Share The Article

indian-cowമഴക്കാറുണ്ട്. ഇന്നും മഴ പെയ്യും എന്ന് തോന്നുന്നു. സുഭദ്ര ഓര്‍ത്തു. വീട് ചോര്‍ന്നോലിക്കുകയാണ്. ഈ തവണ മേഞ്ഞില്ല. സൂമാരചെട്ടന്‍ ഇന്ന് മേയാം നാളെമേയാം എന്ന്പറഞ്ഞുപറഞ്ഞു മഴക്കാലം ഇങ്ങെത്തി..ഓര്‍പ്പിക്കുന്നതെ കലിയാ… ഈ കാടന്‍ സ്വഭാവം കൊണ്ടാവും നാട്ടുകാര്‍ കാടന്‍ സൂമാരന്‍ എന്ന് വിളിക്കുന്നത്‌.ഈ മലമൂട്ടില്‍ കിടക്കുന്നവര്‍ക്ക് അല്ലെങ്കില്‍ തന്നെ കാടന്‍ സ്വഭാവം ഉണ്ടായില്ലെലെ അതിശയമുള്ളു.ഇപ്പൊ എത്ര ഭേദം എന്ന് ഓര്‍ക്കാറുണ്ട്..കല്യാണം കഴിഞ്ഞ സമയങ്ങളില്‍ എന്തായിരുന്നു..മൂക്കത്താ ദേഷ്യം..കൈപ്പാങ്ങിനടുത്ത് എങ്ങാനും കിട്ടിപോയാല്‍ പിന്നെ പറയുകേം വേണ്ട..ഇപ്പൊ വയസായി..എന്നാലും ആളു പഴയപോലെ ഒക്കെ തന്നെ..

എങ്ങനെ ഒക്കെയോ ഇവിടം വരെ എത്തി..കൂലിപ്പണി എടുത്തിട്ടാനെങ്കിലും മക്കളെ ഒക്കെ പറക്ക മുറ്റിച്ചു…രണ്ടു മക്കളില്‍ സുധി മാത്രം ഉണ്ട് ഒരു ആശ്വാസം.വയസ്സ് പതിനാലേ ഉള്ളുവെങ്കിലും അച്ഛനെ പോലെ നല്ല തണ്ടും തടിയും ഉണ്ട്..നല്ലപോലെ പണിയുകയും ചെയ്യും.മൂത്തവന്‍ കല്യാണം കഴിച്ചു അച്ചി വീട്ടില്‍ താമസം.അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നോ…മരിച്ചോ…ഏഹേ..സുധി വാര്‍ക്കപ്പണിക്ക് പോകുന്ന കാരണം അടുപ്പ് പുകഞ്ഞു പോകുന്നു…കറവക്കാരി സുഭദ്ര കറവ നിര്‍ത്തിയെങ്കിലും നാട്ടുകാര്‍ക്ക് കറവക്കാരി തന്നെ…കാലിനു നീരും വെച്ചോണ്ട് എങ്ങനെ നടന്നു പോയി കറക്കും. ആ കാര്യത്തില്‍ ഒക്കെ സൂമാരചെട്ടന്‍.വയസ്സ് അറുപതു കഴിഞ്ഞെങ്കില്‍ എന്താ.ഇപ്പോഴും നല്ല ആരോഗ്യം.ചുമടെടുക്കാന്‍,തടി വെട്ടാന്‍, കൂലിപ്പണിക്ക് പോകാന്‍,ഒരു കുഴപ്പവും ഇല്ല..ഓര്‍മയില്‍ എങ്ങും ഒരു പനി പോലും വന്നതായി തോന്നുന്നില്ല….

പിന്നെ പണി എടുക്കുന്നത് മാത്രമേ മിച്ചമുള്ളു എന്നതേ ഉള്ളു..കാശൊന്നും വീട്ടിലോട്ടു എത്തില്ലല്ലോ. ചാരായക്കടെല്‍ കൊടുക്കാന്‍ അല്ലെ തികയു. കുടിക്കാന്‍ കാശില്ലാതെ വരുമ്പോള്‍ എന്തെങ്കിലും ഒക്കെ എടുത്തു വില്‍ക്കും.അതിപ്പോ ഇന്നതെ ഉള്ളു എന്നില്ലല്ലോ..കൈ പാങ്ങിനു കിട്ടുന്നത് എന്തും..അനിയത്തി ശാന്ത ഇന്നാളു ഒരു ആടിനേം കുട്ടിയേം കൊടുത്തു വിട്ടു..കാര്യംവീടുകള്‍ തമ്മില്‍ മൂന്ന് മൈല് അകലമേ ഉള്ളു എങ്കിലും വല്ലപോഴുമാ കാണുന്നെ…ഈയിടെ ചെന്നാട്ടെ കല്യാണത്തിന് കണ്ടപോ ആട് പെറ്റോ എന്ന് ചോദിച്ചപോഴാ ആടിനെ കൊടുത്തു വിട്ട കാര്യം തന്നെ അറിയുന്നെ.. ചേച്ചിക്കൊരു സഹായം ആവട്ടെ എന്ന് കരുതി ശാന്ത ആടിനെ കൊടുത്തത് കാടന് സഹായമായി..കള്ള് കുടിക്കാന്‍.ശാന്ത അല്ലേലും ഒരു പൊട്ടാ എന്ന് അമ്മ പറയും..ആര്‍ക്കും അവളെ പറ്റിക്കാം..ചേച്ചിയോട് വന്നു കൊണ്ടുപോകാന്‍ പറഞ്ഞപോ ചേച്ചിക്ക് ഇത്രേം ദൂരം നടക്കാന്‍ പാടാ എന്നും പറഞ്ഞു പിടിച്ച പിടിയാലെ അല്ലെ ആടിനെ കൊണ്ട് പോയത്..

സുഭദ്രാമ്മേ..സുഭദ്രാമ്മേ..അങ്ങ് താഴെ നിന്നും മേരിക്കുട്ടിയുടെ വിളി കേട്ടാണ് മനോരാജ്യത്തില്‍ നിന്നും ഉണര്‍ന്നത്. പശുവിനു പുല്ലു കൊണ്ട് കൊടുക്കാനായിരിക്കും. മേരിക്കുട്ടി രണ്ടും മൂന്നും രൂപാ ഒക്കെ വല്ലപ്പോഴും തരും..ചെറിയ സഹായം ഒക്കെ ചെയ്യാനേ പാവത്തിന് പറ്റു. മാത്യു സാര്‍ മറ്റൊരു കാടനാ . രണ്ടിനേം ഒരു നുകത്തില്‍ കെട്ടാം. മാത്യു സാറിനു സര്‍ക്കാര്‍ ജോലി ഉണ്ട്, പിന്നെ കിടക്കാന്‍ ബോര്‍ഡ്‌ വക ക്വാര്‍ട്ടേഴ്സ് ഉണ്ടെന്നു മാത്രം. രണ്ടു കുഞ്ഞു കുട്ടികള്‍..സുധി ആണ് അവര്‍ക്ക് ഒരു സഹായം..പിള്ളേരെ തങ്കമണി സിറ്റിയില്‍ കൊണ്ടുപോയി സിനിമ കാണിക്കും..ഉത്സവത്തിന്‌ കൊണ്ടുപോകും. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിച്ചു കൊടുക്കും..മാത്യു സാര്‍ ചിലപോ ഒരു പോക്ക് പോയാല്‍ പിന്നെ വരുന്നതൊക്കെ ഒരു സമയത്താ. അവര്‍ക്ക് ഒരു സഹായം.പിന്നെ ഈ കാട്ടുമുക്കില്‍ ആള്‍ക്കാരും കുറവാണല്ലോ..ഡാമിന്റെ പണിക്കു സര്‍വേക്ക് വന്ന കുറെ ജോലിക്കാരും കുടുംബങ്ങളും പിന്നെ ഇവിടുത്തെ കുറെ നാട്ടുകാരും..തീര്‍ന്നു. എന്തേലും മേടിക്കണേല്‍ ജങ്കാര്‍ കേറി അക്കരെ പോണം.

താഴെ ഇറങ്ങി ചെന്നപോഴേക്കും മേരിക്കുട്ടി ഓടി വഴിയിലേക്ക് വന്നു. മാത്യു സാര്‍ ചാരുകസേരയില്‍ കിടന്നു മയങ്ങുന്നുണ്ടായിരുന്നു. സാറിന്‍റെമുഖം ചുമന്നു തുടുത്തിരിക്കുന്നു.മേരിക്കുട്ടി കരയുന്നുണ്ടായിരുന്നു.എന്താ മേരിക്കുട്ടി..മുഖം വല്ലാതെ..സുഭാദ്രമ്മേ..പശുവിനെ കാണുന്നില്ല..ഉച്ചക്ക് കുറച്ചു പുല്ലു പറിച്ചു കൊടുക്കാന്‍ പറഞ്ഞു കാടന്റെ കൈയ്യില്‍ അഴിച്ചു കൊടുത്തതാ.പിന്നെ കണ്ടിട്ടില്ല.സൂമാര ചേട്ടന്‍ അങ്ങോട്ടെങ്ങാനും പുല്ലുതീറ്റിക്കാന്‍ കൊണ്ടുവന്നോ…ഇല്ലല്ലോ മേരിക്കുട്ടി..കാലത്തെ കഞ്ഞിവെള്ളം കുടിചെച്ചു അക്കരയ്ക്കു പോകുവാ എന്നും പറഞ്ഞു ഇറങ്ങിയതാണല്ലോ…ഇടക്കൊക്കെ കാടന്‍ തീറ്റ വെട്ടി കൊടുക്കാറുണ്ട്..മാത്യു സാറുമായുള്ള ഇരുപ്പു വശം കൊണ്ടാണ്..മാത്യു സാര്‍ ഇടക്കൊക്കെ വിളിച്ചു എന്തേലും ഒക്കെ കുടിപ്പിക്കും.

മേരിക്കുട്ടിയുടെ കരച്ചില്‍ കേട്ടാണ് ഓവര്‍സീയര്‍ സൈനുദ്ദീന്റെ ഭാര്യ വന്നത്…സൂമാരചെട്ടന്‍ ജങ്കാര്‍ കേറാന്‍ നില്‍ക്കുന്ന കണ്ടു എന്ന് ജമീല പറഞ്ഞു.. സുഭാദ്രമ്മക്ക് ചെറിയ സമാധാനം ആയി…ശാന്തയുടെ ആടിന്റെ ഗതി മേരിക്കുട്ടിയുടെ പശുവിനു വന്നോ എന്നായിരുന്നു ആദ്യം മനസ്സില്‍ വന്നത്. എങ്ങനെ വിശ്വസിക്കും.കൈയിലിരുപ്പ് അതല്ലേ..

മേരിക്കുട്ടി പതം പറഞ്ഞു കരയാന്‍ തുടങ്ങി..എങ്ങനെ കരയാതെ ഇരിക്കും…കൈയിലും കഴുത്തിലും ഉള്ളതെല്ലാം കൂടി കൊടുത്താണ് പശുവിനെ വാങ്ങിയത്…ചെന നിറഞ്ഞു ഇപ്പൊ പെറും എന്നും പറഞ്ഞു നില്‍ക്കുന്ന പശു..

സ്കൂളില്‍ നിന്നും വന്ന കുട്ടികളാണ് പറഞ്ഞത്.ഡാമിലെക്കുള്ള വഴിയില്‍ പൊന്തക്കാട്ടില്‍ ഒരു പശു ചത്തു കിടക്കുന്നു എന്ന്..മേരിക്കുട്ടി സുഭദ്രാമ്മയെ കെട്ടി പിടിച്ചു കരഞ്ഞു.പശുക്കുട്ടിയെ കളിപ്പിക്കാന്‍ കൊതിച്ചിരുന്ന മക്കളുംകൂടെ കൂടിയപ്പോള്‍ അതൊരു കൂട്ട കരച്ചിലായി. അന്നേ ഞാന്‍ പറഞ്ഞതല്ലേ ഇതിനൊന്നും പോകണ്ടാ എന്ന്..ഇപ്പൊ അനുഭവിച്ചോ.കൂട്ട കരച്ചില്‍ കേട്ടുണര്‍ന്ന മാത്യു സാര്‍ പറഞ്ഞു.

സാറേ..സാ..റെ.. ഇവിടെ എന്താ ഒരു ആള്‍ക്കൂട്ടം എന്ന് ചോദിച്ചായിരുന്നു കാടന്റെ വരവ്…വരവ് കണ്ടപ്പോഴേ നന്നായി ചെലുത്തിയിട്ടുണ്ട് എന്ന് സുഭാദ്രമ്മക്ക് തോന്നി.എന്തോ വലിയ കോള് തടഞ്ഞു എന്നും…പൊന്തക്കാട്ടില്‍പശു ചത്തുകിടക്കുന്ന കാര്യം സുഭദ്രാമ്മ പറഞ്ഞപ്പോള്‍മേരിക്കുട്ടിയുടെ പശു ചാകാത്ത സ്ഥിതിക്ക് പിന്നെ ആരുടെതാരിക്കും ആ പശു എന്ന് കാടന്‍ മനസ്സില്‍ ആലോചിച്ചു…

  • 5
    Shares