നവലിബറല്‍ നയങ്ങളുടെ നടത്തിപ്പും പാര്‍ലമെന്റ് തിരഞ്ഞെടുപ്പും

കെ എ വേണുഗോപാലന്‍

(ചിന്ത വാരികയിൽ പ്രസിദ്ധീകരിച്ചത് )

പതിനേഴാമത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിശിഷ്യാ സിപിഐ എമ്മിന് ഉണ്ടായിട്ടുള്ള പരാജയവും നവലിബറല്‍ നയങ്ങളുടെ നടത്തിപ്പും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കപ്പെട്ട രാജ്യങ്ങളിലൊക്കെ അത് ജനസമൂഹങ്ങളെ പുന:സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഇന്ത്യക്കും ബാധകമാണ്. കഴിഞ്ഞ നാലു ദശകങ്ങളിലായി ഇന്ത്യക്കും ഈ പുന:സംഘാടനത്തിന് വിധേയമാകേണ്ടിവന്നിട്ടുണ്ട്. ഈ പുന:സംഘാടനത്തിന്റെ ഫലം ഇന്ത്യയിലെ തൊഴിലാളിവര്‍ഗം അരികുവല്‍ക്കരിക്കപ്പെട്ടു എന്നതാണ്. പ്രഭാത് പട്‌നായക് ചൂണ്ടിക്കാണിച്ചതുപോലെ, ”തൊഴിലാളിവര്‍ഗത്തിനുമേല്‍ കടുത്തഭാരം അടിച്ചേല്‍പ്പിക്കുന്നതിനൊപ്പം, തൊഴിലാളികളെ ശിഥിലീകരിക്കുകയും അണുവത്കരിക്കുകയും ചെയ്യുന്ന പ്രവണതയും നവലിബറലിസത്തിനുണ്ട്. ചെറുത്തുനില്‍ക്കാനുള്ള തൊഴിലാളികളുടെ ശേഷി ദുര്‍ബലമാക്കുന്നതിനുവേണ്ടിയാണത്.” തൊഴിലാളിവര്‍ഗം ശിഥിലീകരിക്കപ്പെടുകയും അണുവത്കരിക്കപ്പെടുകയും ചെയ്താല്‍ അത് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ടിയായ കമ്യൂണിസ്റ്റ് പാര്‍ടിയേയും ബാധിക്കും എന്നതില്‍ സംശയമില്ല.
സി പി ഐ എം കേന്ദ്രകമ്മിറ്റി 2015ല്‍ നിയോഗിച്ച മൂന്ന് പഠനഗ്രൂപ്പുകള്‍ തൊഴിലാളി-കര്‍ഷക ഇടത്തരം ജനവിഭാഗങ്ങള്‍ക്കിടയില്‍ വന്ന മാറ്റങ്ങളെ സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ ഇക്കാര്യത്തില്‍ ആശ്രയിക്കാവുന്ന രേഖകളാണ്. തൊഴിലാളി രംഗത്തുവന്ന ഘടനാപരം എന്ന് വിശേഷിപ്പിക്കാവുന്ന മാറ്റങ്ങള്‍ എന്തൊക്കെ? വര്‍ഗപരമായി തൊഴിലാളി വര്‍ഗത്തെ സംഘടിപ്പിക്കുന്നതില്‍ നവലിബറല്‍ മുതലാളിത്തം സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ എന്തൊക്കെ? തൊഴിലാളിവര്‍ഗത്തിനിടയില്‍ പോലും ജാതീയതയും വര്‍ഗീയതയും സ്വത്വവാദവും ഇടം നേടുന്നത് എന്തുകൊണ്ട്?
തൊഴിലാളിവര്‍ഗം ആര്‍ജിത സംസ്‌കാരത്തില്‍ നിന്നും അവകാശ ബോധത്തില്‍ നിന്നും വര്‍ഗബോധത്തിലേക്കും തുടര്‍ന്ന് രാഷ്ട്രീയബോധത്തിലേക്കും വളരുന്നതില്‍ വന്‍കിടവ്യവസായശാലകള്‍ വഹിക്കുന്ന പങ്കിനെ കുറിച്ച് കാള്‍മാര്‍ക്‌സ് തത്ത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം എന്ന കൃതിയില്‍ പ്രതിപാദിച്ചിട്ടുണ്ട്. അത് ഇപ്രകാരമാണ്:
”വന്‍കിട വ്യവസായം പരസ്പരം പരിചയമില്ലാത്ത വലിയൊരു ജനക്കൂട്ടത്തെ ഒരിടത്ത് ഒന്നിച്ചു കൂട്ടുന്നു. മത്സരം അവരുടെ താല്പര്യങ്ങളെ വിഭക്തമാക്കുന്നു. പക്ഷേ കൂലി നിലനിര്‍ത്തുകയെന്ന ആവശ്യം- തങ്ങളുടെ മേലാളനെതിരായ അവരുടെ ഈ പൊതുതാല്പര്യം- അവരെ ചെറുത്തു നില്ക്കുകയെന്ന ഒരു പൊതുചിന്തയില്‍-സംഘം ചേരലില്‍-ഒരുമിപ്പിച്ചു നിര്‍ത്തുന്നു. അങ്ങനെ സംഘം ചേരലില്‍ എപ്പോഴും മുതലാളിയുമായുള്ള പൊതുമത്സരം നടത്തിക്കൊണ്ടു പോകുന്നതിനായി തൊഴിലാളികള്‍ തമ്മില്‍ത്തമ്മിലുള്ള മത്സരം അവസാനിപ്പിക്കുകയെന്ന ഒരു ഇരട്ടലക്ഷ്യമാണുള്ളത്. ചെറുത്തുനില്‍പ്പിന്റെ ആദ്യത്തെ ലക്ഷ്യം കൂലി നിലനിര്‍ത്തുകയെന്നതുമാത്രമായിരുന്നു. എന്നാല്‍ തൊഴിലാളികളെ അടിച്ചമര്‍ത്താന്‍ വേണ്ടി മുതലാളിമാര്‍ ഒന്നിക്കുന്നതോടെ ആദ്യമാദ്യം ഒറ്റപ്പെട്ടുനിന്നിരുന്ന സംഘങ്ങള്‍ ഗ്രൂപ്പുകളായി ചേരുന്നുണ്ട്. സദാ യോജിച്ചു നില്‍ക്കുന്ന മൂലധനത്തിന്റെ മുന്നില്‍ തങ്ങളുടെ കൂട്ടുകെട്ട് നിലനിര്‍ത്തുകയെന്നത് പ്രധാനപ്പെട്ട സംഗതി ആയിത്തീരുകയും ചെയ്യുന്നു. തൊഴിലാളികള്‍ തങ്ങളുടെ സംഘടനയ്ക്കുവേണ്ടി കൂലിയുടെ നല്ല ഒരു ഭാഗം ചെലവഴിക്കുന്നതുകാണുമ്പോള്‍ ഇംഗ്ലീഷ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിസ്മയചകിതരാകുന്നുവെന്നതില്‍നിന്ന് ഇതെത്ര സത്യമാണെന്ന് ഊഹിക്കാന്‍ കഴിയും. ഈ സംഘടനകള്‍ ഈ സാമ്പത്തിക ശാസ്ത്രജ്ഞരുടെ ദൃഷ്ടിയില്‍ വെറും കൂലിക്കുവേണ്ടി മാത്രമുള്ളതാണ്. ശരിക്കൊരു ആഭ്യന്തര യുദ്ധമെന്ന് പറയാവുന്ന ഈ സമരത്തില്‍ വരാനിരിക്കുന്ന ഒരു പോരാട്ടത്തിന്റെ എല്ലാം അംശങ്ങളും ഒത്തുചേരുകയും വളര്‍ന്നുവികസിക്കുകയും ചെയ്യുന്നുണ്ട്. ഈ ഘട്ടത്തിലെത്തിക്കഴിയുമ്പോള്‍ സംഘടനയ്ക്ക് ഒരു രാഷ്ട്രീയ സ്വഭാവം കൈവരുന്നു”
വന്‍കിട വ്യവസായങ്ങളും അതിന്റെ സ്വകാര്യ ഉടമസ്ഥതയും അപരിചിതരായ മനുഷ്യരെ തമ്മില്‍ തമ്മിലുള്ള വൈരുധ്യങ്ങള്‍ അവസാനിപ്പിച്ച് സംഘടിക്കാനും പോരാടാനും സഹായിക്കുന്നതെങ്ങനെ എന്ന് വ്യക്തമാക്കുന്നതാണ് മാര്‍ക്‌സിന്റെ വരികള്‍. ജാതീയതയും വര്‍ഗീയതയും വിട്ട് വര്‍ഗബോധത്തിലേക്ക് തൊഴിലാളികളെ ഉയരാന്‍ നിര്‍ബന്ധിതരാക്കുന്നത് മുതലാളിത്തമാണ്; അതിനെതിരായ പോരാട്ടമാണ്. നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കാന്‍ ആരംഭിച്ച ഇന്ത്യയില്‍ തൊഴിലാളി വര്‍ഗത്തിന്റെ സ്ഥിതിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ എന്ത് എന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയിലെ മുതലാളിത്ത വികസനത്തിന്റെ ഇന്നത്തെ ദശയില്‍ തൊഴിലാളിവര്‍ഗത്തിന്റെ എണ്ണം കുറയുകയല്ല കൂടുകതന്നെയാണ് ചെയ്യുന്നത്. ഈ വര്‍ദ്ധനവുണ്ടാവുന്നത് സംഘടിത വ്യവസായങ്ങളിലല്ല മറിച്ച് അസംഘടിത മേഖലകളിലാണ്.
110ലക്ഷത്തോളം ആളുകളാണ് സംഘടിത മേഖലയിലെ ഫാക്ടറികളില്‍ പണിയെടുക്കുന്നത്. മൂന്നുകോടിയില്‍ താഴെ ആളുകളാണ് സ്ഥിരം സംഘടിതമേഖലയില്‍ തൊഴില്‍ ചെയ്യുന്നത്. അവരില്‍ 120 ലക്ഷം പേര്‍ മാത്രമാണ് അതിവേഗം വളരുന്ന സ്വകാര്യമേഖലയില്‍ പണിയെടുക്കുന്നത്. 1991ല്‍ നവലിബറല്‍ നയവാഴ്ചക്ക് തുടക്കം കുറിച്ചതോടെ പൊതുമേഖലയില്‍ തൊഴിലുകള്‍ 20ലക്ഷത്തിലധികം കുറഞ്ഞിട്ടുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ഈ കുറവില്‍ ഏറെയും വ്യാവസായിക മേഖലയിലാണെന്നതാണ്. അതേസമയം, സ്വകാര്യമേഖലയിലെ സ്ഥിരം തൊഴിലുകളിലെ വര്‍ധന ഏകദേശം 40 ലക്ഷം മാത്രവുമാണ്. (റിപ്പോര്‍ട്ട്)
ഇങ്ങനെ തൊഴില്‍ മേഖലയില്‍ സംഘടിത തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുണ്ടാവുകയും മറുഭാഗത്ത് അസംഘടിത തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുകയും ചെയ്യുന്നതിന് പുറമെ തൊഴിലാളികളുടെ വര്‍ഗബോധം രൂപപ്പെടുത്തുന്നതില്‍ വിഘാതം നില്‍ക്കുന്ന മറ്റൊരു ഘടകം കൂടി നവലിബറല്‍ നയങ്ങളുടെ ഭാഗമായി വളര്‍ന്നുവന്നിട്ടുണ്ട്:
”നവലിബറല്‍ നയങ്ങള്‍ക്കുകീഴില്‍ തൊഴില്‍ ബന്ധങ്ങളുടെ രൂപം വലിയ തോതില്‍ മാറിയിരിക്കുകയാണ്. വലിയൊരു വിഭാഗം തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വ്യക്തവും തിരിച്ചറിയാവുന്നതുമായ തൊഴിലുടമ-തൊഴിലാളി ബന്ധം നിലവിലില്ല. സ്വകാര്യമേഖലയില്‍ മാത്രമല്ല പൊതുമേഖലയിലും ഗവണ്‍മെന്റ് മേഖലയിലും ഇതാണവസ്ഥ. സംഘടിത മേഖലയിലെ അസംഘടിത വിഭാഗം തൊഴിലാളികളുടെ, അതായത് ആപത്കരമായ തൊഴില്‍ സാഹചര്യങ്ങളുള്ളവരും തൊഴില്‍ സുരക്ഷയില്ലാത്തവരും വരുമാനസുരക്ഷ ഇല്ലാത്തവരും നിയമപരമായ സംരക്ഷണം ഇല്ലാത്തവരും ആയ തൊഴിലാളികളുടെ അനുപാതം നവലിബറല്‍ വാഴ്ചയില്‍ വര്‍ധിച്ചിരിക്കുകയാണ്.”
ഇതിനുപുറമെയാണ് കരാര്‍ സമ്പ്രദായം സമസ്തമേഖലകളിലേക്കും കടന്നുവന്നത്. ഉദാരവത്കരണകാലഘട്ടത്തിനു മുമ്പ് കരാര്‍ സമ്പ്രദായം വൈദഗ്ധ്യം കുറച്ചുമാത്രം ആവശ്യമായ തൊഴിലുകളില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്നുവെങ്കില്‍ ഇന്നത് ഉന്നത സ്ഥാനങ്ങളിലൊഴികെ മിക്കവാറും എല്ലാ മേഖലകളിലേക്കും വ്യാപിച്ചിരിക്കുന്നു. പൊതുമേഖലായൂണിറ്റുകളില്‍ 50 ശതമാനത്തോളവും സ്വകാര്യമേഖലയില്‍ 70ശതമാനത്തിലധികവും കരാര്‍ തൊഴിലാളികളാണ്. ഓഫ്‌ലോഡിങ്/ഔട്ട്‌സോഴ്‌സിങ്/ഉല്പാദന പ്രക്രിയയുടെ തന്നെ വികേന്ദ്രീകരണവും ശകലീകരണവും തുടങ്ങിയ നൂതന സംവിധാനങ്ങള്‍ മൂലം തൊഴിലാളികളുടെ സംഘാടനവും ഏകീകരണവും ദുര്‍ഘടമാക്കുന്ന സ്ഥിതിയും സംജാതമായിരിക്കുന്നു.
ഇതിന്റെയൊക്കെ ഫലമായി കര്‍ഷകത്തൊഴിലാളികള്‍ ഒഴികെ മറ്റെല്ലാ വിഭാഗം അസംഘടിത തൊഴിലാളികളുടെയും എണ്ണം നവലിബറല്‍ വാഴ്ചയില്‍ വര്‍ധിച്ചിരിക്കുന്നു. അസംഘടിത തൊഴിലാളികള്‍, മൊത്തം തൊഴിലാളികളുടെ 94 ശതമാനം വരുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.പാരമ്പര്യാര്‍ജിത ജാതി-മതബോധങ്ങളില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും വിട്ട് പുതിയൊരു തൊഴിലാളിവര്‍ഗമായി ഇവര്‍ മാറണമെങ്കില്‍ ഒന്നിച്ചുള്ള ജീവിതവും സംഘടിത സ്വഭാവവും പോരാട്ടവുമൊക്കെ ആവശ്യമാണ്. അതില്ലാത്തിടത്തോളം കാലം ആര്‍ജിതബോധവുമായി മുന്നോട്ടുപോകുന്ന, വര്‍ഗബോധവും രാഷ്ട്രീയബോധവും ആര്‍ജിക്കാനാവാത്ത ഒരു വിഭാഗമായി ഇവര്‍ തുടരും. ഇവരില്‍ ചെറിയൊരു വിഭാഗത്തെ സംഘടിപ്പിക്കാന്‍ മാത്രമേ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുള്ളു എന്ന കുറവാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. മുതലാളിത്തജാതീയത വര്‍ഗബോധം അങ്കുരിക്കുന്നതില്‍ നിന്ന് അസംഘടിത തൊഴിലാളിവര്‍ഗത്തെ മാറ്റി നിര്‍ത്തുന്നു.
അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഐടി മേഖലയില്‍ സ്ഥിതി വ്യത്യസ്തമാണ്. ഇവര്‍ മെച്ചപ്പെട്ട വേതനം ലഭിക്കുന്നവരാണ്. എന്നാല്‍ ചൂഷണവിധേയരുമാണ്. കമ്പനി ഈടാക്കുന്ന തുകയുടെ പത്തുശതമാനം മാത്രമാണ് ജീവനക്കാര്‍ക്ക് വിഹിതമായി കിട്ടുന്നത്. എന്നിരിക്കിലും റിപ്പോര്‍ട്ടില്‍ പറയുന്നത്, ”ഈ ഐടി ജീവനക്കാര്‍ പൊതുവെയുള്ള ജീവനക്കാരുമായി തങ്ങളെ താരതമ്യപ്പെടുത്താന്‍ തയ്യാറല്ല. താരതമ്യേന മെച്ചപ്പെട്ട വേതനവും തൊഴിലിടത്തിന്റെ പരിസരവും മറ്റും ചൂഷണത്തിന് മറയിടാന്‍ പറ്റിയവിധമാക്കുകയും നവലിബറല്‍ നയങ്ങളുടെ നേട്ടങ്ങളെ കുറിച്ച് അവരില്‍ വ്യാമോഹം സൃഷ്ടിക്കുകയും ചെയ്യുന്നു. പൊതുവില്‍ ട്രേഡ് യൂണിയനുകളില്‍ ചേരാന്‍ അവര്‍ വിമുഖരാണ്. തൊഴില്‍ മാറ്റവും വ്യക്തിഗതമായ വിലപേശലുമാണ് ട്രേഡ് യൂണിയനുകളില്‍ സംഘടിക്കുന്നതിനേക്കാള്‍ മികച്ച പോംവഴി എന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്.” വര്‍ഗബോധം പ്രാഥമികമായി അങ്കുരിപ്പിക്കാനുതകുന്ന ട്രേഡ് യൂണിയനുകളില്‍ അണിനിരക്കാന്‍ പോലും ആധുനികരായ ഈ തൊഴിലാളിവര്‍ഗം തയ്യാറാവുന്നില്ല എന്നത് അവരിലെ ആര്‍ജിതസംസ്‌കാരത്തെയും അവബോധത്തെയും മാറ്റുന്നതിന് തടയിടുന്നു.
ഈ കാര്യം റിപ്പോര്‍ട്ട് താഴെ പറയും പ്രകാരം വിശദീകരിച്ചിരിക്കുന്നു;
”തൊഴിലാളിവര്‍ഗത്തിന്റെ ഈ അവസ്ഥകള്‍ ഈ വര്‍ഗത്തിനുള്ളില്‍ നിരവധി പിന്തിരിപ്പന്‍ പ്രത്യയശാസ്ത്ര-സാംസ്‌കാരിക പ്രവണതകള്‍ വളര്‍ന്നുവരാനുള്ള വളക്കൂറുള്ള മണ്ണൊരുക്കുന്നു; അവരുടെ ബോധ മണ്ഡലത്തിന്റെ ഭാഗമായി ഇപ്പോള്‍തന്നെ നിലനില്‍ക്കുന്ന അത്തരം ആശയങ്ങള്‍ ശക്തിപ്പെടുന്നതിനും ഈ അവസ്ഥ ഇടയാക്കുന്നു. കോര്‍പ്പറേറ്റ് നിയന്ത്രിത ദൃശ്യമാധ്യമങ്ങള്‍ ഇത്തരം പിന്തിരിപ്പന്‍ പ്രത്യയശാസ്ത്രങ്ങളെയും സാംസ്‌കാരിക വ്യവഹാരങ്ങളെയും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്; തൊഴിലാളിവര്‍ഗത്തിലെ വലിയൊരു വിഭാഗത്തെ സ്വാധീനിക്കാനും അവയ്ക്ക് കഴിയുന്നുണ്ട്. വ്യക്തിഗതമായ വിജയങ്ങളുമായി ബന്ധപ്പെട്ട ഒറ്റപ്പെട്ട കേസുകളെ മഹത്വവല്‍ക്കരിക്കാന്‍ മാധ്യമങ്ങള്‍ ബോധപൂര്‍വം പരിശ്രമിക്കുന്നുണ്ട്. കൂട്ടായ പരിശ്രമങ്ങളെ, വിശിഷ്യാ ട്രേഡ്‌യൂണിയനുകളിലൂടെയുള്ളവയെ അപഹസിക്കാനും ഇവ ശ്രമിക്കുന്നു. തൊഴിലാളിവര്‍ഗത്തിലെ ചില വിഭാഗങ്ങള്‍ക്കിടയില്‍ വിശേഷിച്ച്, വ്യക്തിഗതമായ പരിശ്രമങ്ങളില്‍ വിശ്വസിക്കാന്‍ തല്‍പരരും ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാനുള്ള താല്‍പര്യം പ്രകടിപ്പിക്കാത്തവരുമായ, അഭ്യസ്തവിദ്യരും ചെറുപ്പക്കാരുമായ ഇടത്തരം വര്‍ഗങ്ങളില്‍പെട്ടവര്‍ക്കിടയില്‍ വ്യാമോഹം സൃഷ്ടിക്കുന്നതിന് ഈ മാധ്യമ പ്രചരണത്തിന് കഴിയുന്നുണ്ട്. മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്ന സംഘടിത മേഖലയിലെ ജീവനക്കാരിലെ വിഭാഗങ്ങള്‍ക്കിടയില്‍ ഒഴിവുസമയം ചെലവഴിക്കുന്ന കാര്യത്തിലും ഉപഭോഗത്തിലും മറ്റുമെല്ലാം മാറ്റവുമുണ്ട്. ജാതിയുടെയും മതത്തിന്റെയും ഇത്തരം സ്വത്വാധിഷ്ഠിത സംഘടനകളുടെയും സ്വാധീനം തൊഴിലാളിവര്‍ഗത്തിനിടയില്‍ വര്‍ധിച്ചിരിക്കുകയാണ്; ഇത് വര്‍ഗാധിഷ്ഠിത ഐക്യത്തെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്.”’
ഇടത്തരം വര്‍ഗം ഇന്ത്യയില്‍ രൂപം കൊണ്ടതെങ്ങനെ എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ”മുതലാളിത്തത്തിന്റെ ഉല്‍പ്പന്നമാണ് ഇടത്തരം വര്‍ഗം. സ്വാതന്ത്ര്യത്തിനുമുമ്പുള്ള ഘട്ടത്തില്‍ ഇടത്തരം വര്‍ഗം രൂപം കൊണ്ടത് കാര്‍ഷികേതര സവര്‍ണ്ണജാതി വിഭാഗങ്ങളില്‍ നിന്നാണ്. സ്വാതന്ത്ര്യാനന്തരകാലഘട്ടത്തില്‍, കാര്‍ഷിക പരിഷ്‌കരണം മൂലം ഇടത്തരം വര്‍ഗങ്ങള്‍ വികസിച്ചു; കാര്‍ഷിക വര്‍ഗങ്ങളിലെ ഭൂപരിഷ്‌കരണത്തിന്റെ ഗുണഭോക്താക്കളായ വിഭാഗങ്ങള്‍ കൂടി ഇടത്തരക്കാരുടെ അണികളില്‍ എത്തിച്ചേരുന്നു. 1980കളോടെ പിന്നോക്ക ജാതിക്കാരിലും ദളിതര്‍ക്കിടയിലും സമ്പന്നരും ഇടത്തരം വര്‍ഗങ്ങളും വികസിക്കുകയും വിപുലമാവുകയും ചെയ്തു. (സംവരണം മൂലം)1990കളില്‍ നവലിബറല്‍ നയങ്ങളുടെ വരവോടുകൂടി സേവനമേഖല ദ്രുതഗതിയില്‍ വളര്‍ന്നത്, പുത്തന്‍ ഇടത്തരം വര്‍ഗങ്ങളുടെ രൂപം കൊള്ളലിലേക്ക് നയിച്ചു.” (റിപ്പോര്‍ട്ട്)
ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയില്‍ മുതലാളിത്ത വളര്‍ച്ചയുടെ ഭാഗമായി ഇടത്തരക്കാര്‍ എണ്ണത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് കാര്‍ഷികേതര സവര്‍ണ വിഭാഗങ്ങളില്‍ നിന്ന് രൂപം കൊള്ളുകയും സ്വാതന്ത്ര്യസമരത്തിലടക്കം വലിയ പങ്കുവഹിക്കുകയും ചെയ്തവരാണ് ഇവരില്‍ വലിയൊരു പങ്കും. സ്വാതന്ത്ര്യാനന്തരം നടന്ന കാര്‍ഷിക പരിഷ്‌കരണ നടപടികളിലൂടെ ഭൂസ്വത്തിന്റെ അവകാശികളായി മാറിയ മറ്റൊരു വിഭാഗം കൂടി ഇവരുടെ കൂടെ അണിനിരന്നു, ഇവരും പൊതുവില്‍ പുരോഗമന ചിന്താഗതിക്കാരായിരുന്നു. ഇതോടൊപ്പം തന്നെ വിദ്യാഭ്യാസരംഗത്തും സര്‍ക്കാര്‍ നിയമനങ്ങളിലും ഏര്‍പ്പെടുത്തിയ സംവരണത്തിന്റെ ഭാഗമായി ദളിത് ജനവിഭാഗത്തിലും പിന്നോക്കജാതികളിലും പെട്ട ഒരു ചെറിയ വിഭാഗവും ഇടത്തരക്കാരായി മാറി. എന്നാല്‍ നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കാനാരംഭിച്ചതോടെ ഒരു പുത്തന്‍ മധ്യവര്‍ഗം തന്നെ ഇന്ത്യയില്‍ വളര്‍ന്നു വന്നു. മാത്രമല്ല നിലനിന്നിരുന്ന മധ്യവര്‍ഗത്തിന്റെ സ്വഭാവത്തിലും നവലിബറല്‍ നയങ്ങള്‍ സ്വാധീനം ചെലുത്തുകയുണ്ടായി.
പൊതുമേഖല സംരംഭങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ ഉയര്‍ന്ന ശമ്പളം പറ്റുന്നവരാണ്. അവരില്‍ പലരും തൊഴിലാളികളായല്ല, മറിച്ച് ഇടത്തരക്കാരായാണ് സ്വയം വിലയിരുത്തുന്നത്. ഇവരില്‍ വലിയൊരു പങ്കും തൊഴിലാളി വര്‍ഗപ്രസ്ഥാനത്തില്‍ നിന്നും അകലുകയും നവലിബറല്‍ നയങ്ങളെ അംഗീകരിക്കുന്നവരായി മാറുകയും ചെയ്തിരിക്കുന്നു. ട്രേഡ് യൂണിയനില്‍ നിന്നകലുക എന്നാല്‍ പ്രാഥമികമായ വര്‍ഗബോധത്തില്‍ നിന്ന് അകലുകയും ആര്‍ജിത സംസ്‌കാരത്തിന് അടിപ്പെട്ടു പോവുകയും ചെയ്യുക എന്നുതന്നെയാണര്‍ത്ഥം.
തുടര്‍ന്ന് റിപ്പോര്‍ട്ട് നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കപ്പെട്ടതിന്റെ ഫലമായി വളര്‍ന്നുവന്ന പുത്തന്‍ ഇടത്തരക്കാരെയും അവരുടെ സവിശേഷതകളെയും കുറിച്ച് വിവരിക്കുന്നു. ”ആഗോളവത്കരണത്തിന്റെ സ്വാധീനത്തിന്റെ അനന്തര ഫലമെന്ന നിലയില്‍ ഉയര്‍ന്നു വന്ന ഈ വര്‍ഗം പ്രാഥമികമായും സേവന മേഖലയിലാണ് ഇടപെടുന്നത്; അവരെ പുത്തന്‍ ഇടത്തരം വര്‍ഗം എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ വര്‍ഗവുമായി ബന്ധപ്പെട്ട മൂല്യങ്ങളും അവരുടെ ആഗ്രഹാഭിലാഷങ്ങളുമാണ് സമൂഹത്തിലുടനീളം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ഇതൊരു പുതിയ സംഭവവികാസമാണ്.” നവജാതീയതയുമായി ബന്ധപ്പെട്ട് ഇവരുടെ സംഘടനാ പ്രവര്‍ത്തനവും സാംസ്‌കാരിക അവബോധവും വിലയിരുത്തേണ്ടതുണ്ട്. സംഘടനാവത്കരണം തൊഴിലാളിവര്‍ഗത്തെ സംബന്ധിച്ചേടത്തോളം പ്രാഥമികമായി നടക്കേണ്ടത് ട്രേഡ് യൂണിയനുകളിലൂടെയാണ്. ജാതി-മതബോധം വിട്ട് വര്‍ഗബോധത്തിലേക്ക് തൊഴിലാളിയും അതിലെ സമ്പന്നവിഭാഗം എന്നുവിശേഷിപ്പിക്കാവുന്ന ഇടത്തരക്കാരുമൊക്കെ ഉയരുന്നത് ട്രേഡ് യൂണിയന്‍, സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് അക്കാര്യം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ”ജോലിയുടെ പാരമ്പര്യബദ്ധമല്ലാത്ത പ്രകൃതവും തൊഴിലിന്റെയും തൊഴില്‍ ക്ഷമതയുടെയും വൈവിധ്യവും സേവനമേഖലയിലെ ജോലിയുടെ സ്വഭാവവും അതിഭീമമാണ്; അതുകൊണ്ട് കൂലി വര്‍ധിപ്പിക്കാനും കരിയര്‍ മെച്ചപ്പെടുത്താനും ജീവനക്കാര്‍ക്ക് നിരന്തരം തൊഴിലുടമയെയും പ്രൊഫഷനെയും മാറ്റേണ്ടതായിവരുന്നു. സ്ഥിരം തൊഴിലിന്റെ സ്ഥാനത്ത് സ്ഥിരമല്ലാത്ത തൊഴില്‍ ശൈലി പ്രതിഷ്ഠിക്കപ്പെടുന്നു. കൂലി വര്‍ധിപ്പിക്കുന്നതിനുള്ള സമരത്തിന് പകരം ജോലിയില്‍ മാറ്റം എന്ന രീതി നിലവില്‍ വരുന്നു. ആയതിനാല്‍ ‘സംഘടിതരാവുക’ എന്നത് ഒരു പഴഞ്ചന്‍ ഏര്‍പ്പാടായി കരുതപ്പെടുന്നു. കൂട്ടായ വിലപേശല്‍, യൂണിയന്‍വല്‍ക്കരണം എന്നിത്യാദി സങ്കല്പനങ്ങള്‍ സ്വീകരിക്കപ്പെടേണ്ടതില്ലാത്ത ആശയങ്ങളായിരിക്കുന്നു. ”പൊതുവില്‍ അരാഷ്ട്രീയതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗമായി ഇവര്‍ മാറിയിരിക്കുന്നു. നഗരവത്കൃത മേഖലയില്‍ ജാതിയുടെയും മതത്തിന്റെയും സ്വാധീനം ശക്തമായിരിക്കുന്നതിന്റെ പ്രധാനകാരണം ഇതാണ്.
കമ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനങ്ങളോടൊപ്പം മുമ്പ് നിലകൊണ്ടിരുന്ന ഇടത്തരക്കാരിലും നവലിബറല്‍ നയങ്ങള്‍ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. അവരില്‍ നല്ലൊരു പങ്കും പൊതുജീവിതത്തില്‍ നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നും പിന്‍വലിയുകയും തന്‍കാര്യം നോക്കികളും അരാഷ്ട്രീയവാദികളും ആയി മാറുകയും ചെയ്തിട്ടുണ്ട്.
ഈ വിഭാഗം ജാതി-മതചിന്തകളില്‍ നിന്ന് മുക്തരല്ല. അവര്‍ ഇടതുപക്ഷത്ത് ഉറച്ചു നില്‍ക്കുന്നവരല്ല എന്ന് മാത്രമല്ല പലപ്പോഴും വലതുപക്ഷ വര്‍ഗീയ ചിന്താഗതികള്‍ക്ക് അടിപ്പെടുന്നവരുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ചാഞ്ചാട്ടസ്വഭാവമുള്ളവരാണ്. ഉയര്‍ന്ന ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരില്‍ ബഹുഭൂരിപക്ഷവും ജീവിക്കുന്ന തിരുവനന്തപുരം നിയോജകമണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടില്‍ എന്‍ ഡി എക്ക് ഭൂരിപക്ഷം നേടാനായത് ഒരു സൂചകമാണ്. ഈ ചാഞ്ചാട്ടം പെറ്റിബൂര്‍ഷ്വാസിയുടെ സ്വതസിദ്ധമായ സ്വഭാവമാണ്. നവലിബറല്‍ നയങ്ങള്‍ ഇവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉറച്ച വോട്ട്, പാര്‍ട്ടി കുടുംബം തുടങ്ങിയ സങ്കല്‍പ്പങ്ങളിലും ഇന്ന് വെള്ളം ചേരുന്നുണ്ട്. ഓരോ തിരഞ്ഞെടുപ്പിലും അവരെ ആകര്‍ഷിക്കുന്ന വിഷയങ്ങള്‍ക്കനുസരിച്ചായിരിക്കും അവര്‍ നിലപാടെടുക്കുക. രാഹുല്‍ഗാന്ധി വയനാട് സ്ഥാനാര്‍ത്ഥിയാവുകയും കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നത് വര്‍ഗീയത തടയുന്നതിന് ഗുണകരമാവുകയും ചെയ്യും എന്ന് കരുതിയ കേരളത്തിലെ ഒരു വിഭാഗം വോട്ടര്‍മാര്‍ ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ തയ്യാറായി. വര്‍ഗീയ വിരുദ്ധ പോരാട്ടത്തിന്റെ ചാമ്പ്യന്മാരായി കോണ്‍ഗ്രസുകാരെയാണ് അവര്‍ കണ്ടത്. ഈ വര്‍ഗീയരാഷ്ട്രീയത്തിന്റെ വളര്‍ച്ചയ്ക്കുത്തരവാദി കോണ്‍ഗ്രസ് ആണെന്ന് അവര്‍ക്ക് അറിയാതെ പോയി; അല്ലെങ്കില്‍ അറിയിക്കുന്നതില്‍ വീഴ്ച പറ്റി എന്നാണ് തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്. സ്ത്രീപുരുഷ സമത്വത്തേക്കാളുപരിയാണ് ആചാരസംരക്ഷണം എന്ന ബോധനിലവാരം രൂപപ്പെടുന്നതും ഈയൊരു പശ്ചാത്തലത്തിലാണ്.
നവലിബറല്‍ നയങ്ങളുടെ നടത്തിപ്പിനെ തുടര്‍ന്ന് ലോകമെമ്പാടും നടന്നുവരുന്ന വലതുപക്ഷവത്കരണത്തിനും കേരളത്തില്‍ ആഘാത പ്രത്യാഘാതങ്ങള്‍ ഉളവാക്കാനാവും എന്നതും കാണാതിരുന്നുകൂടാ. $

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. നിങ്ങൾക്കും എഴുതാം ബൂലോകത്തിൽ.