് എന്നെക്കണ്ട് ഇളിഭ്യതയോടെ ചിരിച്ചു. എന്‍റെ അടുത്തേക്ക്‌ വരാന്‍ തുനിഞ്ഞ അദ്ദേഹത്തെ അടുത്ത് നിന്ന പോലീസുകാരന്‍ കണ്ണുരുട്ടിക്കാണിച്ചപ്പോള്‍ ഞാന്‍ അങ്ങോട്ട്‌ ചെന്നു. “എന്ത് പറ്റിയെടാ?” എനിക്ക് ഉദ്വേഗം അടക്കാനായില്ല. “ഒന്നുമില്ലെടാ…. അത്…. രാത്രി ഞാന്‍ പെണ്ണുങ്ങളുടെ വെയ്റ്റിംഗ് ഷെഡ്ഡില്‍ കയറി ഇരുന്നു പോലും.” എനിക്കൊന്നും മനസ്സില്ലായില്ല. “ഇന്നലെ മ്മടെ ഒരു ഗഡീടെ കല്യാണമായിരുന്നു ചാലക്കുടിയില്. അതിന്‍റെ പരിപാടിയൊക്കെ കഴിഞ്ഞ് ഞാന്‍ തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വണ്ടിയിറങ്ങുമ്പോള്‍ സമയം രാത്രി പന്ത്രണ്ടുമണി. ഞാനൊരല്‍പ്പം കഴിച്ചിട്ടുമുണ്ടായിരുന്നേ. മ്മടെ അവടെക്ക് ലാസ്റ്റ്‌ ബസ്സ് പന്ത്രണ്ടേ കാലിനുണ്ടല്ലോ, അത് പിടിക്കാമെന്ന് ചിന്തിച്ച് ഞാനോരു കപ്പ് ചായ വാങ്ങി ഇരിക്കാന്‍ ഒരു സീറ്റ് നോക്കി. അവിടെയെങ്ങും ഒറ്റ മനുഷ്യരും ഉണ്ടായില്ല, കണ്ട ഒരു ബെഞ്ചില്‍ ഞാനിരുന്നു. പെട്ടെന്നാ ഒരു പോലീസ്‌ജീപ്പ് അവിടെ വന്നത്. രണ്ടു പോലീസുകാര് നേരെ എന്‍റെടുത്തു വന്ന് ചൂടായി. ഞാന്‍ ഇരുന്നത് പെണ്ണുങ്ങളുടെ വെയ്റ്റിംഗ് ഷെഡിലാ പോലും. അവര് എന്തൊക്കെയോ ചോദിച്ചു. അന്നേരത്തെ അങ്കലാപ്പില്‍ എനിക്കൊന്നും പറയാന്‍ പറ്റിയില്ലഡോ. പിന്നെ അവര് പറഞ്ഞു ജീപ്പില്‍ കേറാന്‍….അങ്ങനെ ഇവിടെയെത്തി….” രഹസ്യമായി ഇത്രയും പറഞ്ഞിട്ട് അവന്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടു.

“ശ്ശെടാ… നിനക്ക് അന്നേരമൊന്നു വിളിച്ചു കൂടായിരുന്നോ, ഇങ്ങനെയൊരു കാര്യത്തിന് സ്റ്റേഷനില്‍ കിടന്നുറങ്ങേണ്ട കാര്യമുണ്ടായിരുന്നോ?” “അതിന് ആരുറങ്ങാന്‍?” രാത്രിയില്‍ ഏറ്റ കൊതുകുകടിയോര്‍ത്ത് അവന്‍ കൈ ചൊറിഞ്ഞു. കാര്യങ്ങളൊക്കെ കേട്ടപ്പോള്‍ ചിരിക്കണോ കരയണോ എന്ന് സംശയിച്ച് ഞാന്‍ നിന്നു. “ഇതെന്താ സാര്‍ ഇത്, ഇതുപോലൊരു കാര്യത്തിന് ഒരാളെ രാത്രിമുഴുവന്‍ ഇവിടെ പിടിച്ചുവയ്ക്കാമോ?” അല്‍പ്പം മയമുണ്ടെന്നുകണ്ട ഒരു പോലീസുകാരനോട് ഞാന്‍ തിരക്കി. “അത് തന്‍റെ കൂട്ടുകാരനോട് ചോദിക്ക്. വാ തുറന്ന് വ്യക്തമായെന്തെങ്കിലും പറയണ്ടേ വിദ്വാന്‍. ഏതായാലും അങ്ങോട്ട്‌ മാറിനില്‍ക്ക്. സാര്‍ ഒമ്പതരയാകുമ്പോള്‍ വരും. എഴുതിക്കൊടുത്തിട്ടു പോകാം.” അയാളുടെ മറുപടി കേട്ട ഞാന്‍ വാച്ചില്‍ നോക്കി. സമയം ഏഴരയായിട്ടില്ല.

എസ് ഐ വന്നു…. പറഞ്ഞത് പ്രകാരം എഴുതിക്കൊടുക്കാന്‍ റൈറ്ററുടെ അടുത്ത്….. പേരും, അഡ്രസ്സും, ഫോണ്‍നമ്പറുമടക്കം കുറ്റസമ്മതവും, മാപ്പപേക്ഷയും എഴുതിക്കൊടുത്തു. “തന്‍റെ പേരെന്താഡാ?” എഴുതിയതു വായിച്ച ആ ചെറിയഏമാന്‍റെ ചോദ്യം. “…………..” സുഹൃത്ത് ഭവ്യതയോടെ മറുപടി പറഞ്ഞു. “അതാണോ മുഴുവന്‍ പേര്, നിനക്കെന്താ തന്തയില്ലേ? മുഴുവന്‍ പേരും എഴുതെടാ.” കേട്ടപ്പോള്‍ എന്‍റെ വായില്‍ വന്നത് ഞാന്‍ വിഴുങ്ങി. തിരിച്ചിറങ്ങി ബൈക്കില്‍ പോകുമ്പോള്‍ പുറകിലിരുന്ന സുഹൃത്ത് നിശബ്ദനായിരുന്നു. “അതേയ്, അനുഭവങ്ങളാണ് ഒരു ചലച്ചിത്രകാരന്‍റെ സമ്പത്ത്. അങ്ങനെ നോക്കുമ്പോ ഇതൊക്കെ നമ്മുടെ ഫിക്സഡ് ഡിപ്പോസിറ്റ് അല്ലേ…” ഞാന്‍ അവനെ സമാധാനിപ്പിച്ചു.