Share The Article

ജിസ ജോസ് (Jisa Jose)എഴുതുന്നു

സൂര്യനെല്ലിയിലെ പെൺകുട്ടിയോട് ഹൈക്കോടതി ചോദിച്ചതും അങ്ങനെയായിരുന്നു , ഓടിപ്പൊയ് ക്കൂടായിരുന്നോ ,ഒച്ച വെച്ച് ആളെക്കൂട്ടിക്കൂടായിരുന്നോ? അതൊന്നും ചെയ്യാത്തത് ആ കൂട്ടബലാൽക്കാരങ്ങൾ ഇഷ്ടപ്പെട്ടതുകൊണ്ട് , ആസ്വദിച്ചതുകൊണ്ട് അല്ലേ ?
എങ്ങോട്ട് ഓടിപ്പോണമായിരുന്നു ?എങ്ങനെ ഓടിപ്പോണമായിരുന്നു? പോയാൽ എന്താകുമായിരുന്നു? കോടതിക്ക് അതൊന്നും ആലോചിക്കേണ്ടതില്ല. പക്ഷേ മനുഷ്യപറ്റുള്ളവർ ആ വിധിക്കും പരാമർശത്തിനുമെതിരെ പ്രതികരിച്ചു ,പ്രതിരോധിച്ചു.

ഇപ്പോൾ വേറൊരു സ്ത്രീയോട് ആൾക്കൂട്ടം അതുതന്നെ ചോദിക്കുന്നു. കുഞ്ഞിനെ കൊലക്കു കൊടുത്തവളെന്ന് അവളുടെ ചോരയ്ക്കു വേണ്ടി ആക്രോശിക്കുന്നു. പോലീസ് മാപ്പുസാക്ഷിയാക്കാൻ തീരുമാനിച്ച ഒരുവളെ പ്രതിയാക്കിയേ മതിയാവൂ എന്ന് ആൾക്കൂട്ടവിചാരണ നടത്തുന്നു. അങ്ങനെ ഓടിപ്പോയിരുന്നെങ്കിൽ അവളുടെയും മക്കളുടെയും സ്ഥിതി എന്താകുമായിരുന്നു? കൊലപാതക വാസനയുള്ള ആ ക്രിമിനൽ അവർ മൂന്നുപേരെ വെറുതെ വിടുമായിരുന്നോ? എന്തൊക്കെ ഭീഷണികളിലൂടെയാവാം അവരെ അയാൾ നിശബ്ദരാക്കിയിരുന്നത്. ?

ഒന്നുമറിയില്ല. അറിയാത്തതിനെക്കുറിച്ച് മിണ്ടാതെയെങ്കിലുമിരുന്നു കൂടേ?

നോർമൽ ആയ ദാമ്പത്യബന്ധത്തിൽ നിന്ന് നിയമപരമായി വേർപിരിഞ്ഞു വരുന്നതു പോലെയല്ല ഇത്തരം ബന്ധങ്ങളിൽ നിന്നു രക്ഷപെടുന്നതെന്നും അതൊട്ടും എളുപ്പമല്ലെന്നും ഊഹിക്കാൻ സാമാന്യബോധം മതി.

അവൾ സ്വന്തം വീട്ടുകാരെ അറിയിച്ചില്ലത്രേ. അറിയിച്ചിരുന്നെങ്കിലോ? Arranged Marriages ൽ പോലും ഭർത്താവുമായി പ്രശ്നമുണ്ട് ,തിരിച്ചുവരും എന്നു സൂചിപ്പിച്ചാൽ എങ്ങനേം അവിടെത്തന്നെ Adjust ചെയ്യ് എന്നുപദേശിക്കുന്ന കുടുംബ വ്യവസ്ഥയിലാണ് സ്വന്തം ഇഷ്ടത്തിന് തെരഞ്ഞെടുത്ത Partner മായി പ്രശ്നമുണ്ടെന്ന് ഒരു പെൺകുട്ടി വീട്ടിൽ വിളിച്ചു പറഞ്ഞാൽ അനുകൂല പ്രതികരണമുണ്ടാകുമെന്നും ഉടനടി അവളെ രക്ഷിക്കുമെന്നുമൊക്കെ പ്രതീക്ഷിക്കാൻ പറ്റുന്നത്.

അവളെ ന്യായീകരിക്കണ്ട ,പക്ഷേ അത്ര തന്നെ അവളെ കല്ലെറിയുകയുമരുത്, അന്വേഷണം പൂർത്തിയാവുന്നതു വരെ ,കുറ്റപത്രം സമർപ്പിക്കുന്നതു വരെയെങ്കിലും .

സ്നേഹവും പ്രണയവും ഭാവിച്ചടുത്തു കൂടി ,സംരക്ഷണം വാഗ്ദാനം ചെയ്ത് കൂടെക്കൂട്ടി ആ പിഞ്ചുകുഞ്ഞുങ്ങളോട് ( ഉറപ്പായും അവരുടെ അമ്മയോടും ) ഈ കൊടുംക്രൂരത കാട്ടിയ ,കാട്ടുന്ന ക്രിമിനലുകൾ രക്ഷപെടില്ലെന്ന സന്ദേശമാണ് ഈ സംഭവം തരേണ്ടത് , അതുറപ്പു വരുത്തേണ്ടത് ജൂഡീഷ്യറിയുമാണ്, ആൾക്കൂട്ടമല്ല .

അവൾ ഇരയാണോ ,പ്രതിയാണോ ,വാദിയാണോ എന്നതൊക്കെ എത്ര അപ്രസക്തം.

  • 19
    Shares
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. നിങ്ങൾക്കും എഴുതാം ബൂലോകത്തിൽ.