Share The Article

Jomol Joseph

സെക്സ് ഭൂരിഭാഗമാളുകളുടേയും ഇഷ്ട വിഷയമാണ്. ആണായാലും പെണ്ണായാലും ശാരീരികമായി ലൈംഗീക വളർച്ചയിലേക്ക് എത്തുന്നതുമുതൽ അവരടുടെ മനസ്സും ശരീരവും ലൈംഗീകത ആഗ്രഹിക്കും. നമ്മൾക്ക് വിശക്കുമ്പോൾ ഭക്ഷണം ആഗ്രഹിക്കുന്നതുപോലെ, ദാഹിക്കുമ്പോൾ വെള്ളം ആഗ്രഹിക്കുന്നതുപോലെ തന്നെ ലൈംഗീകവികാരങ്ങളും ലൈംഗീകചിന്തകളും സ്വാഭാവീകമായി സംഭവിക്കുന്നത് തന്നെയാണ്. അതിനെ തെറ്റെന്ന് മുദ്രകുത്തി ലൈംഗീകചിന്തകളെ കെട്ടിയിട്ട്, ലൈംഗീകവികാരങ്ങളെ കടിച്ചമർത്താനായി നമ്മുടെ സമൂഹത്തിന്റെ പൊതുബോധം നമ്മളെ പറഞ്ഞ് പഠിപ്പിക്കുകയാണ്. ലൈംഗീകവളർച്ച നേടിയിട്ടും ലൈംഗീക വികാരങ്ങൾ വരാത്ത മനസ്സുകൾക്കും ശരീരങ്ങൾക്കും എന്തോ കുഴപ്പമുണ്ട് എന്നാണ് എന്റെ പക്ഷം.

ലൈംഗീക ബന്ധങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ കൃത്യമായ ലൈംഗീകവിദ്യാഭ്യാസം നേടുക എന്നത് ഏറ്റവും ആവശ്യമാണ്. ഇന്നും പലരും ലൈംഗീകത സംബന്ധിച്ച് പല മിഥ്യാധാരണകളും, അബദ്ധ ധാരണകളും കൊണ്ടു നടക്കുന്നത് കൃത്യമായ ലൈംഗീക വിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ട് തന്നെയാണ്. വളർന്നു വരുന്ന കുട്ടികൾക്ക് വളർച്ചയുടെ ഓരോ ഘട്ടത്തിലും കൃത്യമായ, ശരിയായ ലൈംഗീക വിദ്യാഭ്യാസം നൽകേണ്ടത് മാതാപിതാക്കളുടേയും അദ്ധ്യാപകരുടേയും കടമയും, ലൈംഗീക വിദ്യാഭ്യാസം സിലബസിന്റെ ഭാഗമാക്കേണ്ടത് ഉന്നത നിലവാരമുള്ള ഒരു സമൂഹത്തിന്റെ ആവശ്യവുമാണ്.

സത്രീപുരുഷ ലൈംഗീകത മാത്രമല്ല, പുരുഷനും പുരുഷനും, സ്ത്രീയും സ്ത്രീയും, പുരുഷനും ഒന്നിലധികം സ്ത്രീകളും, ഒരു സ്ത്രീയും ഒന്നിലധികം പുരുഷൻമാരും, ഒന്നിലധികം സ്ത്രീകളും ഒന്നിലധികം പുരുഷൻമാരും ഉൾപ്പെടുന്നതും ആയ നിരവധി തരത്തിലുള്ള ലൈംഗീക ബന്ധങ്ങൾ നിലവിലുണ്ട്. അത് മാത്രമല്ല സെക്സ് പൊസിഷനുകളും, സെക്സ് രീതികളിലും തുടങ്ങി പലർക്കും പല രീതികളോടാകും താൽപര്യം. കൂടാതെ ഓറൽ സെക്സ് തുടങ്ങിയ പല രീതികളും സ്വാഭാവികമായ ലൈംഗീക ബന്ധത്തിന്റെ ഭാഗം തന്നൊണ് താനും. ഏത് രീതിയിലുള്ള സെക്സ് തിരഞ്ഞെടുക്കണം എന്നതും, ഏത് തരം പൊസിഷനുകൾ തിരഞ്ഞെടുക്കുന്നു തുടങ്ങി സെക്സ് സംബന്ധമായ എന്തും തീരുമാനിക്കപ്പെടേണ്ടത് പങ്കാളികളുടെ താൽപര്യപ്രകാരം തന്നെയാകണം.

അതോടൊപ്പം തന്നെയാണ് സ്വയംഭോഗവും, മിക്കവർക്കും ഒഴിച്ചുകൂടാത്ത ലൈംഗീക താൽപര്യം തന്നെയാണ് പലർക്കും. ലൈംഗീകമായി ഒരു വ്യക്തിയോ വ്യക്തികളോ നടത്തുന്ന ഇടപെടലുകൾ മറ്റൊരാൾക്ക് ശല്യമാകാത്തിടത്തോളം, ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്തിടത്തോളം അയാളുടെയോ അവരുടേയോ ലൈംഗീകഇടപെടൽ ആ വ്യക്തിയുടെയോ വ്യക്തികളുടേയോ മാത്രം വ്യക്തിസ്വാതന്ത്ര്യമായി കാണാനാണ് എനിക്കിഷ്ടം. അങ്ങനെയാണ് കാണേണ്ടതും. അതിൽ മറ്റൊരു വ്യക്തി അഭിപ്രായം പറയുന്നതു പോലും ശുദ്ധ വിവരക്കേടാകും.

പരസ്പര താൽപര്യപ്രകാരമല്ലാത്ത ഏതൊരു നിർബന്ധിത ഇടപെടലുകളും പങ്കാളികളിൽ മടുപ്പ് ഉളവാക്കുന്നതിന് മാത്രമേ കാരണമാകൂ. ലൈംഗീകതയെന്നത് ആസ്വാദനമാകണം, അതിനുമപ്പുറം പിടിച്ചെടുക്കലോ പിടിച്ചടക്കലോ ആക്രമിക്കലോ കീഴ്പ്പെടുത്തലോ കീഴടങ്ങലോ ആയി മാറുന്ന ലൈംഗീകത ഒരിക്കലും ആസ്വാദ്യകരമാകില്ല.

വാൽസ്യായന മഹർഷിയെഴുതിയ കാമശാസ്ത്രം തന്നെയാണ് സെക്സ് സംബന്ധമായ അടിസ്ഥാന ഗ്രന്ധമായി ഇന്നത്തെ കാലത്തും മിക്കവരും പരിഗണിക്കുന്നത്. എന്നാൽ ആ പുരാതന കാലത്തുനിന്നും ഇന്നിന്റെ പുരോഗമനകാലത്തിലേക്ക് തലമുറകൾ മാറി നമ്മളെത്തിപ്പെട്ടപ്പോൾ, സംസ്കാരത്തിന് കോട്ടം തട്ടുമെന്നും, തട്ടിയെന്നും പറഞ്ഞ് വിലപിക്കുന്നവരെ കാണുമ്പോൾ നമ്മളൊക്കെ ഏത് നാട്ടിലാണ് ജീവിക്കുന്നതെന്ന സംശയം പലപ്പോഴും തോന്നാറുണ്ട്. മാത്രമല്ല അമ്പലചുമർ ചിത്രകലയുടെ ഭാഗമായി ഗ്രൂപ്പ് സെക്സും, ലെസ്ബിയൻ സെക്സും, ഗേസെക്സും, ഓറൽ സെക്സും ഒക്കെ ശില്പരൂപത്തിൽ പ്രചരിപ്പിക്കപ്പെട്ടിരുന്ന കാലത്ത് നിന്നും, സെക്സ് എന്ന് പറയാൻ പോലും മടികാണിക്കപ്പെടുന്ന ആധുനീക ഇന്ത്യയിലാണ് നമ്മൾ ജീവിക്കുന്നത് എന്നത് നമ്മളൊക്കെ വിളിച്ച് കൂവുന്ന സംസ്കാരിക നിലവാരത്തെ തന്ന ചോദ്യം ചെയ്യുന്നതായും എനിക്ക് തോന്നുന്നു.

(തുടരും)
നബി – അവസരങ്ങൾ ലഭിക്കാത്തവർക്ക് അവസരം ലഭിക്കുന്നവരോട് തോന്നുന്ന കുത്തിക്കഴപ്പ് മാത്രമാണ് കപട ലൈംഗീക സദാചാരവാദം

ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.