Share The Article

Written by-Sandeep Das

ന്യൂസിലൻ്റിനൊരു പ്രധാനമന്ത്രിയുണ്ട്-ജസീന്ത ആർഡൻ ! അവിടത്തെ മുസ്ലിം പള്ളികളിൽ നടന്ന ഭീകരാക്രമണത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളെ ജസീന്ത ആശ്വസിപ്പിക്കുന്നതിൻ്റെ ചിത്രങ്ങൾ കണ്ടുകാണുമല്ലോ.വെറുതെ ആശ്വസിപ്പിക്കുകയല്ല ; അവരിലൊരാളായി അവർക്കൊപ്പം നിൽക്കുകയാണ് !

എല്ലാക്കാലത്തും ജസീന്ത ഇങ്ങനെയാണ്.മനുഷ്യത്വം അല്പം കൂടുതലാണ് അവർക്ക്.അതുകൊണ്ടാണ് ഒരു രാജ്യത്തിൻ്റെ പരമോന്നത പദവിയിൽ ഇരിക്കുമ്പോഴും ഇത്രയേറെ വിനയത്തോടെ പെരുമാറാൻ സാധിക്കുന്നത്.

റോസ് ആർഡൻ്റെയും ലോറൽ ആർഡൻ്റെയും രണ്ടാമത്തെ സന്താനമാണ് ജസീന്ത.ആദ്യം ജനിച്ചത് പെൺകുഞ്ഞായതുകൊണ്ട് രണ്ടാമൂഴത്തിൽ റോസും ലോറലും ഒരു മകനെയാണ് ആഗ്രഹിച്ചത്.മാതാപിതാക്കളുടെ പ്രതീക്ഷകൾക്കു വിരുദ്ധമായി ജസീന്ത പിറന്നുവീണു.ഗർഭസ്ഥശിശുവായിരിക്കുമ്പോൾ പെൺകുട്ടികൾ നേരിടുന്ന പൊതുവായ കാര്യം തന്നെ !

മുപ്പത്തിയേഴാം വയസ്സിൽ ന്യൂസിലൻ്റിൻ്റെ പ്രധാനമന്ത്രിപദം ഏറ്റെടുക്കുമ്പോൾ ലോകത്തെ വിരലിലെണ്ണാവുന്ന വനിതാനേതാക്കളിൽ ഒരുവളായിരുന്നു ജസീന്ത.പെണ്ണിന് സമൂഹം കല്പിച്ചുകൊടുക്കുന്ന വിലക്കുകൾ ലംഘിച്ചു മുന്നേറിയ ധീരയായ സ്ത്രീ !

പണ്ട് ഒരു പൊതുപരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കവേ ജസീന്ത ഒരു ചോദ്യം ഒാഡിയൻസിനുമുമ്പിൽ വെച്ചു-”നിങ്ങളിലാരൊക്കെ സമത്വത്തിൽ വിശ്വസിക്കുന്നു? ” എന്നായിരുന്നു ആ ചോദ്യം.

അതുകേട്ടപ്പോൾ കുറേപ്പേർ കൈ ഉയർത്തി.ആ നിമിഷത്തിൽത്തന്നെ ജസീന്തയുടെ മറുപടി വന്നു-

”എങ്കിൽ നിങ്ങളെല്ലാവരും ഫെമിനിസ്റ്റുകളാണ്….! ”

വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ആശയത്തെ എത്ര ലളിതമായിട്ടാണ് അവർ വിശദീകരിച്ചതെന്ന് നോക്കൂ…!

ക്രിസ്തുമത വിശ്വാസിയാണ് ജസീന്ത.ബൈബിൾ വാചകങ്ങൾ ഉരുവിട്ട് വളർന്ന പെൺകുട്ടി.പക്ഷേ എൽ.ജി.ബി.റ്റിക്കാരുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊണ്ടപ്പോൾ അവർക്ക് പള്ളിയുമായി കലഹിക്കേണ്ടി വന്നു.പ്രൈഡ് പരേഡിൽ പങ്കെടുത്ത ആദ്യ കിവി പ്രധാനമന്ത്രി കൂടിയായിരുന്നു ജസീന്ത.അതിൻ്റെ പേരിൽ പല അധിക്ഷേപങ്ങളും കേൾക്കേണ്ടിവന്നു.

പക്ഷേ മനുഷ്യനാണ് പ്രധാനമെന്ന വാദത്തിൽ ജസീന്ത ഉറച്ചുനിൽക്കുന്നു.നിരീശ്വരവാദികളെയും ഉറച്ച മതവിശ്വാസികളെയും ഒരുപോലെ പിന്തുണയ്ക്കുന്നു.വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കരുതെന്ന് വാദിക്കുന്നു.ഭീകരാക്രമണത്തിൻ്റെ ഇരകളെ ആശ്വസിപ്പിക്കാൻ ഹിജാബ് ധരിച്ചാണ് ജസീന്ത എത്തിയത്.

നേരത്തെ പറഞ്ഞുവല്ലോ.മനുഷ്യത്വം അല്പം കൂടിപ്പോയതിൻ്റെ പ്രശ്നങ്ങൾ !

പ്രധാനമന്ത്രിപദത്തിലിരിക്കെ കുഞ്ഞിന് ജന്മം നൽകിയ രണ്ടാമത്തെ മാത്രം വനിതയാണ് ജസീന്ത.പ്രൊഫഷണൽ ലൈഫും പേഴ്സണൽ ലൈഫും ഒരുമിച്ച് കൈകാര്യം ചെയ്യാൻ ഒരു പെണ്ണിന് കഴിയും എന്നതിൻ്റെ ഉത്തമ ഉദാഹരണം.വിദ്യാഭ്യാസവും ജോലി ചെയ്യാൻ ആഗ്രഹവും ഉള്ള പെണ്ണുങ്ങളെ കുടുംബം നോക്കാൻ വീട്ടിലിരുത്തുന്നവർക്ക് ഇതൊക്കെ മനസ്സിലാവുമോ എന്തോ !

ഒരു പൊതു ആശുപത്രിയിൽ വെച്ചാണ് ജസീന്ത തൻ്റെ മകൾക്ക് ജന്മം നൽകിയത്.അവർ പ്രൈവറ്റ് ഹോസ്പിറ്റൽ തേടിപ്പോയില്ല.ആഡംബരങ്ങളും പരിവാരങ്ങളും അധിക ശ്രദ്ധയും ആവശ്യപ്പെട്ടില്ല !

ഇതുപോലൊരു പ്രധാനമന്ത്രിയെ ഏതു രാജ്യവും സ്വാഗതം ചെയ്യും.ഇതുപോലൊരു ജീവിതം അടിച്ചമർത്തപ്പെടുന്ന എല്ലാ പെൺകുട്ടികൾക്കും പ്രചോദനമാകും….

Written by-Sandeep Das

  • 49
    Shares
ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.