Share The Article
Jimmy Mathew

വൈറസ് ! ബാക്റ്റീരിയ ! – ചരിത്രം തിരുത്തിയ കുഞ്ഞിങ്ങ കൃമികൾ :

ഒരു രണ്ടു ലക്ഷം മുൻപ് നമ്മൾ മനുഷ്യർ എന്ന ഹോമോ സാപിയൻസ് നമ്മൾ ഇപ്പോൾ ഉള്ളത് പോലെ ഏകദേശം ആയിരുന്നു . അതിനു മുൻപ് ഇച്ചിരെ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു .

നമ്മൾ നമ്മളായതിനു ശേഷവും , പഴയ പോലെ പെറുക്കികൾ തന്നെ ആയി തുടർന്നു . ചെറു കൂട്ടങ്ങൾ ആയി അലഞ്ഞു തിരിഞ്ഞു . അങ്ങനെ നടന്നു . അപ്പോഴൊക്കെ പല പല അണു ജീവികൾ നമ്മുടെ പൂർവികരിൽ അസുഖങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാവാം . ഏതൊക്കെ ആണ് ആ അസുഖങ്ങൾ ? സത്യം പറഞ്ഞാൽ നമുക്ക് അത്ര അറിഞ്ഞൂടാ .

Image result for EPIDEMICവെറും പതിനായിരം വർഷങ്ങൾക്ക് മുൻപ് ആണ് കൃഷി തുടങ്ങിയത് . ആളുകൾ തെണ്ടി തിരിയാതെ വലിയ ഗ്രാമങ്ങളിൽ കൂട്ടത്തോടെ പാർക്കാൻ തുടങ്ങി . അതോടെ ആണ് ഇപ്പോൾ നമുക്ക് പരിചയമുള്ള മിക്ക പകർച്ച വ്യാധികളും നമ്മെ ബാധിക്കുന്നത് !

മര്യാദക്ക് കാട്ടിൽ കഴിഞ്ഞോണ്ടിരുന്ന പല ജീവികളെയും പല ആവശ്യങ്ങൾക്കായി നാട്ടിൽ വളർത്താൻ തുടങ്ങി . അതാണ് പ്രശ്നം ആയത് ! വല്ല കാര്യവുമുണ്ടോ ?

ഉണ്ടല്ലോ . പുറകെ ഓടി , കൊമ്പു കൊണ്ടുള്ള കുത്തും , കാല് കൊണ്ടുള്ള ചവിട്ടും നേരിട്ട് , കല്ല് മുന ഉള്ള കുന്തം കൊണ്ട് കാട്ടു പോത്തിനെ കൊന്നു വല്ലപ്പോഴും ചുട്ട തിന്നുന്നതിനു പകരം , അടുത്തുള്ള തൊഴുത്തിന്നു രണ്ടെണ്ണത്തിനെ ഇടക്ക് പിടിച്ച് അറത്ത് ബീഫ് ചുട്ടത് തിന്നാ പുളിക്ക്യോ ? ഇല്ലല്ലോ .

പക്ഷെ ഈ സുഖത്തിന് വലിയ വില കൊടുക്കേണ്ടി വന്നു ; വലിയ വില .

മനുഷ്യൻ കൂട്ടത്തോടെ താമസിക്കുമ്പോഴും ഗുണങ്ങൾ ഉണ്ട് . ചെറു കൂട്ടങ്ങളായി വരുന്ന വരുത്തന്മാരെ ഓടിക്കാൻ പടയാളികളെ പരിശീലിപ്പിച്ചു നിർത്താം . കൂട്ട് കൃഷി ചെയ്യാം . എല്ലാരും ഒരേ ജോലി ചെയ്യുന്നതിന് പകരം പലർക്കും പലത് ചെയ്യാം . ചിലർക്ക് ആശാരി ആകാം . ചിലർ കൃഷിക്കാർ , ചിലർ താത്വിക ആചാര്യന്മാർ .

Related imageപക്ഷെ ഈ താത്വിക അവലോകനം സാധ്യമാക്കിയ ഉയർന്ന ജന സാന്ദ്രതക്കും കൊടുക്കേണ്ടി വന്നത് ഇതേ വില !

വേറെയും വിലകൾ കൊടുക്കേണ്ടി വന്നു . അതല്ല നമ്മുടെ വിഷയം . ഈവില .

ഏതാണ് തീവില ഉള്ള ഈ വില ?

ചില വ്യാധികൾ ! പകർച്ച വ്യാധികൾ ! കൂട്ടത്തോടെ കൊന്നൊടുക്കുന്ന മഹാ മാരികൾ.

അതായത് , പല മൃഗ പക്ഷികളിലും ഉള്ള അണുക്കളിൽ ഇടയ്ക്കിടെ ജനിതക മാറ്റം വരും . ചിലവയ്ക്ക് , മനുഷ്യരിൽ പെറ്റു പെരുകാനും , തമ്മിൽ പകരാനും ഉള്ള കഴിവ് അങ്ങനെ വന്നാലോ – ലോ ..ലോ ..ലോ ?

വന്നൂല്ലോ .

പട്ടികളെ ആണ് ആദ്യം മെരുക്കിയത്. പിന്നെ കാലികൾ , ആട് , പന്നി , കുതിര , കോഴി …അങ്ങനെ പോകും .

സീ – ക്ഷയം , സ്മാൾ പോക്സ് , ചിക്കെൻ പോക്സ് – ഒക്കെ കാലികളിൽ നിന്നും കിട്ടി .

താറാവ് , ആദ്യം പന്നികളിലേക്ക് കൊടുത്ത് , പിന്നെ മനുഷ്യന് കൊടുത്തു – ഇൻഫ്ലുൻസ – കിട്ടി ബോധിച്ചല്ലോ .

റിനോ വൈറസുകൾ – നമ്മുടെ സാദാ ജലദോഷം ഉണ്ടാക്കുന്നവ – കുതിരകൾ തന്നു – മേടിച്ചു വച്ചോ ; വച്ചോ .

മീസിൽസ് – കനൈൻ ഡിസ്റ്റംപ്റ് എന്ന അസുഖം പട്ടികളിൽ ഉണ്ടാക്കുന്ന ഒരു വൈറസിന് ജനിതക മാറ്റം ഉണ്ടായവ ആണെന്ന് തോന്നുന്നു . സന്തോഷായില്ലേ അരുണേട്ടാ ?

പിന്നെ – തിങ്ങി പാർക്കുന്ന മനുഷ്യർ അവിടെ തന്നെ മുള്ളും , അവിടെ തന്നെ അപ്പിയിടും . അവിടന്നു തന്നെ കുടിക്കും . ടൈഫോയ്ഡ് , പോളിയോ , കോളറ , മഞ്ഞപ്പിത്തം , ഡിഫ്തീരിയ , വില്ലൻ ചുമ . എല്ലാം സ്ഥിര താമസമാക്കി . അവയ്ക്കൊന്നും ചെറിയ ജന സംഖ്യാ ഉള്ള ചെറു ഗോത്രങ്ങളിൽ കാലാ കാലത്തോളം നില നില്ക്കാൻ പറ്റില്ല . ഒറ്റയടിക്ക് എല്ലാരേം കൊന്നു കളഞ്ഞു; തന്നത്താൻ ഒടുങ്ങിയേനെ .

അത് പോട്ടെ . ഇത്രേം ബാക് ഗ്രൗണ്ട് . നമ്മുടെ പ്രതിപത്തി – സോറി – പ്രതിയായ . ങേ !

പ്രതിപാദ്യ – അത് തന്നെ – പ്രതിപാദ്യ വിഷയം അതല്ല . നമ്മുടെ അറിയാവുന്ന ചരിത്രത്തിൽ പകർച്ച വ്യാധികൾ വഹിച്ച പങ്ക് . അണു ജീവികൾ ഇല്ലെന്നും , ഏത് അസുഖത്തിനും എനീമാ ആസനത്തിൽ എടുത്താൽ മതിയെന്നും പറയുന്നവരൊക്കെ കേട്ടോണം , ചരിത്രം .

പഴയ നിയമത്തിൽ ഈജിപ്തിന്റെ മേൽ പകർച്ച വ്യാധികൾ ചൊരിയുന്ന ഭയങ്കരൻ ദൈവത്തെ നമുക്ക് കാണാം . എന്തൊക്കെ ആണിവ എന്ന് നമുക്കറിയില്ല .

ഗ്രീക്ക് സംസ്കാരം അതിന്റെ ഉന്നതിയിൽ നിൽക്കുമ്പോ , ആഫ്രിക്കയിൽ നിന്ന് വന്നു എന്ന് പറയപ്പെടുന്ന ഒരു ഭീകര വ്യാധിയെ പറ്റി തൂസിഡിഡസ് എന്ന ഗ്രീക്ക് ചരിത്ര കാരൻ പറയുന്നുണ്ട് . ആളുകൾ ചുമച്ച് , അപസ്മാരം വന്നു , തൊലി നിറയെ വൃണങ്ങൾ വന്ന് , തെരുവുകളിൽ മരിച്ച് വീഴുകയായിരുന്നു .

ഇത് എന്തായിരുന്നെന്നോ എത്ര പേര് മരിച്ചെന്നോ നമുക്ക് ഒരു വിവരോംഇല്ല . ഒന്ന് മാത്രം അറിയാം . അതോടെ ഗ്രീസ് ഒതുങ്ങി – റോം പൊങ്ങി .

റോമാ സാമ്രാജ്യം പടർന്നു പന്തലിച്ചു . പട്ടാളക്കാർ പല ഇടത്തു നിന്നും പലതും കൊണ്ട് വന്നു . എ ഡി 160 നും 180 നും ഇടക്ക് , അന്ന് ഏഷ്യയിലും ആഫ്രിക്കയിലും , തകൃതി ആയി ഓടിക്കൊണ്ടിരുന്ന സ്മാൾ പോക്സ് എന്ന് വിചാരിക്കപ്പെടുന്ന , ഒരു സാധനം റോമിനെ ആക്രമിച്ചു . നാലിൽ ഒന്ന് മനുഷ്യരെ ക്ടിം എന്ന് കൊന്നു കളഞ്ഞു .

സിംപിൾ ആയി , അൻപത് ലക്ഷം പേരെ – അത്രേ ഉള്ളു .

എ ഡി 550 ൽ ബുബോണിക് പ്ലേഗ് എന്ന എലികളുടെ മേത്ത് ഉള്ള ചെള്ളുകളിൽ നിന്ന് പകരുന്ന ഒരു അസുഖം ജസ്റ്റീനിയന് ചക്രവർത്തിയുടെ കാലത്ത് താണ്ഡവം തുടങ്ങി . ഒരു മുപ്പത് ശതമാനം ആളുകളെ കൊന്നു തള്ളി .

എ ഡി 1300 ൽ , ബ്ലാക് ഡെത്ത് എന്ന് പേരിട്ട ഈ പ്ലേഗ് , ഏഷ്യയിലും മിഡിൽ ഈസ്റ്റിലും ആളോളെ കൊന്നു തള്ളി , യൂറോപ്പിൽ എത്തി . പഴേ പോലെ ഇരുപത്തഞ്ച് ശതമാനം പേരെ കൊണ്ടങ്ങ് പോയി . ഇത്തവണ ഇരുനൂറ് ലക്ഷം പേര് പോയി കേട്ടോ .

തമാശ അതല്ല . അന്ന് കാലത്ത് , ഇച്ചിരി വൃത്തീം മെനേം ഉള്ള ചില ആളുകൾ താമസിക്കുന്ന സ്ഥലങ്ങളിൽ പ്ലേഗ് അധികം വന്നില്ല . യൂദൻ മാരുടെയും , വേറെ ചില സമുദായക്കാരുടെയും സ്ഥലങ്ങൾ ആയിരുന്നു അവ .

പോരെ പൂരം . ഇവന്മാർ കൂടോത്രം ചെയ്തത് കൊണ്ടാണ് രോഗം പടർന്നത് .

മനുഷ്യർ അങ്ങനെ ആണല്ലോ .

ഡോക്ടർ കാരണം ആണ് രോഗി മരിച്ചത് .

സർക്കാരിന്റെ അനാസ്ഥ കാരണം ആണ് പ്രളയവും , ഭൂമി കുലുക്കവും , നിപ്പ , കിപ്പ , ഒക്കെ വരുന്നത് . അത് നമുക്ക് നിർബന്ധം ആണ് .

അങ്ങനെയൊക്കെ ആവാം . പക്ഷെ ആണെന്ന് വിശ്വസിക്കാൻ ആണ് നമുക്കിഷ്ടം . ആരുടെ എങ്കിലും മേത്ത് ഹോഴ്സ് കയറണമല്ലോ – ഐ മീൻ , കുതിര .

കുറെ ഏറെ മറ്റ് സമുദായക്കാരെ തച്ചു കൊന്നു . കുറെ പേരെ യക്ഷികൾ , ദുര്മന്ത്രവാദികൾ എന്നൊക്കെ പറഞ്ഞ് പീഡിപ്പിച്ചു കൊന്നു . ഇതൊന്നും അന്നൊക്കെ പുതിയ കാര്യമല്ല . ഒക്കെ ഇങ്ങനെ നടക്കും . എന്നിട്ടും കുറെ ഏറെ കാലം ,പ്പ്‌ളേഗ് , യൂറോപ്പിനെ വിറപ്പിച്ചു .

ഏറ്റവും ഭീകരമായ അണു യുദ്ധം , പക്ഷെ വെള്ളക്കാരൻ , അമേരിക്ക കണ്ടു പിടിച്ചേ , എല്ലാരും വായോ എന്ന് പറഞ്ഞു നടത്തിയ അധിനിവേശ കോപ്രായത്തിൽ ആണ് നടന്നത് .

കൊളംബസിന്റെ കപ്പലിൽ ഉണ്ടായിരുന്ന പന്നികളിൽ നിന്ന് ഇൻഫ്ലുൻസ പടർന്നു , കരീബിയൻ ദ്വീപുകളിലെ പകുതി പേരെ കൊന്ന് . കോർട്ടസ് എന്ന ഒരുത്തൻ മെക്സിക്കോയിൽ ചെന്ന് അവിടേം ഇതേ സാധനം കൊടുത്തു . 1521 ൽ ആണ് ഈ സാമദ്രോഹി മുന്നൂറ് പട്ടാളക്കാരുടെ ഒപ്പം , ആസ്റ്റക്ക് ഇന്ത്യൻസിന്റെ റ്റീനോ ചി ചിറ്റ് ലാൻ (ഇന്നത്തെ മെക്സിക്കോ ) എന്ന നഗരത്തിൽ എത്തുന്നത് . മൂന്നു മാസം കഴിഞ്ഞപ്പോ മൂന്ന് ലക്ഷം അസ്റ്റിക്കുകൾ പല പല അസുഖങ്ങൾ ആയി മരിച്ചു ; പ്രധാനമായും സ്മാൾ പോക്സ് . രാജാവ് മോന്റെസുമ അടക്കം . കോർട്ടസ് രാജ്യം പിടിച്ചടക്കുകയും ചെയ്തു കേട്ടോ .

പത്ത് വര്ഷം കഴിഞ്ഞ് പിസാറോ എന്ന സായിപ്പ് ഇൻകാസ് എന്ന പാവം അമേരിന്ത്യൻ വംശജരെ പെറുവിൽ ചെന്ന് ആക്രമിക്കുമ്പോഴേക്കും , സ്മാൾ പോക്സ്, മുൻപേ പറന്നു പകുതിയിൽ അധികം പേരെ കൊന്നു കൊടുത്തു . പിന്നെ ഒരു കലക്ക് കലക്കി , അമേരിക്കയിൽ , ഈ രോഗങ്ങൾ . മീസിൽസ് , ഇൻഫ്ലുൻസ , ടൈഫസ് , ഒക്കെ കൂടി , രണ്ടു അമേരിക്കകളും വെള്ളക്കാരന്റെ കൈയിൽ കൊടുത്തു . അവന്റെ തോക്കും , കുതിരയും ഒക്കെ ഇത്തിരി വിയർത്തു കേട്ടോ .

ഇവിടെ കൃഷി തുടങ്ങിയ വെള്ളക്കാർക്ക് , വേലയ്ക്ക് ആളെ കിട്ടാതായി . ലോക്കൽസ് ഒക്കെ അസുഖം വന്നു പെട്ടന്ന് മരിച്ചു പോകുന്നു . അപ്പോഴേക്കും മലേറിയ , യെല്ലോ ഫേവർ ഒക്കെ ആണ് മെയിൻ വില്ലന്മാർ .അങ്ങനെ ആണ് , ആഫ്രിക്കൻ അടിമ കച്ചവടം തുടങ്ങുന്നത് . മലേറിയക്ക് ഒക്കെ പ്രതിരോധ ശക്തി ഉള്ള ലക്ഷ ക്കണക്കിന് ആഫ്രിക്കക്കാർ , അങ്ങനെ അടിമകളായി അമേരിക്കയിൽ എത്തി .

ചുരുക്കം പറഞ്ഞാൽ , ലോകത്തിന്റെ നേതാക്കന്മാർ ആകാൻ യൂറോപ്യൻ സായിപ്പന്മാരെ ഒരളവു വരെ സഹായിച്ചതാണ് , ഈ അസുഖങ്ങൾ ഉണ്ടാക്കുന്ന അണുക്കൾ . പുതിയ ഭൂ ഖണ്ഡം ആയ അമേരിക്കയിൽ നിന്നുള്ള വരുമാനം ആണല്ലോ അതിന്റെ ഒരു പ്രധാന നാന്ദി ആയത് .

എന്നാൽ അമേരിക്കയിൽ നിന്നും കൊളംബസും മറ്റും ആകെ തിരിച്ചു കൊണ്ട് പോയത് സിഫിലിസ് എന്ന അസുഖം ആയിരുന്നു . അത് ഒരു ഭീകരൻ ആയിരുന്നെങ്കിലും അമേരിക്കൻ ഇന്ത്യക്കാരോട് ചെയ്തതതിനു പകരം ചോദിയ്ക്കാൻ സിഫിലിസിനു ആയില്ല .

എന്നാൽ കോളറ ആയിരുന്നു ഇന്ത്യയുടെ അഭിമാനം . ഇന്ത്യയിൽ നിന്ന് വന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഇവൻ പത്തൊൻപതാം നൂറ്റാണ്ടിൽ , 1830 ൽ , യൂറോപ്പിലും അമേരിക്കയിലും ആഞ്ഞടിച്ചു . ലണ്ടനിൽ മാത്രം , ഏഴായിരം പേര് മരിച്ചു . റഷ്യയിൽ പത്തു ലക്ഷത്തോളം പേര് മരിച്ചു . പക്ഷെ അപ്പോഴേക്കും പതിയെ രോഗഗാണുക്കൾ എന്താണെന്നും , എങ്ങനെ ആണ് പകരുന്നത് എന്നും മനസ്സിലായി തുടങ്ങി . അങ്ങനെ അവ വരുതിയിൽ ആയി .

മലേറിയ പരത്തുന്നത് കൊതുകുകൾ ആണെന്നും , എലിച്ചെല്ലുകൾ ആണ് പ്ളേഗ് വരുത്തുന്നത് എന്നും , വെള്ളത്തിലൂടെ , മലം വഴി ആണ് കോളറ പകരുന്നത് എന്നും മറ്റും മനസ്സിലായാൽ , പ്രതിവിധികൾ ആലോചിക്കാമല്ലോ . ആന്റി ബയിട്ടിക്കുകൾ വരുന്നതിനു മുൻപേ , തന്നെ നമ്മുടെ അറിവ് ആണ് പ്രതിരോധത്തിനു നിദാനം ആയത് .

കേട്ടല്ലോ – ശരിയായ അറിവ് ആണ് . എനിമാ അല്ല .

(ജിമ്മി മാത്യു )